UPDATES

കേരളം

സെന്‍കുമാര്‍ അദ്ദേഹത്തിന്റെ ഭാഷയിലും സംസ്‌കാരത്തിലും ഓരോന്ന് വിളിച്ചുപറയുകയാണ്: നമ്പി നാരായണന്‍

“രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് എനിക്കറിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുകയാണ് എന്ന് കേട്ടു. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ, എന്നതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന കാര്യമല്ല” – നമ്പി നാരായണന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കി നഷ്ടപരിഹാരം നല്‍കുകയും ചെയ്ത മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം. ശരാശരി നിലവാരത്തിലും താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും എന്ത് അടിസ്ഥാനത്തിലാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ആരോട് ചോദിച്ചാലും നമ്പി നാരായണനെക്കുറിച്ച് മോശം അഭിപ്രായമേ പറയൂ. ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും മറിയം റഷീദയ്ക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പദ്മവിഭൂഷണ്‍ നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നമ്പി നാരായാണന്‍ രംഗത്തെത്തി. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ ഭാഷയിലും സംസ്‌കാരത്തിലും ഓരോന്ന് വിളിച്ചുപറയുകയാണ്. സുപ്രീം കോടതി പരിശോധിക്കുന്നത് അദ്ദേഹം അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളാണെന്നും അല്ലാതെ തനിക്കെതിരായ കേസല്ലെന്നും നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നമ്പി നാരായണനും സെന്‍ കുമാറും സ്ഥാനാര്‍ത്ഥികളായേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരും തമ്മില്‍ പദ്മഭൂഷണുമായി ബന്ധപ്പെട്ട് വാക്‌പോര് എന്നത് ശ്രദ്ധേയമാണ്.

സെന്‍കുമാറാണ് നമ്പിന നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് വാക്‌പോരിന് തുടക്കമിട്ടത്. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിനോ ഐഎസ്ആര്‍ഒയ്‌ക്കോ വിലപ്പെട്ട ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയത് എന്തിന് എന്ന് വ്യക്തമാക്കണം. ശരാശരിയില്‍ താഴെ മാത്രം നിലവാരമുള്ള ഒരു സൈന്റിസ്റ്റാണ് നമ്പി നാരായണന്‍. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം.

1994ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ ‘മഹാന്‍’ ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. യാതൊരു സംഭാവനയും അദ്ദേഹം ഐഎസ്ആർഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.

സുപ്രീം കോടതി നിയോഗിച്ച സമിതി ചാരക്കേസ് പരിശോധിച്ചുവരുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത്. ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും മറിയം റഷീദയ്ക്കും അമീറുള്‍ ഇസ്ലാമിനുമൊക്കെ പദ്മവിഭൂഷണ്‍ നല്‍കുന്നത് കാണേണ്ടി വരും – സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ഐഎസ്ആര്‍ഒ ചാര കേസില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാനാണ് സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി എന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെടുകയും നഷ്ടപരിഹാരം നേടുകയും ചെയ്ത മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസില്‍ സെന്‍ കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ ഐഎസ്ആര്‍ഒയ്ക്കും ബഹിരാകാശ രംഗത്തിനും വേണ്ടി എന്തെല്ലാം ചെയ്തു, എന്ത് സംഭാവനകള്‍ നല്‍കി എന്ന് പറയേണ്ടത് അക്കാലത്തെ ചെയര്‍മാന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരാണ്. ഞാന്‍ ഉണ്ടാക്കിയ വികാസ് എഞ്ചിന്‍ ഇല്ലെങ്കില്‍ പിന്നീട് ഐഎസ്ആര്‍ഒയ്ക്കുണ്ടായ ടേണിംഗ് പോയിന്റുകളില്ല. ഒറ്റ വാചകത്തില്‍ ഇതാണ് പറയാനുള്ളത്. എന്നെ ഗോവിന്ദ ചാമിയെന്നോ ടെററിസ്റ്റ് എന്നോ, എന്ത് വേണമെങ്കില്‍ പറഞ്ഞോട്ടെ അത് പുള്ളിയുടെ സംസ്‌കാരവും ഭാഷയും. വഴിയേ പോകുന്നവര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിനെ മറുപടിയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

എന്തിനാണ് സെന്‍ കുമാര്‍ ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല, എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് എനിക്കറിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുകയാണ് എന്ന് കേട്ടു. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ, എന്നതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന കാര്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍