UPDATES

ആദ്യം അഴിഞ്ഞാടാന്‍ വിട്ടു, ഒരോരുത്തരേയും ക്യാമറയില്‍ പകര്‍ത്തി, പിന്നാലെ അറസ്റ്റ്; കേരള പോലീസിന്റെ ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’യില്‍ കുടുങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

സംഘര്‍ഷങ്ങളില്‍ കാര്യക്ഷമമായി ഇടപെടുകയോ, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയോ ചെയ്യാതെ അക്രമകാരികളെ പരമാവധി അഴിഞ്ഞാടാന്‍ വിട്ട് കലാപകാരികളെ അകത്താക്കുകയായിരുന്നു പോലീസ് ലക്ഷ്യം

‘എവിടെ പോലീസ്’ എന്നായിരുന്നു ഡിജിപിയുടെ ചോദ്യം. പക്ഷേ പോലീസ് ഉണ്ടായിരുന്നു, ഹാന്‍ഡി ക്യാമുകളുമായി! സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ കലാപം നിയന്ത്രിക്കുന്നതില്‍ പോലീസ് വേണ്ടത്ര വിജയിച്ചില്ലെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ പരോക്ഷമായി സമ്മതിക്കുമ്പോള്‍ കലാപ ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വലവിരിക്കുകയായിരുന്നു പോലീസ്. അത് തെളിയിക്കുന്നതാണ് വ്യാപകമായി നടക്കുന്ന അറസ്റ്റ്. മുന്‍ കാലങ്ങളില്‍ ഹര്‍ത്താലുമായും ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ നടന്നാല്‍, അതിലുള്‍പ്പെട്ടവരോ നേതൃത്വം നല്‍കുന്നവരോ പിടിയിലാവുന്നത് ചുരുക്കമായിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് ലക്ഷ്യം കലാപകാരികളെ കുടുക്കുകയായിരുന്നു. അതിനായി സംഘര്‍ഷം നടന്നയിടങ്ങളിലെല്ലാം ഹാന്‍ഡി ക്യാമമറയുമായി പോലീസുകാര്‍ തന്നെ രഹസ്യമായി ഇറങ്ങി.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വ്യാപകമായ അക്രമസംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ഉണ്ടായത്. ഇപ്പോഴും സംഘര്‍ഷം അവസാനിപ്പിക്കാനോ, ക്രമസമാധാനം പുന:സ്ഥാപിക്കാനോ പോലീസിനായിട്ടില്ല. നാല് ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം പടരുമ്പോള്‍, പൊതുമുതല്‍ നശിപ്പിക്കുകയും എറിഞ്ഞുടയ്ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും പേരിന് മാത്രം ഇടപെടുന്ന പോലീസ് സേനയെയാണ് കണ്ടത്. ഹര്‍ത്താലിന് തലേ ദിവസം നടന്ന അക്രമപരമ്പരകളില്‍ പോലും കാര്യക്ഷമമായി ഇടപെടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നാടെങ്ങും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു പോലീസ്. കണ്‍മുന്നില്‍ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് എന്തുകൊണ്ട് ഇടപെട്ടില്ല എന്ന ചോദ്യവും ഉയരുന്നു.

ശബരിമല യുവതീ പ്രവേശനം സ്ഥിരീകരിച്ച അന്നു തന്നെ ഇന്റലിജന്റ്‌സ് വിഭാഗം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് വലിയ കലാപത്തിനും സംഘര്‍ഷത്തിനും സാധ്യതയുണ്ടെന്നും പോലീസുകാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍, നേതൃത്വം നല്‍കാന്‍ സാധ്യതയുള്ളവര്‍, ചുരുങ്ങിയത് എത്രപേര്‍ പങ്കെടുക്കുമെന്നതടക്കമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഇന്റജിന്റ്‌സ് വിഭാഗം കൈമാറിയത്. തുടര്‍ന്ന് ഡിജിപിയും ചീഫ് സെക്രട്ടറിയുമുള്‍പ്പെടെ യോഗം ചേരുകയും കരുതല്‍ തടങ്കല്‍ അടക്കമുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചവരുത്തിയ ജില്ലാ പോലീസ് മേധാവികളെ സംസ്ഥാന പോലീസ് മേധാവി ശകാരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുന്‍കരുതല്‍ അറസ്റ്റ് അടക്കം നടത്തി ക്രമസമാധാനം ഉറപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല എന്നും പോലീസില്‍ നിന്ന് ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ജില്ലാ പോലീസ് മേധാവികളെ കുറ്റപ്പെടുത്തി. ഇതുവഴി കലാപം നിയന്ത്രിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന കാര്യമാണ് ഡിജിപി ഇതിലൂടെ വ്യക്തമാക്കുന്നത്.

അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍; ഹര്‍ത്താലിലെ നഷ്ടപരിഹാരം ശബരിമല കര്‍മ്മസമിതി നേതാക്കളായ ഇവരില്‍ നിന്നും ഈടാക്കണം

എന്നാല്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും നിയന്ത്രിക്കുന്നതിന് പകരം ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ നടപ്പാക്കുകയാണ് തങ്ങളെന്ന് പോലീസുകാര്‍ ഇതിന്റെ മറുവശം പറയുന്നു. അയ്യപ്പ കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാനുള്ള പോലീസ് നീക്കമാണ് ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കും. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കലാപകാരികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ തുടങ്ങുകയും ചെയ്തു.

പോലീസുകാർക്ക് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇതിനായി സംഘര്‍ഷം നടന്നയിടങ്ങളിലെല്ലാം ഹാന്‍ഡി ക്യാമറകളുമായി പോലീസ് നിരക്കുകയും ചെയ്തു. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അറസ്റ്റ് തുടരുകയാണ്. ഇതിനോടകം സംസ്ഥാനത്ത് 3178 പേരെ അറസ്റ്റ് ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ 1718 പേര്‍ അറസ്റ്റിലായിരുന്നു. 478 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവശേഷിക്കുന്നവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്നും അറസ്റ്റ് തുടരുകയാണ്. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ മാത്രം രണ്ട് ദിവസത്തിനിടെ മുന്നൂറ്റമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താലിന് മുമ്പും ഹര്‍ത്താല്‍ ദിനത്തിലും അതിന് ശേഷമുള്ള രണ്ട് ദിവസവും തുടരുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും പങ്കെടുത്തവരെ ചിത്രത്തിലാക്കി അകത്താക്കാനുള്ള പദ്ധതികളാണ് പോലീസ് മുന്നോട്ട് കൊണ്ടുപോവുന്നത്.

സംഘര്‍ഷങ്ങളില്‍ കാര്യക്ഷമമായി ഇടപെടുകയോ, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയോ ചെയ്യാതെ അക്രമകാരികളെ പരമാവധി അഴിഞ്ഞാടാന്‍ വിട്ട് കലാപകാരികളെ അകത്താക്കുകയായിരുന്നു പോലീസ് ലക്ഷ്യം. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയിലേക്ക് ഫോക്കസ് ചെയ്യുകയായിരുന്നു പോലീസ് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ഒരു കലാപകാരിയോ, അക്രമിയോ പോലും രക്ഷാപെടാത്ത തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസിനായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ കൊണ്ട് മാത്രം കലാപമോ സംഘര്‍ഷമോ ഒതുക്കാനായില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി തുടരുന്ന അക്രമങ്ങള്‍.

സംഘപരിവാർ ഹർത്താൽ ഇംപാക്റ്റ്; ദേശീയ പണിമുടക്കിന് കടകൾ അടപ്പിക്കില്ലെന്ന് സിഐടിയു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍