UPDATES

സാലറി ചലഞ്ച്: എതിര്‍പ്പറിയിച്ചത് വിവാദമായി; കിട്ടിയ സ്ഥലംമാറ്റവും റദ്ദായതിന് പിന്നില്‍

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗവും ധനവകുപ്പില്‍ ഫണ്ട്‌സ് സെക്ഷന്‍ ഓഫീസറുമാണ് കെ. എസ് അനില്‍ രാജ്.

പ്രളയ ബാധിത കേരളത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പത്തു ഗഡുക്കളായി പിരിച്ചെടുക്കുക എന്നത്. ഇതൊരു നിര്‍ബന്ധിത പിരിവല്ല. കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് കൊടുക്കാം, തയ്യാറല്ലാത്തവര്‍ക്ക് അതിനുള്ള കാരണം എഴുതി നല്‍കിക്കൊണ്ട് സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ മാറി നില്‍ക്കാം. സര്‍ക്കാരിന്റെ ഈ സാലറി ചലഞ്ച് ഇതിനകം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി കഴിഞ്ഞു. പ്രശ്‌നം കോടതി കയറുക വരെ ചെയ്തു. അനുകൂലമായും പ്രതികൂലമായും ഈ ഉദ്യമത്തോട് പ്രതികരിക്കുന്നവര്‍ക്ക് അവരവരുടേതായ വാദങ്ങള്‍ ഉണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ തന്നെ ഇത്തരത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. അതിലൊരു ജീവനക്കാരന്റെ അഭിപ്രായം വിവാദമാവുകയും ചെയ്തു. അതിലേക്ക്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം സാലറി ചലഞ്ച് ഉത്തരവിറങ്ങിയ ദിവസം തന്നെ ആദ്യത്തെ ‘നോ’ അറിയിച്ച ജീവനക്കാരനാണ് സിപിഎം അനുകൂല സംഘടനായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗവും ധനവകുപ്പില്‍ ഫണ്ട്‌സ് സെക്ഷന്‍ ഓഫീസറുമായ കെ. എസ് അനില്‍ രാജ്.

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എതിര്‍പ്പറിയിച്ച അനിലിന്റെ സന്ദേശം പെട്ടെന്ന് തന്നെ പ്രചരിക്കപ്പെട്ടു. ധനവകുപ്പ് ജീവനക്കാരുടെ ‘ഫിനാന്‍സ് ഫ്രണ്ട്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശമാണ് പ്രചരിച്ചത്.

“32 ദിവസം ശമ്പളമില്ലാതെ സമരം ചെയ്തയാളാണ് ഞാന്‍. ഇക്കുറി എന്റെ പരമാവധി, ഞാന്‍, മക്കള്‍, വീട്ടുകാര്‍ ഒക്കെ ചെയ്തു. സാലറി ചലഞ്ചിന് ആദ്യത്തെ നോ ആകട്ടെ എന്റേത്. കഴിവില്ല, അതുതന്നെ ഉത്തരം” ഇങ്ങനെയായിരുന്നു സന്ദേശം. തൊട്ടടുത്ത ദിവസം തന്നെ അനില്‍ രാജിന് ട്രാന്‍സ്ഫര്‍ ഉത്തരവ് ലഭിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെന്‍ഷന്‍ സെക്ഷനിലേക്കാണ് ട്രാന്‍സ്ഫര്‍ ഉണ്ടായത്. പക്ഷേ വാര്‍ത്ത അറിഞ്ഞതും പത്രമാധ്യമങ്ങള്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി അതിനെ ചിത്രീകരിക്കുകയായിയിരുന്നു.

“വാര്‍ത്തകളില്‍ പകുതി സത്യവും പകുതി കള്ളവുമാണ് വന്നിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് മുമ്പ് തന്നെ മാറണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഒരുപാട് പേരുടെ ഓര്‍ഡറിനൊപ്പമാണ് എന്റെ ഓര്‍ഡറും വന്നത്. പക്ഷേ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചു”, അനില്‍ രാജ് പറഞ്ഞു.

വാര്‍ത്ത വിവാദമാകാന്‍ തുടങ്ങിയതോടെ ധനമന്ത്രി തോമസ് ഐസക് സ്ഥലമാറ്റം റദ്ദാക്കാക്കുകയാണെന്ന് അറിയിച്ചു. അതോടെ അനില്‍ രാജ് പ്രതീക്ഷിച്ചിരുന്ന സ്ഥലമാറ്റം റദ്ദായി. “സാലറി ചലഞ്ച് ഏറ്റെടുത്ത് ശമ്പളം നല്‍കാന്‍ കഴിയില്ല എന്ന് ആര്‍ക്ക് വേണമെങ്കിലും എഴുതിക്കൊടുക്കാവുന്നതാണ്. ആ ഉത്തരവ് പുറപ്പെടുവിച്ച സെക്ഷനിലെ ഉദ്യോഗസ്ഥന്‍ തന്നെയാണ് അനില്‍രാജ്. അയാള്‍ ഒരു ഹൃദ്രോഗിയാണ്. അതുകൊണ്ട് തന്നെ ഫണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുമ്പ് തന്നെ ട്രാന്‍സ്ഫര്‍ ചോദിച്ചിരുന്നു. പക്ഷേ സാലറി ചലഞ്ചിനെ സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശം പുറത്തു വന്നപ്പോഴാണ് ട്രാന്‍സ്ഫര്‍ എത്തിയത്. അതോടെ ആളുകള്‍ കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ മനസിലാക്കിയെടുത്തു”, കേരളാ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ വിശദീകരിച്ചു.

സാലറി ചലഞ്ചില്‍ ചെറിയ ശതമാനം പേര്‍ അവരുടെ പ്രയാസം അറിയിച്ചിരുന്നു. അനുകൂല പ്രതികരണങ്ങള്‍ തന്നെയാണ് ഭൂരിഭാഗവും. എന്നാല്‍ ശമ്പളം നല്‍കാനായി പല മാര്‍ഗങ്ങള്‍ ഉണ്ട്. അത് വ്യക്തികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനെ ചിലര്‍ സാങ്കേതികവത്ക്കരിക്കുകയാണ് ചെയ്യുന്നത്. കേരളം ഇപ്പോള്‍ നേരിടുന്ന ഈ പ്രതിസന്ധിയില്‍ നമ്മള്‍ പ്രതിബദ്ധതയോടെയാണ് പെരുമാറേണ്ടത്. ഇവിടെ സാധാരണജനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. അപ്പോള്‍ അവരെ സഹായിക്കേണ്ടത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ജീവനക്കാരിലും ദുരന്തബാധിതരുണ്ട്. ഇവിടെ ആരോടും നിര്‍ബന്ധപൂര്‍വം ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ല”, മുന്‍സിപ്പാലിറ്റി തൊഴിലാളി നേതാവായ സുരേഷ് അഭിപ്രായപ്പെട്ടു.

Also Read: ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

അനില്‍ രാജിന്റെ സംഭവം വിവാദമായ അതേ സാഹചര്യത്തില്‍ തന്നെ സാലറി ചലഞ്ചിലേക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പത്ത് തവണയായി പിരിച്ചെടുക്കുമെന്ന ബോര്‍ഡിന്റെ ഉത്തരവ് വിവാദമാവുകയും തുടര്‍ന്ന് ഉത്തരവിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ത്തി. പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രി വിഭാവനം ചെയ്ത സാലറി ചലഞ്ചിന്റെ പേരില്‍ കൊള്ളയടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി ശമ്പളം പിരിച്ചെടുക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ചും കൂട്ടിവായിച്ച സാധാരണക്കാര്‍ സാലറി ചലഞ്ചിനെ പ്രതിക്കൂട്ടിലാക്കി. കൂടാതെ കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് ആസ്ഥാനത്ത് എന്‍ജിഒ യൂണിയന്റെയും എന്‍ജിഒ അസോസിയേഷന്റെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഭൂരിഭാഗം ജീവനക്കാരും സാലറി ചലഞ്ചിനോട് യോജിപ്പുള്ളവരാണ്. എന്നാല്‍ വളരെ കുറച്ചു പേര്‍ അവരുടെ പ്രയാസം കാരണം സാലറി ചലഞ്ചിന് എതിര്‍പ്പ് പറയുന്നുമുണ്ട്.

ബുദ്ധിമുട്ട് പറഞ്ഞവര്‍ക്ക് സഹകരണസംഘം വഴി ഏഴ് ശതമാനം പലിശയ്ക്ക് അമ്പത് തവണകളായി അവരുടെ ശമ്പളത്തുക സ്വരൂപിച്ച് നല്‍കാനുള്ള സ്‌കീം കൊടുക്കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിന് ശമ്പളം തന്നെ കൊടുക്കണമെന്നില്ല. പിഎഫില്‍ നിന്ന് കൊടുക്കാം, ഏണ്‍ഡ് ലീവ് 30 എണ്ണം ഉണ്ടെങ്കില്‍ അത് കൊടുക്കാം, അങ്ങനെ വിവിധ ഓപ്ഷനുകളുണ്ട്. ഹൈക്കോടതി വിധി വന്നത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തിനെതിരെയാണ്” സെക്രട്ടിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഹണി പറഞ്ഞു.

Also Read: കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

പോലീസ് ഉദ്യോഗസ്ഥനായ അരുണ്‍ പുലിയൂരിന്റെ സാലറി ചലഞ്ചിനെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും തനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ തന്റെ പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാന്‍ മന:സാക്ഷി അനുവദിക്കുന്നില്ല എന്ന അരുണ്‍ പുളിയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു.

ഇതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്‌

‘സാലറി ചലഞ്ച് ‘

കേട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സില്‍…. ഇന്നലെ രാത്രിയിലും കൂട്ടുകാര്‍ വിളിച്ച് ആശങ്ക പങ്കുവച്ചു… അളിയാ നമ്മള്‍ എങ്ങനെ കൊടുക്കും ഈ പൈസ….. ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്… പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാന്‍സ് 15000 രൂപ വാങ്ങി മറ്റ് കടങ്ങള്‍ തീര്‍ത്തു… അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതല്‍ പിടിച്ചു തുടങ്ങും….. അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും….. എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു…..(കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളം ലോണ്‍ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യില്‍ കിട്ടിയത് 17000 രൂപ. വീട്ട് ചെലവും, മകന്‍ ആദിയുടെ സ്‌കൂള്‍ ചെലവും എല്ലാം കഴിയുമ്പോള്‍ കൈയിലുള്ളത് 7000അത് വച്ച് പെട്രോള്‍ ചിലവ്, ഭക്ഷണം എല്ലാം) അടുത്ത മാസം മുതല്‍ ഓണം അഡ്വാന്‍സ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും…. (70003000= 4000) പിന്നെ സാലറിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളില്‍ ഒരു സംഖ്യയും … ഡ്യൂട്ടിക്ക് പോകാന്‍ പെട്രോള്‍ അടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ …. ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതല്‍……. ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു…… സമ്മതം അല്ലെങ്കില്‍ വിസമ്മതം ഏതാണ് വേണ്ടതെന്ന്…… എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാട്പേര്‍ എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും യെസ് പറയരുതെന്ന് .. എന്നോടുള്ള സ്നേഹം കൊണ്ടാണ്… എനിക്ക് മനസ്സിലായിരുന്നു….. പക്ഷെ എനിക്കുറങ്ങാന്‍ കഴിയണ്ടേ ?…. ഒരു പി.എസ്.ഇ പരീക്ഷയില്‍ ലിസ്റ്റില്‍ വന്ന എനിക്ക് 2012 ജൂണ്‍ 18 മുതല്‍ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും ,എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ എന്റെ പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല…. എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയില്ല…….

Also Read: സാലറി ചലഞ്ചില്‍ ഇടങ്കോലിടുന്നവരോട്; ഹൈക്കോടതി പറഞ്ഞ ‘പിടിച്ചുപറി’ വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്ത്?

ഒരു പാട് പ്രശ്നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ടാവാം… പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു….. എന്റെ ഈ തീരുമാനത്തിന് കടപ്പാട്….. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തില്‍ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ ഐ.പി ബിനു ചേട്ടനോട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നല്‍കി എനിക്ക് മാതൃക കാണിച്ച എന്റെ എസ്.എസ് മനോജേട്ടനും, സോന ചേച്ചിയോടും , സ്വന്തം അനുജനായി എന്നെ കണ്ട് സ്നേഹിക്കുന്ന എ.കെ.ജി സെന്ററിലെ പ്രിയ രാജണ്ണനോട് , എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്… അമൃത ബിജു അണ്ണനോട്,പ്രിയ കൂട്ടുകാരന്‍ വിപിനിനോട്, ജിജു, ആ ബൈജുവിനോട് , ങഉ അജിത്തിനോട്… പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്… മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്… അച്ഛാ അച്ഛനാണച്ചാ അച്ഛന്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്… നന്ദി…. നന്ദി…

Also Read- അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി

ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥർ ജനശത്രുക്കളിൽ കുറഞ്ഞൊന്നുമല്ല

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍