UPDATES

കേരളം

പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൗൺസിലറെ രാജി വെപ്പിച്ചതെന്ന് ആരോപണം; കോഴ 25 ലക്ഷം

ബിജെപിക്ക് ഭരണമുള്ള ഏക നഗരസഭയാണിത്

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കും മുമ്പ് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസിന്റെ കല്‍പ്പാത്തി കൌണ്‍സിലര്‍ ശരവണന്‍ ഇവിടെ രാജി വച്ചു. ഓരോ വോട്ടും നിര്‍ണായകമാണെന്നിരിക്കെ ശരവണന്റെ രാജി യുഡിഎഫ് നീക്കം പരാജയപ്പെടുത്തിയേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.

അതെസമയം കോണ്‍ഗ്രസ് കൌണ്‍സിലര്‍ രാജിവച്ചതിന് പിന്നില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കോഴയെന്ന് സോഷ്യല്‍ മീഡിയയിൽ ആരോപണമുയരുന്നുണ്ട്. 25 ലക്ഷം രൂപ ശരവണൻ കോഴ വാങ്ങിയെന്നാണ് ആരോപിക്കപ്പെടുന്നത്. സംസ്ഥാനത്ത് ബിജെപിക്കുള്ള ഏക നഗരസഭാ ഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകാൻ ബിജെപി തയ്യാറായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ പറയുന്നത്.

വോട്ടെടുപ്പിനു മുൻപ് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കണോ എന്നത് ബിജെപി ഇന്നേ തീരുമാനിക്കൂ. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അവിശ്വാസ പ്രമേയം വരുമ്പോള്‍ യുഡിഎഫിനെ സിപിഎം പിന്തുണയ്ക്കും എന്നാണ് കരുതുന്നത്.

52 അംഗ കൗൺസിലില്‍ അവിശ്വാസ പ്രമേയം വിജയിക്കാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ ശരവണന്റെ രാജി ഇതിനു തിരിച്ചടിയാണ്. ഇപ്പോള്‍ 26 അംഗങ്ങളുടെ പിന്തുണ മാത്രമേ ബിജെപി ഇതര പ്രതിപക്ഷത്തിന് ഉള്ളൂ.

52 അംഗ കൗൺസിലിൽ 51 അംഗങ്ങൾക്കാണ് വോട്ടവകാശം. 27 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താൽ അവിശ്വാസം വിജയിക്കും. യുഡിഎഫ്, സിപിഎം, വെൽഫെയർ പാർട്ടി എന്നിവരുടെ ഒറ്റ വോട്ടുപോലും പിഴവില്ലാതെ ലഭിച്ചാല്‍ 27 വോട്ട് ലഭിക്കും. കോൺഗ്രസ്സ് ഇതിനകം തന്നെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതിനിടെയാണ് ശരവണന്റെ രാജി.

അഴിമതി അടക്കമുള്ള പ്രശ്നങ്ങളാണ് ഭൂരിപക്ഷമില്ലാതെ അധികാരത്തില്‍ തുടരുന്ന ബിജെപി ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കാരണമായതായി കോണ്‍ഗ്രസ് പറയുന്നത്.

ബിജെപി 24, കോൺഗ്രസ്സ് 13, സിപിഎം 9, മുസ്ലിം ലീഗ് 4, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. സ്വതന്ത്ര അംഗം കെ.സെയ്തലവിക്കു തിരഞ്ഞെടുപ്പ് കേസ് ഉള്ളതിനാൽ വോട്ടവകാശം ഇല്ല. രാവിലെ ഒൻപതിനാണ് അധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം ചർച്ചയ്ക്കെടുക്കുക. ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസം ഉച്ചയ്ക്ക് 3ന് ചർച്ച ചെയ്യും.

നഗരസഭയിലെ 5 സ്ഥിരം സമിതികളില്‍ നാലെണ്ണത്തിലും അടുത്തിടെ പ്രതിപക്ഷ അവിശ്വാസം പാസാവുകയും ബിജെപിക്ക് അധ്യക്ഷ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ രണ്ടടിടത്ത് സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തത് കോണ്‍ഗ്രസിന്റെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു.

52 അംഗ നഗരസഭാ കൌണ്‍സിലില്‍ 24 സീറ്റ് നേടിയാണ്‌ 2015-ല്‍ ബിജെപി കേരളത്തില്‍ ആദ്യമായി ഒരു നഗരസഭയില്‍ അധികാരം പിടിക്കുന്നത്. ബിജെപിയെ ഇവിടെ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, സിപിഎം യൂത്ത് വിംഗുകളില്‍ സമ്മര്‍ദ്ദം ശക്തമാകുന്ന കാര്യം അഴിമുഖം കഴിഞ്ഞ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പരസ്പരം കൂട്ടുചേരില്ലെന്ന കോണ്‍ഗ്രസ്, സിപിഎം നേതൃത്വത്തിന്റെ നിലപാടാണ് ബിജെപി ഭരണത്തെ മുന്നോട്ടു കൊണ്ടുപോയത്. യുഡിഎഫിനൊപ്പം ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരില്ലെന്നും അവര്‍ കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാം എന്നുമായിരുന്നു സിപിഎം സ്വീകരിച്ചിരുന്ന നിലപാട്.

ബിജെപിക്ക് ആകെയുള്ള ഭരണം നഷ്ടപ്പെടുമോ? പാലക്കാട് നഗരസഭയില്‍ ഇന്ന് അവിശ്വാസം

പാലക്കാട് നഗരസഭ: സിപിഎം സഹായിച്ചാല്‍ ബിജെപിയെ ഇറക്കാമെന്ന് കോണ്‍ഗ്രസ്, സിപിഎം എന്തുചെയ്യും?

സംസ്ഥാനത്ത് ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപി വീഴുമോ? സിപിഎം നിലപാട് നിര്‍ണായകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍