UPDATES

പാലാ: പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

ഇന്ന് നടക്കുന്ന ചര്‍ച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ഇടഞ്ഞു നില്‍ക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. കോട്ടയത്തു വെച്ചാണ് ചര്‍ച്ച.

ഇന്ന് നടക്കുന്ന ചര്‍ച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന യുഡിഎഫ് ആവശ്യത്തെ ജോസഫ് വിഭാഗം നേതാക്കള്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്. പിജെ ജോസഫ് വിഭാഗം സമാന്തര കണ്‍വെന്‍ഷനുകള്‍ വിളിക്കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. ഈ പ്രഖ്യാപനം യുഡിഎഫ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

യുഡിഎഫ് കണ്‍വെന്‍ഷനില്‍ വെച്ച് പിജെ ജോസഫിനേറ്റ അപമാനം ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചിച്ചിട്ടുണ്ട്. കൂക്കി വിളികളോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ജോസഫിനെ എതിരേറ്റത്. അദ്ദേഹം വേദിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതിനാല്‍ നേതാക്കള്‍ വലയം തീര്‍ത്താണ് കാറില്‍ കയറ്റി അയച്ചത്.

ജോസഫ് വിഭാഗം നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകുമെന്ന സന്ദേഹമാണ് ജോസഫ് വിഭാഗത്തിനുള്ളത്. ഈ പ്രശ്നം ജോസഫ് വിഭാഗം ഇന്ന് യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍