UPDATES

ട്രെന്‍ഡിങ്ങ്

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിക്കുമോ? മലങ്കര സഭയില്‍ പുനരൈക്യ ചര്‍ച്ചകള്‍ സജീവം

യാക്കോബായ സഭ മേലധ്യക്ഷന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്

‘ക്രൈസ്തവ സമൂഹം തമ്മിലടിക്കുന്നതും മൃതദേഹം വച്ച് പോലും വിലപേശുന്നതും ഇനിയും അംഗീകരിക്കാന്‍ കഴിയില്ല. പുതിയ തലമുറ ക്രൈസ്തവ വിശ്വാസത്തില്‍ വളരണമെങ്കില്‍ ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചേ മതിയാകൂ’ യാക്കോബായ സഭയിലെ ഏറ്റവും മുതിര്‍ന്ന വൈദികനും ക്വസ്റ്റ് ഫോര്‍ പീസ് എന്ന സംഘടനയുടെ ചെയര്‍മാനുമായ ഫാ: ഔസേഫ് പാത്തിക്കല്‍ കോറെപ്പിസ്‌കോപ്പയുടെ വാക്കുകളാണിത്. 1972ലെ സഭ പിളര്‍പ്പിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയില്‍ അദേഹം മേല്‍ പറഞ്ഞ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്്. ജൂലൈ മൂന്നിലെ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലങ്കര സഭയില്‍ വീണ്ടും സഭാ പുനരൈക്യ ചര്‍ച്ചകള്‍ സജീവമാകുകയാണ്. പാത്രിയര്‍ക്കീസ് ബാവയെ മേലധ്യക്ഷനാക്കി ഓരു കാതോലിക്ക ബാവയുടെ കീഴില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഒന്നാകണമെന്ന ആവശ്യക്കാര്‍ ഒരു വശത്തും ഇരു സഭകളും ഭാഗം വച്ച് പിരിഞ്ഞ് സഹോദരി സഭകളായി മാറണമെന്ന ആവശ്യക്കാര്‍ മറു വശത്തും സജീവമായി കഴിഞ്ഞു. ഇരു വാദങ്ങളും നിലനില്‍ക്കെയാണ് യാക്കോബായ സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അടുത്തമാസം നാലിന് ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.

1972ല്‍ സഭ പിളര്‍പ്പ് രൂപപ്പെട്ടതിന് ശേഷം ആദ്യമായാണ് ഓര്‍ത്തഡോകസ് പക്ഷവുമായി ഒരു പാത്രിയര്‍ക്കീസ് ബാവ ഔദ്യോഗിക കൂടിക്കാഴ്ചക്ക് തയ്യാറായത്. ഇത് തന്നെ സഭ അനുരഞ്ജന നീക്കത്തില്‍ ഒരു വഴിത്തിരിവാണ്. മൂവാറ്റുപുഴ അരമനയിലെ ഡോ.തോമസ് മാര്‍ അത്തനാസിയോസ്, അമേരിക്കന്‍ ഭദ്രാസനത്തിലെ ഡോ.സഖറിയാസ് മാര്‍ നിക്കോളവാസ് എന്നീ മെത്രാപ്പോലീത്തമാരാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് പാത്രിയര്‍ക്കീസ് ബാവയെ കാണുന്നത്. ഇവര്‍ ഇരുവരും യാക്കോബായ മെത്രാപ്പോലീത്തമാരായിരുന്നെങ്കിലും 1995ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേക്കേറുകയായിരുന്നു. ചര്‍ച്ചകളില്‍ മലങ്കരയില്‍ നിന്നുളള യാക്കോബായ പ്രതിനിധി സംഘവും പങ്കെടുക്കുമെന്നാണ് വിവരം.

‘തര്‍ക്കം പരിഹരിക്കുന്നതിന് ഏത് തരത്തിലുളള വിട്ടു വീഴ്ചയ്ക്കും തങ്ങള്‍ ഒരുക്കമാണ്. അത് ഇപ്പോഴുണ്ടായ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിന്നുമാകും’; ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറയുന്നു. ‘യാക്കോബായ പക്ഷത്തെ ഭൂരിഭാഗം മെത്രാപ്പോലീത്തമാരും അല്‍മായരും സഭകളുടെ യോജിപ്പിന് അനുകൂലമാണ്. അവരെല്ലാവരും ഇക്കാര്യം തന്നെ അറിയിച്ചിട്ടുമുണ്ട്. പാത്രിയര്‍ക്കീസ് ബാവയുമായുളള ചര്‍ച്ച കഴിയുന്നതോടെ ഇക്കാര്യത്തില്‍ നിര്‍ണായക വഴി തിരിവുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ’; ഡോ.അത്തനാസിയോസ് കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ അനുരഞ്ജന നീക്കങ്ങളെ യാക്കോബായ സഭയില്‍ ഒരു വിഭാഗം ആശങ്കയോടെയാണ് കാണുന്നത്. 1958 ലെ സഭാ യോജിപ്പ് തങ്ങള്‍ക്ക് തീരാനഷ്ടമാണ് സമ്മാനിച്ചതെന്നാണ് അവരുടെ വാദം. ഇപ്പോഴുളള തര്‍ക്കങ്ങള്‍ക്കും പളളി നഷ്ടങ്ങള്‍ക്കും കാരണം അന്നത്തെ യോജിപ്പാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സഭയിലെ യുവ മെത്രാപ്പോലീത്തമാരും നേതൃത്വത്തില്‍ ഒരു വിഭാഗവും ഈ വാദത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ യോജിപ്പിലുപരി ഭാഗം വച്ച് രണ്ട് സഭകളായി പിരിയുക എന്ന വാദത്തിനാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ‘സഭാ യോജിപ്പിന് നിരവധി കടമ്പകളുണ്ട്. അത് കൊണ്ട് തന്നെ അതെത്രത്തോളം പ്രായോഗികമാകുമെന്നതില്‍ സംശയവുമുണ്ട്. അതിനാല്‍ ഇരുസഭകളായി ഭാഗം വച്ച് പരിഞ്ഞ് സഹോദരീ സഭകളായി മാറി പരസ്പരം അംഗീകരിച്ചും സ്‌നേഹിച്ചും പോകുന്നതാണ് ഉചിതം’. യാക്കോബായ സഭയിലെ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറയുന്നു.

എന്നാല്‍ ഈ വാദത്തെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അത്ര സ്വീകാര്യത പോര. സുപ്രിംകോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ ഭാഗം വച്ച് പിരിയുക എന്ന ചര്‍ച്ചക്ക് പോലും പ്രസക്തിയില്ലെന്നാണ് അവരുടെ വാദം. ‘സഭ തര്‍ക്കം ചിലരുടെ വയറ്റി പിഴപ്പ് മാത്രമാണ്. അത് മനസിലാക്കിയാണ് പാത്രിയര്‍ക്കീസ് ബാവ അനുരഞ്ജന നീക്കങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്. മലങ്കരയിലെ വിശ്വാസികള്‍ ഒറ്റക്കെട്ടായി പാത്രിയര്‍ക്കീസ് ബാവ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും’; യാക്കോബായ അല്‍മായ ഫോറം പ്രസിഡന്റ് പോള്‍വര്‍ഗീസ് പറയുന്നു.

ഇങ്ങനെ വാദങ്ങളും മറു വാദങ്ങളും മുറുകുമ്പഴും സഭ അനുരഞ്ജനത്തിനുളള അണിയറ നീക്കങ്ങള്‍ സജീവമാകുകയാണ്. ലബനോണ്‍ കേന്ദ്രീകരിച്ചും മലങ്കര കേ്ര്രന്ദീകരിച്ചുമാണ് ഇതിനുളള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. ഇരു സഭകളിലേയും സമാധാന കാംക്ഷികളാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ അതിന് ഫലമുണ്ടാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.’ പാത്രിയര്‍ക്കീസ് ബാവ അനുരഞ്ജന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളും പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണം. 1972ലെ സഭ പിളര്‍പ്പ് വേണ്ടിയിരുന്നില്ലെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്’. അന്നത്തെ സഭാ പിളര്‍പ്പിന് നേതൃത്വം നല്‍കിയ ജീവിച്ചിരിക്കുന്ന അപൂര്‍വം ചില വൈദികരില്‍ ഒരാളായ ഫാ: പാത്തിക്കല്‍ പറയുന്നു.

 

 

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍