UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു കേസില്‍ മൊഴി കൊടുത്ത വിദ്യാര്‍ത്ഥികളെ നെഹ്‌റു കോളേജ് മനഃപൂര്‍വം തോല്‍പ്പിച്ചെന്ന് അന്വേഷണ കമ്മിഷന്‍; മറ്റൊരു സെന്ററില്‍ വെച്ച് വീണ്ടും പരീക്ഷ നടത്തിയേക്കും

ജിഷ്ണുവിന്റെ മരണത്തിനു മുൻപ് നടന്ന പരീക്ഷകളിലും ഇപ്പോൾ ആരോപണമുന്നയിക്കുന്ന വിദ്യാർത്ഥികൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് അധ്യാപകർ

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐയ്ക്ക് മൊഴി കൊടുത്ത വിദ്യാര്‍ത്ഥികളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ കോളേജ് അധികൃതര്‍ കരുതികൂട്ടി പരാജയപ്പെടുത്തിയെന്ന ആരോപണം ശരിയാണെന്ന് യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്‍. ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ കമ്മിഷനെയാണ് ഈ ആരോപണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ചിരുന്നത്. അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന്‍ പരിഗണനയ്ക്കു വിടും. അതനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ നിശ്ചയിക്കുക.

പാമ്പാടി നെഹ്‌റു കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥികളായ അതുല്‍ ജോസ്, വസിം ഷാ, മുഹമ്മദ് ആഷിക് എന്നിവരാണ് പരാതിയുമായി ആരോഗ്യ സര്‍വ്വകലാശാലയെ സമീപിച്ചത്. തിയറി പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച തങ്ങളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാനേജ്‌മെന്റ് കരുതിക്കൂട്ടി പരാജയപ്പെടുത്തിയെന്നും മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെ വെട്ടി തിരുത്തിയെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. മാര്‍ക്ക് ഷീറ്റിലെ തിരുത്തലുകള്‍ സംബന്ധിച്ച വിവരാവകാശ രേഖയും ഇവര്‍ ഹാജരാക്കിയിരുന്നു. കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെ തങ്ങളുടെ ഭാവി തകര്‍ക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ക്യാമ്പസിനുള്ളില്‍ നിരവധി മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

31 കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയതില്‍ മൂന്ന് പേര്‍ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നുപേരില്‍ അതുല്‍ ജോസ് ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് സിബിഐ യ്ക്ക് രണ്ടു തവണ മൊഴി കൊടുത്തിരുന്നു. വസിം ഷായും മുഹമ്മദ് ആഷികും ജിഷ്ണു മരിച്ച സമയത്ത് മാനേജ്‌മെന്റിനെതിരെ സമര രംഗത്തുണ്ടായിരുന്നവരാണ്. കോളേജ് പ്രിസിപ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ പല തവണ കേസിന്റെ പേരില്‍ തങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും ഈ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയാണെന്നാണ് അന്വേഷണ കമ്മിഷന്റെ പ്രാഥമിക നിഗമനത്തില്‍ എത്തിയിരിക്കുന്നതെന്ന് അധ്യക്ഷന്‍ ആര്‍. രാജേഷ് എംഎല്‍എ അഴിമുഖത്തോട് പറഞ്ഞു. ‘പ്രാക്ടിക്കല്‍ പരീക്ഷ കോളേജില്‍ വച്ച് അവിടുത്തെ അധ്യാപകരാണ് നടത്തിയത്. ബന്ധപ്പെട്ട വിഷയത്തില്‍ യൂണിവേഴ്‌സിറ്റി നടത്തിയ തിയറി പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയിലും വൈവ യിലും രണ്ടു തവണ പരാജയപ്പെട്ടതില്‍ കോളേജിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. മാര്‍ക്ക് ഷീറ്റില്‍ പേന ഉപയോഗിച്ച് വെട്ടി തിരുത്തലുകളും നടത്തിയിട്ടുണ്ട്. അന്വേഷണ സമിതി കോളേജ് അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ തീരുമാനം എടുക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണ്. അഡ്ജുഡിക്കേഷന്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ഗവേര്‍ണിംങ് കൗണ്‍സിലാണ് അന്തിമ തീരുമാനം എടുക്കുക. വിദ്യാര്‍ത്ഥികളുടെ ഭാവിയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള നടപടി വേണം എന്നാണ് അന്വേഷണ കമ്മീഷന്റെ നിര്‍ദ്ദേശം. ആ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന അക്കാദമിക് വര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് നെഹ്‌റു കോളേജിന് പുറത്ത് മറ്റേതെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ വച്ച് ഈ കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷ നടത്തി യൂണിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുകയും ചെയ്യേണ്ടതാണ്’.

ഇടിമുറികള്‍ക്ക് പകരമായി കോളേജ് കണ്ടെത്തിയ പുതിയ പ്രതികാര നടപടിയാണ് പരീക്ഷകളില്‍ തോല്‍പ്പിക്കുക തുടങ്ങി വിദ്യാഭ്യാസ കാര്യങ്ങളില്‍ കൈകടത്തി മാനസികമായി പീഡിപ്പിക്കുക എന്നതെന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇത്രയും തെളിവുകള്‍ കൊണ്ടു വന്നിട്ടും മാനേജ്‌മെന്റിന് യാതൊരു കൂസലുമില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം പാമ്പാടി നെഹ്‌റു കോളേജിലെ ഫർമസി വിദ്യാർത്ഥികളെ പരീക്ഷയിൽ കരുതി കൂട്ടി പരാജയപ്പെടുത്തി എന്ന ആരോപണം തെറ്റാണെന്നു കോളേജിലെ അധ്യാപകർ പ്രതികരിച്ചു. വൈവ പരീക്ഷയിൽ വിദ്യാർത്ഥികളുടെ പ്രകടനം മോശമായതിനാലാണ് മാർക്ക് ഷീറ്റിൽ വെട്ടി തിരുത്തൽ നടത്തിയതെന്നും ജിഷ്ണുവിന്റെ മരണത്തിനു മുൻപ് നടന്ന പരീക്ഷകളിലും ഇപ്പോൾ ആരോപണമുന്നയിക്കുന്ന വിദ്യാർത്ഥികൾ പരാജയപ്പെട്ടിട്ടുണ്ടെന്നും അധ്യാപകർ ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തിൽ ഇത് വരെയും പ്രതികരിക്കാൻ മാനേജ്‌മെന്റോ അധ്യാപകരോ തയ്യാറായിരുന്നില്ല. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് നെഹ്റു കോളേജിലെ അഞ്ച് അധ്യാപകർ ചേർന്ന് പത്ര സമ്മേളനം നടത്തിയത്.

അതിനിടെ അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് പരിഗണിച്ച സർവകലാശാല വിദ്യാർത്ഥികളുടെ ആരോപണത്തിൽ വാസ്തവമുണ്ട് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ട മൂന്ന് കുട്ടികൾക്കും നെഹ്റു കോളേജിന് പുറത്ത് മറ്റേതെങ്കിലും കേന്ദ്രത്തിൽ വച്ച് പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യ സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍