UPDATES

ട്രെന്‍ഡിങ്ങ്

പള്ളുരുത്തി ബോയ്സ് ഹോമിലെ വികാരിയുടെ ലൈംഗിക പീഡനം; കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ പോലീസ്

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം എന്നിവയാണ് ഫാദര്‍ ജോര്‍ജിനു മേല്‍ ചാര്‍ത്തിയിട്ടുള്ള കുറ്റങ്ങള്‍

ശ്രീഷ്മ

ശ്രീഷ്മ

പെരുമ്പടപ്പ് സേക്രഡ് ഹാര്‍ട്ട് ബോയ്‌സ് ഹോമില്‍ കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പള്ളുരുത്തി സി.ഐ ജോയ് മാത്യു. കഴിഞ്ഞ ദിവസമാണ് ബോയ്‌സ് ഹോമിലെ ആറു കുട്ടികള്‍ ഡയറക്ടറായ ഫാദര്‍. ജോര്‍ജ് എന്ന ജെറി മാസങ്ങളായി തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. രക്ഷിതാക്കളും നാട്ടുകാരുമടക്കം ഇടപെട്ട വിഷയത്തില്‍, വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഫാദര്‍ ജോര്‍ജിനെ അറസ്റ്റു ചെയ്തിരുന്നു.

2018 ഡിസംബര്‍ മാസം മുതല്‍ നിരന്തരമായി തങ്ങളെ ഡയറക്ടര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടികളുടെ മൊഴി. ഫാദര്‍ ജോര്‍ജ് കുറ്റം സമ്മതിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്ന ആറു കുട്ടികളല്ലാതെ കൂടുതല്‍ പേര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുന്നത്. മൂന്നു വര്‍ഷക്കാലമായി ബോയ്‌സ് ഹോമിന്റെ ഡയറക്ടറാണ് അറസ്റ്റിലായ ഫാദര്‍ ജോര്‍ജ്.

ശനിയാഴ്ച രാത്രിയോടെയാണ് കെയര്‍ ഹോമിലെ ഏഴു കുട്ടികള്‍ പള്ളുരുത്തി പ്രദേശത്ത് കൂട്ടമായി നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടികളെ കണ്ടെത്തിയ കാര്യം തങ്ങള്‍ പോലീസിലറിയിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പക്ഷം. പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ കുട്ടികള്‍ ഹോമില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തു വന്നിരുന്നത്. എന്നാല്‍, ഇത് തെറ്റാണെന്നാണ് പോലീസിന്റെ ഭാഷ്യം. വൈകിട്ടോടെ കുട്ടികള്‍ കെയര്‍ ഹോമിനു പുറത്ത് കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്ഥലത്തെത്തി കാര്യമന്വേഷിക്കുകയായിരുന്നുവെന്നും, കുട്ടികളോട് സംസാരിച്ചതില്‍ നിന്നും പീഡനവിവരം മനസ്സിലാക്കി രക്ഷിതാക്കളേയും ഫാദര്‍ ജോര്‍ജിനെയും വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് സി.ഐ. ജോയ് മാത്യു അഴിമുഖത്തോട് വ്യക്തമാക്കി.

‘കുട്ടികള്‍ രാത്രിയില്‍ ഇറങ്ങിയോടി എന്ന റിപ്പോര്‍ട്ടുകളിലൊന്നും കാര്യമില്ല. കുട്ടികള്‍ കളിക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ വൈകി എന്ന കാരണം പറഞ്ഞ് അവരെ ഫാദര്‍ അകത്തു കയറ്റാതിരിക്കുകയാണ് ചെയ്തത്. അകത്തു കയറാന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ അവിടെ നിന്നും പുറത്തിറങ്ങി കൂടി നിന്നു. പള്ളുരുത്തി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനും ഇടപെടാനും പ്രത്യേക സംവിധാനങ്ങളുണ്ട്. കുട്ടികള്‍ ഹോമിനു പുറത്ത് കൂടി നില്‍ക്കുന്നു എന്ന വിവരം ഞങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ ലഭിച്ചു. ഉടനെ തന്നെ പോലീസുദ്യോഗസ്ഥരെ അങ്ങോട്ട് അയയ്ക്കുകയും ചെയ്തു. കുട്ടികളെ കണ്ടു സംസാരിച്ചപ്പോഴാണ് ഉപദ്രവിക്കപ്പെട്ട കാര്യം പറഞ്ഞത്. അതിനു ശേഷം രക്ഷിതാക്കളെയും വിളിപ്പിച്ചാണ് പരാതി എഴുതിവാങ്ങിച്ചത്. ആ പരാതിയുടെ പുറത്താണ് ഇപ്പോള്‍ പ്രതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിട്ടയയ്ക്കണമെങ്കില്‍ രക്ഷിതാക്കള്‍ വേണം എന്നുള്ളതുകൊണ്ട് സ്റ്റേഷനില്‍ നിന്നാണ് രക്ഷിതാക്കളെ വിളിപ്പിച്ചത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഉപദ്രവങ്ങള്‍ നടന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ട ശേഷം അച്ചന്റെ കുറ്റസമ്മതവും രേഖപ്പെടുത്തിയിട്ടാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. അച്ചനെ നാട്ടുകാര്‍ പിടിച്ചു തന്നു എന്നു പറയുന്നതിലും കാര്യമില്ല. സ്റ്റേഷനില്‍ നിന്നും വിളിച്ചു വരുത്തുകയാണ് ചെയ്തത്.”

അതേസമയം, കുട്ടികള്‍ മുന്‍കൂട്ടി തീരുമാനിച്ച് കെയര്‍ഹോമില്‍ നിന്നും പുറത്തു കടക്കുകയായിരുന്നുവെന്നാണ് വിഷയത്തില്‍ ഇടപെട്ട് കുട്ടികളോടു സംസാരിച്ച ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍. ജെന്‍സന്‍ നല്‍കുന്ന വിശദീകരണം. കുട്ടികള്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നേരിട്ട പീഡനത്തെക്കുറിച്ചാണ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നതെന്നും, കൂടുതല്‍ അതിക്രമങ്ങള്‍ കുട്ടികള്‍ക്കു നേരെ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തേ ഒരു കുട്ടിയെ കെയര്‍ ഹോമില്‍ നിന്നും പുറത്താക്കിയതിന്റെ തുടര്‍ച്ചയായാണ് ഏഴു കുട്ടികള്‍ കഴിഞ്ഞ ദിവസം പുറത്തു കടന്നതെന്നും, ഇവരില്‍ ആറു പേരാണ് ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പരാതിയറിയിച്ചിരിക്കുന്നതെന്നും ഫാദര്‍ ജെന്‍സന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ശിഥിലമായ കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളായതിനാല്‍ ഇവരെ തിരികെ രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കാനാകില്ലെന്നാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ചൈല്‍ഡ് ലൈനിന്റെ പക്ഷം. എന്നാല്‍, കുട്ടികളാരും ഗുരുതരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും ഫാദര്‍ ജെന്‍സന്‍ പറയുന്നുണ്ട്.

“കുട്ടികളുടെ മൊഴിയനുസരിച്ച് അവരെ ഡിസംബര്‍ മാസം മുതല്‍ പലപ്പോഴായി ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ട്. എന്നാല്‍, എഫ്.ഐ.ആറില്‍ കാണിക്കുന്നത് ശരീരത്തില്‍ തൊട്ടു എന്നുമാത്രമാണ്. കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, ഡിസംബര്‍ മാസത്തിനു ശേഷവും ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കേണ്ടത് പോലീസാണ്. കുട്ടികളെ ഇന്ന് സി.ഡബ്ല്യു.സിയ്ക്കു മുമ്പാകെ ഇന്ന് ഹാജരാക്കും. ആരേയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചിട്ടില്ല. എല്ലാവരും ശിഥിലമായ കുടുംബപശ്ചാത്തലങ്ങളില്‍ നിന്നും വരുന്നവരാണ്. രണ്ടാനമ്മയും രണ്ടാനച്ഛനുമാണ് മിക്ക കുട്ടികള്‍ക്കുമുള്ളത്. അത്തരത്തിലുള്ള കുടുംബങ്ങളിലേക്ക് ഇവരെ വിട്ടയയ്ക്കാനാവില്ല. കുട്ടികളാരും ഗുരുതരമായ ലൈംഗിക പീഡനത്തനിരയായിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. രക്ഷിതാക്കളും അറിഞ്ഞു കൊണ്ടാണ് കുട്ടികള്‍ ഹോമില്‍ നിന്നും ഇറങ്ങിപ്പോന്നതും പോലീസെത്തി കൂട്ടിക്കൊണ്ടുപോയതും. കുട്ടികള്‍ക്ക് ശരിയായ കൗണ്‍സലിംഗ് കൊടുക്കുന്നതിനെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്. കുട്ടികളും രക്ഷിതാക്കളുമായി ഇന്നലെ സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് അവരെ തിരികെ വീടുകളിലേക്ക് അയയ്ക്കുന്നത് ശരിയായ നീക്കമല്ലെന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ചിന്തിക്കേണ്ടിവരും. കെയര്‍ ഹോമില്‍ തുടരാതെ മറ്റിടങ്ങളിലേക്ക് മാറാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.”

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം എന്നിവയാണ് ഫാദര്‍ ജോര്‍ജിനു മേല്‍ ചാര്‍ത്തിയിട്ടുള്ള കുറ്റങ്ങള്‍. പോക്‌സോ നിയമപ്രകാരം കേസുമെടുത്തിട്ടുണ്ട്. നിലവില്‍ ഫാദര്‍ ജോര്‍ജിനെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. കാര്‍മലൈറ്റ് സഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെരുമ്പടപ്പിലെ സേക്രഡ് ഹാര്‍ട്ട് ബോയ്‌സ് ഹോം.

Read More: ഹമീദ് അന്‍സാരി എന്നും സംഘപരിവാറിന്റെ കണ്ണിലെ കരട്; ‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം രണ്ടര പതിറ്റാണ്ടിന് ശേഷം ഉയര്‍ത്തുന്നതിന് പിന്നില്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍