UPDATES

ട്രെന്‍ഡിങ്ങ്

രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം; ജനം വീണ്ടും മുള്‍മുനയില്‍

ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണ് തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം നടന്നത്.

സംസ്ഥാനത്തെ ആശങ്കയിലാക്കി രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണ് തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം നടന്നത്. ഇതില്‍ ആലപ്പുഴയില്‍ നിന്ന് ആന്ധ്ര സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ഓടിയയാളെ പിടികൂടാനായിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങള്‍ സംസ്ഥാനത്തിറങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന പോലീസ് വാദം പൊളിയുകയാണോ? ഈ സംശയമാണ് പലരും ഉന്നയിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു സംഘവും കേരളത്തില്‍ എത്തിയിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നുമുള്ള സന്ദേശമാണ് പോലീസ് ആവര്‍ത്തിക്കുന്നത്.

ആലപ്പുഴ പൂച്ചാക്കല്‍ പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നാണ് നാല് വയസ്സുകാരനെ പണം കാട്ടി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം നടത്തിയത്. കുട്ടിയുടെ അച്ഛന്‍ പറയുന്ന പ്രകാരം “കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നതും ഉപദ്രവിക്കുന്നതും അടക്കമുള്ള വീഡിയോകള്‍ ഞാന്‍ കുട്ടിയെ കാണിച്ചിരുന്നു. ഒരു കണക്കിന് അത് ഉപകാരമായി. കാരണം ഒരാള്‍ പൈസ കാണിച്ച് വിളിച്ചപ്പോള്‍ തന്നെ അവന്‍ അലറിക്കരഞ്ഞുകൊണ്ട് വീട്ടുകാരെ അറിയിച്ചു”. തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയായ ചിന്നപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നപ്പയുടെ ബാഗില്‍ നിന്ന് ഒമ്പതിനായിരം രൂപ, ബോള്‍ ഐസ്‌ക്രീം, പലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍, കത്തി, നൂറോളം പുതിയ മുള്ളാണികള്‍, ചവണ, ബ്ലെയിഡുകള്‍, എന്നിവ കണ്ടെടുത്തു.

കോഴിക്കോട് കക്കോടി ചേലപ്പുറത്ത് അപര്‍ണയുടെ കയ്യിലിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞിനെ ഒരാള്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. അടുക്കളയിലേക്ക് ഓടിക്കയറിയാണ് കുട്ടിയെ തട്ടിയെടുത്തത്. എന്നാല്‍ അപര്‍ണ ബഹളം വച്ചതോടെ ഇയാള്‍ കുഞ്ഞിനെ പുറത്തുപേക്ഷിച്ച് രക്ഷപെട്ടു. കുട്ടിയുടെ മാല പൊട്ടിച്ചെങ്കിലും നഷ്ടമായിട്ടില്ല. എന്നാല്‍ ഇത് മോഷണ ശ്രമവും ആവാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മോഷണ ശ്രമമാണെങ്കില്‍ കുഞ്ഞിനെ തട്ടിപ്പറിച്ച് ഓടിയതെന്തിനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്.

പൂച്ചാക്കലില്‍ പല ഭാഗത്തായി വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. അതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഏഴോളം നാടോടികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലെ ഇരുപതോളം വീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന് പിന്നില്‍ സിസിടിവി കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് കമ്പനി അധികാരികള്‍ തന്നെ സമ്മതിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കുകയുണ്ടായി. അതോടെ കറുത്ത സ്റ്റിക്കറും മോഷ്ടാക്കളും കുട്ടികളെ തട്ടിക്കൊണ്ട് പോവല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കഥകള്‍ക്ക് കുറവ് വരുകയുകയും ചെയ്തു.

ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയാല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ പോലീസിനെ ഉപയോഗിച്ച് നടപടിയെടുക്കുമെന്ന കര്‍ശന നിര്‍ദ്ദേശവും കേരള പോലീസ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് വാട്‌സ്ആപ് വഴിയും ഫേസ്ബുക്ക് വഴിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഏറെക്കുറെ തടയാനായെങ്കിലും പുതുതായി ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പൂച്ചാക്കല്‍ സ്വദേശിയായ സുരേഷ് പറയുന്നത്, “പോലീസ് പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാവും. കുട്ടികളെ കടത്തിക്കൊണ്ടു പോവുന്നതിന് സംഘമിറങ്ങിയിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിച്ച് സമാധാനത്തോടെയിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പക്ഷെ ഇവിടെ ഉണ്ടായതെന്താണ്. കളിപ്പാട്ടങ്ങളും ഐസ്‌ക്രീമും എല്ലാം കൊണ്ടുനടന്ന് കുട്ടികളെ കൂടെ ചെല്ലാന്‍ പ്രലോഭിപ്പിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ ഇവിടെ നിന്ന് പിടിച്ചത്. ഇതുപോലെ അത്രപേര്‍ ഉണ്ടെന്ന് ആര്‍ക്കറിയാം? കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോവുന്നവര്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ നമുക്കെങ്ങനെ സമാധാനത്തോടെ ഇരിക്കാന്‍ കഴിയും?”

എന്നാല്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങളെല്ലാം വ്യജമാണെന്നും ജനങ്ങള്‍ ഇതില്‍ പരിഭ്രാന്തരാവരുതെന്നും ആവര്‍ത്തിക്കുന്നു. പോലീസ് മോധാവിയുടെ വാക്കുകള്‍, “വിഭ്രാന്തി ജനിപ്പിക്കുന്ന കുപ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പക്ഷെ അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഒരു വര്‍ഷം മുമ്പ് മലപ്പുറം ജില്ലയില്‍ ഇതുപോലെ ഒരു പ്രചരണം നടത്തിയിരുന്നു. എന്നാല്‍ പോലീസ് ഇടപെടലിലൂടെ അത് അവസാനിപ്പിച്ചു. പരിഭ്രാന്തജനകമായ ഒരു സാഹചര്യം ഇവിടെയില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഒരു സംഘം ഇവിടെ കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ വന്നിട്ടുണ്ടെന്നത് പറയുന്നത് തികച്ചും തെറ്റാണ്. അതില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കണം. പോലീസുകാരെ ജാഗ്രത്തരാക്കിയിട്ടുമുണ്ട്. പോലീസ് സ്‌റ്റേഷന്‍, കണ്‍ട്രോള്‍ റൂമുകളിലും അലേര്‍ട്ട് ചെയ്തിട്ടുണ്ട്. പട്രോളിങ് ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു അമ്മ ആശങ്കയില്‍ പോലീസിനെ വിളിച്ചാല്‍ പെട്ടെന്ന് ഫോണെടുക്കാനും കറുത്ത സ്റ്റിക്കറുകള്‍ ഒട്ടിച്ച വീടുകളിലേക്ക് പോലീസ് ഉറപ്പായിട്ടും പോവണമെന്നും നിര്‍ദ്ദേശമുണ്ട്. ഭീതിയിലായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാനാണത്. അതിന് പുറമെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കണ്ടുപിടിക്കാനും പോലീസ് ഉണ്ടാവും. നിങ്ങള്‍ പരിഭ്രാന്തരാവരുത്, നിങ്ങളുടെ സുരക്ഷയാണ് എന്റെ പ്രഥമ പരിഗണന, നിങ്ങളോട് കൂടി ഞങ്ങളുണ്ട്ഇതാണ് ഞാന്‍ കേരളത്തിലെ അമ്മമാരോട് പറയുന്നത്.”

ആഴ്ചകളായി സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങള്‍ സമൂഹത്തില്‍ പൊതുവെ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മലപ്പുറം പൊന്നാനിയില്‍ നടന്ന സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോവുന്നവര്‍ എന്ന് സംശയിച്ച് വിവിധ ദിവസങ്ങളിലായി  വയോധികനേയും വയോധികയേയും നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ച് അവശരാക്കി. സ്വന്തം കുട്ടിയുമായി ബീച്ചില്‍ പോയയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് ആക്രമണ ശ്രമം നടത്തി. പോലീസ് പറയുന്നത് പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും അമ്മമാര്‍ കുഞ്ഞുങ്ങളെ നഴ്‌സറിയിലും അങ്കണവാടിയിലും അയയ്ക്കാതായി. ഇതര സംസ്ഥാനക്കാരെയെല്ലാം സംശയത്തോടെ മാത്രം വീക്ഷിക്കുന്ന മനോനിലയിലേക്ക് പലരും എത്തപ്പെട്ടു.

എന്നാല്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ നിലച്ചാല്‍ മാത്രം ഇത്തരം ഭീതികള്‍ ഒഴിയുമോ എന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല. അതിനിടെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതും കറുത്ത സ്റ്റിക്കറുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതും. കറുത്ത സ്റ്റിക്കര്‍ പതിച്ച് ഭീതി പരത്തുന്നവര്‍ക്കെതിരെ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശം നല്‍കി. സമൂഹത്തില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലും ആവര്‍ത്തിച്ചു. വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ 25 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നതുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സ്റ്റിക്കര്‍ പതിക്കുന്നത് തെരുവോര കച്ചവടക്കാരാണെന്ന് വിശ്വസിച്ച് ചിലയിടങ്ങളില്‍ അവര്‍ക്ക് നേരെ ആക്രമണമുണ്ടായി.

ഒരു വശത്ത് സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന പ്രചരണങ്ങള്‍, മറ്റൊരിടത്ത് കുപ്രചാരണങ്ങളില്‍ വീഴരുതെന്ന പോലീസ് സന്ദേശം. എന്നാല്‍ ഇതില്‍ ഏത് വിശ്വസിക്കണമെന്നറിയാതെ ജനവും.

പൊന്നാനിയില്‍ യാചകനെ മര്‍ദ്ദിച്ച മലയാളിയും ‘എന്തെങ്കിലും ചെയ്യാന്‍’ പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍