UPDATES

സര്‍ക്കാരിനും പോലീസിനും മാധ്യമങ്ങള്‍ക്കും നന്ദി; ബോബി ചെമ്മണ്ണൂരും മുങ്ങുമോ ഏതെങ്കിലും വിദേശ രാജ്യത്തേക്ക്?

ശതകോടികളുടെ തട്ടിപ്പ് നടന്നെന്നു കാണിച്ച് ബോബിക്കെതിരേ നടപടിയെടുക്കാന്‍ സെബി ആവശ്യപ്പെട്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു

വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോസ്‌കി; വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ബാങ്കുകളെയും ഭരണകൂടത്തെയും രാജ്യത്തെ ഒന്നാകെയും കബളിപ്പിച്ച് വിദേശനാടുകളിലേക്ക് കടന്നു സസുഖം വാഴുന്ന വമ്പന്മാര്‍ക്കിടയിലേക്ക് ഒരാളെക്കൂടി ചേര്‍ക്കാന്‍ കേരള സര്‍ക്കാരും ശ്രമിക്കുകയാണോ? ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂരിനെ ചൂണ്ടിയാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. ശതകോടികളുടെ തട്ടിപ്പ് നടത്തിയെന്ന് തെളിവുകള്‍ സഹിതം ഔദ്യോഗിക ഏജന്‍സികള്‍ വരെ പരാതി ഉന്നയിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂരിനെതിരേ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചുകളിച്ചു നടത്തുന്ന പൊലീസ്/സര്‍ക്കാര്‍ സംവിധാനങ്ങള്‍ അയാള്‍ക്കും രാജ്യം വിടാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ഈ ചോദ്യമുയര്‍ത്തുന്നവര്‍ പങ്കുവയ്ക്കുന്ന ആശങ്ക.

2017 ജൂണ്‍ 30-ന് തിരുവനന്തപുരത്ത് ചേര്‍ന്ന സ്‌റ്റേറ്റ് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (എസ്എല്‍സിസി) യോഗത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബോബിയുടെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ എന്ന അണ്‍-ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനത്തിനെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി നേതൃത്വം വഹിച്ച്, സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നുള്ള 17 ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത എസ്എല്‍സിസി യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആര്‍ബിഐ) സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയോടും ബോബിക്കെതിരേ നടപടികള്‍ സ്വീകരിക്കാനും ആ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

"</p "</p "</p

സ്വര്‍ണനിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു ചെമ്മണ്ണൂരിനെതിരെ സെബിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് ജനങ്ങളില്‍ നിന്നും അനധികൃതമായി സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബോബിക്കെതിരേ നടപടിയെടുക്കണമെന്ന് റിസര്‍വ് ബാങ്കിനോടും സംസ്ഥാന എഡിജിപി (ക്രൈം)യോടും സെബി ആവശ്യപ്പെട്ടത്. സെബിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഴിമുഖം 2017 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: (പിരിച്ചത് 1000 കോടി; ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കണമെന്ന് സെബി പറഞ്ഞിട്ട് മൂന്നു മാസം; ഒളിച്ചുകളിച്ച് ഉദ്യോഗസ്ഥര്‍)

പിരിച്ചത് 1000 കോടി; ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കണമെന്ന് സെബി പറഞ്ഞിട്ട് മൂന്നു മാസം; ഒളിച്ചുകളിച്ച് ഉദ്യോഗസ്ഥര്‍

സെബിയുടെ റിപ്പോര്‍ട്ട് പ്രകാരം ബോബിയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയെന്ന് പറയുമ്പോഴും ഒരു വര്‍ഷം കഴിയുമ്പോഴും അയാള്‍ക്കെതിരേ സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പകരം ബോബിക്ക് തന്റെമേല്‍ വന്നുകിടക്കുന്ന ഊരാക്കുടുക്കില്‍ നിന്നും ഏതുവിധമെങ്കിലും രക്ഷപ്പെടാന്‍ വേണ്ട വഴിയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് ആരോപണം. സാധാരണക്കാരില്‍ നിന്നുള്‍പ്പെടെ ശതകോടികളാണ് ബോബി പല പ്രചാരണങ്ങള്‍ നടത്തി പിരിച്ചെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. ഈ സാമ്പത്തിക ക്രമക്കേടില്‍ ക്രിമിനല്‍ നിയമനടപടി സ്വീകരിച്ച് ബോബിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതെ, താന്‍ തട്ടിപ്പ് നടത്തിയെടുത്ത പണം കേസുകള്‍ ഒഴിവാക്കാന്‍ വേണ്ടി തിരിച്ചുകൊടുത്ത് അതുവഴി പല നിയമപ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ ബോബി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്നാണ് അറിയുന്നത്. ഏകദേശം 700 കോടിയോളം രൂപ ഇതുപ്രകാരം ബോബി തിരിച്ചു കൊടുത്തെന്നും അറിയുന്നു. ബോബി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പടിയാക്കാന്‍ അവസരം കൊടുത്തുകൊണ്ടാണ് പോലീസ് ഇവിടെ അയാളെ സഹായിക്കുന്നതെന്നാണ് പറയുന്നത്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബോബിക്കെതിരേ നടപടിയെടുക്കാന്‍ പൊലീസിനോട് സെബി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പൊലീസ് ഇപ്പോള്‍ ആര്‍ബിഐയോട് ബോബിക്കെതിരേ നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നു ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട കേസുകളില്‍ ഹര്‍ജിക്കാരനായ വിവരാവകാശ പ്രവര്‍ത്തകനും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം എന്ന സംഘടനയുടെ സെക്രട്ടറിയുമായ ജോയി കൈതാരം അഴിമുഖത്തോട് പറഞ്ഞു: “അയാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍വച്ച് ബോബിയുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ നടപടികളാണ് ആര്‍ബിഐക്ക് ചെയ്യാന്‍ കഴിയുന്നത്. അതേസമയം ബോബിക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ച് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് പൊലീസാണ്. അതവര്‍ ചെയ്യാന്‍ മടിക്കുന്നതിന് പിന്നില്‍ ബോബിയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുക എന്നതാണ് കാരണമെന്ന് നമുക്ക് പറയേണ്ടിവരും”, ജോയി കൈതാരം ചൂണ്ടിക്കാണിക്കുന്നു.

“ബോബി ചെമ്മണ്ണൂര്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി ഓഫിസില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖ പ്രകാരം 2015 ജൂലൈ മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഞാനൊരു പരാതി കൊടുത്തിരുന്നു. ആ പരാതി പ്രകാരം ഡിജിപിയോട് ബോബിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവയ്ക്കുകയാണ് ഉണ്ടായത്. ആ റിപ്പോര്‍ട്ട് ഇപ്പോള്‍ പതുക്കെ പൊങ്ങിവന്നിട്ടുണ്ട്. എന്നാല്‍ പരാതിക്കാരനായ ഞാന്‍ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും ഓഫിസുകളില്‍ കയറിയിറങ്ങി മൊഴി കൊടുത്തുകൊണ്ടിരിക്കുമ്പോഴും പ്രതിയായ ബോബിയുടെ മൊഴി ഇതുവരെ ഒരു ഉദ്യോഗസ്ഥന്‍ പോലും എടുത്തിട്ടുമില്ല. ഇത്രവലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം പേറുന്ന ഒരാളെ ഇക്കാര്യത്തില്‍ മൊഴിയെടുക്കാന്‍ പോലും പൊലീസ് വിളിക്കുന്നില്ലെന്നത് എത്രമാത്രം ഗൗരവമേറിയതാണെന്ന് ചിന്തിക്കണം”; ജോയ് കൈതാരം പറയുന്നു.

കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയുണ്ടെന്നും ആയിരം കോടി രൂപ ബോബിയുടെ കൈയില്‍ നിന്നും പിഴ ഈടാക്കണമെന്നും ആറ് സംസ്ഥാനങ്ങളില്‍ ബോബിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നുമാണ് സെബി എസ്എല്‍സിസി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്എല്‍സിസി പോലൊരു ഉന്നതയോഗത്തില്‍ സെബി പോലൊരു ഏജന്‍സി ആവശ്യപ്പെട്ട കാര്യങ്ങള്‍ ആയിട്ടുപോലും ബോബി ചെമ്മണ്ണൂരിനെതിരേ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നത് ഗൗരവമേറിയ വിഷയമാണ്.

തന്റെ മേല്‍ തട്ടിപ്പു കേസുകള്‍ കൂടുമ്പോഴും പലതരം വാഗ്ദാനങ്ങളുമായി പൊതുസമൂഹത്തില്‍ ഇറങ്ങി ബോബി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. അതിനുള്ള അവസരം വീണ്ടും വീണ്ടും അയാള്‍ക്ക് തുറന്നുക്കിട്ടിക്കൊണ്ടിരുന്നു. മുപ്പതിനായിരം കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നത് ബോബിയുടെ പ്രഖ്യാപനമായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ കൂടെ നിന്ന് പടമെടുത്ത് അത് മുഖ്യധാര മാധ്യമങ്ങളില്‍ പരസ്യമാക്കിയാണ് ബോബി ഈ പ്രചാരണം നടത്തിയത്. കിട്ടുന്ന വിവരം അനുസരിച്ച് ഇന്നുവരെ ഇന്ത്യയില്‍ ഒരിടത്തും തന്നെ ഒരു കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റും തുടങ്ങിയിട്ടില്ല. വടക്കാഞ്ചേരിയില്‍ ഒരു കട തുറന്നെങ്കിലും അത് പൂട്ടിപ്പോയെന്നാണ് ജോയി കൈതാരം പറയുന്നത്. അതുപോലെയാണ് പറക്കുംതളിക എന്ന പേരില്‍ ലക്ഷ്വറി ബസ് കേന്ദ്രമാക്കി, ‘സഞ്ചരിക്കുന്ന ജ്വല്ലറി’ എന്ന സംവിധാനവുമായി ബോബി എത്തിയത്. ഇതും ഇപ്പോള്‍ ഇല്ല. ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന് ഓടിച്ച ഈ ബസ് അതിന്റെ ഉടമ ജപ്തി ചെയ്തു കൊണ്ടുപോയി എന്നാണ് വിവരം. തൃശൂര്‍ പാലക്കാട് ദേശീയപാതിയില്‍ മണ്ണുത്തിക്ക് സമീപം സ്ഥാപിക്കുമെന്ന് പറഞ്ഞ് തന്റെ സ്വപ്‌നപദ്ധതിയായി ബോബി ഉയര്‍ത്തി കാണിച്ച ഒന്നായിരുന്നു ഓക്‌സിജന്‍ സിറ്റി. 62 ഏക്കറില്‍ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ്, 29,000 പേര്‍ക്ക് തൊഴില്‍ എന്നൊക്കെയായിരുന്നു ഓക്‌സിജന്‍ സിറ്റിയുമായി ബന്ധപ്പെട്ട് ബോബി ഉയര്‍ത്തിയിരുന്ന വാഗ്ദാനങ്ങള്‍. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊക്കെ ഇതിന്റെ പരസ്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഓക്‌സിജന്‍ സിറ്റിയുമായി ബന്ധപ്പെട്ട് ബോബി ലക്ഷ്യമിട്ടിരുന്നത് ആറായിരം കോടിയുടെ തട്ടിപ്പായിരുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് വന്നത്. ബോബിയുടെ പരസ്യം വാങ്ങിയിരുന്ന മാധ്യമങ്ങള്‍ ഈ കാര്യങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നു മാത്രം.

"</p

ബോബി പറഞ്ഞപോലെ ഒരു ടൗണ്‍ഷിപ്പ് ആരംഭിക്കാനുള്ള യാതൊരു നിയമനടപടികളും സ്വീകരിക്കാതെയായിരുന്നു ഓക്‌സിജന്‍ സിറ്റിയുടെ പ്രചാരണം. വിവരാവകാശ രേഖകളില്‍ നിന്നു ബോബിയുടെ തട്ടിപ്പ് മനസിലാക്കിയവര്‍ ഇതിനെതിരേ പരാതി നല്‍കി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേശകനായിരുന്നു ജോസഫ് സി മാത്യു നല്‍കിയ പരാതിയനുസരിച്ച് അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ) മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഓക്‌സിജന്‍ സിറ്റിയുടെ പരസ്യം വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉത്തരവ് ഇറക്കി. പദ്ധതിക്കായി ഒരു പ്രൊജക്ട് റിപ്പോര്‍ട്ടോ അപേക്ഷയോ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും നിയമപരമായി ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടുമില്ലെന്നും പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും കളവാണെന്നും ഓക്‌സിജന്‍ സിറ്റിയുമായി ബന്ധപ്പെട്ട പരസ്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എ എസ് സി ഐ ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവര്‍ ബോബിക്കെതിരേ നടപടി സ്വീകരിച്ചത്. എന്നാല്‍ എ എസ് സി ഐയുടെ നടപടിയെക്കുറിച്ച് യാതൊന്നും അറിയാത്തവണ്ണം മാധ്യമങ്ങള്‍ ഈ വിവരം മറച്ചുവച്ചു. ഓക്‌സിജന്‍ സിറ്റി പരസ്യത്തിനെതിരേയുള്ള എസ് എസ് സി ഐ ഉത്തരവുമായി ബന്ധപ്പെട്ട് അഴിമുഖം വിശദമായ വാര്‍ത്ത നല്‍കിയിരുന്നു: (ഓക്‌സിജന്‍ സിറ്റി പരസ്യം വ്യാജം; ബോബി ചെമ്മണൂര്‍ പദ്ധതിയിട്ടത് 6000 കോടിയുടെ തട്ടിപ്പിനോ?)

ഓക്‌സിജന്‍ സിറ്റി പരസ്യം വ്യാജം; ബോബി ചെമ്മണൂര്‍ പദ്ധതിയിട്ടത് 6000 കോടിയുടെ തട്ടിപ്പിനോ?

നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് സെബി പരാതി ഉന്നയിച്ച ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന് തങ്ങളുടേത് നിയമപ്രകാരമുള്ള നിക്ഷേപ സ്വീകരണമാണെന്നു പറയാന്‍ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങള്‍ ഇടം നല്‍കുകയായിരുന്നു.

"</p

ബോബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍/പൊലീസ് സംവിധാനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കൊപ്പം തന്നെയാണ് മാധ്യമങ്ങളുടെ ഈ സമീപനവും ചേര്‍ത്ത് വായിക്കേണ്ടത്. ഇക്കാര്യം ഞങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു: (വി എസ് ഔട്ട്, ബോബി ഇന്‍; മുട്ടിലിഴയുകയാണ് നമ്മുടെ ‘ധാര്‍മിക’ മാധ്യമങ്ങള്‍)

വി എസ് ഔട്ട്, ബോബി ഇന്‍; മുട്ടിലിഴയുകയാണ് നമ്മുടെ ‘ധാര്‍മിക’ മാധ്യമങ്ങള്‍

ആതുരസേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ബോബി നടത്തിയത് വന്‍പ്രചാരണങ്ങളാണ്. എന്നാല്‍ അതൊക്കെയും വെറും പ്രചാരണങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നുവെന്നും പറയുന്നു. ഇക്കൂട്ടത്തില്‍ ബോബി ഏറ്റവും വലിയ പ്രചാരണം നടത്തിയത് രക്തദാനവുമായി ബന്ധപ്പെട്ടാണ്. ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്നു വിളംബരം നടത്തി രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകരെയൊക്കെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പരസ്യങ്ങളൊക്കെ നല്‍കി ആഘോഷിച്ച രക്തദാന ബാങ്കുകള്‍ ഒന്നു പോലും സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഒരു തുള്ളി രക്തം പോലും ഒരു മനുഷ്യര്‍ക്കും ബോബി മൂലം പ്രയോജനപ്പെട്ടിട്ടില്ലെന്നുമാണ് ആക്ഷേപം.

കോടികള്‍ പണം തട്ടാന്‍ ബോബി പ്രധാനമായും ഉപയോഗിച്ചിരുന്നത് പരസ്യങ്ങള്‍ നല്‍കി മുഖ്യധാര മാധ്യമങ്ങളെ ആയിരുന്നു. വസ്തുതാപരമല്ലാത്ത പരസ്യങ്ങള്‍ നല്‍കിയായിരുന്നു ബോബി പല തട്ടിപ്പുകളും നടത്തിയിരുന്നത്. എന്നാല്‍ ഈ തട്ടിപ്പുകള്‍ ഓരോന്നായി തെളിഞ്ഞിട്ടും പരസ്യം കിട്ടിക്കൊണ്ടിരുന്ന മാധ്യമങ്ങള്‍ ബോബിക്കെതിരേ ഒരുവരി പോലും വാര്‍ത്ത നല്‍കിയില്ല. കേന്ദ്രസര്‍ക്കാരിന്റെ പരസ്യ നിയന്ത്രണ ഏജന്‍സി ബോബിയെ ഇപ്പോള്‍ താക്കീത് ചെയ്തിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി നല്‍കരുതെന്നാണ് ബോബിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമൂലമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ബോബിയുടെ വലിയ പരസ്യങ്ങളൊന്നും കാണാത്തത്. പക്ഷേ, ഇത്രയൊക്കെയായിട്ടും ഇപ്പോഴും ബോബിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചോ പരാതികളെക്കുറിച്ചോ സംസാരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പൊലീസിന്റെ ഭാഗത്തു നിന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമെല്ലാം ഉണ്ടാകുന്ന ഈ നിശബ്ദതയും സഹായവുമാണ് ബോബിയെ രക്ഷപ്പെടുത്തുന്നത്. ഏകദേശം രണ്ടായിരം കോടിയുടെ തട്ടിപ്പാണ് ബോബി നടത്തിയതെന്നാണ് വി എസ് അച്യുതാനന്ദന്‍ പറയുന്നത്. വി എസ്സിന്റെ കത്തിന്റെ പുറത്താണ് സെബി ബോബിക്കെതിരേ അന്വേഷണം നടത്തുന്നതും കള്ളത്തരങ്ങള്‍ കണ്ടെത്തുന്നതും.

ഈ തട്ടിപ്പു സ്ഥാപനം പൂട്ടിക്കണം; ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് വി എസ്

“ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും അതു തെളിയിക്കാനുള്ള വസ്തുതകള്‍ ഉണ്ടായിട്ടും ബോബി ഇപ്പോഴും നിയമത്തിന്റെ കൈകളില്‍ പെടാതെ നില്‍ക്കുകയാണ്. ബോബിയുടെ പല ജ്വല്ലറികളും പൂട്ടിക്കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. അയാള്‍ ഏതുനിമിഷവും ഇന്ത്യ വിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിജയ് മല്യ, നീരവ് മോദി എന്നിവര്‍ക്കൊപ്പം ബോബിയുടെ പേരും ചേരും. അതുവച്ച് കുറെ വാര്‍ത്തകളും ചര്‍ച്ചകളുമൊക്കെ ഉണ്ടാകുമായിരിക്കും. പക്ഷേ, ബോബി തട്ടിച്ച കോടികളുമായി ഏതെങ്കിലും രാജ്യത്ത് സുഖമായി ജീവിക്കും. അതേസമയം ബോബിയുടെ തട്ടിപ്പിനിരയായി പണം പോയ കുറെ പാവങ്ങള്‍ ഇവിടെയുണ്ട്. പല കുടുംബങ്ങളും കൂട്ട ആത്മഹത്യ തെരഞ്ഞെടുത്തേക്കാം. ആ ജീവനുകള്‍ക്കെങ്കിലും സര്‍ക്കാരും ഉദ്യോഗസ്ഥന്മാരും മാധ്യമങ്ങളും ഉത്തരം പറയേണ്ടി വരും”; ജോയി കൈതാരം പറയുന്നു.

ബോബിക്കെതിരേ തങ്ങള്‍ ഉന്നയിക്കുന്നതടക്കമുള്ള പരാതികള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കാന്‍ സാധിക്കുമെന്ന് ജോയ് കൈതാരത്തെപോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുമ്പോഴും സെബി പോലെ ഉന്നതമായൊരു ഏജന്‍സി തങ്ങളുടെ റിപ്പോര്‍ട്ട് ബോബിക്കെതിരേ നല്‍കിയിട്ടും ഒരു നടപടിയും അക്കാര്യങ്ങളില്‍ സ്വീകരിക്കാതെ, ബോബിയെ വിളിച്ച് മൊഴി എടുക്കാന്‍ പോലും തയ്യാറാകാതെ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍, നാളെ ഒരു വന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയാണോ ഈ കാലതാമസം ഉണ്ടാക്കുന്നതെന്നാണ് ചോദ്യം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി പരാതികളില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഒരു സംസ്ഥാനം മൊത്തത്തില്‍ കബളിക്കപ്പെടുകയായിരിക്കും വരുംനാളുകളില്‍ സംഭവിക്കുക എന്ന ആക്ഷേപം സമൂഹമെങ്കിലും ശ്രദ്ധിക്കണമെന്നാണ് ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നവരുടെ അഭ്യര്‍ത്ഥന.

തിരൂര്‍ നിറമരുതൂര്‍ വട്ടത്താണി പാട്ടശ്ശേരി വീട്ടില്‍ ഇസ്മയില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് മുമ്പില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്ത സംഭവവും വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും: (ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യക്ക് പിന്നില്‍)

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യക്ക് പിന്നില്‍

ബോബി ചെമ്മണ്ണൂര്‍; ഓപ്പറേഷനില്‍ കുടുങ്ങാത്ത കുബേരന്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍