UPDATES

കേരളം

“ലവന്മാര്‍ക്ക് പ്രാന്ത്… ചുമ്മാ… കാറ്റ് വരും കോള് വരുമെന്ന് പറഞ്ഞ്, ഇത് കേട്ടിരുന്നാല്‍ വീടെങ്ങനെ കഴിയും?” ഓഖിയുടെ ഒരാണ്ട്

ഇന്ത്യയുടെ തെക്കന്‍ തീരങ്ങളിലേക്ക് ഓഖി കയറി വന്നിട്ട് ഒരാണ്ട് തികയുമ്പോഴും കടലിലെ മത്സ്യത്തൊഴിലാളിയുടെ ജീവിതം പഴയതുപോലെ തന്നെയാണ്

“ലവന്മാര്‍ക്ക് പ്രാന്ത്… ചുമ്മാ… ചുമ്മാ കാറ്റ് വരും കോള് വരുമെന്ന് പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാന്‍… ആദ്യൊക്കെ നമ്മള് ലവന്മാര് പറയുമ്പോള്‍ പണിക്ക് പോകാതിരുന്ന്. ഇപ്പോ നമ്മളാരും വകവെക്കൂലാ… അതൊക്കെ കേട്ടോണ്ടിരുന്നാല്‍ വീട്ടിലെ ആവശ്യങ്ങള് നടക്കണ്ടേ മോളേ…”, പുല്ലുവിള സ്വദേശിയും പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളിയുമായ നെപ്പോളിയന്റെ വാക്കുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടൊരാള്‍. “എന്റെ ഇത്രയും വര്‍ഷത്തെ പണിക്കിടയില്‍ ഇങ്ങനെ കടലിളകുന്നത് കണ്ടിട്ടില്ല. അടുത്തുണ്ടായിരുന്ന ബോട്ടുകളെല്ലാം ദാ വരണ് കാറ്റില്‍… ഇടിക്കാന്‍.. ഇതുപോലെയൊരിക്കലും ഞങ്ങള് പേടിച്ചിട്ടില്ല. അന്ന് ഞങ്ങളുടെ എഞ്ചിന്‍ കേടായോണ്ടാണ് മോളേ ഞങ്ങള് തിരിച്ച് പോന്നത്. അല്ലേല്‍ കാറ്റാണേലും മഴയാണേലും സാരമില്ലെന്ന് വെച്ച് ഞങ്ങള് പോയേനേ…” നെല്‍സണ്‍ ആ ദിവസം മറന്നിട്ടില്ലായിരുന്നു.

‘ഇപ്പോ ഞങ്ങള്‍ക്ക് എന്നുമെന്നും ഫോണില് മെസേജ് വരും. കാറ്റടിക്കും കടലില്‍ പോകരുതെന്ന്. ഞങ്ങളപ്പോ പണിക്ക് പോകൂലാ… പക്ഷേ കാറ്റടിക്കണത് അങ്ങ് കാസര്‍കോടായിരിക്കും. അന്ന് ഞങ്ങട വീട് പട്ടിണിയിലാകും”, നെപ്പോളിയന്‍ തുടര്‍ന്നു. നെപ്പോളിയന്റെ വീടിന് മുന്നിലെ പറമ്പില്‍ എപ്പോഴും കൈലിയുടുത്ത് ഒച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഒരു കൂട്ടം ആളുകളുണ്ടാകും. കടലില്‍ നിന്ന് വന്ന് ബാക്കിയുള്ളത് വെച്ച് മദ്യപിച്ച് ചീട്ട് കളിക്കുന്നവര്‍. കടല്‍പ്പണിക്ക് പോകുന്നവരുടെ പ്രധാന നേരംപോക്കുകളിലൊന്നാണ് ഇത്. “അത്യാവശ്യം കള്ളിനുള്ളതെങ്കിലും കിട്ടിയില്ലെങ്കില്‍ ഇവന്മാര്‍ക്ക് പിരാന്താകും. അതുകൊണ്ട് ഇപ്പോ ആര് എന്ത് പറഞ്ഞാലും അവര് പണിക്ക് പോകും. ലവന്മാരോട് പൂവാന്‍ പറ എന്നാണ് ഇപ്പോള്‍ പറയുന്നത്.”

ഓഖി കാറ്റ് കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരത്ത് ആഞ്ഞടിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോഴും കടലില്‍ പണിക്ക് പോകുന്നവരുടെ ഭീതി ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നംവംബര്‍ 29-ന് രൂപം കൊള്ളുകയും 30-ന് കേരള തീരത്ത് ആഞ്ഞടിക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി 200-ലേറെപ്പെരുടെ ജീവനെടുത്തു. കോടികളുടെ നഷ്ടമുണ്ടായി. അതിനു ശേഷം ഇവരുടെ ജീവിതം എങ്ങനെ മാറി?

കടലില് പോണത് ഇപ്പോ ഒരു ആശങ്കയാണ്. അന്നത്തെ കാറ്റും തിരമാലയും ഓര്‍ക്കുമ്പോ തന്നെ ഒരു വിറയാണ്. അന്നൊണ്ടായ പേടി മാറാത്തവര്‍ നെറയെ ഉണ്ട്. പക്ഷേ പണിക്ക് പോകാതെങ്ങനെ?” പൂന്തുറ പള്ളിക്ക് സമീപം വിശ്രമത്തിലിരുന്ന അംബ്രൂസും കൂട്ടരും ചോദിക്കുന്നു. “ഓഖിക്ക് ശേഷം കടലില്‍ മാനം തെളിഞ്ഞിട്ടില്ല. ഇപ്പോഴും മൂടിക്കെട്ടിത്തന്നെയാണ് കിടക്കുന്നത്”, മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും രണ്ടാഴ്ച കൂടുമ്പോള്‍ അനൗണ്‍സ്‌മെന്റ് തരും, ‘അടുത്ത ആറ് ദിവസത്തേക്ക് കടലില്‍ പോകരുത്’ എന്ന്. അതൊരു അഡ്വാന്‍സ് ജാമ്യമെടുക്കലാണ്. ഓഖിക്ക് ശേഷം സര്‍ക്കാര്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മറൈന്‍ ആംബുലന്‍സ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സ്വന്തമായി ബോട്ട് നല്‍കാം എന്നിവയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോഴും വാടക ബോട്ടാണ് ഉപയോഗിക്കുന്നത്. അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ വേണ്ടേ?” പീറ്റര്‍ തോമസ് ചോദിക്കുന്നു.

‘നാവിക് എന്ന് പറയുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സിസ്റ്റമുണ്ട്. അത് ടു വേ കമ്യൂണിക്കേഷനാക്കുമെന്ന് പറഞ്ഞിട്ട് അതുമുണ്ടായില്ല. മത്സ്യത്തൊഴിലാളികള്‍ വരുന്നതും പോകുന്നതുമെല്ലാം രേഖപ്പെടുത്തുന്ന സിസ്റ്റം കൊണ്ടുവരുമെന്നും ലൈഫ് ജാക്കറ്റ് നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതുവരെയും അങ്ങനൊരു നടപടിയുമുണ്ടായിട്ടില്ല. ഓഖിയില്‍ മരിച്ചവരുടെ ആനുകൂല്യങ്ങളെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഉപകരണങ്ങള്‍ നഷ്ടമായിട്ടുള്ളവരില്‍ ആലപ്പുഴക്കാര്‍ക്ക് ഇനിയും കാശ് കിട്ടാനുണ്ടെന്നാണ് അറിയുന്നത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നു” പീറ്റര്‍ തോമസ് പറഞ്ഞു.

Also read: നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

“കടലില്‍ പണിക്ക് പോകുന്നത് പല തരത്തിലാണ്. രാത്രി പോയി രാവിലെ വരുന്നവരും ഒരാഴ്ച കടലില്‍ നില്‍ക്കുന്നവരും മാസങ്ങളോളം ഉള്‍ക്കടലില്‍ പോകുന്നവരുമുണ്ട്. പക്ഷേ അവരുമായി ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളൊന്നും ഇപ്പോഴും മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ലഭ്യമല്ല. എന്റെ ഉറ്റസുഹൃത്തിന്റെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടു. പക്ഷേ അവനെ അറിയിക്കാന്‍ ഇപ്പോഴും ആയിട്ടില്ല. കഴിഞ്ഞ ഒന്നരമാസമായി അവന്‍ കടലിലാണ്. ഗുജറാത്തില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ നിന്നും അവന്‍ എത്തുമ്പോള്‍ മാത്രമേ അമ്മയുടെ മരണവിവരം അറിയുള്ളൂ”, കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം അംഗമായ വിപിന്‍ ദാസ് പറയുന്നു.

“രണ്ടായിരം നോട്ടിക്കല്‍ മൈലകലെ ദേശീയ കടലതിര്‍ത്തിക്കടുത്തുവരെ ചെന്ന് ഒരു മാസം മുഴുവനും കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന ഈ മത്സ്യത്തൊഴിലാളികളെ കരയുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി പോലുമില്ല. അടിയന്തര വിവരങ്ങളെന്തെങ്കിലും കൈമാറാനുണ്ടെങ്കില്‍ കരയില്‍ മത്സ്യബന്ധനത്തിലായിരിക്കുന്ന ബോട്ടുകളിലെ വയര്‍ലെസ് സെറ്റുകള്‍ വഴി വിവരം പാസ് ചെയ്ത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മാത്രമേ ആഴക്കടലിലുള്ള അവരിലേക്ക് ആ വിവരം എത്തിക്കാനാകൂ. അല്ലെങ്കില്‍ കോസ്റ്റ് ഗാര്‍ഡിന്റെയോ നേവിയുടേയോ കപ്പലുകള്‍ ഇവരെ കണ്ടെത്തണം. അതുമല്ലെങ്കില്‍ ഏതെങ്കിലും അന്താരാഷ്ട്ര കപ്പലുകള്‍ ഇവര്‍ക്കരികിലൂടെ വരണം. അഥവാ വിവരമറിഞ്ഞാല്‍ തന്നെ കരയിലെത്തണമെങ്കില്‍ വീണ്ടും അഞ്ചോ ആറോ ദിവസമെടുത്ത് ഓടി വരണം. പുറങ്കടലില്‍ ഇത്രയുമകലെവച്ച് മരണപ്പെടുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പോലും മീനിട്ടു വയ്ക്കാന്‍ ഉപയോഗിക്കുന്ന ഐസ് ബോക്‌സിനുള്ളിലിട്ട് അഞ്ചും ആറും ദിവസം കഴിഞ്ഞാണ് കൂടെയുള്ളവര്‍ കരയ്‌ക്കെത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന കടല്‍പ്പണിക്കാരന്‍ അവന്റെ ജീവനെടുത്ത് തുലാസില്‍ പിടിച്ചാണ് പണിചെയ്യുന്നത്. എങ്ങനെപോയാലും കരയും അവനുമായി ഒന്നൊന്നര മാസത്തെ അകലമുണ്ടാവും.

ഇന്ത്യയുടെ തെക്കന്‍ തീരങ്ങളിലേക്ക് ഓഖി കയറി വന്നിട്ട് ഒരാണ്ട് തികയുമ്പോഴും കടലിലെ മത്സ്യത്തൊഴിലാളിയുടെ ജീവിതം പഴയതുപോലെ തന്നെയാണ്. പത്രക്കാര്‍ക്ക് കുറേ സ്റ്റോറിയ്ക്കുള്ള വകുപ്പുണ്ടായതല്ലാതെ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പിന്നെ അവസാനം നമ്മള്‍ വളരെ ആലങ്കാരികമായി കേരളത്തിന്റെ രക്ഷാസൈന്യമെന്നൊക്കെ പേരും ചാര്‍ത്തിക്കൊടുത്തു. ചൊവ്വ വരെയെത്തുന്ന സാങ്കേതികവിദ്യ രാജ്യത്തുണ്ടായിട്ടും കടല്‍പ്പണിക്കാരനെ അവന്റെ സ്വന്തം കടലില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ മാത്രം ആരും വഴി കണ്ടില്ല” വിപിന്‍ദാസ് ഫേസ്സ്റ്റിബുക്കില്‍ കുറിക്കുന്നു.

Also Read: ‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

“ഓഖിക്ക് ശേഷം കടല്‍ കൂടുതല്‍ കേറി വരുവാണ്. പണ്ട് ഫുട്‌ബോള്‍ കളിച്ചിരുന്ന കടല്‍ത്തീരമാണിതെല്ലാം. ഇന്ന് കമ്പവല വലിക്കാന്‍ പോലുമുള്ള തീരമില്ല”, ബീമാപള്ളി സ്വദേശിയായ നാസര്‍ പറയുന്നു. തിരുവനന്തപുരം തീരപ്രദേശവാസികളുടെയെല്ലാം പൊതുപരാതിയാണ് അവരുടെ തീരം നഷ്ടപ്പെടുന്നുവെന്നത്. മുമ്പുള്ളതിനേക്കാള്‍ തീരം കടല്‍ കൈക്കലാക്കുന്നു. ശക്തമായ കടല്‍ക്ഷോഭങ്ങള്‍ ഉണ്ടാകുന്നു. സുനാമിയും ഓഖിയും പോലുള്ള ദുരന്തങ്ങള്‍ താറുമാറാക്കിയിട്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ നീക്കി വെച്ച് രക്ഷകരായവര്‍ ഇന്നും അരക്ഷിതാവസ്ഥയിലാണ്. വിപിന്‍ദാസ് പറഞ്ഞത് പോലെ വാര്‍ത്താ മൂല്യമുള്ള ജീവിതങ്ങളായി ഇവര്‍ ഇന്നും അരികുവല്‍ക്കപ്പെട്ട് കഴിയുന്നു.

മാസങ്ങളോളം പൂന്തുറയുടെ മുറിവുണങ്ങില്ല; കുടുംബം നടത്തിയിരുന്ന സ്ത്രീകള്‍ പറയുന്നത് കേള്‍ക്കൂ

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

ഇനിയെന്ത്? ഒഖി സമയത്ത് കടലിനെ അതിജീവിച്ചവനോട് കരയിലെ അധികാരികള്‍ ചെയ്യുന്നത്; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ഓഖി ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്; ആ മറൈന്‍ ആംബുലന്‍സ് പദ്ധതി എന്തായെന്നാണ്

ഓഖി ദുരിതാശ്വാസം: വരവുചെലവ് കണക്കുകള്‍ അക്കമിട്ട് നിരത്തി മന്ത്രി മേഴ്സിക്കുട്ടിയമ്മ

മുന്നറിയിപ്പ് കൊടുക്കേണ്ട ശാസ്ത്രജ്ഞന്‍ വിദേശത്ത് പോയാല്‍ ഉറങ്ങുന്ന ദുരന്തനിവാരണ അതോറിറ്റിയാണ് പ്രശ്നം

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍