UPDATES

ട്രെന്‍ഡിങ്ങ്

‘പ്രളയത്തിന്റെ ഇരകള്‍ക്കില്ലാത്ത പ്രാധാന്യം വനിതാമതിലിന് നല്‍കുന്നതെന്തിന്?’: വനിതാമതിലിനെതിരെ ഹര്‍ജിയുമായി യൂത്ത് ലീഗ് ഹൈക്കോടതിയില്‍

നവോത്ഥാനമെന്നത് ഹൈന്ദവസമുദായത്തിനിടയിലുള്ള നവോത്ഥാനമാണോ, അതല്ല പൊതുജനത്തിനിടയിലുള്ള നവോത്ഥാനമാണോ, അതുമല്ല ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ശ്രീഷ്മ

ശ്രീഷ്മ

വനിതാ മതിലിനെതിരെ ഹര്‍ജിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹൈക്കോടതിയില്‍. വനിതാ മതിലിനായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും തുക വകയിരുത്താന്‍ ഒരുങ്ങുന്നതായും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക വനിതാമതിലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിനിയോഗിക്കുന്നുണ്ടെങ്കില്‍ അതു തടയണമെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശം. പരിപാടിയുമായി ബന്ധപ്പെട്ട തുക കണ്ടെത്തുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും, വനിതാ മതിലിനായി പരസ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും അതിന്റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഫിറോസ് ഹര്‍ജിയക്കുറിച്ച് നല്‍കുന്ന വിശദീകരണം.

‘നേരത്തെ പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു പെറ്റീഷന്‍ കൊടുത്തിരുന്നു. ആ ഹര്‍ജിയില്‍ കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ എന്തെല്ലാം ചെയ്തു എന്നത് പരസ്യം ചെയ്യണമെന്നായിരുന്നു ആ ഉത്തരവ്. ദുരിതത്തില്‍ നിന്നും കരകയറുന്ന സര്‍ക്കാരിന് പരസ്യം ചെയ്യുന്നതില്‍ സാമ്പത്തികമായ തടസ്സങ്ങളുണ്ടെന്നായിരുന്നു അന്ന് കോടതിക്കു നല്‍കിയ വിശദീകരണം. അതേ സര്‍ക്കാര്‍ തന്നെയാണ് വനിതാ മതിലിന് പി.ആര്‍.ഡി പരസ്യം കൊടുക്കണമെന്ന ഉത്തരവും ഇറക്കിയിരിക്കുന്നത്. അത്തരത്തില്‍ സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ടോയെന്ന് കോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളതാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഹര്‍ജി.

പ്രളയത്തിന്റെ ഇരകള്‍ക്കില്ലാത്ത പ്രാധാന്യമാണ് ഇങ്ങനെയുള്ള രാഷ്ട്രീയ നീക്കത്തിന് സര്‍ക്കാര്‍ നല്‍കുന്നത്.വനിതാ മതിലിന്റെ നടത്തിപ്പിലേക്കായി എത്ര പണമാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്, അതിനുള്ള സാമ്പത്തിക ശേഷി സര്‍ക്കാരിനുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയാനാണ് കോടതിയെ സമീപിച്ചത്.’ പ്രളയദുരിതത്തില്‍ നിന്നും കരകയറാതെ അനവധി പേര്‍ ഇപ്പോഴും കഷ്ടതയനുഭവിക്കുന്നതിനിടെ, അവര്‍ക്കു ലഭിക്കാത്ത പ്രാധാന്യം സര്‍ക്കാര്‍ വനിതാ മതിലിന് നല്‍കുന്നതിന്റെ കാരണം ജനങ്ങള്‍ക്കറിയേണ്ടതുണ്ടെന്നും ഫിറോസ് പറയുന്നു.

അതേസമയം, വനിതാമതിലിന്റെ ചെലവുകള്‍ സര്‍ക്കാരല്ല കണ്ടെത്തുന്നതെന്ന് മുഖ്യമന്ത്രി നേരത്തേ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ മതിലിനെ വര്‍ഗ്ഗീയ മതില്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള എം.കെ. മുനീറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിക്കൊണ്ട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. അതിനാവശ്യമായ പണം സംഘാടകരും പ്രവര്‍ത്തകരും ജനങ്ങളില്‍ നിന്നും കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ സാമ്പത്തികസഹായം ഇതിനാവശ്യമില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഭരണഘടനയേന്തി സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ഇന്ന്; പുരുഷ, ബ്രാഹ്മണ്യ കേരളത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചിരുന്നെങ്കിലും, വനിതാ മതില്‍ പരസ്യം ചെയ്യാനായി നേരത്തേ സര്‍ക്കാര്‍ നല്‍കിയ ഉത്തരവും നിയമസഭയിലെ പ്രസ്താവനയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ഫിറോസിന്റെ പക്ഷം. വനിതാ മതിലിനു പരസ്യം ചെയ്യാനായി എത്ര പണമാണ് സര്‍ക്കാര്‍ വകയിരുത്തുന്നതെന്നും, അത് ഏതെല്ലാം അക്കൗണ്ടുകളില്‍ നിന്നാണ് വകയിരുത്തുന്നതെന്നും അറിയാനാണ് ഹര്‍ജി നല്‍കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘നവോത്ഥാനത്തിനു വേണ്ടിയുള്ള നീക്കമാണ് വനിതാമതില്‍ എന്നത് സര്‍ക്കാര്‍ രാഷ്ട്രീയമായി നടത്തിയ പ്രഖ്യാപനമാണെന്നും, അതിനെ രാഷ്ട്രീയമായിത്തന്നെ ഞങ്ങള്‍ പ്രതിരോധിക്കും. എസ്.എന്‍.ഡി.പി മുതലിങ്ങോട്ടുള്ള കുറേ സംഘടനകളെയാണല്ലോ വിളിച്ചിട്ടുള്ളത്. നവോത്ഥാനമെന്നത് ഹൈന്ദവസമുദായത്തിനിടയിലുള്ള നവോത്ഥാനമാണോ, അതല്ല പൊതുജനത്തിനിടയിലുള്ള നവോത്ഥാനമാണോ, അതുമല്ല ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. രാഷ്ട്രീയമായ ഇത്തരം ചോദ്യങ്ങള്‍ നിയമസഭയിലും പുറത്തും മുന്നണി തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയിലേക്ക് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത് ഇതിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ്.’ ഫിറോസ് പറഞ്ഞുനിര്‍ത്തി.

ജനുവരി ഒന്നിനു നടക്കാനിരിക്കുന്ന വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും, ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ സാധ്യതകളെക്കുറിച്ച് സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആശയം പിന്തുണയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ശക്തി കാണിക്കാനുള്ള അവസരമായിക്കണ്ട് വനിതാമതിലില്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകളടക്കം ആരോപണവുമുന്നയിച്ചിരുന്നു.

ഒരുവര്‍ഷം തികച്ചില്ല, കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍; തുടക്കം സിപിഎമ്മിലൂടെ; ഏറ്റവും കൂടുതല്‍ ബിജെപി

ഗുജറാത്തിൽ സംഘപരിവാർ പരിപാടിയിൽ പ്രഭാഷകയായി മന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍