UPDATES

പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മിക്കേണ്ടി വരുമോ? പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അതാണ്

മദ്രാസ് ഐഐടി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും വരുംകാലങ്ങളില്‍ ഭീഷണിയുണ്ടാകുന്ന തരത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ നടന്നിരിക്കുന്നത് അതീവഗുരുതരമായ ക്രമക്കേടുകള്‍. ഗതാഗതത്തിനു തുറന്നു കൊടുത്ത് മൂന്നു വര്‍ഷം പോലും തികയും മുന്‍പേ നിര്‍മാണത്തില്‍ സംഭവിച്ച തകരാറുകള്‍ മൂലം അടച്ചിടേണ്ടി വന്ന പാലം പുനര്‍നിര്‍മിക്കേണ്ടി വരുമെന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. മൂന്നു മാസങ്ങള്‍ എടുത്ത് പാലത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഗതാഗതത്തിനു തുറന്നു കൊടുക്കാമെന്നാണ് നിലവിലെ ഉറപ്പെങ്കിലും അറ്റകുറ്റപ്പണികള്‍ കൊണ്ട് പാലത്തിന്റെ തകരാറുകള്‍ പരിഹരിക്കപ്പെടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പാലത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇപ്പോഴത്തെ തകരാറുകള്‍ എല്ലാം പരിഹരിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ മൂന്നുമാസത്തോളം സമയം എടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അമിത ഗതാഗതവും വാഹനങ്ങളുടം ഭാരവും പേറി എത്രനാള്‍ പാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അത്രമേല്‍ അഴിമതി നിര്‍മാണത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറു പാക്കറ്റ് സിമന്റ് ഉപയോഗിക്കേണ്ടിടത്ത് മുപ്പത് പായ്ക്കറ്റിനടുത്ത് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. 37 കോടി ചെലവ് എന്നു പറയുന്ന നിര്‍മാണത്തില്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ പകുതി തുകയെ ചെലവഴിച്ചിട്ടുണ്ടാകൂ എന്നാണ് സംശയം.

മദ്രാസ് ഐഐടി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും വരുംകാലങ്ങളില്‍ ഭീഷണിയുണ്ടാകുന്ന തരത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇനിയും എന്തെങ്കിലും തകരാറുകള്‍ കണ്ടെത്തിയാല്‍ പുതിയ പാലം നിര്‍മിക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയില്‍ നിന്നും നിര്‍മാണ ചെലവ് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ മേയ് മൂന്നിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. യുഡിഎഫ് സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സ്പീഡ് കേരള പദ്ധതിയില്‍പ്പെടുത്തിയാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു.

ഒട്ടും നിലവാരമില്ലാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നതും നിര്‍മാണഘട്ടത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും തീര്‍ത്തും അശ്രദ്ധ നിറഞ്ഞ മേല്‍നോട്ടമാണ് ഉണ്ടായതെന്നുമാണ് പാലാരിവട്ടം പാലത്തിന് സംഭവിച്ച കുഴപ്പത്തിന് കാരണമെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയിലും ഈ കുഴപ്പങ്ങള്‍ കണ്ടെത്തിയിരുന്നു. നിര്‍മണത്തിന്റെ തുടക്കം മുതല്‍ പിഴവുകളായിരുന്നുവെന്നാണ് കണ്ടെത്തിയത്. സാങ്കേതിക പിഴവുകള്‍ സാരമായി ബാധിച്ചിരുന്നു. ടാറിങ് ഇളകി പോകുന്നതിനും തൂണുകളില്‍ വിള്ളല്‍ ഉണ്ടാകുന്നതിനും കാരണമായത് ഈ പിഴവാണെന്ന് ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. നിര്‍മാണഘട്ടത്തില്‍ ഒരിക്കല്‍ പോലും റിവ്യു നടത്തുകയോ കൃത്യമായ പഠനം നടക്കുകയോ ചെയ്തിട്ടില്ലായിരുന്നുവെന്നും മദ്രാസ് ഐഐടി സ്ട്രക്ചറല്‍ എന്‍ജീയറിംഗ് ലാബിലെ പ്രൊഫസര്‍ അളഗ് സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിരുന്നു. പൊതുമരാമത്ത് വകുപ്പിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനും കൈമാറിയ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടും.

പാലത്തിന്റെ രൂപകല്‍പ്പനയില്‍ തൊട്ട് പാളിച്ചകള്‍ സംഭവിച്ചിരുന്നു. ഇതേ പാളിച്ച നിര്‍മാണത്തിലും തുടര്‍ന്നു. ഗുണനിലവാരമില്ലാത്ത നിര്‍മാണപ്രവര്‍ത്തനമാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ നടന്നത്. പാലത്തിന്റെ തൂണുകള്‍ക്കും ഗര്‍ഡറുകള്‍ക്കും തകരാര്‍ ഉണ്ട്. തൂണുകളുടെ നിര്‍മാണത്തില്‍ തന്നെ ഈ വീഴ്ച്ചകള്‍ സംഭവിച്ചിരിക്കുന്നു. റോഡിലെ ടാറിംഗ് ഇളകി പോകാനും ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും തകരാര്‍ സംഭവിച്ചതും ഇതുമൂലമാണ്. വിദഗ്ധരുടെ അനുമതിയോ നിര്‍ദേശമോ സ്വീകരിക്കാതെ ഡക്ക് കണ്ടിന്യൂറ്റി ഉപയോഗിച്ചതും തിരിച്ചടിയായി. സാധാരണ പാലത്തിന്റെ പൈലുകളുടെ മീതെ ബയറിംഗ് സ്ഥാപിച്ച് അവയ്ക്കു മേലെയാണ് ഗര്‍ഡറുകള്‍ വയ്ക്കുന്നത്. കൂടുതല്‍ ലോഡുള്ള വാഹനങ്ങള്‍ കയറുമ്പോഴും കുറഞ്ഞ ലോഡുള്ള വാഹനങ്ങള്‍ കയറുമ്പോഴും ഈ ഗര്‍ഡറുകള്‍ താഴ്ന്നു കൊടുക്കും. ഇതിനാണ് ബയറിംഗ് വയ്ക്കുന്നത്. എന്നാല്‍ കൃത്യമായ അളവിലല്ല പാലാരിവട്ടം മേല്‍പ്പാലത്തിലെ ഡിഫ്‌ളക്ഷന്‍ ഉള്ളത്. ഗര്‍ഡറുകള്‍ താഴുന്നത് നിശ്ചിത അളവിലും കൂടുതലായാണ്. ഇതുമൂലം ഒരു ഗര്‍ഡറില്‍ നിന്നും അടുത്തതിലേക്കുള്ള ഗ്യാപ്പ് കൂടും. ഗ്യാപ്പ് കൂടുന്നതിനനുസരിച്ച് പാലത്തിന്റെ ഉലച്ചില്‍ കൂടും. കോണ്‍ക്രീറ്റ് പൊട്ടും. ടാറിംഗ് ഇളകും. ഇതോടൊപ്പം ഒരോ പൈലിന്റെ മീതെയുള്ള പ്രഷറും വര്‍ദ്ധിക്കും. ഭാരമൊന്നും വഹിക്കാത്ത സമയത്ത് ഒരു പാലം എത്ര പൊക്കത്തില്‍ ഇരുന്നോ, കൂടുതല്‍ കനമുള്ളപ്പോള്‍ എത്ര പൊക്കത്തില്‍ ഇരുന്നോ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം നിശ്ചിത അളവില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആ ആളവ് കൂടുതലായിരുന്നു. ഇത്തരത്തില്‍ വ്യത്യാസം കൂടുതലായാല്‍ പാലത്തില്‍ കൂടി കടന്നു പോകുന്ന വണ്ടികള്‍ക്ക് ചാട്ടം കൂടുതലാകും. അങ്ങനെ ചാട്ടം കൂടുതലായാല്‍ പാലത്തിന്റെമേലുള്ള പ്രഷര്‍ കൂടും. അതുവഴി പാലത്തിന് ബലക്ഷയം ഉണ്ടാകും. സാധാരണ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി ഇരുമ്പിന്റെ സ്പാനുകള്‍ (എക്സാപാന്‍ഷന്‍ ജോയിന്റുകള്‍) വച്ച് ടാര്‍ ചെയ്യുകയാണ് പതിവ്. ഇതാണ് ഈ സ്പാനുകളില്‍ കൂടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ശബ്ദം കേള്‍ക്കുന്നത്. ഈ എക്സ്പാന്‍ഷന്‍ ജോയിന്റുകളില്‍ കയറുമ്പോള്‍ വണ്ടികള്‍ക്കുണ്ടാകുന്ന ചാട്ടം ഒഴിവാക്കാന്‍ വേണ്ടി, എക്സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്ക് പകരം ഡെക്ക് കണ്ടിന്യൂറ്റി എന്ന പുതിയ രീതിയിലുള്ള നിര്‍മാണ രീതിയാണ് പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഉപോഗിച്ചതെന്നു പറയന്നു. ഡെക്ക് കണ്ടിന്യൂറ്റി പലയിടങ്ങളിലും നടക്കുന്നുണ്ടെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ഇത് യോജിച്ചതാണോ എന്ന കാര്യത്തില്‍ വേണ്ട പരിശോധനയോ പഠനങ്ങളോ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയിട്ടില്ല. ഇക്കാര്യം പരിശോധിക്കാന്‍ കിറ്റ്കോയും തയ്യാറായില്ല. കേരളം പോലെ ഹ്യുമിഡിറ്റിയുള്ള സ്ഥലങ്ങളില്‍ ഡെക്ക് കണ്ടിന്യൂറ്റി സംവിധാനം പ്രാവര്‍ത്തികമാകില്ലെന്നാണ് എഞ്ചിനീയറിംഗ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡെക്ക് കണ്ടിന്യൂറ്റി സിസ്റ്റം ഉപയോഗിച്ചാല്‍ ഗര്‍ഡറുകള്‍ തമ്മിലുള്ള ഗ്യാപ്പുകള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയേറുകയും അത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും.

പാലം പോലെ മര്‍മ്മപ്രധാനമായൊരു നിര്‍മാണത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രായോഗികത നോക്കിയില്ല എന്നത് ഗുരുതരമായ വീഴ്ച്ചയാണ്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെയോ എഞ്ചിനീയര്‍മാരുടെയോ തീരുമാനം അനുസരിച്ച് മാത്രം കാര്യങ്ങള്‍ നടത്തുകയാണ് ചെയ്തത്. മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ ഇക്കാര്യങ്ങളില്‍ കണ്ണടച്ചു കൊടുക്കുകയും ചെയ്തു.

പാലം നിര്‍മിച്ച കമ്പനിയും സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒന്നിച്ചു ചേര്‍ന്നു നിന്നാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍ തിരിമറി നടത്തി ഇങ്ങനെയൊരു പാലം ഉണ്ടാക്കി വച്ചതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തെളിയുന്നത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ പൂര്‍ണമായ തുകയും സംസ്ഥാന സര്‍ക്കാര്‍ ആണ് കൊടുത്തത്. പാലത്തിന്റെ അടങ്കല്‍ 47 കോടി രൂപയായിരുന്നു. ഇതില്‍ 37 കോടി രൂപയുടെ ജോലിയാണ് കോണ്‍ട്രാക്ടര്‍ ചെയ്തത്. ആ തുകയില്‍ നിന്നും നിയമപ്രകാരം പിടിച്ച് വെക്കേണ്ടത് ഒഴിച്ച് 35 കോടിയും സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. നിര്‍മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമേ പിടിച്ചുവെച്ച തുക കൊടുക്കുകയുള്ളു. അതിനിടയിലാണ് പാലം അപകടത്തില്‍ ആയതും. അതായത് ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ച ഒരുപാലമാണ് നിര്‍മാണത്തിലെ അഴിമതി മൂലം തകരാറില്‍ ആയത്.

കിറ്റ്‌കോയിലേയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥരും ഈ അഴിമതിക്ക് കൂട്ടുനിന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ് ഐ ആറില്‍ പറയുന്ന മറ്റു പ്രതികള്‍ കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിസ്, നാഗേഷ് കണ്‍സള്‍ട്ടന്റ് സീനിയര്‍ കണ്‍സല്‍ട്ടന്റ് മഞ്ജു നാഥ് (പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍ട്ടന്റ് ആണ്. കിറ്റ്‌കോയാണ് ഇവര്‍ക്ക് കരാര്‍ നല്‍കിയത്), റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ (ആര്‍ബിഡിസികെ) മുന്‍ എം ഡി മുഹമ്മദ് ഹനീഷ്, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഭാമ, ഷാലിമാര്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, മാനേജര്‍ പി എം യൂസഫ്, കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് സന്തോഷ്, പൊജക്ട് എന്‍ജിനീയര്‍ സാന്‍ജോ കെ ജോസ്, ജിജേഷ്, ആര്‍ബിഡിസികെ മുന്‍ മാനേജര്‍ പി എസ് മുഹമ്മദ് നൗഫല്‍, ശരത് എസ് കുമാര്‍, ആര്‍ഡിഎസ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയ് പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍ എന്നിവരാണ്. ക്രമക്കേടിലെ ഇവരുടെ പങ്കുകള്‍ എന്തായിരുന്നുവെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകൂ എന്നാണ് വിജിലന്‍സ് പറഞ്ഞിരിക്കുന്നത്.

തങ്ങളുടെ ഭരണനേട്ടമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ തിരക്കിട്ട് മേല്‍പ്പാലം നിര്‍മിക്കാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാരിനും പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറാന്‍ കഴിയില്ല. സര്‍ക്കാരിന്റെ കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ)യും കിറ്റ്കോയും ജനങ്ങളോട് പ്രതിബദ്ധത കാണിക്കാതെ ക്രമക്കേടിനു കൂട്ടു നില്‍ക്കുകയാണ് ഉണ്ടായത്. ആര്‍ബിഡിഎസ്‌കെയ്ക്ക് ആയിരുന്നു പാലാരിവട്ടം മേല്‍പ്പാലം പദ്ധതിയുടെ മേല്‍നോട്ടം. കിറ്റ്കോയായിരുന്നു ഡിസൈന്‍ കണ്‍സള്‍ട്ടന്റ്. പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത് ഡല്‍ഹി ആസ്ഥാനമായുള്ള ആര്‍ഡിഎസ് പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (engineering procurement and construction-EPC) വ്യവസ്ഥയിലാണ് ആര്‍ഡിഎസിന് കരാര്‍ നല്‍കിയത്. ഡിസൈന്‍, എസ്റ്റിമേറ്റ്, ഡിപിആര്‍, നിര്‍മാണം എന്നിവയെല്ലാം കോണ്‍ട്രാക്ടറുടെ ചുമതലയില്‍ നല്‍കുന്ന പദ്ധതിയാണ് ഇപിസി. ദേശീയതലത്തില്‍ ശ്രദ്ധേയമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണെങ്കിലും ആര്‍ഡിഎസ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തി. നിര്‍മാണം പ്ലാന്‍ ചെയ്തപ്പോള്‍ തൊട്ട് തകറാരുകള്‍ ഉണ്ടായിട്ടും കോണ്‍ട്രാക്റ്റിംഗ് കമ്പനി തയ്യാറാക്കുന്ന പദ്ധതി പരിശോധിച്ച് ശരിയാണോ പിഴവുകളുണ്ടോയെന്ന് കണ്ടെത്താനുള്ള ചുമതല ഏല്‍പ്പിച്ചിരുന്ന കിറ്റ്കോ ആ ചുമതല നിര്‍വഹിച്ചില്ലെന്ന കണ്ടെത്തലാണ് കൂടുതല്‍ ഗുരുതരം. ബെംഗളൂരു ആസ്ഥാനമായുള്ള നാഗേഷ് കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറാക്കിയ ഫ്ളൈ ഓവര്‍ ഡിസൈനിലും അപാകത ഉണ്ടായിരുന്നു. ഡിസൈന്‍ പരിശോധിച്ച് ശരിയാണെന്നു സര്‍ട്ടിഫൈ ചെയ്യുന്നത് കിറ്റ്കോ ആയിരുന്നിട്ടും ഈ അപകാത അവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകളില്‍ നിന്നും തെളിയുന്നത്. തങ്ങളുടെ ഭരണനേട്ടമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ തിരക്കിട്ട് മേല്‍പ്പാലം നിര്‍മിക്കാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരിക.

Read More: ‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍