UPDATES

നെല്ലിനും നിലക്കടലയ്ക്കും പകരം മാവുകള്‍ വിളഞ്ഞപ്പോള്‍ പെയ്തിറങ്ങിയത് ദുരന്തം; ചെറുത്തുനില്‍പ്പുമായി മുതലമട

“എനിക്ക് കൊള്ള ലാഭം വേണ്ട. എന്റെ അമ്മയും കുടുംബവും പരിസരവും ഞാൻ കാരണം വേരറ്റു പോകരുത്.”-ഭാഗം 3

ഓരോ വര്‍ഷവും ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുക്കുന്ന സ്ഥലം. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25 ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുക്കുന്നു. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്. ഇങ്ങനെ പോകുന്നു മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയുടെ വിശേഷങ്ങള്‍. എന്നാല്‍ ഈ സമൃദ്ധിയ്ക്ക് ഒരു മറുവശമുണ്ട്. അത്യാതനയുടെയും ചൂഷണത്തിന്റെയും കീടനാശിനികള്‍ തകര്‍ത്ത ജീവിതങ്ങളുടേയുമാണ്. മുതലമടയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിലൂടെ അഴിമുഖം പ്രതിനിധി സന്ധ്യാ വിനോദ് നടത്തുന്ന അന്വേഷണ പരമ്പര. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം, മുതലമട ‘മാംഗോ സിറ്റി’യില്‍ മരിച്ചത് പത്തോളം പേര്‍; ഇവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍)

“മാവ് കൃഷി വരുന്നതിനു മുൻപ് ഇവിടങ്ങളിലെല്ലാം നെല്ലും നിലക്കടലയുമൊക്കെയായിരുന്നു കൃഷി. അന്ന് ചാണകവും ചണ്ടികളുമൊക്കെയാണ് കൃഷിക്ക് വളമായി ചേർത്തിരുന്നത്. കൂലി കുറവായിരുന്നു. എന്നാൽ എന്നും പണിയുമുണ്ടായിരുന്നു. ആർക്കും ഗുരുതരമായ അസുഖങ്ങളുമില്ലായിരുന്നു. ഇപ്പോൾ പരമ്പരാഗത കൃഷികൾ പലതും ഇല്ല. അവിടങ്ങളിലൊക്കെ ഇപ്പോൾ മാവിൻ തോട്ടങ്ങളാണ്. നിരോധിച്ച കീടനാശിനി വളരെ കൂടുതൽ അളവിൽ തെളിച്ചതുകൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് എവിടെ നോക്കിയാലും. ഒരു വിഭാഗം ആളുകൾ ലാഭം കൊയ്യുമ്പോൾ മറുഭാഗം പട്ടിണിയും രോഗവും മൂലം നരകിക്കുകയാണ്.” മുതലമട സ്വദേശിയും ആദിവാസി സംരക്ഷണ സമിതി പ്രസിഡന്റുമായ മാരിയപ്പൻ നീലിപ്പാറ പറയുന്നു.

ഒരു കാലത്ത് നിലക്കടലയും പരുത്തിയും കോറയും ചോളവും സമൃദ്ധമായി വിളഞ്ഞിരുന്ന കൃഷിയിടങ്ങൾ പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമാണ്. നാമമാത്രമായ ഭൂമിയിൽ നെൽ കൃഷി മാത്രമുണ്ട് ബാക്കി. 15 വർഷങ്ങൾക്കു മുൻപാണ് മേഖലയിലേക്ക് മാവ് കൃഷി വ്യാപിക്കുന്നത്. അനിയന്ത്രിതമായ കീടനാശിനി, ഹോർമോൺ മരുന്നുകളുടെ പ്രയോഗത്തിലൂടെ മാവ് കൃഷി ലാഭകരമായതോടെ ഇടനിലക്കാർ പലരും മുതലമടയിൽ കൃഷിഭൂമി ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുകയും മാവ് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തി. കൃഷിഭവനിൽ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ 11 വർഷം കൊണ്ട് 792 ഹെക്ടർ കൃഷിഭൂമി കുറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ കൃഷിഭൂമിയുടെ വിസ്തൃതി
1367.43 ഹെക്ടർ ആയിരുന്നെങ്കിൽ 2016 ആയപ്പോഴേക്കും ഇത് 575 ഹെക്ടർ ആയി ചുരുങ്ങി. സർക്കാർ കണക്ക് ഇതാണെങ്കിലും ഇതിന്റെ ഇരട്ടി കൃഷിഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നു കർഷകർ പറയുന്നു. രേഖകളിൽ കൃഷിഭൂമിയായി നിലനിർത്തി നെൽ കർഷകർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന നിരവധി കര്‍ഷകരുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം.

കൃഷിഭൂമിക്ക് പുറമെ 100 കണക്കിന് കുളങ്ങളും വൻകിട കച്ചവട ലോബികൾ മുൻകൈയെടുത്ത് നികത്തി. 15 വർഷം മുൻപ് മേഖലയിൽ കർഷകർ നടത്തിയ പഠനത്തിൽ ചെറുതും വലുതുമായ 200 കുളങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പകുതിയും ഇപ്പോൾ നികത്തിക്കഴിഞ്ഞു. മേച്ചിറയിൽ മാത്രം ഒരേക്കർ മുതൽ രണ്ടേക്കർ വരെ വിസ്തൃതിയുള്ള ആറ് കുളങ്ങൾ നികത്തിയിട്ടുണ്ട്.

“ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തിക്കൊണ്ട് അവിടെയെല്ലാം മാവ് വച്ചുപിടിപ്പിച്ചത്. മണ്ണിട്ട് നികത്തിയപ്പോൾ നെൽപ്പാടങ്ങളിൽ കെട്ടിനിന്നിരുന്ന വെള്ളം മുഴുവൻ ഒഴുകിപ്പോയി. ഭൂഗര്‍ഭ ജല നിരപ്പ് താണുപോയി. അതായത് ഇത് ആരോഗ്യപ്രശ്നം മാത്രമല്ല, വലിയൊരു പാരിസ്ഥിതിക പ്രശ്നം കൂടി സൃഷ്ടിക്കുന്ന തരത്തിലേക്കാണ് മാവു കൃഷി വളർന്നു വ്യാപിച്ചത്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. പക്ഷെ, മറ്റു തരത്തിലുള്ള ആരോഗ്യ പ്രശ്ങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.” പൂർണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന വി. പി. നിജാമുദ്ദീൻ പറയുന്നു.

മലിനമാകുന്നത് ജലസ്രോതസ്സുകളും

ഭൂരിഭാഗം മാവിൻ തോട്ടങ്ങളും സ്ഥിതി ചെയ്യുന്നത് മലകളോട് ചേർന്ന ഉയർന്ന പ്രദേശങ്ങളിലാണ്. സ്വാഭാവികമായും മാന്തോപ്പുകളിൽ കൂടിയ അളവിൽ തളിക്കുന്ന കീടനാശിനികൾ മഴക്കാലത്ത് ഒഴുകിയെത്തുന്നത് സമീപത്തെ കൊച്ചുകൊച്ചു തോടുകളിലേക്കും  ഗായത്രി പുഴയിലേക്കുമാണ്. ചുള്ളിയാർ ഡാമിന്റെ പ്രധാന കൈവഴികളാണ് തോടുകൾ. മുതലമടയടക്കമുള്ള സമീപ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ചുള്ളിയാർ ഡാമിൽ നിന്നാണ്. ഗായത്രിപ്പുഴ ഒഴുകിയെത്തുന്നതാകട്ടെ നിരവധി ജനങ്ങളുടെ കുടിവെള്ളസ്രോതസ്സായ ഭാരതപ്പുഴയിലേക്കും. പരിസ്ഥിതിയും കുടിവെള്ളസ്രോതസ്സുകളും മലിനമാക്കുന്ന തരത്തിൽ മാരക അളവിൽ നിരോധിത കീടനാശിനിപ്രയോഗം നടത്തുമ്പോഴും ബന്ധപ്പെട്ട ഒരു വകുപ്പുകളും നടപടിയെടുക്കുന്നില്ല.

“മുതലമടയിലെ മാന്തോപ്പുകളിൽ വളരെ കൂടിയ അളവിൽ വ്യാപകമായാണ് നിരോധിത കീടനാശിനികൾ തളിച്ച് വരുന്നത്. ഇവിടെയുള്ള ജലസ്രോതസ്സുകളെപ്പോലും മലിനമാക്കുന്ന തരത്തിലാണ് കീടനാശിനികളുടെ പ്രയോഗം. മാന്തോപ്പുകളുടെ പരിസരങ്ങളിൽ താമസിക്കുന്ന ദളിത് ആദിവാസി വിഭാഗങ്ങൾ കാൻസർ പോലുള്ള രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്. അവർ ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ പോലും കീടനാശിനിയുടെ അംശം കലർന്നിട്ടുണ്ട്. മാംഗോ സിറ്റിയെ നിലനിർത്തേണ്ടതുകൊണ്ട് തന്നെ കൃഷിവകുപ്പ് ഇടപെട്ട് തോട്ടങ്ങളിൽ സർക്കാർ അംഗീകൃത കീടനാശിനികളോ ജൈവകീടനാശിനികളോ ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൂടി എടുക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതർ തൈയ്യാറാകണം”. ഫ്രറ്റേണിറ്റി മൂവ് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെമ്മാറ പറയുന്നു.

“കൃഷി വകുപ്പുമായി സഹകരിച്ച് കർഷകർക്കിടയിൽ  നിരവധി ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരുന്നുണ്ട്. പ്രത്യക്ഷത്തിൽ നിരോധിത കീടനാശിനികൾ തളിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. സമ്പൂർണ ജൈവകൃഷി രീതി കൊണ്ടുവരാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്.” എന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്റെ വിശദീകരണം.

അതേസമയം മാരക കീടനാശിനികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട് എന്നാണ് കൃഷിവകുപ്പ് പറയുന്നത്. “എന്നാൽ പരിശോധനയ്ക്കായി ഞങ്ങൾ എത്തുമ്പോൾ ഒരു ബോട്ടിൽ പോലും ലഭിക്കാറില്ല. സ്‌ക്വഡുകൾ രൂപീകരിച്ച് പരിശോധന നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കൃഷി ഓഫീസർക്ക് ഇത് സംബന്ധിച്ച് കാത്തു നൽകിയിട്ടുണ്ട്.” അവര്‍ വിശദീകരിക്കുന്നു.

മാംഗോ സിറ്റിയിൽ നിന്ന് കോടികളുടെ ലാഭം കൊയ്യുന്നത് ഇടനിലക്കാരായ കച്ചവടക്കാർ

മുതലമടയിൽ നിന്ന് വർഷം 500 കോടിയുടെ മാങ്ങാ വിൽപ്പന നടക്കുന്നുണ്ടെന്നാണ് സർക്കാർ പ്രതിനിധികൾ പറയുന്നതെങ്കിലും  ലാഭം ഇതിന്റെ അഞ്ചിരട്ടിയെങ്കിലും വരുമെന്നാണ് കർഷകർ പറയുന്നത്. എന്നാൽ മുതലമടയിലെ മൂലധനമിറക്കുന്ന കർഷകരിൽ ഭൂരിഭാഗം പേർക്കും നേരിട്ട് വലിയൊരു ലാഭം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ലാഭം കൊയ്യുന്നത് മുഴുവൻ ഇടനിലക്കാരായ കച്ചവടക്കാരാണ്. മുതലമടയിലെ മാങ്ങകൾ കേരളത്തിന് പുറത്തുള്ള വിപണിയിലേക്കാണ് പോകുന്നത്. മുതലമടയിലെ ചെറുകിട കർഷകർ മുതലമടയിൽ ഇടനിലക്കാരായ കച്ചവടക്കാർ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക സംഭരണകേന്ദ്രങ്ങളിലാണ് മാങ്ങകൾ വിൽക്കുന്നത്. ഇവരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന മാങ്ങകൾ ഇടനില കച്ചവടക്കാർ അന്യസംസ്ഥാന ഡീലർമാർക്ക് നൽകും. ഫലത്തിൽ മുതൽ മുടക്കുന്ന കർഷകന് ലഭിക്കുന്നതാകട്ടെ വളരെ തുച്ഛമായ തുകയും.

രണ്ടുതരം കർഷകരാണ് മുതലമടയിലുള്ളത്. ഒന്ന് സ്വന്തം  കൃഷിഭൂമിയിൽ നേരിട്ട് കൃഷിയിറക്കുന്ന കർഷകരും മറ്റൊന്ന് പ്രദേശവാസികളായ കർഷകരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്തോ വിലയ്ക്ക് വാങ്ങിയോ കൃഷിയിറക്കുന്ന ഇടനില കച്ചവടക്കാരായ  കർഷകരും. കർഷകരിൽ നിന്ന് നേരിട്ട് മാങ്ങാ ശേഖരിക്കുന്നതിന് ഇടനിലക്കാരായി എത്തിയ കച്ചവടക്കാർ പിന്നീട് മേഖലയിൽ ഭൂമി നിസാര വിലയ്ക്ക് വാങ്ങി കൃഷിയിറക്കുകയുമായിരുന്നു. മറ്റു ചിലർ ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കി.

ഏക്കറിന് 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ വില കൊടുത്താണ് കർഷകരിൽ നിന്നും ഇടനില കച്ചവടക്കാർ ഭൂമി പാട്ടത്തിനെടുക്കുന്നത്. അൽഫോൻസായിനത്തിപ്പെട്ട മാവ് നടുന്നതിനു ഏക്കറിന് ഒന്ന് മുതൽ രണ്ടു ലക്ഷം വരെ കർഷകർക്ക് കൊടുക്കും. ഒരേക്കറിൽ 40 മുതൽ 50 വരെ തൈകൾ നടുന്നു. പൂർണവളർച്ചയെത്തിയ ഒരു മാവിൽ നിന്ന് 300 മുതൽ 600  കിലോഗ്രാം വരെ മാങ്ങ കിട്ടും. അതുകൊണ്ടുതന്നെ അൽഫോൻസാ ഇനത്തിൽ പെട്ട മാങ്ങയ്ക്ക് കിലോയ്ക്ക് 50 മുതൽ 250 രൂപ വരെ ഇടനിലക്കാരായ കച്ചവടക്കാർക്ക് ലഭിക്കും. ശരാശരി കിലോയ്ക്ക് 50 രൂപ കണക്കാക്കിയാൽ പോലും 500 കിലോഗ്രാം വിളവെടുക്കുന്ന  ഒരു മാവിൽ നിന്ന് 25000 രൂപ ലഭിക്കും. ഒരേക്കറിൽ 40 മാവ് കണക്കാക്കിയാൽ ഒരു വർഷം കൊണ്ട് ഇടനില കച്ചവടക്കാരനായ കർഷകന് ഒരേക്കറിൽ നിന്ന്  ലഭിക്കുന്നത് പത്തുലക്ഷം രൂപ വരുമാനം. അതേസമയം ഭൂവുടമയ്ക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയും. രണ്ടു മുതൽ 10 ഏക്കർ വരെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവരാണ് ഇടനില കച്ചവടക്കാരായ കർഷകർ.

ഇനി സ്വന്തം കൃഷിഭൂമിയിൽ നേരിട്ട് കൃഷിയിറക്കുന്നവരുടെ കാര്യമെടുക്കാം. തങ്ങളുടെ ഉൽപ്പന്നം  നേരിട്ട് അന്യസംസ്ഥാനത്തെ ഇടനിലക്കാരന് വിറ്റഴിക്കുന്നതിനുള്ള സംവിധാനം ഇവർക്കില്ല. അതുകൊണ്ട് തന്നെ നേരിട്ട്  കൃഷിയിറക്കുന്ന കർഷകരും തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കുന്നതിനു ഇടനിലക്കാരായ കച്ചവടക്കാരെ ആശ്രയിക്കണം. അപ്പോഴും യഥാർഥ കർഷകന് ലഭിക്കുന്ന തുക വളരെ തുച്ഛമായിരിക്കും. കർഷകർക്ക് നേരിട്ട് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ “മുതലമട മാം ഗോ പ്രൊഡ്യൂസർ കമ്പനി” എന്ന കമ്പനി തുടങ്ങിയിരുന്നു. ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയെന്നതായിരുന്നു ലക്‌ഷ്യം. എന്നാൽ ഇത് ഒരു വർഷം പോലും പ്രവർത്തിച്ചില്ല. ചില ലോബികൾ ഇടപെട്ട് കമ്പനിയെ തകർക്കുകയായിരുന്നുവെന്നു മുതലമടയിലെ സാധാരണക്കാരായ കർഷകർ പറയുന്നു.

ഉദയപ്രകാശും നിജാമുദ്ദീനും മുതലമടയിലെ ജൈവ കർഷകരും

“എനിക്ക് കൊള്ള ലാഭം വേണ്ട. എന്റെ അമ്മയും കുടുംബവും പരിസരവും ഞാൻ കാരണം വേരറ്റു പോകരുത്.” പറയുന്നത് മുതലമടയിലും കൊല്ലങ്കോടുമായി 18 ഏക്കറിൽ ജൈവകൃഷി ചെയ്യുന്ന ഉദയ പ്രകാശാണ്. വർഷങ്ങളായി തന്റെയും അനുജന്മാരുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഇടനില കച്ചവടക്കാരായ കർഷകർക്ക് മാവ് കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്ത കർഷകനാണ് ഉദയപ്രകാശ്. എന്നാൽ മാരക കീടനാശിനി പ്രയോഗത്തിന്റെ ഉപ ഉല്പന്നങ്ങളെന്നോണം രോഗങ്ങളും ദുരന്തങ്ങളും കാണാൻ തുടങ്ങിയതോടെ ഭൂമി പാട്ടത്തിനു കൊടുക്കുന്നത് നിർത്തി. പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിയിലേക്ക് ഉദയപ്രകാശ് തിരിഞ്ഞതും ഇതോടെയാണ്‌. നാല് വർഷമായി ജൈവ വളമാണ് കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നത്. സഹോദരങ്ങൾക്ക് അവകാശപ്പെട്ടതടക്കമുള്ള 18 ഏക്കറിൽ 12 ഏക്കറിലും സമൃദ്ധമായി നെല്ല് വിളയുന്നു. അഞ്ചു  ഏക്കറിൽ മാവും. ബാക്കി പച്ചക്കറിയും.

“എന്റെ വീടിനു ചുറ്റും മാവിൻ തോട്ടമാണ്. ഇത് 15 വർഷം മുൻപ് ഞാൻ പാട്ടത്തിനു കൊടുത്തിരുന്നു. അവർ ഇതിൽ അതി മാരകമായ കീടനാശിനികൾ തളിക്കുന്ന സമയങ്ങളിലെല്ലാം ഞങ്ങൾക്കെല്ലാം ഛർദ്ദിലും വയസായ അമ്മക്ക് ശ്വാസം മുട്ടലും വരുമായിരുന്നു. പിന്നീട് കൂടുതൽ അന്ന്വേഷിച്ചപ്പോഴാണ് അവർ തളിക്കുന്ന കീടനാശിനി ശ്വസിക്കുന്നതുകൊണ്ടാണ് അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയത്. എൻഡോസൾഫാൻ ഇരകളെക്കുറിച്ചു റിപ്പോർട്ടുകൾ കൂടി വന്ന സമയമായിരുന്നു. ഇതോടെ  ഭൂമി പാട്ടത്തിനു കൊടുക്കുന്നത് നിർത്തി. കീടനാശിനി പ്രയോഗവും ഇല്ല. ഇപ്പോൾ സുഭാഷ് പലേക്കറിന്റെ കൃഷിരീതിയാണ് ഞങ്ങൾ പരീക്ഷിക്കുന്നത്”.

ലാഭത്തിന്റെ കണക്കു ചോദിച്ചപ്പോൾ 59 കാരനായ ഉദയപ്രകാശ് ഇങ്ങനെ പറഞ്ഞു. “സത്യത്തിൽ വലിയ ലാഭമൊന്നും ഇല്ല. എന്നാൽ ഞങ്ങൾ പ്രഖ്യാപിച്ച ഒരു നയമാണ് ഇനി കീടനാശിനികൾ ഉപയോഗിക്കില്ല എന്നുള്ളത്. പക്ഷെ സർക്കാർ തലത്തിൽ യാതൊരുവിധ പ്രോത്സാഹനവും ഞങ്ങൾക്ക് കിട്ടാത്തതിൽ വിഷമമുണ്ട്. അതെ സമയം നെല്‍ കൃഷി വളരെ ലാഭകരമായി പോകുന്നുണ്ട്”.

മുതലമടയിലും കൊല്ലങ്കോടുമായി ഉദയപ്രകാശിനെപ്പോലെ ജൈവ കൃഷി ചെയ്യുന്ന 30 ഓളം പേരുണ്ട് മുതലമടയിൽ. ഇവരുടെ ഉൽപ്പന്നങ്ങൾ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. മനുഷ്യർക്കും ജീവജാലങ്ങൾക്കും ആരോഗ്യത്തോടെ ജീവിക്കാൻ പറ്റുന്ന തലത്തിലേക്ക് മുതലമട മാറണമെന്നാണ് ജൈവ കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

(അവസാനിച്ചു)

വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം

മുതലമട ‘മാംഗോ സിറ്റി’യില്‍ മരിച്ചത് പത്തോളം പേര്‍; ഇവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍