UPDATES

ആഷിക്കിന് ജീവിക്കാന്‍ ഓട്ടോ ഓടിക്കണം; പക്ഷേ, യൂണിയന്‍കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്

നിതാഖത്തിനെ തുടരുന്ന് നാട്ടിലേക്ക് പോരേണ്ടി വന്ന ആഷിഖിന്റെ കുടുംബത്തിലുള്ളവര്‍ രോഗികളുമാണ്

രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഭാര്യയും മകനും, അവര്‍ക്കുള്ള മരുന്നും ചികിത്സകളും, ഇതുവരെയായി രണ്ടുപേരുടെയും ചികിത്സയ്ക്കായി മുടക്കിയ പണത്തിനുമേല്‍ പെരുകി കിടക്കുന്ന കടം, ബാങ്ക് ലോണ്‍ വേറെ, ഇതൊന്നും ബാധിക്കാത്ത വിധം പട്ടിണി കൂടാതെ കുടുംബം പുലര്‍ത്തുക; ഇതെല്ലാം ആഷിക്കിന് ഒറ്റയ്ക്കു ചുമലിലേറ്റേണ്ട കാര്യങ്ങളാണ്. കുറെക്കാലം മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ടു, പെട്ടെന്നൊരു ദിവസം അവിടെ നിന്നും പോരേണ്ടി വന്നു. നാട്ടില്‍ വന്നശേഷം തന്റെ ജീവിതപ്രാരാബ്ദങ്ങള്‍ മറികടക്കാന്‍ ലോണ്‍ എടുത്ത് ഒരു ഓട്ടോ വാങ്ങി. അതോടിച്ച് കിട്ടുന്ന പണം കൊണ്ട് തന്റെ പ്രിയപ്പെട്ടവരേയും കൊണ്ട് മുന്നോട്ടു പോകാമെന്നായിരുന്നു ആഷിക്കിന്റെ വിശ്വാസം. പക്ഷെ, ആ വിശ്വാസം ചിലര്‍ ചേര്‍ന്ന് തകര്‍ക്കുകയാണ്.

കോഴിക്കോട് വെള്ളിമാടുകുന്ന് വപ്പോളിത്താഴം സ്വദേശി എന്‍.പി ആഷിക്കിന് പൊതുസ്റ്റാന്‍ഡില്‍ ഓടുന്നതിന് ഓട്ടോ യൂണിയനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഒന്‍പത് മാസം മുന്‍പാണ് ആഷിക്ക് ഓട്ടോ വാങ്ങുന്നത്. പുതിയ ഓട്ടയുമായി വെള്ളിമാട്കുന്ന് സ്റ്റാന്‍ഡില്‍ വന്നപ്പോള്‍ അവിടെ കിടന്ന് ഓടാന്‍ നിലവില്‍ സ്റ്റാന്‍ഡിലുള്ള ഓട്ടോക്കാര്‍ അനുവദിക്കാതെ തടയുകയായിരുന്നു. ഇത് പൂളക്കടവ് (കാരപ്പൊയില്‍) സ്റ്റാന്‍ഡ് ആണെന്നും എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലെ പെര്‍മിറ്റ് ആണ് ആഷിക്കിന് അനുവദിച്ചിട്ടുള്ളതെന്നുമാണ് വാദമായി യൂണിയന്‍കാര്‍ പറയുന്നത്. എന്നാല്‍ ഓട്ടോയുമായി താന്‍ ഏതു സ്റ്റാന്‍ഡില്‍ ചെന്നാലും അവിടെ നിന്നെല്ലാം തന്നെ പുറത്താക്കുകയാണ് ഉണ്ടാകുന്നതെന്നാണ് ആഷിക്ക് പറയുന്നത്.

23 വര്‍ഷം പ്രവാസ ജീവിതം നയിച്ചയാളാണ് ആഷിക്ക്. ഇപ്പോള്‍ പൂളക്കടവ് വപ്പോളിത്താഴത്താണ് താമസം. നിതാകത്ത് വന്നതോടെയാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് പോരേണ്ടി വന്നത്. ഗള്‍ഫില്‍ ജോലി ചെയ്‌തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തന്നെ നിരന്തരം വേട്ടയാടുകയായിരുന്നുവെന്ന് ആഷിക്ക് പറയുന്നു. കുടുംബം മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടിയാണ് ലോണ്‍ വ്യവസ്ഥയില്‍ ഒരു ഓട്ടോ വാങ്ങിയത്. മാസത്തില്‍ 7500 രൂപയാണ് തിരിച്ചടവ്. അത് പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിപ്പോള്‍ താനെന്നും ആഷിക് അഴിമുഖത്തോട് പറയുന്നു: ആകെയുള്ള സമ്പാദ്യം രണ്ടര സെന്റ് സ്ഥലത്ത് നില്‍ക്കുന്ന ഒരു വീടുമാത്രമാണ്. മരുഭൂമിയില്‍ കിടന്നു ചോര നീരാക്കി ഉണ്ടാക്കിയതാണ് അത്. ഭാര്യാ നസീദ പക്ഷാഘാതത്തെ തുടര്‍ന്ന് കുറേക്കാലം ആശുപത്രിയിലായിരുന്നു. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഇപ്പോഴും ചികിത്സയിലാണ്. രണ്ടാമത്തെ മകനെ ഹാര്‍ട്ടിന് ഓപ്പറേഷന്‍ കഴിഞ്ഞത് അടുത്തിടെയാണ്. അതിനും ഭീമമായ തുക ചെലവായി. കടത്തിന്റെ മേല്‍ കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. വല്ലപ്പോഴും ആരെങ്കിലും ഫോണ്‍ വിളിച്ചു ഓട്ടം വിളിച്ചാല്‍ മാത്രമാണ് വണ്ടി ഓടുന്നത്”- ആഷിക്ക് പറയുന്നു.

"</p

“ഒരു ദിവസം, വീടിനടുത്ത് നിന്നു കിട്ടിയ ഓട്ടവുമായി പോയപ്പോള്‍ ആ റൂട്ടിലോടുന്ന ബസ് കൊണ്ടു വന്ന് തടഞ്ഞു നിര്‍ത്തി ജീവനക്കാര്‍ ഓട്ടോയിലെ യാത്രക്കാരെ പിടിച്ചിറക്കി കൊണ്ട് പോയി. ഇതു ചോദ്യം ചെയ്തപ്പോള്‍ ഒരു ബസ് ജീവനക്കാരന്‍ ആഷിക്കിനെ ക്രൂരമായി മര്‍ദ്ദിച്ചു. കേട്ടാലറയ്ക്കുന്ന രീതിയിലുള്ള അസഭ്യം പറച്ചിലാണ് ആഷിക്കിന് ഇത്തരക്കാരില്‍ നിന്നും പലപ്പോഴും കേള്‍ക്കേണ്ടി വരുന്നത്. കൂടെ ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ആരോപണങ്ങളും. സ്ത്രീപീഡനം നടത്തിയിട്ടുണ്ടെന്ന് വരെ പറഞ്ഞ് അധിക്ഷേപിക്കുണ്ടാറുണ്ട്”- ഭര്‍ത്താവിനു നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ വിതുമ്പലോടെ പറയുകയാണ് ആഷിക്കിന്റെ ഭാര്യ നസീദ.

തന്നെ ഓട്ടോ ഓടിക്കാന്‍ അനുവദിക്കാത്ത യൂണിയന്‍കാര്‍ നടത്തുന്ന പീഡനത്തിനെതിരേ ആഷിക് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഇതിന്‍ പ്രകാരം ആഷിക്കിന് ഓട്ടോ ഓടിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആര്‍.ടി.ഒ. യെ ചുമതലപ്പെടുത്തി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആഷിഖ് ഓട്ടോ സ്റ്റാന്‍ഡില്‍ എത്തി. എന്നാല്‍ ഒരു ട്രിപ്പ് പോയി തിരികെ വന്നശേഷം മറ്റ് ഓട്ടോക്കാര്‍ എല്ലാരും ചേര്‍ന്ന് ഓട്ടം നിര്‍ത്തിക്കുകയാണ് ഉണ്ടായതെന്നും ആഷിക്ക് പറയുന്നു. ഇതെ തുടര്‍ന്ന് വീണ്ടും ആര്‍.ടി.ഒ യെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജോയിന്റ് ആര്‍.ടി.ഒ യെയാണ് കാണാന്‍ സാധിച്ചത്. മനുഷ്യാവകാശ കമ്മിഷനെ വീണ്ടും സമീപിച്ച് പൂളക്കടവ് (കാരപ്പൊയില്‍) സ്റ്റാന്‍ഡില്‍ കിടന്ന് ഓടാനുള്ള അനുമതി പ്രത്യേകം എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ജോയിന്റ് ആര്‍ ടി ഒ. ഇത്തരമൊരു അനുമതി എഴുതി വാങ്ങി കിട്ടണമെങ്കില്‍ മനുഷ്യാവകാശ കമ്മിഷന്റെ അടുത്ത സിറ്റിംഗ് വരെ കാത്തിരിക്കണം. അതുവരെ ഓട്ടോ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വണ്ടി ഓടിയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. മാസാമാസം ബാങ്കില്‍ പണം അടയ്‌ക്കേണ്ടതാണ്. അതിനുള്ള വഴിയും അടയും. അതിനേക്കാളൊക്കെ പ്രധാനം ഭാര്യക്കും മകനുമുള്ള മരുന്നുകള്‍ വാങ്ങണമെന്നതാണ്. എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്നു പോവുകയാണ് ആഷിഖ്. ജോലി ചെയ്ത് ജീവിക്കാന്‍ പോലും തനിക്ക് അനുവാദം തരാതിരിക്കാന്‍ മാത്രം താന്‍ എന്തു തെറ്റു ചെയ്‌തെന്നാണ് ഈ മനുഷ്യന്റെ വേദന കലര്‍ന്ന ചോദ്യം. പൂളക്കടവ് സ്റ്റാന്‍ഡില്‍ കിടന്ന് ഓടുന്ന പല ഓട്ടോക്കാരുടെയും പെര്‍മിറ്റ് മറ്റു പഞ്ചായത്തുകളില്‍ പെട്ട ചെറുവറ്റ, പറമ്പില്‍ ബസാറില്‍ ആണെന്നിരിക്കെയാണ് അതേ ഓട്ടോക്കാര്‍ തന്നോടു മാത്രമീ ക്രൂരത കാണിക്കുന്നതെന്നും ആഷിക്ക് സങ്കടത്തോടെ പറയുന്നു.

ആഷിക്കിനെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട കാരണങ്ങള്‍ തിരക്കുമ്പോള്‍ പൂളക്കടവ് (കാരപ്പൊയില്‍) സ്റ്റാന്‍ഡിലുള്ള ഓട്ടോക്കാര്‍ക്ക് വ്യക്തമായ മറുപടിയില്ല. ആദ്യം അവര്‍ പറഞ്ഞത് ഈ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയമല്ല, വെള്ളിമാട്കുന്ന് നിര്‍മല ഹോസ്പിറ്റല്‍ സ്റ്റോപ്പിലെ സ്റ്റാന്‍ഡിലെ വിഷയമാണെന്നാണ്. നിര്‍മല ഹോസ്പിറ്റല്‍ സ്റ്റോപ്പിലെ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ അവിടെയല്ല വേറെ എവിടെയോ ആണ് ഈ പ്രശ്‌നം എന്നാണ് അവിടുത്തെ ഓട്ടോക്കാരും പറയുന്നത്. ഇവിടെയല്ല, അവിടെയാണ് എന്ന തരത്തില്‍ ഒഴിഞ്ഞുമാറല്‍ നടത്തുകയാണ് രണ്ട് സ്റ്റാന്‍ഡിലെയും വിവിധ യൂണിയനുകളില്‍പ്പെട്ട
ഓട്ടോക്കാര്‍. അതേസമയം ഇവര്‍ സമ്മതിക്കുന്ന ഒന്നുണ്ട്. ഇപ്പോള്‍ തന്നെ സ്റ്റാന്‍ഡില്‍ ആളു കൂടുതലുണ്ട്. പുതിയ ഒരാളും കൂടി വന്നാല്‍ പ്രശ്‌നമാകുമെന്ന്. ആഷിക്കിനെ ഓട്ടോ ഓടിക്കാതിരിക്കാനുള്ള കാരണവും അതു തന്നെയാണ്. തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന പണം. അധികൃതരുടെ അനുമതിയോടെ ഓട്ടോ ഓടിച്ചു ജീവിക്കാന്‍ വന്നൊരാളെ ഇത്തരത്തില്‍ തൊഴില്‍ എടുക്കാതെ തടയുന്നതില്‍ ന്യായമുണ്ടോ എന്നു ചോദിച്ചാല്‍ ആര്‍ക്കും പറയാനുമൊന്നുമില്ല. ഇവരുടെ ആ വാശി കാരണം രോഗികളായവര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബം തീരാദുരിതത്തിലേക്ക് തള്ളിയിടപ്പെടുകയാണ് എന്നു മനസിലാക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല.

ഈ പ്രശ്‌നം ഓട്ടോക്കാര്‍ക്കിടയില്‍ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് ജോയിന്റ് ആര്‍ടിയോ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ ഇല്ലെന്നും ജോ. ആര്‍ടിഒ ആയ സരള ദേവി പറയുന്നു. മനുഷ്യാവകാശ കമ്മിഷനില്‍ നിന്നും പുതിയ ഉത്തരവും വാങ്ങി വരാമെന്ന് ആഷിക്ക് സമ്മതിച്ചിട്ടുണ്ടെന്നും അതുവരെ വെള്ളിമാട്കുന്ന്, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ ആഷിക്കിന് വണ്ടിയോടിക്കാമെന്നും ജോ. ആര്‍ടിഒ പറയുന്നു. എന്നാല്‍ ഈ അനുമതി ഉണ്ടായിട്ടുപോലും തന്നെ വണ്ടിയോടിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആഷിക്ക് പറയുന്നത്. ഉത്തരവുകള്‍ അല്ല, മറ്റ് ഓട്ടോക്കാരില്‍ നിന്നും മനുഷ്യത്വപരമായ സമീപനം തന്നോട് ഉണ്ടായാല്‍ മാത്രമാണ് തനിക്കും കുടുംബത്തിനും ജീവിക്കുന്നതിനായി ഈ തൊഴില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്ന് ആഷിക്ക് പറയുന്നു.

രജിത കെ ആര്‍

രജിത കെ ആര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍