ഭരണഘടന അനുശാസിക്കുന്ന വസ്ത്രധാരണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് ഇതില്‍ കാണുന്ന പ്രശ്‌നമെന്ന് ഡോ. ഖാദര്‍ മാങ്ങാട്
വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കുന്നത് വിലക്കിക്കൊണ്ട് എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ എതിര്‍പ്പറിയിച്ച് കാസര്‍കോട് ജില്ലാ പ്രസിഡന്റ്. എം.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. ഖാദര്‍ മാങ്ങാട്, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ് ഹാജി എന്നിവരാണ് സര്‍ക്കുലറിനെതിരായ പരസ്യപ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്നത്. സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്നത് എം.ഇ.എസിന്റെ അഭിപ്രായമല്ലെന്നാണ് പരസ്യപ്രസ്താവനയുടെ ഉള്ളടക്കം. അടുത്തിടെ നടന്ന ജനറല്‍ കമ്മറ്റി യോഗത്തിലോ എക്‌സിക്യൂട്ടീവ് യോഗത്തിലോ സര്‍ക്കുലറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും, വ്യക്തിപരമായ അഭിപ്രായങ്ങള്‍ കമ്മറ്റിയംഗങ്ങളുമായി കൂടിയാലോചിക്കാതെ നടപ്പില്‍ വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മുഖാവരണം വിലക്കിക്കൊണ്ടുള്ള എം.ഇ.എസിന്റെ തീരുമാനം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എം.ഇ.എസിനകത്തു നിന്നു തന്നെ സര്‍ക്കുലറിനോടുള്ള എതിര്‍പ്പുകളുയര്‍ന്നത്.
എന്നാല്‍, പരസ്യപ്രസ്താവന കാസര്‍കോട് ജില്ലാ കമ്മറ്റിയിലെ ചില വ്യക്തികളുടെ മാത്രം അഭിപ്രായമാണെന്നും, എം.ഇ.എസ് കാസര്‍കോട് ജില്ലാ ഘടകം സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ സര്‍ക്കുലറിനൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നുമാണ് കാസര്‍കോട് വൈസ് പ്രസിഡന്റ് പി.എ ആരിഫിന്റെ പക്ഷം. തെറ്റിദ്ധാരണകള്‍ മൂലമാണ് ഡോ. ഖാദര്‍ മാങ്ങാട് അടക്കമുള്ളവര്‍ ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും, ജില്ലാ കമ്മറ്റിക്ക് ഈ നിലപാടിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ആരിഫ് വിശദീകരിക്കുന്നു.
ജില്ലാ കമ്മറ്റി ഒന്നടങ്കം പ്രസ്താവനയോടുള്ള എതിര്‍പ്പറിയിച്ചതോടെ പ്രസ്താവനയില്‍ ഒപ്പു വച്ചിട്ടുള്ള പ്രസിഡന്റും ട്രഷററും കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. “ഒന്നു രണ്ടു പേര്‍ക്കു മാത്രമേ സര്‍ക്കുലറിനോട് എതിരഭിപ്രായം ഉണ്ടായിട്ടുള്ളൂ. ജില്ലാ കമ്മറ്റി കൂടി തീരുമാനിക്കാതെയാണ് അവര്‍ പ്രസ്താവനയിറക്കിയത്. ജില്ലാ കമ്മറ്റിയിലെ തൊണ്ണൂറ്റൊമ്പതു ശതമാനമാളുകളും സംസ്ഥാന കമ്മറ്റി തീരുമാനത്തിനൊപ്പമാണ്. പത്രങ്ങളിലേക്കും മറ്റും ഈ പ്രസ്താവനയെത്തിച്ചതിനെ ജില്ലാ കമ്മിറ്റി ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതിനെത്തുടര്‍ന്ന് പ്രസ്താവനയില്‍ ഒപ്പു വച്ചവര്‍ ജില്ലാ കമ്മറ്റിയില്‍ നിന്നും രാജി വച്ചിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി ഡോ. ഖാദര്‍ മാങ്ങാടിന് അറിവില്ലായിരുന്നു. തെറ്റു മനസ്സിലായി അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. ട്രഷററും സെക്രട്ടറിയുമാണ് സര്‍ക്കുലറിനോട് എതിരഭിപ്രായം ഉള്ളവര്‍. സുന്നി കമ്മറ്റികളില്‍പ്പെട്ടവരാണ് ഇവര്‍. അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായതുകൊണ്ടാകാം ഇത്തരമൊരു തീരുമാനമെടുത്തത്” ആരിഫ് പറയുന്നു.
2019ല്‍ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റയാളാണ് ഡോ. ഖാദര്‍ മാങ്ങാട് എന്നും, നേരത്തേ തന്നെ മുഖാവരണം വിലക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്നും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും പറയുന്നു. ഇക്കാരണത്താലാണ് ഏകപക്ഷീയമായ തീരുമാനമെന്ന് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടതെന്നാണ് ജില്ലാ കമ്മറ്റി നല്‍കുന്ന വിശദീകരണം. അതേസമയം, തെറ്റായ പരാമര്‍ശത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെങ്കിലും, മുഖാവരണം നിര്‍ബന്ധിതമായി വിലക്കുന്നതിനെതിരായ അഭിപ്രായമാണ് തനിക്കുള്ളതെന്നാണ് ഡോ. ഖാദര്‍ മാങ്ങാടിന്റെ പക്ഷം. “ഭരണഘടന അനുശാസിക്കുന്ന വസ്ത്രധാരണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് ഞാനിതില്‍ കാണുന്ന പ്രശ്‌നം. അതല്ലാതെ മതപരമായ മറ്റു താത്പര്യങ്ങള്‍ എനിക്ക് ഈ വിഷയത്തിലില്ല. മുഖം മറയ്ക്കുന്ന വേഷം ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കാവശ്യമാണ്. സാഹചര്യത്തിനനുസരിച്ച് അത്തരം തെരഞ്ഞെടുപ്പുകള്‍ നടത്താനാകണം എന്നാണ് എന്റെ നിലപാട്. സിഖുകാര്‍ ടര്‍ബന്‍ ധരിക്കുന്നതു പോലെയോ രാജസ്ഥാനിലെ സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതു പോലെയോ ഉള്ള സ്വാതന്ത്ര്യം ഇക്കാര്യത്തില്‍ നടപ്പില്‍ വരുത്താനായില്ലെങ്കില്‍, സ്വാഭാവികമായും പലയിടങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടാകും. ഈ വര്‍ഷം മാത്രം ജില്ലാ പ്രസിഡന്റായയാളാണ് ഞാന്‍. പ്രസിഡന്റായി ഞാന്‍ പങ്കെടുത്ത യോഗങ്ങളിലൊന്നും ഇത്തരം ചര്‍ച്ചകളുണ്ടായിട്ടില്ല. പിന്നീടാണ് മനസ്സിലായത് മുന്‍കാലങ്ങളില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കപ്പെട്ടിരുന്നുവെന്ന്. അങ്ങനെയൊരു തീരുമാനം സംസ്ഥാന കമ്മറ്റി നേരത്തേ എടുത്തിട്ടുണ്ടെങ്കില്‍, അതിനെ ഞാന്‍ ചോദ്യം ചെയ്യില്ല. മറ്റു ജില്ലാ കമ്മറ്റി ഭാരവാഹികളോട് ചര്‍ച്ച ചെയ്തപ്പോഴും നേരത്തേ എടുത്ത തീരുമാനമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കേണ്ടത്. ആ സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന ഞാന്‍ പറയാന്‍ പാടില്ലാത്തതായിരുന്നു. അതുകൊണ്ട് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്. ട്രഷററും എനിക്കൊപ്പം രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. വ്യക്തിപരമായി ഞാനിപ്പോഴും വസ്ത്രധാരണ സ്വാതന്ത്ര്യം വേണം എന്ന് കരുതുന്നു, അത് നിഖാബ് ആയാലും ജീന്‍സ് ആയാലും. ഏത് ഭക്ഷണം കഴിക്കണം എന്നു പോലും നിബന്ധനകളുണ്ടാകുന്ന കാലത്ത് ഇത്തരമൊരു നിര്‍ദ്ദേശം വയ്ക്കുന്നത് തീര്‍ച്ചയായും ശരിയല്ല.”
ഏപ്രില്‍ 17ന് എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ചര്‍ച്ചയാകുന്നതും. ഇ.കെ. സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ സര്‍ക്കുലറിനെതിരായി രംഗത്തുവരികയും, വിവിധ മുസ്ലിം സംഘടനകളിലെ വനിതാ നേതാക്കളടക്കം മുഖാവരണത്തിനുള്ള വിലക്കിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാസര്‍കോട് ജില്ലാ ഘടകത്തിനകത്തു നിന്നും എതിര്‍പ്പുയരുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നത്. മുഖാവരണം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്നും, അടുത്ത കാലത്ത് മാത്രം നിലവില്‍ വന്ന ഒരു സംസ്‌കാരമാണിതെന്നുമാണ് വിമര്‍ശനങ്ങളോടുള്ള സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രതികരണം. സര്‍ക്കുലറിലെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.