UPDATES

സംസ്ഥാനത്ത് ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപി വീഴുമോ? സിപിഎം നിലപാട് നിര്‍ണായകം

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം

കേരളത്തില്‍ ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപിയെ പടിയിറക്കുന്നതിന് അവിശ്വാസപ്രമേയം കൊണ്ട് വരാന്‍ യുഡിഎഫില്‍ അണിയറ നീക്കം. മുന്നണിയിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണെന്നാണ് ജില്ലയില്‍ നിന്നുള്ള വാര്‍ത്തകള്‍.

പാലക്കാട് നഗരസഭ ഭരണം നടത്തുന്ന ബിജെപിക്ക് ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കുമെന്ന് നഗരസഭ മുന്‍ ചെയര്‍മാനും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ പി വി രാജേഷ് പരസ്യമായി പ്രസ്താവിച്ചിരിന്നു. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ട് വരാനുളള അണിയറനീക്കം സജീവമായെന്നാണ് ഇത് നല്‍കുന്ന സൂചന. രാജേഷിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ് പരാമര്‍ശത്തിനു തൊട്ട് പിന്നാലെ മുസ്ലിംലീഗ് നേതാവ് എം എം ഹമീദ് കൂടി രംഗത്തെത്തിയരിക്കുകയാണ്. ബിജെപിയെ നഗരസഭയില്‍ നിന്നും പുറത്താക്കുന്നതിനുളള യുഡിഎഫ് അവിശ്വാസപ്രമേയത്തിന് സിപിഎമ്മിന്റെ പിന്തുണ തേടിയാണ് മുസ്ലിം ലീഗ് പാലക്കാട് ജില്ലാനേതാവ് ഹമീദ് യുഡിഎഫിന്റെ ഉളളിരിപ്പ് പരസ്യമാക്കിയത്. ‘ബിജെപിക്ക് എതിരായി സിപിഎം നടത്തിവന്നിരുന്ന സമരം ആത്മാര്‍ത്ഥമായിരുന്നുവെങ്കില്‍ സിപിഎം, യുഡിഎഫിനെ പിന്തുണയ്ക്കണം’ എന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുഡിഎഫിന്റെ പരസ്യമായ ഈ ആവശ്യത്തെ സിപിഎം തളളിക്കളയുകയും അവിശ്വാസത്തെ പിന്തുണക്കാതിരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും പാലക്കാട് നഗരസഭയില്‍ സിപിഎം ബിജെപിയെ ഭരണം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പ്രചരണം ഉയരും. എന്നാല്‍ യുഡിഎഫിനെ പിന്തുണച്ച് ബിജെപിയെ പുറത്താക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം മുതിരില്ലെന്നും സൂചനയുണ്ട്. അങ്ങനെയൊരു തിരുമാനത്തെിലെത്താന്‍ സിപിഎമ്മിന് ഏറെ തടസങ്ങളുണ്ടെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. ദേശീയതലത്തില്‍ ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന പാര്‍ട്ടിയിലെ ഒരു ഘടകത്തിന്റെ അഭിപ്രായത്തെ കേരള ഘടകം തളളിക്കളഞ്ഞതാണ് മുഖ്യതടസങ്ങളില്‍ ഒന്ന്. ദേശീയതലത്തിലെ ഐക്യത്തെ തളളിക്കൊണ്ട് നഗരസഭയില്‍ സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

അതേസമയം, പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ആരുമായും കൂട്ടുണ്ടാക്കാന്‍ സിപിഎം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മണ്ണാര്‍ക്കാട് ചേര്‍ന്ന പാലക്കാട്ട ജില്ലാസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകളില്‍ കൂട്ടു കൂടാന്‍ തടസങ്ങളിലെന്നത് ഭാവിയിലെ കരുനീക്കങ്ങള്‍ കൂടി മുന്നില്‍ കണ്ടാണെന്ന് കരുതുന്ന നേതാക്കളും ഉണ്ട്.

എന്‍എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുളള സിപിഎം നേതാക്കളും തന്ത്രം മെനയുന്നുണ്ടെന്നാണ് സൂചനകള്‍. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയുമായി ഇരുമുന്നണികളും ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. വി.ടി ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പ്രസ്താവന വന്നതും ഇതേ സമയത്താണ്. അതുകൊണ്ടു തന്നെ ജില്ലയില്‍ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്തങ്ങളും നിലനില്‍ക്കുന്നുണ്ട്. ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയാറാകുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാം.

52 അംഗ നഗരസഭാ കൌണ്‍സിലില്‍ 24 സീറ്റ് നേടിയാണ്‌ 2015-ല്‍ ബിജെപി കേരളത്തില്‍ ആദ്യമായി ഒരു നഗരസഭയില്‍ അധികാരം പിടിക്കുന്നത്. കോണ്‍ഗ്രസ്- 13, സിപിഎം- 9, ലീഗ്- 4, വെല്‍ഫയര്‍ പാര്‍ട്ടി, സ്വതന്ത്രര്‍- 1 വീതം എന്നിങ്ങനെയാണ് സീറ്റ് നില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍