പരക്കുനിക്കാരെ വഞ്ചിച്ചിട്ടില്ലെന്നും കോളനിക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മഞ്ജു വാര്യര്‍ പറയുമ്പോള്‍ തങ്ങളെ ആരും തെറ്റിദ്ധരിപ്പിച്ചതല്ലെന്നും, മഞ്ജു നേരിട്ടു വന്ന് പറഞ്ഞ കാര്യങ്ങളാണിതെന്നുമാണ് ആദിവാസികള്‍ പറയുന്നത്
“എല്ലാ വര്‍ഷവും മഴക്കാലത്ത് പുഴക്കരയിലെ മണ്ണിടിയും. വീടുകളില്‍ വെള്ളം കയറും. പഞ്ചായത്ത് അധികൃതരൊക്കെ വന്ന് മാറ്റിത്താമസിപ്പിക്കാം എന്നു പറഞ്ഞിട്ടു പോകും. അതിനുള്ള നടപടി മാത്രം എടുക്കില്ല. മാറിത്താമസിക്കാന്‍ ചിലര്‍ക്കൊക്കെ ശരിക്കും ആഗ്രഹമുണ്ട്. പക്ഷേ, മിക്കപേര്‍ക്കും ഇവിടെത്തന്നെ ജീവിക്കാനാണ് താല്‍പര്യം, കൂടുതല്‍ മെച്ചപ്പെട്ട വീടുകളില്‍”, വയനാട് പനമരത്തെ പരക്കുനി ആദിവാസി കോളനിയെക്കുറിച്ചാണ് വിഷ്ണു സംസാരിക്കുന്നത്. വിഷ്ണുവിന്റേതടക്കം 68 കുടുംബങ്ങള്‍ താമസിക്കുന്ന പരക്കുനി കോളനിയില്‍ മഴക്കാലക്കെടുതികള്‍ ഒരു പുതിയ സംഭവമല്ല. വര്‍ഷം തോറും മഴക്കാലങ്ങളില്‍ കിടന്നുറങ്ങാന്‍ പോലുമിടമില്ലാതെ കഷ്ടപ്പെടുന്നവരാണ് പരക്കുനിയിലുള്ളത്. എത്രയോ നാള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിട്ടും ഈയടുത്താണ് പരക്കുനി കോളനി വാര്‍ത്തകളില്‍ നിറയുന്നത്, അതും ചലച്ചിത്ര നടി മഞ്ജു വാര്യരുടെ പേരില്‍. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ വീടുവച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കിയത് പരക്കുനിയിലുള്ളവര്‍ക്കാണ്. മഞ്ജു വാര്യര്‍ മാത്രമല്ല, ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പരക്കുനിക്കാര്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. ഒന്നും നടത്തിയിട്ടില്ലെന്നു മാത്രം.
പനമരം പുഴ നിറഞ്ഞൊഴുകുന്ന ഓരോ മഴക്കാലവും പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ദുഃസ്വപ്‌നമാണ്. പുഴയോടു ചേര്‍ന്ന് മണ്ണിടിയുന്നതും വീടുകള്‍ ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായി മാറുന്നതുമാണ് പ്രധാന പ്രശ്‌നങ്ങള്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം തന്നെ നിര്‍മിച്ചു നല്‍കിയിട്ടുള്ള വീടുകള്‍ക്ക് ആദ്യഘട്ടം മുതല്‍ക്കേ അപാകതകളുണ്ടായിരുന്നതായും, ചെറിയ മഴയ്ക്കു പോലും ചോര്‍ന്നൊലിച്ചിരുന്നതായും കോളനിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വേണ്ടത്ര ശുചിമുറികളും മറ്റുമില്ലാത്തതും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. പ്രധാന നിരത്തുകളില്‍ നിന്നും അല്പം ഉള്ളിലേക്കുമാറി, അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള പണിയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന കോളനിയാണ് പരക്കുനി. അടിയ വിഭാഗത്തില്‍ നിന്നുള്ളവരും, ഏതാനും കുറിച്യ കുടുംബങ്ങളും ഇവിടെയുണ്ട്. ഓരോ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും തിരിച്ചുമുള്ള പറിച്ചുനടല്‍ പരക്കുനിക്കാരുടെ ജീവിതരീതി തന്നെയായി മാറിക്കഴിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളായി.
“വെള്ളപ്പൊക്കം എല്ലാ കാലത്തും ഒരു വലിയ പ്രശ്‌നമാണ്. വെള്ളം കയറുമ്പോള്‍ സ്വാഭാവികമായും പുഴയുടെ വശത്ത് മണ്ണിടിഞ്ഞു പോകും. സ്ഥലം തന്നെ വലിയ തോതില്‍ അങ്ങനെ ഇല്ലാതായിപ്പോകുന്നുണ്ട്. ആ ഭാഗത്ത് ഒന്ന് മണ്ണിടിയാത്ത തരത്തില്‍ കെട്ടിത്തരാനൊക്കെ ഞങ്ങള്‍ ആവശ്യമുന്നയിച്ചതാണ്. വര്‍ഷങ്ങളായി ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ കെട്ടിത്തന്ന വീടുകളും പൊട്ടിപ്പൊളിഞ്ഞു തുടങ്ങി'”, പരക്കുനിയിലെ ജീവിതാവസ്ഥകളെക്കുറിച്ച് വിഷ്ണു പറയുന്നതിങ്ങനെ. എല്ലാ വര്‍ഷത്തേയും പോലെയൊരു വെള്ളപ്പൊക്കവും മഴക്കാലക്കെടുതിയും പ്രതീക്ഷിച്ചിരുന്ന പരക്കുനി കോളനിയെയാകെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് പ്രളയവുമെത്തിയത്. സാധാരണ ഉണ്ടാകാറുള്ളതിനെക്കാള്‍ എത്രയോ ഇരട്ടി ശക്തിയില്‍ ഇരച്ചു കയറിയ വെള്ളവും മണ്ണിടിച്ചിലും കൂടിയായപ്പോള്‍ ചെറിയ കേടുപാടുകള്‍ ഉണ്ടായിരുന്ന വീടുകളില്‍ പലതും നിലം പൊത്തി. ഷെഡുകള്‍ കെട്ടിപ്പൊക്കി അതില്‍ ജീവിച്ചിരുന്നവര്‍ക്ക് പൊടുന്നനെ വീടില്ലാതായി. വെള്ളപ്പൊക്കത്തിലും തകരാതെ ബാക്കി നിന്ന വീടുകളാകട്ടെ, ഏതു നിമിഷവും തകര്‍ന്നു വീഴും എന്ന അവസ്ഥയിലുമായി. ജീവിതകാലത്തിനിടയില്‍ എത്രയോ തവണ മഴക്കെടുതികളോട് പടവെട്ടിയിട്ടുള്ള പരക്കുനിക്കാര്‍ പക്ഷേ, പ്രളയത്തിനു മുന്നില്‍ പകച്ചു പോകുക തന്നെ ചെയ്തു.
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു വിട്ടതിനൊപ്പമാണ് കോളനിയില്‍ വെള്ളം കയറിയത്. വീടുകളിലുണ്ടായിരുന്ന വസ്തുക്കളും രേഖകളുമടക്കം എല്ലാം വെള്ളം കൊണ്ടു പോകുകയും ചെയ്തു. പതിവു പോലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കോളനിക്കാര്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് പാടേ തകര്‍ന്നു പോയ വീടുകളാണ്. കമ്പുകള്‍ക്കു മേല്‍ പ്ലാസ്റ്റിക് ഷീറ്റും മറ്റും വിരിച്ച് മണ്ണില്‍ കിടപ്പു തുടങ്ങിയ പരക്കുനി കോളനിക്കാരുടെ കഷ്ടതകള്‍ പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നതാണ്. വാര്‍ത്തകള്‍ ശ്രദ്ധിച്ച സംഘടനകളും കൂട്ടായ്മകളും താല്‍ക്കാലികമായി ചില ആശ്വാസങ്ങളെത്തിച്ചെങ്കിലും, ദീര്‍ഘകാലമായി ഇവര്‍ ആവശ്യപ്പെടുന്ന തീര്‍ത്തും ന്യായമായ കാര്യങ്ങളെല്ലാം ചര്‍ച്ചകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയും ചെയ്തു. എങ്കിലും, പ്രളയമെടുത്തു കളഞ്ഞ വീടുകള്‍ക്കു പകരം സര്‍ക്കാര്‍ പദ്ധതികള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ക്കായി ഇവരില്‍ ചിലര്‍ മുന്നിട്ടിറങ്ങുക തന്നെ ചെയ്തു. എല്ലാ വര്‍ഷത്തേയും ശീലമായി മാറിക്കഴിഞ്ഞ ഈ ദുരിതം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആഗ്രഹവുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം ഇവര്‍ക്ക് വിനയായി മാറിയ കാര്യം തിരിച്ചറിയുന്നത്.
വെള്ളപ്പൊക്ക ദുരിതശ്വാസത്തില്‍ വീടു വയ്ക്കാനുള്ള ഫണ്ടിന്റെ പട്ടികയിലും ലൈഫ് ഭവനനിര്‍മാണ ഫണ്ടിന്റെ പട്ടികയില്‍പ്പോലും പരക്കുനിക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ ഏറ്റവും ആവശ്യമുള്ള ജനവിഭാഗത്തിനു തന്നെ നിഷേധിക്കപ്പെട്ടതിന്റെ കാരണമന്വേഷിച്ചവര്‍ക്ക് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ കൊടുത്ത വാഗ്ദാനങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ലഭിച്ചത്. പ്രളയത്തിനും മുന്‍പാണ് മഞ്ജു വാര്യരുടെ ഫൗണ്ടേഷന്‍ പരക്കുനിയിലേക്ക് കടന്നുവരുന്നത്. ഒരു കോടി എണ്‍പതു ലക്ഷം രൂപ ചെലവിട്ടുകൊണ്ടുള്ള പദ്ധതിയെക്കുറിച്ച് 2017 ജനുവരിയില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. പൂര്‍ണമായും നശിച്ചു പോയ വീടുകള്‍ കെട്ടിയുണ്ടാക്കിക്കൊടുക്കുക, അല്ലാത്തവ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയും പെയിന്റടിച്ചും പൂര്‍ണമായി വാസയോഗ്യമാക്കുക എന്നിങ്ങനെ പല ഉറപ്പുകളും മഞ്ജു വാര്യരും സംഘവും നല്‍കിയിരുന്നതായി കോളനിക്കാര്‍ പറയുന്നുണ്ട്. “കോളനി ഡെവലപ്പാക്കിത്തരാം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. നേരിട്ടു തന്നെ വന്ന് പറഞ്ഞ കാര്യമാണ്. അതിനുവേണ്ടി ഒരുപാട് മീറ്റിംഗുകളും ഒക്കെ നടത്തിയിട്ടുണ്ട്. കുറേ പരിപാടികളെക്കുറിച്ച് അന്നൊക്കെ പറഞ്ഞിരുന്നു. അതിനു ശേഷം പിന്നെ ഒരു അനക്കവുമില്ല. ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്ക് വീടൊക്കെ നിര്‍മിച്ചു കൊടുത്തിട്ടുള്ള ഒരു സംഘമാണ് കോണ്‍ട്രാക്ട് എടുത്തിട്ടുള്ളത് എന്നൊക്കെയാണ് അന്നു പറഞ്ഞിരുന്നത്. രണ്ടു വര്‍ഷമായില്ലേ. ഞങ്ങള്‍ തന്നെ എല്ലാം മറന്നു പോയി.”
മഞ്ജു വാര്യരുടെ പദ്ധതി ജില്ലാ കലക്ടര്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രി എന്നിവര്‍ക്കൊപ്പം പനമരം പഞ്ചായത്തു കൂടി അംഗീകരിച്ചതോടെ, അത് രേഖപ്പെടുത്തപ്പെട്ടു. പിന്നീടു വന്ന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നെല്ലാം പരക്കുനി പുറത്താകുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനം പോലുള്ള കാര്യങ്ങളില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം വഞ്ചിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് പനമരം പഞ്ചായത്ത് മെംബര്‍മാര്‍ക്കും ഈ വിഷയത്തിലുള്ളത്. മെംബര്‍മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കോളനിവാസികളുടെയും കൂട്ടായ നേതൃത്വത്തില്‍ ഇന്ന് മഞ്ജു വാര്യരുടെ തൃശ്ശൂരിലെ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരമാരംഭിക്കാന്‍ പോകുകയാണ്. വീടുകള്‍ക്കു പുറമേ ലൈബ്രറി, ശുചിമുറികള്‍, തൊഴില്‍ പരിശീലനം എന്നിവയടക്കമുള്ള സമഗ്രപദ്ധതികള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച ശേഷം, രണ്ടു വര്‍ഷമായിട്ടും തങ്ങള്‍ തകര്‍ന്ന വീടുകളില്‍ താമസിക്കേണ്ടിവരുന്നതെന്താണെന്നാണ് ഇവര്‍ക്കു ചോദിക്കാനുള്ളത്.
അതേസമയം, പരക്കുനിക്കാരെ താന്‍ വഞ്ചിച്ചിട്ടില്ലെന്നും ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമുള്ള മഞ്ജുവിന്റെ പ്രതികരണവും പുറത്തു വന്നിരുന്നു. ഫൗണ്ടേഷന് ഒറ്റയ്ക്ക് സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നെന്നും, സര്‍വേ അടക്കമുള്ള നടപടികള്‍ കഴിഞ്ഞിരുന്നതാണെന്നും മഞ്ജു വിശദീകരിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ പദ്ധതി നിലനില്‍ക്കുന്നതു കാരണം മറ്റു സഹായങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മഞ്ജു വാര്യര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തങ്ങളെ ആരും തെറ്റിദ്ധരിപ്പിച്ചതല്ലെന്നും, മഞ്ജു നേരിട്ടു വന്ന് പറഞ്ഞ കാര്യങ്ങളാണിതെന്നും കോളനിക്കാര്‍ പറയുന്നുണ്ട്. ഫണ്ടു തട്ടിക്കാനുള്ള പല വഴികളിലൊന്നായിരിക്കും ഇതുമെന്ന് തോന്നിയിരുന്നെങ്കിലും ഫൗണ്ടേഷനെ വിശ്വസിച്ചിരുന്നുവെന്ന് പരക്കുനിക്കാര്‍ പറയുമ്പോഴാണ്, വര്‍ഷങ്ങളായി അവകാശങ്ങള്‍ റദ്ദു ചെയ്യപ്പെട്ടവരുടെ പ്രതീക്ഷകളാണ് തകര്‍ക്കപ്പെട്ടതെന്ന് തിരിച്ചറിയാനാകുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ഇത്രനാളിനിടെ ആരംഭിക്കാത്ത സ്ഥിതിക്ക് ഇനി ആരേയും വിശ്വാസത്തിലെടുക്കേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം. കഴിഞ്ഞ ദിവസം കോളനിക്കാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുടില്‍ കെട്ടി സമരം ചെയ്യാനുള്ള തീരുമാനം വെളിപ്പെടുത്തുന്നത്. വര്‍ഷം തോറും മഴവെള്ളവുമായി നടത്തിപ്പോരുന്ന മല്‍പ്പിടിത്തം ഇനി തങ്ങള്‍ക്കു വേണ്ടെന്ന് ഉറച്ച വിശ്വാസത്തിലാണിവര്‍. അര്‍ഹമായ സഹായങ്ങള്‍ ലഭിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് പരക്കുനിക്കാരുടെ തീരുമാനം.