UPDATES

ഞങ്ങളുടെ ദാഹത്തേക്കാള്‍ വലുതാണോ സര്‍ക്കാരിന് തമിഴ്നാട്? ചിറ്റൂര്‍ ഉണങ്ങുകയാണ്; പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ചിട്ടും നടപടിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെങ്കിലും മറുപടിയുണ്ടായിട്ടില്ല

സര്‍ക്കാരേ, നിങ്ങളുടെ മൗനം കേരളത്തിന്റെ നെല്ലറയെ ഇല്ലായ്മ ചെയ്യുകയാണ്. വെള്ളം മുഴുവനും തമിഴ്‌നാട് ഊറ്റിക്കൊണ്ട് പോവുമ്പോള്‍, കരാര്‍ പ്രകാരമുള്ള വെള്ളം പോലും കേരളത്തിന് നല്‍കാതിരുന്നിട്ടും സര്‍ക്കാര്‍ പാലിക്കുന്നത് അനങ്ങാപ്പാറ നയം. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം വ്യക്തമായിട്ടും നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കടുത്ത വരള്‍ച്ചയില്‍ രണ്ടാംകൃഷി പൂര്‍ണമായും നശിച്ച കേരളത്തിന്റെ നെല്ലറയായ ചിറ്റൂര്‍ കാത്തിരിക്കുന്നത് ഒന്നാം കൃഷിയുടെ നാശവും കര്‍ഷക ആത്മഹത്യകളുമാണ്. കുടിവെള്ളം കിട്ടാതെ, കൃഷി ചെയ്യാന്‍ വെള്ളം കിട്ടാതെ ചിറ്റൂര്‍ വലഞ്ഞപ്പോഴും തമിഴ്‌നാടിന്റെ ദാഹമകറ്റി സര്‍ക്കാര്‍ മാതൃക കാട്ടുകയായിരുന്നു. ചിറ്റൂരിലെ കൃഷിക്ക് കരാര്‍ പ്രകാരം അനുവദിക്കേണ്ട വെള്ളം പോലും നല്‍കാതെ തമിഴ്‌നാട് വെള്ളം കൊണ്ട് പോവുകയാണ്. ചിറ്റൂരിലെ കര്‍ഷക കുടുംബങ്ങള്‍ പലരും വെള്ളം കിട്ടാതെ കൃഷി ഉപേക്ഷിച്ചു. ഇപ്പോഴും കൃഷിയില്‍ തുടരുന്നവര്‍ ആത്മഹത്യയുടെ വക്കിലുമാണ്. ചിറ്റൂരിലെ പരമ്പരാഗത കര്‍ഷകനായ ഗോവിന്ദരാജ് ചോദിക്കുന്നത് ഒരു ചോദ്യം മാത്രം, ‘തമിഴ്‌നാടിന്റെ ദാഹത്തിന് ചിറ്റൂരുകാരുടെ ദാഹത്തിനേക്കാള്‍ സര്‍ക്കാര്‍ വിലയിട്ടോ?’

ഗോവിന്ദരാജിന്റെ ചോദ്യത്തിന് പിന്നില്‍ തമിഴ്‌നാടിനോടുള്ള വിരോധമല്ല, അവര്‍ക്ക് വെള്ളം നല്‍കുന്നതിലുള്ള അതൃപ്തിയുമല്ല. പകരം അതേ പ്രാധാന്യം തീര്‍ത്തും നിസ്സഹായരായിത്തീര്‍ന്ന തങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം. ‘തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതില്‍ എനിക്കോ, മറ്റ് കര്‍ഷകര്‍ക്കോ ഒരുവിധ വിരോധവുമില്ല. വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കോ, അതിര്‍ത്തികള്‍ക്കോ ഒരു പ്രാധാന്യവുമില്ല. അവര്‍ക്കും കുടിവെള്ളം വേണം. പക്ഷെ നമുക്കും വേണം. ചിറ്റൂരിന് ചുറ്റോട് ചുറ്റ് ഡാമുകളും പുഴകളുമുള്ളപ്പോഴാണ് ഇവിടെ കഴിഞ്ഞ വേനലില്‍ കുടിവെള്ളം പോലും കിട്ടാനില്ലാഞ്ഞത്. കൃഷി എല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യും? രണ്ടാം കൃഷി ഇറക്കിയത് വലിയ നഷ്ടമായിരുന്നു. കരിഞ്ഞുണങ്ങിപ്പോയി. ഇപ്പോള്‍ ഒന്നാം കൃഷി ഇറക്കിയിരിക്കുകയാണ്. പക്ഷെ അതിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷകള്‍ വയ്ക്കേണ്ടതില്ല എന്ന സൂചനയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വര്‍ഷാവര്‍ഷം കയ്യിലുള്ളത് മുഴുവന്‍ ചെലവാക്കിയും കടംവാങ്ങിയുമൊക്കെയാണ് കൃഷി ഇറക്കുന്നത്. ചിറ്റൂരിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലെ ഒരു വരള്‍ച്ചയും ജലക്ഷാമവും ഉണ്ടായിട്ടില്ല. മൂന്ന്, നാല് വര്‍ഷമായി വരള്‍ച്ച ശക്തമാണ്. പക്ഷെ കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവുമാണ് ഏറ്റവും അധികം നാശമുണ്ടാക്കിയത്. ഇങ്ങനെപോയാല്‍ നെല്ലറയൊക്കെ ഇതോടെ തീരും. ഇവിടെ ഒരു കൃഷിയുമുണ്ടാവില്ല. ഇപ്പോള്‍ തന്നെ പലരും നെല്‍കൃഷി വിട്ട് വെളളം അധികം ആവശ്യമില്ലാത്ത വിളകളിലേക്ക് മാറി. പലരും കൃഷിപ്പണി തന്നെ ഉപേക്ഷിച്ച് പോയി. കര്‍ഷക ആത്മഹത്യകള്‍ ഇവിടെ നിന്ന് ഇനി കേള്‍ക്കാനിരിക്കുന്നതേയുള്ളൂ’- കര്‍ഷകനായ ഗോവിന്ദരാജിന് വെള്ളം കിട്ടുന്നില്ലെന്നും, അതിനാല്‍ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നും മാത്രമേ അറിയൂ.

ചിറ്റൂരിന് വെള്ളം ലഭിക്കാത്തത് കേരളവും തമിഴ്‌നാടുമായി 59 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തമിഴ്‌നാട് പാലിക്കാത്തതിനാലാണ്. കരാറിന്റെ നഗ്നമായ ലംഘനമാണ് തമിഴ്‌നാട് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 7.2 ടി.എം.സി ഫീറ്റ് വെള്ളം കേരളത്തിന് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ആദ്യകാലങ്ങളില്‍ ഇത് നടപ്പാവുകയും ചെയ്തു. എന്നാല്‍ പിന്നീട് വെള്ളം നല്‍കുന്നതിന്റെ അളവില്‍ വലിയ കുറവ് വന്നു.

കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണി പറയുന്നു:‘ തമിഴ്‌നാടിനായി ഉണ്ടാക്കിയ കരാറാണിത്. കേരളത്തിന്റെ ആവശ്യങ്ങളെ പാടേ അവഗണിച്ചുകൊണ്ട് ഉണ്ടാക്കിയ കരാര്‍. ആദ്യമൊക്കെ കരാര്‍ പ്രകാരം വെള്ളം തന്നിരുന്നെങ്കിലും പിന്നീട് അളവില്‍ വലിയ കുറവ് വന്നു. കഴിഞ്ഞ രണ്ടാം വിള ചിറ്റൂര്‍ മേഖലയില്‍ മുഴുവനായും നശിച്ചു. അതിന് ശേഷവും വെള്ളം കിട്ടിയിട്ടില്ല. ഇപ്പോള്‍ ഒന്നാം വിളയും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ ഇതേപോലെ തുടരണമെന്നുള്ളത് തമിഴ്‌നാടിന്റെ എക്കാലത്തേയും ആഗ്രഹമാണ്. കാരണം നേട്ടം അവര്‍ക്കും കോട്ടം കേരളത്തിനുമാണ്. കേരളത്തിനുള്ള 7.25 ടി.എം.സിയും തമിഴ്‌നാടിനുള്ള 16.5 ടി.എം.സിയും എടുത്തുകഴിഞ്ഞ് അധികവെള്ളം ഉണ്ടാവുകയാണെങ്കില്‍ ആദ്യത്തെ 2.5 ടി.എം.സിയും ചിറ്റൂര്‍ പുഴയ്ക്ക് തരണം. ബാക്കിയുള്ളത് ചാലക്കുടിപ്പുഴയിലേക്കും ഒഴുക്കണം. ഇതാണ് കരാര്‍. എന്നാല്‍ ഇതൊന്നും തമിഴ്‌നാട് പാലിക്കുന്നില്ല. പറമ്പിക്കുളത്തുള്ള 8 ടി.എം.സി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞമാസം എട്ടാം തീയതി മുതല്‍ കോണ്ടൂര്‍ കനാല്‍ വഴി എണ്ണൂറിനും ആയിരത്തിനുമിടക്ക് ക്യുഫെക്‌സ് വെള്ളം അവര്‍ തിരുമൂട്ടിയിലേക്ക് കൊണ്ടുപോവുകയാണ്. ഇത് വലിയ അളവാണ്. അതായത് കോണ്ടൂര്‍ കനാലില്‍ ആന വീണാല്‍ പോലും തള്ളിനീക്കിക്കൊണ്ടു പോവാന്‍ തക്ക ശേഷിയുള്ള ഒഴുക്കുണ്ട്.

"</p

ആളിയാറില്‍ വെള്ളം ഇല്ലാതിരിക്കുകയും പറമ്പിക്കുളത്ത് വെള്ളമുണ്ടാവുകയും ചെയ്താല്‍ സാധാരണഗതിയില്‍ ചെയ്യേണ്ടത് കേരളത്തിന് തരാനുള്ള വെള്ളം പറമ്പിക്കുളത്തു നിന്ന് ആളിയാര്‍ ഭാഗത്തേക്കിറക്കി ചിറ്റൂര്‍ ഭാഗത്തേക്ക് തരണം. പറമ്പിക്കുളത്തും ആളിയാറിലും വെള്ളം ശേഖരിച്ച് വയ്ക്കുകയും, കേരളം ആവശ്യപ്പെടുമ്പോള്‍ കണക്ക് പ്രകാരമുള്ള വെള്ളം തരികയും വേണം. എന്നാല്‍ ഇതൊന്നും ചെയ്യുന്നില്ല. കേരളത്തിന് വെള്ളം നല്‍കാതെ തമിഴ്‌നാട് മുഴുവന്‍ വെള്ളവും കൊണ്ടുപോവുന്നത് കരാര്‍ സംഘനമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചും കാണുന്നില്ല. ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തമിഴ്‌നാടിനെ പിണക്കാന്‍ പാടില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

തമിഴ്‌നാടും കര്‍ണാടകയും ജലപ്രശ്‌നം വന്നപ്പോള്‍ തമിഴ്‌നാട് അതിനെതിരെ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു. പ്രക്ഷോഭങ്ങളും, നിയമനടപടികളും ഉള്‍പ്പെടെ. ആ കാര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാടാണ് നമ്മള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടത്. കേരളത്തിന് അതിന് താത്പര്യമില്ല. ഭരണാധികാരികളില്‍ പലര്‍ക്കും തമിഴ്‌നാട്ടില്‍ താത്പര്യങ്ങളുണ്ട്. കഴിഞ്ഞതവണ ചിറ്റൂരിലെ കുടിവെള്ളം പോലും വറ്റിപ്പോയി. ഞങ്ങളുടെയൊന്നും ഓര്‍മ്മയില്‍ പോലും ഇതുപോലൊരു വരള്‍ച്ചയുണ്ടായിട്ടില്ല. 115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തിലൊരു വരള്‍ച്ചയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഒരു കാലത്ത് മൂന്ന് നെല്‍കൃഷി ഇറക്കിയിരുന്ന സ്ഥലമാണ്. ജലസമൃദ്ധമായ പ്രദേശമായിരുന്നു.’

ഓരോ മുപ്പത് കൊല്ലം കഴിയുമ്പോഴും കരാര്‍ പുന:പരിശോധന നടത്താവുന്നതാണ് എന്ന വ്യവസ്ഥ കരാറിലുണ്ട്. 1988ല്‍ പുന:പരിശോധിക്കാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും അതിന് സംസ്ഥാനം മുന്‍കയ്യെടുത്തില്ല. 2018 ആവുമ്പോള്‍ അടുത്ത മുപ്പത് വര്‍ഷമാവും. എന്നാല്‍ ഇരു സംസ്ഥാനങ്ങളും ഒരുപോലെ ആവശ്യപ്പെടുകയാണെങ്കില്‍ കരാര്‍ പുന:പരിശോധന നടത്താം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്. കേരളം ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചാലും തമിഴ്‌നാട് ഇതിന് തയ്യാറാവാനിടയില്ല എന്ന സംശയമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വക്കുന്നത്. തര്‍ക്കങ്ങള്‍ വന്നാല്‍ ആര്‍ബിട്രേറ്ററെ നിയമിക്കാം എന്ന് കരാറില്‍ പറഞ്ഞിരുന്നു. ഒരാളെക്കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിനും തമിഴ്‌നാടിനും ആര്‍ബിട്രേറ്റര്‍മാരെ നിയമിച്ച് അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യാം. അവര്‍ക്കും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ഇരുവരും ചേര്‍ന്ന് നിശ്ചയിക്കുന്ന മൂന്നാമതൊരാള്‍ക്ക് കൂടി അതില്‍ പങ്കു ചേരാം. അവര്‍ മൂവരുടേയും തീരുമാനം അന്തിമമായി കണക്കാക്കാം. എന്നാല്‍ കേരളം ഇതിന് വേണ്ടി ഒരു ശ്രമവും നടത്തിയിട്ടില്ല.

കരാറും നദികളും ലംഘനങ്ങളും
1958ല്‍ ഇ.എം.എസ്.സര്‍ക്കാരിന്റെ കാലത്താണ് ആദ്യ കരാര്‍ നിലവില്‍ വരുന്നത്. 1955ലാണ് തമിഴ്‌നാട് പദ്ധതിയുടെ പ്രൊപ്പോസല്‍ വയ്ക്കുന്നത്. ആ സമയത്ത് തന്നെ ഈ കരാര്‍ നല്ലതല്ലെന്ന് പനമ്പള്ളി ഗോവിന്ദ മേനോനടക്കം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. 58ല്‍ തത്വത്തില്‍ പദ്ധതി അംഗീകരിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ വക്കുകയുമായിരുന്നു. ജലം പങ്കുവയ്ക്കലിനുള്ള കരാര്‍ വരുന്നത് 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ്.

ഈ പദ്ധതിയില്‍ മൂന്ന് പുഴയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ. പെരിയാറില്‍ ഉപനദിയായ നീരാറാണ് പ്രോജക്ടിന്റെ ഭാഗമായി വരുന്നത്. നീരാറില്‍ നിന്ന് തമിഴ്‌നാട് ഷോളയാര്‍ ഡാമിലേക്ക് വെള്ളം കൊണ്ടുവരും. പിന്നീടത് പറമ്പിക്കുളം ഡാമിലേക്കും അവിടെ നിന്ന് തൂണക്കടവിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും കൊണ്ടുപോകും. ഇതില്‍ ഓരോ ഘട്ടത്തിലും അതത് പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ പങ്കും ഇതിനൊപ്പം ഒഴുക്കുന്നു. തമിഴ്‌നാട് ഷോളയാറില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വെള്ളം കൊണ്ടു പോകുന്ന വഴിയില്‍ ഷേളയാറില്‍ നിന്ന് തമിഴ്‌നാടിന് ലഭിക്കാവുന്ന വെള്ളവും ഒപ്പം ചേര്‍ക്കുന്നു. പറമ്പിക്കുളത്തുനിന്നും തൂണക്കടവില്‍ നിന്നും മുഴുവന്‍ വെള്ളവും തമിഴ്‌നാട് കൊണ്ടുപോവുന്ന സ്ഥിതിവിശേഷവുമാണ്. ഭാരതപ്പുഴയില്‍ ചിറ്റൂര്‍പ്പുഴ ഉപനദിയാണ് ഇതില്‍ പങ്കാളിയായിട്ടുള്ളത്. ചിറ്റൂര്‍പ്പുഴയുടെ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള അളിയാര്‍, പാലാര്‍ എന്നീരണ്ട് ഉപനദികളും ഇതില്‍ വരുന്നു. പെരിയാര്‍, ചാലക്കുടിപ്പുഴകളുടെ ഉപനദികളിലെ വെള്ളം ഈ പദ്ധതി വരുന്നതിന് മുമ്പ് നൂറ് ശതമാനവും കേരളത്തിലേക്ക് വന്നുകൊണ്ടിരുന്നതാണ്. മാത്രവുമല്ല, തമിഴ്‌നാടിന് ആ നദീതടങ്ങളില്‍ അതിന് ഉപയോഗവുമുണ്ടായിരുന്നില്ല. ചാലക്കുടിപ്പുഴത്തടത്തില്‍ വാല്‍പ്പാറയില്‍ മാത്രമാണ് വെള്ളം ആവശ്യമുള്ളത്. എന്നാല്‍ അവര്‍ ഇവിടെ നിന്നുള്ള ജലം എടുക്കുന്നില്ല. അതിനാല്‍ ഈ രണ്ട് നദീതടങ്ങളിലേയും വെള്ളം ഭാരതപ്പുഴത്തടത്തിലേക്കാണ് പോയിരുന്നത്.

പദ്ധതി തുടങ്ങുന്ന സമയത്ത് ചിറ്റൂര്‍പ്പുഴത്തടത്തില്‍ തമിഴ്‌നാടിന് കാര്യമായ കൃഷിയുണ്ടായിരുന്നില്ല. ഏതാണ്ട് ആറായിരത്തിലധികം ഏക്കര്‍ എന്നാണ് കണക്ക്. ആ സമയത്ത് ചിറ്റൂര്‍ പ്രദേശത്ത് ഇരുപതിനായിരം ഏക്കറിലധികം കൃഷിയുണ്ടായിരുന്നു. പദ്ധതി വന്നതിന് ശേഷം പെരിയാറില്‍ നീരാര്‍ എന്ന ഉപനദിയില്‍ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ 85 ശതമാനവും തമിഴ്‌നാട് കൊണ്ടുപോവുകയാണ്. 15 ശതമാനം മാത്രമാണ് കേരളത്തിലേക്ക് കിട്ടുന്നത്. ചാലക്കുടിപ്പുഴത്തടത്തില്‍ ആകെ അഞ്ച് ഡാമുകളാണ് ഈ പ്രോജക്ടിന്റെ ഭാഗമായി വന്നത്. ഇതില്‍ നാലെണ്ണം തമിഴ്‌നാട് നിര്‍മ്മിച്ചതും ഒരെണ്ണം കേരളത്തിന്റേതുമാണ്. തമിഴ്‌നാട് പണിത നാലില്‍ പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ മൂന്നെണ്ണം കേരളത്തിനകത്താണ്. തമിഴ്‌നാട് ഷോളയാര്‍ മാത്രമാണ് മലക്കപ്പാറയിലെ അതിര്‍ത്തിക്ക് അല്‍പ്പം മുകളിലായി സ്ഥിതിചെയ്യുന്നത്. കേരള ഷോളയാര്‍ കേരളം പണിതീര്‍ത്തതാണ്.

ജലം പങ്കുവയ്ക്കല്‍ കരാറില്‍ നാല് സ്ഥലങ്ങളില്‍ നിന്നുള്ള വെള്ളമാണ് പ്രധാനമായും കണക്കാക്കിയിരിക്കുന്നത്. ഒന്ന്, നീരാറില്‍ നിന്നാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ജനവരി 31 വരെ അപ്പര്‍ നീരാറില്‍ വരുന്ന വെള്ളം കേരളത്തിലേക്ക് തുറന്നുവിടണം. ബാക്കി എട്ടുമാസങ്ങളില്‍ തമിഴ്‌നാടിന് എടുക്കാം. ലോവര്‍ നീരാര്‍ ഡാം തമിഴ്‌നാട് കേരള അതിര്‍ത്തിക്കും, അപ്പര്‍നീരാര്‍ അണയ്ക്കും ഇടയ്ക്കുള്ള പ്രദേശത്തെ വെള്ളം ഉപയോഗിക്കാനുള്ളതാണ്. അവിടെയുള്ള വെള്ളം നൂറ് ശതമാനവും തമിഴ്‌നാടിന് കൊണ്ടുപോകാം. ഷോളയാര്‍ ഉപനദീതടത്തില്‍ നിന്ന് 12.3 ടി.എം.സി വെള്ളം കേരളത്തിനും, അധികമുള്ളത് തമിഴ്‌നാടിനും എന്നതാണ് കരാര്‍. പറമ്പിക്കുളത്തെ മൂന്ന് ഡാമുകളില്‍ 14 ടി.എം.സി തമിഴ്‌നാടിനും അധികമുള്ളത് കേരളത്തിനും എന്നാണ്. ചിറ്റൂര്‍ മേഖലയിലെ ഇരുപതിനായിരം ഏക്കര്‍ സ്ഥലത്തെ ജലസേചനം ഉറപ്പുവരുത്താനായി 7.25 ടി.എം.സി വെള്ളം നല്‍കണം എന്നുമാണ് കരാറില്‍ പറയുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.പി രവി പറയുന്നു: ‘പദ്ധതി തന്നെ കേരളത്തിന് ദോഷകരമായിരുന്നു. കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ മുഴുവന്‍ ബലികഴിക്കുന്നതുമായിരുന്നു. ഇപ്പോള്‍ ആ കരാര്‍ പോലും പാലിക്കുന്നില്ല എന്നതാണ്. അത് മൂന്നാമത്തെ ആഘാതമായി കണക്കാക്കാം. വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള കണക്കുകളുണ്ടാക്കിയതും എഗ്രീമെന്റ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നതും തമിഴ്‌നാടാണ്. ഇതില്‍ നീരാര്‍ നമുക്ക് മാറ്റി നിര്‍ത്താം. കാരണം അത് ഒരു പ്രത്യേക കാലാവധിയ്ക്കുള്ളില്‍ നടക്കുന്നതാണ്. എന്നാല്‍ മറ്റ് രണ്ടിടങ്ങളിലും കേരളത്തിന് ഇത്ര വെള്ളം നല്‍കണമെന്ന് പറയുകയും, അധികമുള്ളത് തമിഴ്‌നാടിന് എടുക്കാമെന്നുമാണ് പറഞ്ഞിട്ടുള്ളത്. ഒരിടത്ത് മാത്രം ആദ്യം തമിഴ്‌നാടിനും, അധികമുള്ളത് കേരളത്തിനും എന്നുമാണ് പറഞ്ഞിട്ടുള്ളത്. തമിഴ്‌നാടിന്റെ കഴിച്ച് കേരളത്തിന് അധികമുണ്ടെന്ന് പറയുന്ന പറമ്പിക്കുളം പ്രദേശത്ത് തമിഴ്‌നാടിന് വേണ്ടി കണക്കാക്കിയ വിഹിതം പോലും ഇല്ല. ആ പേരില്‍ അവര്‍ അവിടെയുള്ള വെള്ളം മുഴുവന്‍ കൊണ്ടുപോവുകയാണ്. 10 ടി.എം.സി മാത്രമേ അവിടെ കിട്ടുന്നുള്ളൂ. എന്നാല്‍ മറ്റ് രണ്ടിടങ്ങളിലും കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. അതിനാല്‍ കേരളത്തിന്റെ ആവശ്യം കഴിച്ച് തമിഴ്‌നാടിന് അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വെള്ളം ലഭിക്കുകയും ചെയ്തു. അധിക ജലത്തിന്റെ നേട്ടം മുഴുവന്‍ അവര്‍ക്ക് ലഭിക്കുകയും, എന്നാല്‍ ഒരു സ്ഥലത്ത് കുറഞ്ഞപ്പോള്‍ ഒരു തുള്ളി വെള്ളം കേരളത്തിനില്ലാത്ത അവസ്ഥയും വന്നു.

കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും മഴ കുറവായതിനാല്‍ വെള്ളം വളരെ കുറവാണ്. വെള്ളം കുറവായതിനാല്‍ കേരളത്തിന് നല്‍കേണ്ട വിഹിതം നല്‍കാതെ കുറേ വെള്ളം തമിഴ്‌നാട് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അവര്‍ക്കും വെള്ളം വേണം. അത് സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ പറമ്പിക്കുളത്ത് കരാര്‍ വ്യവസ്ഥ പൂര്‍ണമായും പാലിച്ചുകൊണ്ട് കേരളത്തിന് ഒരു തുള്ളി വെള്ളം പോലും നല്‍കാതിരിക്കുമ്പോള്‍ ഇവിടെ അത് ബാധകമല്ല, ഇവിടെ മഴ കുറവാണ്, ഞങ്ങള്‍ക്കും കുറവാണ് കിട്ടുന്നത്, ഇത്രയേ തരാന്‍ പറ്റൂ എന്ന് പറയുന്നത് ശരിയായ കാര്യമല്ല. കരാര്‍ പ്രകാരമാണെങ്കില്‍ ചിറ്റൂരിനുള്ള 7.25 ടി.എം.സി വെള്ളം നല്‍കാതെ തമിഴ്‌നാടിന് വെള്ളം എടുക്കാനാവില്ല. കഴിഞ്ഞ വര്‍ഷം 12.3 ടി.എം.സി ഷോളയാറില്‍ നിന്ന് കിട്ടേണ്ട സ്ഥാനത്ത് 8. 2 ടി.എം.സിയാണ്ഫീ കിട്ടിയത്. ചിറ്റൂരില്‍ ആകെ ലഭിച്ചത് ഏതാണ്ട് 4 ടി.എം.സിയാണ് കിട്ടിയത്. മഴ കുറയുന്നുണ്ട്, പ്രശ്‌നമുണ്ട് എന്നവര്‍ പറയുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും മുന്നില്‍ വച്ച് കരാര്‍ പുനരവലോകനം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം’.

തമിഴ്‌നാട് പൂര്‍ണമായും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയും, അതേ സമയം സംസ്ഥാന സര്‍ക്കാര്‍ അതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. മുമ്പ് 2004ല്‍ ശക്തമായ വരള്‍ച്ചയുണ്ടായപ്പോള്‍ കേരളം ശക്തമായ മറുപടി നല്‍കിയിരുന്നു. ആ സമയത്ത് ചിറ്റൂരില്‍ കടുത്ത വരള്‍ച്ച വന്നു. പലവട്ടം അഭ്യര്‍ഥിച്ചിട്ടും വെള്ളം വിട്ടുകൊടുക്കാന്‍ തമിഴ്‌നാട് തയ്യാറായതുമില്ല. ആ സമയത്ത് ടി.എം. ജേക്കബ് ആയിരുന്നു ജലസേചനവകുപ്പ് മന്ത്രി. നെയ്യാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊടുക്കുന്നത് നിര്‍ത്തി അദ്ദേഹം തമിഴ്‌നാടിന് താക്കീത് നല്‍കി. എന്നാല്‍ അതോടെ തുടര്‍ന്നുള്ള കുറേ വര്‍ഷങ്ങളില്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തമിഴ്‌നാട് മിക്കവാറും പാലിച്ചു.

പിന്നീട് 2013 മുതലാണ് തമിഴ്‌നാട് കരാര്‍ ലംഘനം തുടങ്ങുന്നത്. ‘കഴിഞ്ഞ വേനലില്‍ നടപടികളെടുക്കാന്‍ സാധ്യതകളുണ്ടായിരുന്നു. ശിരുവാണിയിലെ വെള്ളം ഒരു ദിവസം പിടിച്ചുവക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇന്ന് കരാര്‍ അതിന്‍പ്രകാരം തന്നെ നടപ്പായേനെ. ശിരുവാണിയില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് വെള്ളമെത്തുന്നത്. കരാര്‍ ലംഘിക്കുന്നുവെന്ന് നിരന്തരം അറിയിക്കുകയും കത്തയയ്ക്കുകയും ചെയ്തിട്ടും തമിഴ്‌നാട് അത് കൂട്ടാക്കാതെയിരിക്കുമ്പോള്‍ ഇതുപോലുള്ള മാര്‍ഗങ്ങളേ പരിഹാരമായുള്ളൂ. കഴിഞ്ഞ വേനല്‍ക്കാലത്ത് ശിരുവാണിയിലെ വെള്ളം മുഴുവന്‍ തീര്‍ന്നു. കോയമ്പത്തൂരിന് കുടിവെള്ളമില്ലാതായി. അപ്പോള്‍ ശിരുവാണിയിലെ ഡെഡ് സ്‌റ്റോറേജില്‍ നിന്ന് വെള്ളം വേണമെന്ന് തമിഴ്‌നാട് ആവശ്യമുന്നയിച്ചു. അത് കൊടുക്കാന്‍ നമ്മള്‍ തീരുമാനിച്ചു. കൊടുക്കുകയും ചെയ്തു. അത് കൊടുക്കുന്നതിലല്ല തെറ്റ്. അപ്പോഴും കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് നോക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചിറ്റൂരില്‍ കുടിവെള്ളം പോലുമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടിയിരുന്ന സമയമാണ്’- എസ്.പി രവി തുടര്‍ന്നു.

കരാര്‍ ലംഘന വിഷയം കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെങ്കിലും മറുപടിയുണ്ടായിട്ടില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍