UPDATES

കേരളം

ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ജാഗ്രതക്കുറവില്‍ നിറംമങ്ങിപ്പോയ ഒരു വര്‍ഷം

നേട്ടങ്ങള്‍ മാത്രം എന്നു പറഞ്ഞ് സായൂജ്യമടയാന്‍ ശ്രമിക്കാതെ പറ്റിയ വീഴ്ചകളെക്കുറിച്ച് സമഗ്രമായ ഒരു സ്വയം വിലയിരുത്തലിനുകൂടി സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഒറ്റ വര്‍ഷം കൊണ്ട് ഒരു സര്‍ക്കാരിനും ഒറ്റയടിക്ക് എല്ലാം ശരിയാക്കാന്‍ കഴിയില്ല എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഈ പന്ത്രണ്ടു മാസ കാലയളവില്‍ ഈ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ, എന്തെങ്കിലുമൊക്കെ ശരിയാക്കിയോ എന്ന പരിശോധന നടത്തേണ്ട സമയം കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ വേള.

ഒട്ടേറെ നല്ല കാര്യങ്ങള്‍ ഈ ഒരു വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുമ്പോള്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുവാദം. ബിജെപിയും ഇതേ വാദം തന്നെ ഉയര്‍ത്തുന്നു. എന്നാല്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തപ്പോഴും അനാവശ്യ വിവാദങ്ങളില്‍ കുരുങ്ങിപ്പോയ ഒരു വര്‍ഷം എന്നേ തികച്ചും നിഷ്പക്ഷമായി കാര്യങ്ങളെ സമീപിക്കുന്ന ഏതൊരാള്‍ക്കും പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തെ വിലയിരുത്താന്‍ കഴിയൂ. ഈ വിവാദങ്ങളില്‍ പലതും തികഞ്ഞ ജാഗ്രതക്കുറവില്‍ നിന്നും ഉണ്ടായതാണുതാനും.

രാഷ്ട്രീയ ജീര്‍ണതയില്‍ നിന്നും കേരളത്തെ മോചിപ്പിച്ചുവെന്നും വിവാദങ്ങള്‍ക്കു പിന്നാലെ പോകാന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറയുന്നു ‘അധികാരം, അഴിമതി, അനാശാസ്യത എന്നിവ കൂടിക്കലര്‍ന്നു രൂപപ്പെട്ട തികച്ചും ജീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന് സാധിച്ചു’ എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായി അംഗീകരിക്കാന്‍ ആര്‍ക്കാണ് കഴിയുക. അഴിമതിയില്‍ ചെറിയൊരു കുറവ് ഉണ്ടായിട്ടില്ല എന്നല്ല, അഴിമതി എന്ന ദുര്‍ഭൂതം ഇപ്പോഴും കേരളത്തില്‍ തുടരുന്നു എന്നതാണ് വസ്തുത. ഒറ്റയടിക്ക് ഉന്‍മൂലനം ചെയ്യാന്‍ കഴിയുന്ന ഒന്നല്ല അഴിമതി. അതിനെ വേരോടെ പിഴുതെറിയണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കുകയും തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതായുണ്ട്.

അധികാരത്തിന്റെ കാര്യത്തിലും ഏതാണ്ട് ഇത് തന്നെയാണ് സ്ഥിതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കങ്ങള്‍ക്ക് മുമ്പത്തേതിനേക്കാള്‍ അല്‍പം കൂടി വേഗത കൈവന്നിട്ടുണ്ടെങ്കിലും ചുവപ്പുനാടയും കൈക്കൂലിയുമൊക്കെ പൂര്‍ണമായും അപ്രത്യക്ഷമായിട്ടില്ല. അധികാരത്തെക്കുറിച്ചു പറയുമ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഭരണം നടത്തുന്ന പോലീസ് സേനക്കെതിരെ ഉയരുന്ന പരാതികളും ആക്ഷേപങ്ങളും പരിശോധിച്ചാല്‍ അറിയാം പഴയ ബ്രിട്ടീഷ് പോലീസിന്റെ പ്രേതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന്. അനാശാസ്യം അനുദിനം വര്‍ധിക്കുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. പീഡനക്കേസുകളില്‍ പരാതി നല്‍കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുന്നുവെന്നത് സത്യം തന്നെ. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാധ്യമങ്ങളും സ്ത്രീ സംഘടനകളും മാത്രമല്ല ചൈല്‍ഡ് ലൈന്‍ സംവിധാനവും കേരളത്തില്‍ വളരെ സജീവമാണെന്നതും ശരി തന്നെ. ഇതൊക്കെ അംഗീകരിക്കുമ്പോഴും ബാലപീഡനത്തിലും സ്ത്രീപീഡനത്തിലും വര്‍ഷാവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ വളര്‍ച്ച എങ്ങനെ കാണാതെ പോകാനാവും?

സര്‍ക്കാര്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ ചെയ്ത നല്ല കാര്യങ്ങളില്‍ എടുത്തുപറയേണ്ട ഒന്ന് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും 1900 കോടി രൂപയുടെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തുവെന്നതും ട്രഷറി പൂട്ടിയിട്ടില്ല എന്നതുമാണ്. കേരളത്തെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണ സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞതും, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് കരുണ കാണിച്ചുവെന്നതും നിയമനനിരോധനം എടുത്തുമാറ്റി എന്നതും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെ. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിട്ടുള്ള ‘ലൈഫ്’, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘ഹരിതകേരളം’, ആരോഗ്യമേഖലയിലെ ‘ആര്‍ദ്രം’ തുടങ്ങി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പദ്ധതികളും നല്ല നിലയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഏറെ നന്ന്. കൊച്ചി മെട്രോയും വിഴിഞ്ഞവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ഒക്കെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തന്നെ. എന്നാല്‍ കുറ്റമറ്റ രീതിയില്‍ ഈ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനും സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനും ഉള്ള ഉത്സാഹം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും വിസ്മരിച്ചുകൂട.

ജാഗ്രതക്കുറവുമൂലം ഉണ്ടായ വിവാദങ്ങളാണ് പലപ്പോഴും സര്‍ക്കാരിനെ വെട്ടില്‍ വീഴ്ത്തിയത്. മൂന്നാര്‍, ജിഷ്ണു പ്രണോയ്, മഹിജ , തിരുവനന്തപുരം ലോ അക്കാദമി തുടങ്ങിയ വിഷയങ്ങളില്‍ മാത്രമല്ല സെന്‍കുമാര്‍ പ്രശ്നം പോലും വഷളാക്കിയതിലും ഈ ജാഗ്രതക്കുറവ് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ നേട്ടങ്ങള്‍ മാത്രം എന്നു പറഞ്ഞ് സായൂജ്യം അടയാന്‍ ശ്രമിക്കാതെ പറ്റിയ വീഴ്ചകളെക്കുറിച്ച് സമഗ്രമായ ഒരു സ്വയം വിലയിരുത്തലിനുകൂടി സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍