അയല്‍ക്കൂട്ടങ്ങളില്‍ നിന്നും നാടന്‍ ഉത്പന്നങ്ങള്‍ വാങ്ങിയുപയോഗിച്ചിരുന്ന കാലത്തു നിന്നും പുതിയ തലമുറയ്‌ക്കൊപ്പം കുതിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ എന്ന കൂട്ടായ്മ.
കേരളത്തിലെ സ്ത്രീ കൂട്ടായ്മകളില്‍ ഉരുത്തിരിയുന്ന ഉത്പന്നങ്ങള്‍ ഇനി കടല്‍ കടക്കും. അച്ചാറുകളും ജാമുകളും മുതല്‍ സാനിറ്ററി നാപ്കിനുകള്‍ വരെ നീളുന്ന കുടുംബശ്രീ ഉത്പന്നങ്ങളുടെ പെരുമ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് വിവിധ ജില്ലാ നേതൃത്വങ്ങളും ഒപ്പം സംസ്ഥാന മിഷനും. ആദ്യ ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി വീടുകള്‍ തോറും വില്‍പ്പനയ്‌ക്കെത്തിയിരുന്ന കുടുംബശ്രീയുടെ തനിനാടന്‍ സംരംഭങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴിയും വ്യാപകമായി ലഭ്യമായിത്തുടങ്ങുകയാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൈറ്റുകളുടെ ആഗോള മുഖമായ ആമസോണാണ് കുടുംബശ്രീയുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. വന്‍കിട കമ്പനി ഭീമന്മാര്‍ക്കൊപ്പമാണ് ഇനി കേരളത്തിന്റെ കുടുംബശ്രീയുടെ ഇടം.
ഭക്ഷ്യ വസ്തുക്കള്‍, പച്ചക്കറികള്‍, തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍, ഫാന്‍സി ആഭരണങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീ യൂണിറ്റുകള്‍ കൈവച്ച് വിജയം കാണാത്ത മേഖലകള്‍ വിരളമാണ്. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം ഉത്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആമസോണില്‍ ലഭ്യമാകുക. തനതായ മാര്‍ക്കറ്റിംഗ് പദ്ധതികള്‍ പയറ്റിത്തെളിഞ്ഞിട്ടുള്ള പെണ്‍കൂട്ടായ്മകള്‍ താല്‍ക്കാലിക മാര്‍ക്കറ്റുകള്‍ വഴിയും കുടുംബശ്രീ ബസാറുകള്‍ വഴിയും വിറ്റഴിച്ചിരുന്നവയാണ് ഈ ഉത്പന്നങ്ങളെല്ലാം. ഓരോ ഉത്പാദക സംഘങ്ങളും അവരവര്‍ക്ക് സാധിക്കുന്ന ലോക്കല്‍ മാര്‍ക്കറ്റുകളില്‍ വര്‍ഷങ്ങളായി ഇവ എത്തിച്ചു പോരുന്നുണ്ട്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലാടിസ്ഥാനത്തിലും ബ്ലോക്കടിസ്ഥാനത്തിലും നടക്കുന്ന വിപണനമേളകളിലാകട്ടെ, വലിയ തിരക്കാണ് എല്ലാക്കാലത്തും അനുഭവപ്പെടാറുള്ളത്. പഞ്ചായത്തുകളിലെ കുടുംബശ്രീ നാനോ ബസാറുകളും ഇത്തരത്തില്‍ സ്ത്രീകള്‍ നിര്‍മിക്കുന്നവ വിതരണം ചെയ്യാനുള്ള പദ്ധതി തന്നെ.
കൂടാതെ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, നീതി സ്‌റ്റോര്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും കുടുംബശ്രീ മാര്‍ക്കറ്റു പിടിക്കാറുണ്ട്. കമ്മ്യൂണിറ്റി മാര്‍ക്കറ്റിംഗ് അടക്കമുള്ള വിദ്യകള്‍ വേറെ. എന്നാല്‍, പ്രാദേശിക തലത്തില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരെ സൃഷ്ടിക്കുന്ന അതേ രീതിയില്‍ എന്തുകൊണ്ട് പുതിയ കാലത്തിന്റെ വഴികളിലേക്കും കടന്നുകൂടാ എന്ന ചോദ്യമാണ് കുടുംബശ്രീയുടെ സാരഥികള്‍ക്ക് ഈ ആശയം നല്‍കിയത്. പാലക്കാട് ജില്ലാ മിഷന്‍ ചീഫായ പി. സൈതലവി പറയുന്നതിങ്ങനെ: “സമൂഹമാധ്യമവും ഇന്റര്‍നെറ്റും വളര്‍ന്നതോടെ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മാധ്യമം മാറിയല്ലോ. ആ സാധ്യതകളാണ് ഇനി കുടുംബശ്രീ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെക്കാള്‍ ചുരുങ്ങിയ ചെലവിലാണ് ഓണ്‍ലൈന്‍ വഴിയുള്ള മാര്‍ക്കറ്റിംഗ് നടക്കുക. ഏതു സമയത്തും ഓര്‍ഡറുകള്‍ സ്വീകരിക്കാനും സാധനങ്ങള്‍ എത്തിക്കാനും ഇതുവഴി സാധിക്കും. ഈ വര്‍ഷമാദ്യം തന്നെ സംസ്ഥാനതലത്തില്‍ കുടുംബശ്രീ ഓണ്‍ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആരംഭിച്ചിരുന്നതാണ്. അവിടെ നിന്നും ലഭിച്ചിട്ടുള്ള ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ പോലുള്ള ഭീമന്മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായിരിക്കുന്നത്. കുടുംബശ്രീ പ്രോഡക്ടുകള്‍ക്ക് മാര്‍ക്കറ്റ് ഉണ്ട് എന്ന ഉത്തമ ബോധ്യത്തിലാണ് ഇതിനു മുതിര്‍ന്നിരിക്കുന്നത്.”
കരകൗശല വസ്തുക്കള്‍ക്കും ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്കുമൊപ്പം അടുത്ത ഘട്ടത്തില്‍ സാനിറ്ററി നാപ്കിനുകളും പാലക്കാട് ജില്ലാ മിഷന്‍ ആമസോണ്‍ വഴി വിപണിയിലെത്തിക്കുന്നുണ്ട് എന്നു കൂടി പറയുമ്പോഴേ കുടുംബശ്രീ എന്ന ബ്രാന്‍ഡ് ആഗോളതലത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് കൃത്യമായ ധാരണ കിട്ടൂ. പരീക്ഷണാടിസ്ഥാനത്തില്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുള്ള ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇവയ്ക്ക് ആവശ്യക്കാര്‍ ധാരാളമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുടുംബശ്രീ ബസാര്‍ എന്ന വെബ്‌സൈറ്റു വഴി ഉത്പന്നങ്ങള്‍ ലഭ്യമാണെങ്കിലും, വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാല്‍ പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആമസോണ്‍ രംഗത്തെത്തുന്നതോടെ കേരളത്തിലെ സ്ത്രീകള്‍ മുന്നിട്ടിറങ്ങി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നു തന്നെയാണ് സംസ്ഥാന ഡയറക്ടര്‍മാരുടെയും പ്രതീക്ഷ. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ലഭിക്കാവുന്നതിന്റെ പരമാവധി വിപണി കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിശോര്‍ ഐ.എ.എസും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സ്വയം തൊഴില്‍ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആമസോണ്‍ സഹേലി പദ്ധതിയുടെ ഭാഗമായാണ് ഈ കൂട്ടുകെട്ട്. ഫെബ്രുവരി അവസാന വാരത്തോടെ ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ കരാര്‍ ഒപ്പുവയ്ക്കും. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനായി കസ്റ്റമര്‍ കെയര്‍ സെന്ററും തുറക്കുന്നുണ്ട്. അയല്‍ക്കൂട്ടങ്ങളില്‍ നിന്നും നാടന്‍ ഉത്പന്നങ്ങള്‍ വാങ്ങിയുപയോഗിച്ചിരുന്ന കാലത്തു നിന്നും പുതിയ തലമുറയ്‌ക്കൊപ്പം കുതിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ എന്ന കൂട്ടായ്മ. അടുത്തടുത്ത പത്തോ പതിനഞ്ചോ വീടുകളല്ല, ലോകമെങ്ങുമാണ് ഇനി ഇവരുടെ വിപണി.
ചിത്രം: കുടുംബശ്രീ വെബ്സൈറ്റ്