UPDATES

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് പനീര്‍സെല്‍വം; അരുതെന്ന് വിദഗ്ധ സംഘം

എല്ലാ ആഴ്ചയിലും അണക്കെട്ട് പരിശോധിച്ച്‌ സൂപ്രവൈസറി കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും കേരളം അതില്‍ പരാജയപ്പെട്ടിരുന്നു

മുല്ലപ്പെരിയാര്‍ വിഷയം വീണ്ടുമയര്‍ത്തി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഏറെനാളായി തണുത്തിരുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിന് ഒപിഎസ് വീണ്ടും തിരികൊളുത്തിരിയിരിക്കുന്നത്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് ഒരു കാരണവശാലും ഉയര്‍ത്തരുതെന്ന് വിദഗ്ധ സംഘം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് ഇന്നലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പറഞ്ഞത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദഗ്ധ സംഘം ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. കൃഷിഭൂമികളിലേക്കുള്ള ജലസേചനത്തിന് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പൂജകള്‍ തേക്കടിയില്‍ ഇന്നലെ നടത്തി. ഈ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഒപിഎസ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്ന ആവശ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നതായും ഒപിഎസ് അറിയിച്ചു. എന്നാല്‍ ഒരു അണക്കെട്ടിന് അന്താരാഷ്ട്ര അണക്കെട്ട് സുരക്ഷ അതോറിറ്റി 70 വര്‍ഷമാണ് ആയുസ് പറയുന്നതെന്നും എന്നാല്‍ മുല്ലപ്പെരിയാര്‍ ഇപ്പോള്‍ തന്നെ 122 വര്‍ഷം പിന്നിട്ടുവെന്നും വിദഗ്ധ സംഘം പറയുന്നു.

സുപ്രിംകോടതി ഉത്തരവനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 2014ലാണ് 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്തിയത്. മുല്ലപ്പെരിയാറില്‍ നിന്നും കൃഷിഭൂമികളില്‍ ജലസേചനമെത്തിക്കുന്ന അഞ്ച് ജില്ലകളില്‍ ജലദൗര്‍ലഭ്യം നേരിട്ടപ്പോള്‍ മുതല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് വീണ്ടും ശ്രമം ആരംഭിച്ചു. ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുമ്പായി അണക്കെട്ടിലെ ജലനിരക്ക് 110 അടിയില്‍ താഴെയാകുകയും ചെയ്തു. കുടിവെള്ളത്തിന് മാത്രം അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച സമീപകാലത്ത് ജലനിരപ്പിലുണ്ടായ ഏറ്റവും കുറഞ്ഞ അളവാണ് ഇത്.

അതേസമയം അണക്കെട്ടിലെ 10, 11 ബ്ലോക്കുകളിലും പുതിയ ചോര്‍ച്ചകള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ സുപ്രിംകോടതി നിയമിച്ച സൂപ്രവൈസറി കമ്മിറ്റി അടിയന്തരമായി അണക്കെട്ട് സന്ദര്‍ശിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരള പ്രതിനിധി ജോര്‍ജ്ജ് ഡാനിയല്‍ നേതൃത്വം നല്‍കുന്ന ജല സ്രോതസ് ടീം ഞായറാഴ്ച അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 125 അടിയില്‍ കൂടുതലായാല്‍ എല്ലാ ആഴ്ചയിലും അണക്കെട്ടില്‍ പരിശോധന നടത്തണം. നിലവില്‍ ജലനിരപ്പ് 127.4 അടിയാണ്.

പുതിയ ചോര്‍ച്ചകളെക്കുറിച്ച് ഉടന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജലസ്രോതസ് വകുപ്പ് അറിയിച്ചു. അണക്കെട്ടിലെ പരിശോധന ആവശ്യപ്പെട്ടത് കേരളമാണെങ്കിലും കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നടത്തിയിട്ടില്ല. എല്ലാ ആഴ്ചയിലും അണക്കെട്ട് പരിശോധിച്ച്‌ സൂപ്രവൈസറി കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും കേരളം അതില്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും നടത്തിയ കൂടിക്കാഴ്ചയില്‍ നദീജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ല ബന്ധം മുമ്പോട്ട് കൊണ്ടുപോകുന്നതിനും ചീഫ് സെക്രട്ടറിമാരുടെ തലത്തില്‍ ചര്‍ച്ച നടത്താമെന്ന് ധാരണയായിരുന്നു. പിന്നീട് ആവശ്യമാണെങ്കില്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച നടത്താമെന്നും അന്ന് തീരുമാനിച്ചിരുന്നതാണ്. ഈ തീരുമാനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജലനിരപ്പ് ഒറ്റയടിക്ക് പത്ത് അടി ഉയര്‍ത്തുന്നുവെന്ന ഏകപക്ഷീയ തീരുമാനം തമിഴ്‌നാട് ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍