UPDATES

വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍: 75 ശതമാനവും പട്ടികവിഭാഗക്കാര്‍; പക്ഷേ ജാതി അവഹേളനം നിത്യസംഭവം; ഇത് പാലക്കാട് മെഡിക്കല്‍ കോളേജ്

ജാതീയമായി ഇവിടുത്തെ ഉദ്യോഗസ്ഥര്‍ നേരിടുന്ന അനീതികളില്‍ ഒന്നു മാത്രമാണിത് എന്നതാണ് വസ്തുത.

ശ്രീഷ്മ

ശ്രീഷ്മ

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളില്‍ 72 ശതമാനവും ദളിത്/ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. അനധ്യാപക ജീവനക്കാരില്‍ ഏതാണ്ട് 75 ശതമാനത്തോളവും ഇതേ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ തന്നെ. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍പ്പോലും പക്ഷേ, ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് ശമനമുണ്ടാകുന്നില്ല. തങ്ങളുടെ ക്ഷേമത്തിനായി സ്ഥാപിക്കപ്പെട്ട സ്ഥാപനമെന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ സമീപിക്കുന്ന ദളിതര്‍ക്കെതിരെ രൂക്ഷമായ നടപടികളാണ് മറ്റുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് ആരോപണം.

ജാതീയമായ അധിക്ഷേപത്തിനെതിരായി 25 ദളിത് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട പരാതിയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ക്കു ലഭിച്ചത്. ദളിതര്‍ കഴിവില്ലാത്തവരാണെന്നും സംവരണത്തിന്റ ആനുകൂല്യത്തിലാണ് ജോലി സമ്പാദിക്കുന്നതെന്നും തുടങ്ങി എസ്സി/എസ്ടി ആക്ടിന്റെ പരിധിയില്‍ വരുന്ന അനവധി പരാമര്‍ശങ്ങളാണ് ഇവര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. തുടര്‍ക്കഥയായി മാറിയ മാറ്റിനിര്‍ത്തലുകളിലെ ഏറ്റവുമൊടുവിലത്തെ സംഭവമാണിത്. പരാതി നല്‍കിയിട്ടും നിസ്സാരവല്‍ക്കരിച്ച് നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. പരാതി നല്‍കിയ ഉദ്യോഗസ്ഥരിലൊരാള്‍ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ:

പുതിയ സൂപ്രണ്ട് വന്നതിനു ശേഷമാണ് പ്രശ്‌നം രൂക്ഷമാകുന്നത്. കമ്മിറ്റി മീറ്റിംഗുകളില്‍ അവരെ വിളിക്കാറില്ല എന്ന പരാതിയാണ് അവര്‍ എനിക്കെതിരെ ആദ്യം രജിസ്ട്രാറുടെ മുന്നില്‍ ഉന്നയിക്കുന്നത്. രജിസ്ട്രാര്‍ എന്നെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ വച്ചു തന്നെ കാര്യങ്ങളന്വേഷിക്കുകയും ഞാന്‍ എന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തതാണ്. അടുത്ത മീറ്റിംഗ് തൊട്ട് സൂപ്രണ്ടിനെയും വിളിക്കണമെന്ന് രജിസ്ട്രാര്‍ എന്നോടു നിര്‍ദ്ദേശിക്കുകയും ഞാനത് ശരിവയ്ക്കുകയും ചെയ്തു. അവിടെ നിന്നുമിറങ്ങി പുറത്തു കാത്തു നില്‍ക്കുന്നതിനിടെയാണ് എന്റെ ഒപ്പം തന്നെ ജോലി ചെയ്യുന്ന പട്ടികജാതിയില്‍പ്പെട്ട മറ്റൊരു യുവതിയെക്കുറിച്ച് ഇവര്‍ അധിക്ഷേപകരമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ആ പെണ്‍കുട്ടി ജോലിയൊന്നും ചെയ്യുന്നില്ലെന്നും, സംവരണാനുകൂല്യമുള്ള വിഭാഗമായിട്ടു പോലും മറ്റെവിടെയും ഞങ്ങള്‍ക്കാര്‍ക്കും ജോലി ലഭിക്കാതിരുന്നത് ബുദ്ധിയും വിവരവുമില്ലാത്തതിനാലാണെന്നുമായിരുന്നു അവരുടെ പരാമര്‍ശം. മറ്റ് ഉദ്യോഗാര്‍ത്ഥികളുമായി മത്സരിക്കേണ്ടി വരാത്തതിനാലാണ് ഇവിടെപ്പോലും ഞങ്ങള്‍ക്കു ജോലി ലഭിച്ചത്, ഞങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണ് എന്നെല്ലാം സൂപ്രണ്ട് രജിസ്ട്രാറോടു പറയുന്നുണ്ടായിരുന്നു. ആ സ്ത്രീ മാത്രമല്ല, പൊതുവേ മറ്റുള്ളവരും നോണ്‍-ടീച്ചിംഗ് സ്റ്റാഫിലുള്‍പ്പെടുന്ന ഞങ്ങളോട് ഇത്തരത്തിലുള്ള മനോഭാവമാണ് വച്ചു പുലര്‍ത്തുന്നത്”.

തങ്ങള്‍ക്ക് ജോലി ചെയ്യാനറിയില്ല എന്നു പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥ പറയുന്നു. ദളിത് വിഭാഗക്കാര്‍ക്കെതിരെ ഇത്തരത്തില്‍ അധിക്ഷേപകരമായ സംസാരമുണ്ടാകുമ്പോള്‍ പ്രതികരിക്കണമായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴും, സൂപ്രണ്ടിനെ ന്യായീകരിക്കുകയായിരുന്നു രജിസ്ട്രാര്‍. സംവരണത്തിലെ അപാകതകളെക്കുറിച്ചാണ് സൂപ്രണ്ട് സംസാരിച്ചതെന്നും അല്ലാതെ തങ്ങളെ ഉദ്ദേശിച്ചല്ല ആ പരാമര്‍ശങ്ങളുണ്ടായതെന്നും വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. പരാതി വിവരം രജിസ്ട്രാറില്‍ നിന്നുമറിഞ്ഞ സൂപ്രണ്ട് ഉദ്യോഗസ്ഥയെ പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നു.

ഇരുപത്തയഞ്ചു പേര്‍ ഒപ്പിട്ട പരാതി കൊടുക്കാന്‍ തീരുമാനമാകുന്നത് അങ്ങിനെയാണ്. പരാതി സ്‌പെഷ്യല്‍ ഓഫീസര്‍ക്കു മുന്‍പിലെത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓഫീസര്‍ക്കു സൂപ്രണ്ടുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍, പരാതി മനപ്പൂര്‍വം മാറ്റിയതാണോ എന്നു പോലും തങ്ങള്‍ സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ വിളിച്ചന്വേഷിച്ചപ്പോഴാകട്ടെ, എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്ന ധാര്‍ഷ്ട്യമായിരുന്നു സൂപ്രണ്ടിന്.

“ഞങ്ങളുടെ ഉന്നമനത്തിനായുള്ള സ്ഥാപനമാണ്. അവിടെയാണ് ഞങ്ങള്‍ക്കെതിരെ ഇങ്ങനെയുള്ള പരാമര്‍ശങ്ങളും ജാതിയധിക്ഷേപങ്ങളുമുണ്ടാകുന്നത് എന്നോര്‍ക്കണം. ഡെപ്യൂട്ടേഷനില്‍ വരുന്ന മിക്ക പേര്‍ക്കും ഞങ്ങളോടുള്ള മനോഭാവമിതാണ്. ജാതി എടുത്തുപറഞ്ഞുള്ള ആക്ഷേപം ഞങ്ങളെ വേദനിപ്പിക്കുക തന്നെ ചെയ്തു”, പരാതി നല്‍കിയ ഉദ്യോഗസ്ഥരിലൊരാള്‍ പറയുന്നു. ഇത്ര രൂക്ഷമായ പ്രശ്‌നമുണ്ടായതിനു ശേഷവും, പരാതി കൊടുക്കരുതെന്നും ഇത് അത്ര വലിയ വിഷയമല്ലെന്നും ഔദ്യോഗിക പരാതി നല്‍കരുതായിരുന്നെന്നുമാണ് രജിസ്ട്രാറുടെ പക്ഷം. നിലവില്‍ സ്ഥലം മാറ്റം കിട്ടി പോയിട്ടും, തങ്ങള്‍ പരാതിയുമായി മുന്നോട്ടു പോകരുതായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പി.എസ്.സി വഴിയല്ല ജോലി നേടിയതെന്നും, കഴിവില്ലാത്തവരാണെന്നുമുള്ള ആക്ഷേപങ്ങളാണ് പാലക്കാട് മെഡിക്കല്‍ കോളജിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നേരിട്ടു കൊണ്ടിരിക്കുന്നത്. പലരും ജോലിസ്ഥലത്തു നിന്നുള്ള തരംതാഴ്ത്തല്‍ സഹിക്കാനാകാതെ ഡിപ്പാര്‍ട്ടുമെന്റ് മാറാനുള്ള തീരുമാനത്തില്‍പ്പോലും എത്തിയിരിക്കുകയാണ്. പരാതി നല്‍കിയിട്ടു പോലും അതിന്മേല്‍ നടപടിയില്ലാതിരിക്കുന്ന അവസ്ഥ കൂടി വന്നതോടെ, സാമൂഹികമായ ഒറ്റപ്പെടുത്തലിന് ഇരയാവുകയാണിവര്‍.

എസ്.സി/എസ്.ടി കമ്മീഷനിലും ഡയറക്ടറേറ്റിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലും ഇവര്‍ ഒപ്പിട്ട പരാതി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 27-നു നല്‍കിയ പരാതി ഇത്ര ദിവസങ്ങള്‍ക്കു ശേഷവും തീര്‍പ്പില്ലാതെ തുടരുകയാണ്. എന്നാല്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് സൂപ്രണ്ട് അവകാശപ്പെടുന്നത്. അതേ സമയം, പരാമര്‍ശങ്ങളുണ്ടായെന്നു സമ്മതിച്ച ശേഷം അതു ന്യായീകരിക്കുകയാണ് മുന്‍ രജിസ്ട്രാര്‍. ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണ കമ്മീഷന്‍ പോലും നിയോഗിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, സ്‌പെഷ്യല്‍ ഓഫീസറെ അഭിസംബോധന ചെയ്താണ് പരാതി വന്നതെന്നും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ച് കാത്തിരുന്നതിനാലാണ് പരാതി പരിഗണിക്കുന്നതില്‍ കാലതാമസം വന്നതെന്നും പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ഡോ. ഹേമ പറയുന്നു. “ഇത്തരം അധിക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ ഒരു സ്ഥിരം കമ്മറ്റിയുണ്ടായിരുന്നതാണ്. ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനെല്ലാം ഇത്തരത്തില്‍ കമ്മറ്റികളുണ്ട്. പക്ഷേ, ഓരോ തവണ കേസുണ്ടാകുമ്പോഴും പുതിയ കമ്മറ്റിയെ നിയോഗിക്കാറാണ് പതിവ്. അതിനു വിപരീതമായി സ്ഥിരം കമ്മറ്റിയുണ്ടാക്കാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഫയലില്‍ രജിസ്ട്രാര്‍ കുറിച്ചതിനാലാണ് കാലതാമസമുണ്ടായതെന്നും ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു.”

സൂപ്രണ്ടിനെ വിളിച്ച് സംസാരിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ മുന്‍വൈരാഗ്യത്തോടെ പെരുമാറുകയാണെന്ന് ആരോപിക്കുകയും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നിഷേധിക്കുകയുമാണ് ചെയ്തതെന്നും ഡോ. ഹേമ പറയുന്നു. വിഷയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. താന്‍ ഇപ്പോള്‍ ചാര്‍ജിലില്ലെന്നും ഇക്കാര്യം വലിയ വിഷയമാക്കേണ്ടതില്ലെന്നുമാണ് ഡോക്ടറുടെ പക്ഷം.

അധികൃതരെല്ലാം നിസ്സാരവല്‍ക്കരിച്ചു തള്ളിക്കളയുമ്പോഴും, പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ദളിത് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന വേര്‍തിരിവുകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. തസ്തികകള്‍ക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യതകളോടെ അതാതു സ്ഥാനങ്ങളിലിരിക്കുന്നവരോട് വിവേചനപൂര്‍ണമായി പെരുമാറുന്നത് ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട് എന്നാണ് കാര്യങ്ങളുടെ ഗൌരവം തെളിയിക്കുന്നത്. ജാതീയമായി ഇവിടുത്തെ ഉദ്യോഗസ്ഥര്‍ നേരിടുന്ന അനീതികളില്‍ ഒന്നു മാത്രമാണിത് എന്നതാണ് വസ്തുത.

‘ചെത്തുകാരൻ കോരൻ ഉണ്ടാക്കിയതല്ല ശബരിമല’; പിണറായിക്കെതിരെ ജാതി അധിക്ഷേപവുമായി സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്

ദളിതനെ കുളിപ്പിച്ച് ജാതി കളയിക്കുന്ന അയിത്തകേരളത്തിന്റെ പുരോഗമനനാട്യങ്ങള്‍

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

ദളിതനെ തന്ത്ര വിദ്യ പഠിപ്പിച്ചത് ബ്രാഹ്മണന്‍; വിവാദം സിപിഎമ്മിന്റെ കുത്തിത്തിരിപ്പെന്ന് ഹിന്ദു ഐക്യ വേദി

“അതൊക്കെ ശരി, ഏതാ ജാതി?” ഗൂഗിളില്‍ ഹിമ ദാസിന്റെ ജാതി തേടി നാണംകെട്ട് കേരളം

എന്തുകൊണ്ട് ജാതി ഉപേക്ഷിക്കരുത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍