UPDATES

വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം

മുതലമടയിലെ മാന്തോപ്പുകളില്‍ തളിക്കുന്ന നിരോധിത കീടനാശിനികള്‍ എത്തുന്നത് അതിര്‍ത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ഗോവിന്ദപുരത്തുനിന്നാണ്

ഓരോ വര്‍ഷവും ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുക്കുന്ന സ്ഥലം. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25 ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുക്കുന്നു. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്. ഇങ്ങനെ പോകുന്നു മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയുടെ വിശേഷങ്ങള്‍. എന്നാല്‍ ഈ സമൃദ്ധിയ്ക്ക് ഒരു മറുവശമുണ്ട്. അത്യാതനയുടെയും ചൂഷണത്തിന്റെയും കീടനാശിനികള്‍ തകര്‍ത്ത ജീവിതങ്ങളുടേയുമാണ്. മുതലമടയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിലൂടെ അഴിമുഖം പ്രതിനിധി സന്ധ്യാ വിനോദ് നടത്തുന്ന അന്വേഷണ പരമ്പര.

ചിറ്റൂര്‍ താലൂക്കില്‍ നെല്ലിയാമ്പതി പറമ്പിക്കുളം മലനിരകള്‍ക്കു താഴെയായി കിടക്കുന്ന സുന്ദരമായ മുതലമടയിലേക്ക്.. പാലക്കാട് നിന്നും കൊടുവായൂര്‍ വഴി 31 കിലോമീറ്ററാണ് ദൂരം. കാല്ലങ്കോട് വഴിയും മുതലമടയിലെത്താം. വരണ്ട ചൂടുള്ള പ്രദേശം. കേരളത്തിലെ മാംഗോ സിറ്റി, ഇതാണ് മുതലമടയുടെ വിളിപ്പേര്. ഈ പേര് അന്വര്‍ഥമാക്കും വിധം കാമ്പ്രത്ത് ചള്ളയില്‍ നിന്ന് തുടങ്ങി ഇടതൂര്‍ന്നു നില്‍ക്കുന്ന മാവിന്‍ തോട്ടങ്ങളാണ് മുതലമടയിലേക്ക് നമ്മെ വരവേല്‍ക്കുക. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മധുരമാമ്പഴ തോട്ടങ്ങള്‍. മാമ്പഴത്തിന്റെ മണവും രുചിയും ചേര്‍ന്ന ഓര്‍മ്മകളാണ് മുതലമട സമ്മാനിക്കുക. ഇപ്പോള്‍ ഇവിടെ മാവുകള്‍ പൂക്കുന്ന സമയമാണ്. ലോകവിപണിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന മാമ്പഴങ്ങളിലെ രാജകുമാരി ‘അല്‍ഫോന്‍സാ’ മുതല്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ‘കലാപാടി’ വരെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂവിടുന്നത്. ഫെബ്രുവരി മുതല്‍ തുടങ്ങുന്ന വിളവെടുപ്പ് മെയ് മാസം വരെ നീളും. കറുപ്പുനിറം വ്യാപിക്കാത്തതും ഏറ്റവും മികച്ചതുമായ മാമ്പഴങ്ങളാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഒരു മരത്തില്‍ നിന്ന് ഒരു ടണ്‍ വരെ വിളവ് ലഭിക്കുന്ന ബാംഗളോറ മുതല്‍ ഡല്‍ഹി വിപണിയില്‍ കൂടുതല്‍ വിറ്റഴിയുന്ന സിന്ദൂരം മാങ്ങയും വരെ മുതലമടയിലുണ്ട്. അല്ലെങ്കില്‍ ഇവിടെ നിന്നുള്ള മാമ്പഴങ്ങളാണ് ഇന്ത്യയിലെ മാമ്പഴ വിപണിയെ സജീവമായി നിലനിര്‍ത്തുന്നത് എന്നും പറയാം. മുതലമടയില്‍ വിളഞ്ഞ മാങ്ങകളുടെ രുചിയറിയാത്തവര്‍ ചുരുക്കമായിരിക്കും.

ഓരോ വര്‍ഷവും ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുക്കുന്ന സ്ഥലം. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25 ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുക്കുന്നു. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെ വിപണിയിലെത്തുന്നതിനാല്‍ വിലയും കൂടുതല്‍ ലഭിക്കുന്നു. ഒരു സീസണില്‍ കുറഞ്ഞത് 500 കോടിയുടെയെങ്കിലും ബിസിനസ് നടക്കും. മുതലമട പഞ്ചായത്തില്‍ 4500 ഹെക്ടറില്‍ മാവു കൃഷി വ്യാപിച്ചുകിടക്കുന്നു എന്നാണു കൃഷിവകുപ്പ് തരുന്ന കണക്ക്. എന്നാല്‍ അത് തെറ്റാണെന്നും 8500 ഹെക്ടറിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ടെന്നും മാങ്ങ കൃഷിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും പറയുന്നു. 5000 ത്തോളം കര്‍ഷകര്‍, കേരളത്തിനകത്തും പുറത്തുനിന്നുമായി 10000 ലധികം തൊഴിലാളികള്‍, 100 ഓളം പായ്ക്കിങ് ഹൗസുകള്‍ തുടങ്ങി മുതലമടയുടെ വാണിജ്യ സമൃദ്ധി നീളുകയാണ്. ഒരു കാലത്ത് നിലക്കടലയും നെല്ലും കൃഷി ചെയ്തിരുന്ന മുതലമടയുടെ ചിത്രം ഇപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. അവയെല്ലാം മാമ്പഴത്തോട്ടങ്ങളായി പരണമിച്ചിട്ട് വര്‍ഷങ്ങളായി.

ഇത് മുതലമടയുടെ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും ചിത്രമാണെങ്കില്‍ മറുവശത്ത് മറ്റൊന്നുണ്ട്. യാതനയുടെയും ചൂഷണത്തിന്റെയും കീടനാശിനികള്‍ തകര്‍ത്ത ജീവിതങ്ങളുടേയും ചിത്രം. കേവലം കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് മുതലമടയിലേക്കെത്തിയ കര്‍ഷകര്‍ മാന്തോപ്പുകളില്‍ പ്രയോഗിച്ച മാരകകീടനാശിനികള്‍ മൂലം ജീവിതം ദുരിതത്തിലായിപ്പോയ അനേകം മനുഷ്യരുടെ ജീവിതം ഏങ്ങിവലിഞ്ഞ് ജീവിച്ച് തീര്‍ക്കുന്ന ദുരന്ത ചിത്രം. പക്ഷെ ദുരന്തങ്ങളും ദുരിതങ്ങളും ഏറുമ്പോഴും, അനേകം കുഞ്ഞുങ്ങള്‍ വിടരാതെ വാടിവീഴുമ്പോള്‍, മാമ്പൂക്കളെ കോടികളുടെ മുതല്‍ ആക്കാനുള്ള വിഷം തളിക്കലിന് യാതൊരു കുറവും വന്നിട്ടില്ല ഇവിടെ. പൂവിട്ടു കഴിഞ്ഞാല്‍ വളപ്രയോഗവും പരിപാലനവും കൃത്യമായി വേണം. പവര്‍ റോക്കര്‍ മെഷീന്‍ ഉപയോഗിച്ച് മാവുകളില്‍ കീടനാശിനി സ്പ്രേ ചെയ്യുന്ന കാഴ്ചയാണ് എവിടെയും കണ്ടത്.

‘എന്റെ ചേട്ടന്റെ മകള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് സ്‌കാന്‍ ചെയ്തപ്പോഴാണ് കുട്ടിക്ക് വൈകല്യമുള്ളതായി അറിഞ്ഞത്. ഇവിടെത്തന്നെ പ്രൈവറ്റ് ആസ്പത്രിയിലാണ് കാണിച്ചത്. 30000 രൂപയാണ് ഗര്‍ഭച്ഛിദ്രത്തിനായി ആവശ്യപ്പെട്ടത്. ഞങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അവിടെ ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന് പറഞ്ഞു തിരിച്ചയച്ചു. വീണ്ടും ഇവിടെയെത്തി കുട്ടിയെ കളയുകയായിരുന്നു’. പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞു മുതലമട സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞതാണിത്. ഗര്‍ഭഛിദ്രം ഗുരുതരമായ കുറ്റമായിരിക്കാം. എന്നാല്‍ മുതലമടയിലെ മലയോരമേഖലകളില്‍ താമസിക്കുന്ന അമ്മമാര്‍ക്ക് ഗര്‍ഭഛിദ്രം ഗുരുതരമായ കുറ്റമാകാത്തത് മുന്‍പേ പിറന്നുവീണ വൈകല്യമുള്ള കുട്ടികള്‍ കണ്മുന്നില്‍ ദുരിതജീവിതം ജീവിക്കുന്നത് കാണേണ്ടി വരുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതും.

സംസ്ഥാനത്ത് നിന്നും ഏറ്റവുമധികം മാങ്ങ കയറ്റുമതി ചെയ്യുന്ന മംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമടയുടെ പിന്നാമ്പുറത്തെ കാഴ്ചകള്‍ അത്ര ഭംഗിയുള്ളതല്ല. ജനിതക വൈകല്യം ബാധിച്ചവര്‍, കാഴ്ച നഷ്ടപ്പെട്ടവര്‍, അര്‍ബുദ രോഗികള്‍, ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവര്‍ അങ്ങനെ നിരവധി. യഥാര്‍ഥത്തില്‍ ഇവരുടെയൊക്കെ ജീവിതത്തിന്റെ ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം.

നാല് വര്‍ഷം മുന്‍പ് വരെ എന്‍ഡോ സള്‍ഫാന്‍ ആയിരുന്നു മുതലമടയിലെ മാന്തോപ്പുകളില്‍ തളിച്ചിരുന്നത്. ജനിതകവൈകല്യമുള്ള കുട്ടികള്‍ ധാരാളമായി പിറന്നുവീഴുന്നത് വിവാദമായതോടെ മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചു. എന്നാല്‍ അതിനുശേഷം മാന്തോപ്പുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനിപ്രയോഗം നടത്തിവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുതലമടക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ കീടനാശിനിപ്രയോഗം മുന്നോട്ടു പോകുമ്പോഴും കൃഷിവകുപ്പോ, ഗ്രാമപഞ്ചായത്തോ ഇതിനെതിരെ യാതൊരു തരത്തിലുള്ള നടപടികള്‍ എടുത്തതുമില്ല.

കീടനാശിനിപ്രയോഗം ദളിത് ആദിവാസികോളനികളില്‍

ഒരുകാലത്ത് മലയോരമേഖലയില്‍ ആദിവാസികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളെല്ലാം ഇപ്പോള്‍ പലരും കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ മാവിന്‍ തോട്ടങ്ങളാണ്. തോട്ടങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക ആദിവാസി ദളിത് കോളനികളും നിലകൊള്ളുന്നത്. കോളനികളിലെ ഭൂരിഭാഗം പേരും മാവിന്‍ തോട്ടങ്ങളില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. അതുകൊണ്ടുതന്നെയാണ് കീടനാശിനികളുടെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ആദിവാസി ദളിത് വിഭാഗങ്ങളായി മാറിയതും. മുതലമട ബാബു കോളനിയിലെ സുകന്യ മുട്ടുവേദനയെത്തുടര്‍ന്നു നടക്കാതായപ്പോഴാണ് പഠിത്തം നിര്‍ത്തിയത്. മജ്ജയെ ബാധിച്ച അര്‍ബുദം മൂലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സ തുടരുകയാണ് സുകന്യ. സുകന്യയെപ്പോലെ അര്‍ബുദം ബാധിച്ച നിരവധി പേരുണ്ട്. പലരും വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവരാണ്. അര്‍ബുദരോഗബാധിതര്‍ക്കു പുറമെ ജനിതക വൈകല്യമുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ജനിച്ചിട്ടുള്ളതും ആദിവാസി ദളിത് കോളനികളിലാണ്. ഇത്തരത്തിലുള്ള കുട്ടികള്‍ ഇനിയും ജനിക്കാതിരിക്കാന്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണെന്നു ദളിത് ആക്ടിവിസ്റ്റ് ആയ മാരിയപ്പന്‍ പറയുന്നു. സ്‌കാനിങ്ങില്‍ ജനിതകവൈകല്യമുള്ള കുട്ടികളാണെന്നു കണ്ടെത്തിയാല്‍ ഇവര്‍ തമിഴ്നാട്ടില്‍ പോയാണ് ഗര്‍ഭഛിദ്രം നടത്തുന്നത്. ആറും ഏഴും മാസങ്ങളില്‍ പ്പോലും ഗര്‍ഭഛിദ്രം നടത്തുന്നവരുണ്ട്.

രണ്ടാഴ്ച മുന്‍പ് വെള്ളാരങ്കടവ്, കാട്ടുപ്പതി മേഖലകളിലെ ആദിവാസികളുടെ 26 ഓളം ആടുകള്‍ രണ്ടുമൂന്നു ദിവസങ്ങളിലായി കൂട്ടത്തോടെ ചത്തുപോയിരുന്നു. ആടുകളെ പോസ്റ്റ് മോര്‍ട്ടം ചെയ്തതില്‍ നിന്ന് നിരോധിച്ച കീടനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയുണ്ടായി. ഇത് വ്യക്തമാക്കുന്നത് ഇപ്പോഴും നിരോധിച്ച കീടനാശിനികള്‍ വ്യാപകമായി തോട്ടങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നു തന്നെയാണ്. ഇത് ആദിവാസികളുടെയിടയില്‍ത്തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നിരോധിച്ച കീടനാശിനികള്‍ എത്തുന്നത് അതിര്‍ത്തി കടന്ന്

മുതലമടയിലെ മാന്തോപ്പുകളില്‍ തളിക്കുന്ന നിരോധിത കീടനാശിനികള്‍ എത്തുന്നത് അതിര്‍ത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ഗോവിന്ദപുരത്തുനിന്നാണ്. ഗോവിന്ദാപുരം ഗണപതിപ്പാളയത്ത് കീടനാശിനികള്‍ സൂക്ഷിക്കുന്ന വലിയൊരു കേന്ദ്രവുമുണ്ട്. ഇവിടെ നിന്നും ഗോവിന്ദാപുരം, ചെമ്മണാമ്പതി, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകള്‍ വഴിയാണ് നിരോധിത കീടനാശിനികള്‍ മുതലമടയിലേക്കെത്തുന്നത്. ഇടനിലക്കാരായ കച്ചവടക്കാരെ ഉപയോഗിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചും അവരുടെ അറിവില്ലായ്മ മുതലെടുത്തുമാണ് മരുന്ന് കമ്പനികള്‍ തങ്ങളുടെ മരുന്ന് യഥേഷ്ടം മുതലമടയില്‍ വിറ്റഴിക്കുന്നത്. ഓരോ വര്‍ഷവും ഏഴു മുതല്‍ എട്ടു കോടിയുടെ വരെ കീടനാശിനികള്‍ മേഖലയില്‍ വിറ്റഴിക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു.

‘അതിമാരകമായ കീടനാശിനികളാണ് മാന്തോപ്പില്‍ സ്‌പ്രൈ ചെയ്യുന്നത്. കമ്പനികള്‍ കര്‍ഷകര്‍ക്ക് ഇത് വിലകുറച്ചു നല്‍കും. രഹസ്യമായി സെമിനാറുകള്‍ സംഘടിപ്പിച്ചും കര്‍ഷകരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് കീടനാശിനി വിറ്റഴിക്കുന്നത്. മേഖല നിയന്ത്രിക്കുന്നത് വന്‍കിട മരുന്ന് കമ്പനികള്‍ ആണ്. കൃഷിവകുപ്പോ പഞ്ചായത്തോ തിരിഞ്ഞു നോക്കാറില്ല. യാതൊരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. ഒരു വര്‍ഷത്തിനിടയ്ക്കു എട്ടും പത്തും തവണയാണ് കീടനാശിനി തളിക്കുന്നത്. രണ്ടു തവണ കീടനാശിനി തളിക്കേണ്ട സ്ഥാനത്താണിത്. ഒരു മില്ലി ലിറ്റര്‍ മരുന്ന് മിക്‌സ് ചെയ്യേണ്ടയിടത്ത് എട്ടും പത്തും മില്ലി ലിറ്റര്‍ മരുന്ന് മിക്‌സ് ചെയ്താണ് മാവുകളില്‍ തളിക്കുന്നത്. പല തരത്തിലുള്ള ഹോര്‍മോണുകളും തളിക്കുന്നുണ്ട്. മാരകമായ അളവില്‍ കീടനാശിനിപ്രയോഗം നടത്തുന്നവരില്‍ കൂടുതലും ഇടനിലക്കാരായ കര്‍ഷകരാണ്. ആരോഗ്യ പ്രശനം മാത്രമല്ല, വലിയൊരു പാരിസ്ഥിതിക പ്രശ്‌നം കൂടി മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്’. മേഖലയിലെ ജൈവകര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ നിജാമുദ്ദീന്‍ പറയുന്നു.

മുതലമടയില്‍ ഇന്നും നിരോധിക്കപ്പെട്ട കീടനാശിനികള്‍ തളിക്കുന്നുണ്ടെന്നു സാമൂഹ്യപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ജ്യോതിഷ് പുത്തന്‍സ് പറയുന്നു. ‘തമിഴ്നാട്ടില്‍ നിന്നാണ് നിരോധിച്ച കീടനാശിനികളെത്തുന്നത്. മാന്തോപ്പുകളില്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയും കൊണ്ടുവന്നു മിക്‌സ് ചെയ്ത് നേരിട്ട് തളിക്കുന്ന രീതിയാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു പോയാല്‍ കീടനാശിനികളുടെ ബോട്ടിലോ കാനുകളോ ഒന്നും തന്നെ അവിടെ നിന്ന് കണ്ടെത്താനും കഴിയില്ല.കൊള്ള ലാഭം മാത്രം ലക്ഷ്യമിട്ട് വരുന്ന കച്ചവടക്കണ്ണുകള്‍ മുതലമടയെ വിഷമായി മാറ്റുന്നതോടൊപ്പം തന്നെ, ആ പ്രദേശത്ത് ജീവിക്കുന്നവരെ രോഗികളാക്കി മാറ്റുക കൂടിയാണ്.’ ജ്യോതിഷ് പറഞ്ഞു.

അര്‍ബുദ രോഗബാധിതരുടെ എണ്ണം കൂടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്

കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി 2006 ല്‍ നടത്തിയ സര്‍വേയില്‍ മുതലമടയിലെ 30 ശതമാനം ആളുകള്‍ പല തരത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവരാണെന്നു കണ്ടെത്തിയിരുന്നു. ജനിതക വൈകല്യമുള്ളവരും അര്‍ബുദരോഗികളും ഇവരില്‍ ഉള്‍പ്പെടും. കീടനാശിനിപ്രയോഗം നടത്തുന്ന മാന്തോപ്പുകളോട് ചേര്‍ന്നുകിടക്കുന്ന ആദിവാസികോളനികള്‍ ഉള്‍പ്പെടെയുള്ള മേഖലകളാണ് അന്ന് സര്‍വ്വേയ്ക്ക് വിധേയമാക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിനുശേഷം വീണ്ടും 2017 ല്‍ ഇതേ ഏജന്‍സിയും പാലക്കാട് മേഴ്സി കോളേജിലെ സോഷ്യല്‍ വര്‍ക് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി മറ്റൊരു സര്‍വ്വേ നടത്തി. ഇത്തവണ മാന്തോപ്പിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി കര്‍ഷകര്‍ താമസിക്കുന്ന പള്ളം, മാമ്പള്ളം, കിഴക്കെക്കാട്, മല്ലുകുളമ്പ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ എടുത്തത്. ഞെട്ടിപ്പിക്കുന്ന കണക്കാണ് സര്‍വേയില്‍ വ്യക്തമായത്. 368 കുടുംബങ്ങളില്‍ നടത്തിയ സര്‍വേയില്‍ 256 കുടുംബങ്ങളിലും കീടനാശിനി പ്രയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന രോഗികളെ കണ്ടെത്തി. ജനിതകവൈകല്യം ഉള്ളവര്‍ 13 , അര്‍ബുദരോഗബാധിതര്‍ 13 , കാഴ്ച നഷ്ടപ്പെട്ടവര്‍ 22 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ഇതിനു പുറമെ പലതരം ത്വക്ക് രോഗങ്ങള്‍ ബാധിച്ചവരും ഇവരുടെയിടയിലുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയ്ക്ക് അര്‍ബുദം ബാധിച്ചു 15 പേര് മരിച്ചതായി സര്‍വേയില്‍ പറയുന്നു. കര്‍ഷകര്‍ താമസിക്കുന്ന സ്ഥലത്ത് ഇതാണ് അവസ്ഥയെങ്കില്‍ കീടനാശിനി പ്രയോഗം കൂടുതലായ മാന്തോപ്പുകള്‍ക്ക് സമീപത്ത് താമസിക്കുന്ന ആദിവാസികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അംഗവും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ ദക്ഷിണേന്ത്യന്‍ കോ. ഓര്‍ഡിനേറ്ററുമായ എസ്. ഗുരുവായൂരപ്പന്‍ ചോദിക്കുന്നു.

‘2005 ല്‍ വ്യാപകമായി ഇവിടെ പൂമ്പാറ്റകള്‍ ചത്തൊടുങ്ങിയതിന്റെ ത്തുടര്‍ന്നാണ് ഞങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രൂപപ്പെടുന്നതും അവിടെനിന്നാണ്. 2006 ലും 2017 ലും രണ്ടു സര്‍വേകള്‍ ഞങ്ങള്‍ തൈയ്യാറാക്കി. റിപ്പോര്‍ട്ട് ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അമിത കീടനാശിനിപ്രയോഗം ഒഴിവാക്കണമെന്നും ദുരിതബാധിതരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നുമായിരുന്നു ഞങ്ങളുടെ ആവശ്യം.മുന്‍ മുഖ്യമന്ത്രിമാരായ വി. എസ്. അച്യുതാനന്ദന്‍ , ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും, നിയമസഭാ പരിസ്ഥിതി കമ്മിറ്റിയ്ക്കും പരാതി നല്‍കി. എന്നാല്‍ ഇതേവരെ ഒരു ഫലവും ഉണ്ടായിട്ടില്ല’. ഗുരുവായൂരപ്പന്‍ പറയുന്നു. സ്വകാര്യ ഏജന്‍സിക്ക് പുറമെ ആരോഗ്യവകുപ്പ് മേഖലയില്‍ നടത്തിയ പഠനത്തിലും കീടനാശിനി കൈകാര്യം ചെയ്യുന്ന രണ്ടിലൊരാള്‍ക്ക് കാന്‍സര്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

കൃഷിവകുപ്പ് പറയുന്നത്

നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടോയെന്നത് അറിയില്ല. എന്നാല്‍ ആദിവാസി കോളനിയിലെ ആടുകള്‍ ചത്തത് നിരോധിച്ച കീടനാശിനി കഴിച്ചിട്ടാണെന്ന റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മാവിന്‍ തോട്ടങ്ങളില്‍ പോയി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

എന്‍ഡോസള്‍ഫാന്‍: മുതലമടയിലും കാര്യങ്ങള്‍ ഗുരുതരമാണ്; സര്‍ക്കാര്‍ ഇതറിയുന്നുണ്ടോ?

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍