UPDATES

മണ്ഡലങ്ങളിലൂടെ

വെയ്റ്റ് ആന്‍ഡ് സീ; എറണാകുളം പറയുന്നത് ഇങ്ങനെയാണ്

എറണാകുളം പൊതുവില്‍ യുഡിഎഫ് അനുഭാവം പുലര്‍ത്തുന്നൊരു മണ്ഡലമാണ്. ആകെയുള്ള ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫും മൂന്നിടങ്ങളില്‍ എല്‍ഡിഎഫും ആണ്

മെട്രോ റെയിലിന്റെയും ഫ്‌ളൈ ഓവറിന്റെയും നിര്‍മാണം ഒരുപോലെ നടക്കുകയാണ് വൈറ്റില ജംഗ്ഷനില്‍. കേരളത്തിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷന്‍ കൂടിയായ വൈറ്റിലയില്‍ ജനങ്ങളും വാഹനങ്ങളും തിങ്ങിനിരങ്ങിയെന്നപോലെയാണ് ഓരോ അടിയും മുന്നോട്ടുപോകുന്നത്. ശരീരം പൊള്ളിക്കുന്ന ചൂടും കൂടിയാകുന്നതോടെ വൈറ്റിലയിലെത്തുന്നവരെല്ലാം എരിപൊരിസഞ്ചാരം കൊണ്ടാണ് നില്‍ക്കുന്നത്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാനോ സംസാരിക്കാനോ ഒന്നിനും സമയമില്ല. ഹബ്ബിലേക്ക് പോകാന്‍ റോഡ് ക്രോസ്സ് ചെയ്യാന്‍ കെഎച്ച്ജിക്കാരന്റെ ഇടപെടലും കാത്തു നില്‍ക്കുന്നതിനിടയില്‍ ഒരു ചിരി തന്നതിന്റെ ബലത്തില്‍ തൃപ്പൂണിത്തുറക്കാരന്‍ സ്വാമിനാഥനോട് തെരഞ്ഞെടുപ്പിനെ കുറിച്ചു ചോദിച്ചു. എറണാകുളത്ത് കാണുന്നവരെല്ലാം എറണാകുളംകാരാകില്ല. കാസറഗോട്ടെ വോട്ടര്‍ തൊട്ട് തിരുവനന്തപുരത്തെ വോട്ടര്‍വരെ എറണാകുളത്തുണ്ട്. എന്തായാലും സ്വാമിനാഥന്‍ തൃപ്പൂണിത്തുറക്കാരനാണ്, എറണാകുളം മണ്ഡലത്തിലെ വോട്ടര്‍. “വോട്ട് ചെയ്യണം, അതെല്ലാ തെരഞ്ഞെടുപ്പിലും ചെയ്യണതാണല്ലോ… പിന്നെ ആര്‍ക്കു ചെയ്യുമെന്നു ചോദിച്ചാല്‍, അതിപ്പോ…” പറഞ്ഞു തീര്‍ക്കും മുന്നേ കെഎച്ച്ജിക്കാരന്‍ വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി കാല്‍നടക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിച്ചു. സ്വാമിനാഥനെ ആ തിരക്കിനിടയില്‍ നഷ്ടമായി…

എറണാകുളം മണ്ഡലത്തിന്റെ അവസ്ഥ ഇങ്ങനെ തന്നെയാണ്. എന്താണ്, ഏതാണെന്നു വ്യക്തമായൊരു ഉത്തരം കിട്ടുന്നില്ല. പ്രവചാനീതീതം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും അത്രയെളുപ്പം പ്രവചിക്കാനും പറ്റുന്നില്ല. ജെട്ടി… മേനക… കച്ചേരിപ്പടി… കലൂര്‍ എന്നാവര്‍ത്തിച്ചു വിളിച്ചു യാത്രക്കാരെ ബസില്‍ കയറ്റുന്നതിനിടയില്‍ അല്‍പ്പം അസ്വസ്ഥനായിട്ടാണെങ്കിലും പള്ളൂരുത്തിക്കാരന്‍ സിജോ പങ്കുവച്ചതും ആ കണ്‍ഫ്യൂഷനാണ്; “ഹൈബി ജയിക്കുമെന്നു പറയുന്നു, രാജീവ് ജയിക്കുമെന്നും പറയുന്നു… മറ്റേപ്പുള്ളിക്കാരന്‍ (അല്‍ഫോന്‍സ് കണ്ണന്താനം) ജയിക്കുമെന്നാണ് ഇന്നലെ സ്റ്റാന്‍ഡില്‍ (കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍) വച്ച് കേട്ടത്. മൂന്നുപേര്‍ക്കും കൂടി ജയിക്കാന്‍ പറ്റില്ലല്ലോ…” സിജോയുടെ തമാശയ്ക്ക് ചിരിക്കാന്‍ ആളുണ്ടായതോടെ കുറച്ചൊന്നു ചമ്മിയെങ്കിലും നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന ചോദ്യത്തിലൂടെ അത് മറയ്ക്കാന്‍ ശ്രമിച്ചു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി രണ്ടു രൂപ തുകല്‍ബാഗില്‍ നിന്നും തപ്പിയെടുക്കുന്നതിനിടയില്‍ സിജോ തന്റെ രാഷ്ട്രീയം വ്യക്താക്കി. “ചാന്‍സ് ഉണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും പാടാണെന്നാണ് തോന്നണത്”; ടിക്കറ്റും ബാലന്‍സ് കൈയില്‍വച്ചു തരുന്നതിനിടയില്‍ അതും കൂടി പറഞ്ഞിട്ടാണ് ജനതയില്‍ ആളിറക്കാന്‍ ബെല്ലടിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശ്രദ്ധേമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് എറണാകുളം. കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എറണാകുളം ഇത്തവണ എങ്ങോട്ട് ചായുമെന്ന കാര്യത്തില്‍ ഉറപ്പിച്ചൊന്നു പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എറണാകുളത്തിന്റെ എംഎല്‍എ ഹൈബി ഈഡന്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും രാജ്യസഭ മുന്‍ എംപിയുമായ പി രാജീവ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് എറണാകുളത്തിന്റെ എംപിയാകാന്‍ മത്സരിക്കുന്നത്.

മുന്‍തൂക്കം ആര്‍ക്ക്?

എറണാകുളം പൊതുവില്‍ യുഡിഎഫ് അനുഭാവം പുലര്‍ത്തുന്നൊരു മണ്ഡലമാണ്. ആകെയുള്ള ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫും മൂന്നിടങ്ങളില്‍ എല്‍ഡിഎഫും ആണ്. ഇതില്‍ കൊച്ചിയിലെ വിജയം എല്‍ഡിഎഫിന്റെ നേട്ടമായി കണക്കാക്കാനും പറ്റില്ല. വൈപ്പിന്‍ ഒഴിച്ചാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതു കോട്ട എന്നു പറയാന്‍ മറ്റൊരു മണ്ഡലവുമില്ല. തൃപ്പൂണിത്തുറ ഉറച്ചൊരു തീരുമാനമെടുത്ത് ആരുടെയെങ്കിലും കൂടെ നില്‍ക്കുന്നില്ല. പറവൂര്‍ ഇടതു സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കോണ്‍ഗ്രസിന്റെ വി ഡി സതീശന് തുടര്‍ ജയങ്ങള്‍ നേടാന്‍ സാധിക്കുന്നുണ്ട്. തൃക്കാക്കരയും കളമശ്ശേരിയും യുഡിഫിനോട് ചേര്‍ന്ന് നില്‍ക്കാനാണ് പൊതുവെ താത്പര്യം കാണിക്കുന്നത്. കൊച്ചി യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ്. ഇത്തവണ ജെ. മാക്‌സി വിജയിച്ചു എന്നു പറയുന്നതിനെക്കാള്‍ ഡൊമനിക്ക് പ്രസന്റേഷനെ തോല്‍പ്പിച്ചു എന്നു പറയുന്നതാണ് ശരി. തോല്‍പ്പിച്ചതാകട്ടെ കോണ്‍ഗ്രസുകാരും. ഈ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊതുവില്‍ മുന്‍തൂക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനു തന്നെയാണ്.

എറണാകുളത്തിന്റെ ജാതിമത സമവാക്യങ്ങളും യുഡിഎഫിന് അനുകൂലമാണ്. ഇടതു സ്വതന്ത്രര്‍ ജയിച്ചിട്ടുള്ള മണ്ഡലമാണെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ വി വിശ്വനാഥ മോനോന്‍ ഒഴിച്ച് ബാക്കിയാരും ജയിച്ചിട്ടില്ലെന്നത് കാണാതെ പോകരുതാത്ത കാര്യമാണ്. ലത്തീന്‍ കത്തോലിക്ക വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ മതവോട്ടുകള്‍ കൃത്യമായി ഒരിടത്തേക്ക് പോകുന്ന കാഴ്ച്ചയാണ് കണ്ടുവന്നിട്ടുള്ളത്.

എറണാകുളം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു വരുന്ന ഹൈബി ഈഡന്‍ തന്റെ കന്നി പാര്‍ലമെന്റ് മത്സരത്തില്‍ ഇറങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ അനുകൂലഘടകങ്ങളില്‍ വലിയ വിശ്വാസം വച്ചു പുലര്‍ത്തുന്നുണ്ട്. അട്ടിമറികള്‍ക്ക് സാധ്യതയില്ലാത്ത മണ്ഡലമാണ് എറണാകുളം. ഏതെങ്കിലും തരത്തില്‍ വോട്ട് സമവാക്യങ്ങള്‍ തെറ്റാന്‍ ഇക്കുറി സാധ്യതകളൊന്നും തന്നെയില്ലെന്നു സ്ഥാനാര്‍ത്ഥി ഉറപ്പിച്ചു പറയുന്നുമുണ്ട്. രാഷ്ട്രീയം തന്നെയായിരിക്കും മത്സരത്തിന്റെ അടിസ്ഥാനമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരമാണ് തങ്ങള്‍ക്ക് വോട്ടായി മാറുന്നതെന്നു കോണ്‍ഗ്രസും പറയുന്നു. ജില്ലയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായുള്ള ബന്ധങ്ങളും ജോര്‍ഡ് ഈഡന്‍ എന്ന രാഷ്ട്രീയ/ജനപ്രതിനിധിയോട് ഇപ്പോഴും മധ്യവര്‍ഗ/സാധാരണ ജനങ്ങള്‍ നിലനിര്‍ത്തുന്ന സ്‌നേഹവും വൈകാരിക തലത്തില്‍ ഹൈബിക്ക് തുണയാകും. ചെറുപ്പവും ഒരു പ്രധാനഘടകമാണ്.

പക്ഷേ, പി രാജീവ് എന്ന എതിര്‍സ്ഥാനാര്‍ത്ഥി ഇപ്പുറത്ത് ഉണ്ടെന്നത് ഹൈബിയുടെ സാധ്യതകളെ വെല്ലുവിളിക്കുന്നുണ്ട്. രാജീവ് ജില്ലയിലെ സ്വീകാര്യനായൊരു നേതാവാണ്. രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലും ജൈവപച്ചക്കൃഷി പദ്ധതികളിലൂടെയുമൊക്കെ സാധാരണക്കാര്‍ക്കിടയിലും തനിക്കായി ഒരിടം ഉണ്ടാക്കിയെടുക്കാന്‍ രാജീവിനായിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഒരു പരിചയപ്പെടുത്തിലിന്റെയോ വിശദീകരണത്തിന്റെയോ ആവശ്യം വരുന്നില്ല എന്നത് ഹൈബിയെ പോലെ രാജീവിനെയും സഹായിക്കുന്ന ഘടകമാണ്. രാജ്യസഭ എംപിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് രാജീവിന്റെ വിജയത്തിനായി വോട്ടര്‍മാര്‍ക്കു മുന്നില്‍ നിരത്തുന്ന പ്രധാനഘടകം. എറണാകുളത്ത് രാജ്യസഭ എംപിയെന്ന നിലയില്‍, ജില്ല ആശുപത്രി വികസനം, പാലിയേറ്റീവ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങളും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കാനുള്ള കാരണങ്ങളായി പാര്‍ട്ടി അവതരിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനം ഉണ്ടാക്കുന്ന സാധ്യതകള്‍ക്കൊപ്പം വ്യക്തിപരമായി കിട്ടുന്ന വോട്ടുകളും രാജീവും പാര്‍ട്ടിയും വിജയത്തിന് അടിസ്ഥാനമാക്കുന്നുണ്ട്.

എറണാകുളത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മാത്രമാണെന്ന ചര്‍ച്ചയില്ലാതാക്കാന്‍ കഴിഞ്ഞു എന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആദ്യവിജയം. 2014 എ.എന്‍ രാധാകൃഷ്ണന്‍ 92,000-ത്തിനടുത്ത് വോട്ട് പിടിച്ച മണ്ഡലമാണ്. അതുകഴിഞ്ഞു വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് തങ്ങളുടെ വോട്ടുവിഹിതം കൂട്ടാനും ബിജെപിക്ക് കഴിഞ്ഞു. മെട്രോനഗരം കൂടിയായ എറണാകുളത്ത്, ബിസിനസ് ഹബ്ബ് ആയി മാറിയിരിക്കുന്ന എറണാകുളത്ത് ബിജെപി രാഷ്ട്രീയത്തോട് ചായ്‌വ് കൂടിത്തുടങ്ങിയിട്ടുണ്ട്. മാത്രമല്ല കണ്ണന്താനം അപ്രതീക്ഷിതമായി എറണാകുളത്തേക്ക് മത്സരിക്കാന്‍ വന്നെത്തിയാളല്ല. മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന വിവരം കണ്ണന്താനത്തിന്റെ മുഖത്തെ ആത്മവിശ്വാസത്തിന്റെ പിന്നിലെ കാരണമാണ്. ക്രിസ്ത്യന്‍ വോട്ടുകളില്‍ വച്ചിരിക്കുന്ന പ്രതീക്ഷയും ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദു വോട്ടുകളും നഗരവാസികളുടെ കോര്‍പ്പറേറ്റ് മോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള മോദി ഭണത്തിന്റെ തുടര്‍ച്ചയാഗ്രഹിക്കുന്ന വോട്ടുകളും സ്വന്തമാക്കാന്‍ കഴിയുന്നതോടെ തനിക്ക് ലോക്‌സഭ മെംബര്‍ ആകാന്‍ കഴിയുമെന്നു കരുതുന്നയാളാണ് അല്‍ഫോന്‍സ് കണ്ണന്താനം.

സ്വാധീനഘടകങ്ങള്‍

പൊതുഘടകങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മണ്ഡലത്തില്‍ ഇത്തവണ സ്വാധീനഘടകങ്ങളാകുന്നത്, കേന്ദ്ര-സംസ്ഥാന ഭരണ വിലയിരുത്തല്‍, ശബരിമല, പ്രളയം എന്നിവയാണ്. ഇവ മൂന്നും അനുകൂലമാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമം. ഫാസിസ്റ്റ്, വര്‍ഗീയ ഭരണമെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാരിനെ യുഡിഎഫ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ പ്രചാരണമാക്കുന്നത് ശബരിമലയും പ്രളയവുമാണ്. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ കടുത്ത ആഘാതം ഏല്‍ക്കേണ്ടി വന്ന ജനത എറണാകുളം മണ്ഡലത്തിലുണ്ട്. വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി മണ്ഡലങ്ങളില്‍ പ്രളയ ഇരകള്‍ കൂടുതലായുണ്ട്. ചേരാനല്ലൂര്‍, ഏലൂര്‍, മുനമ്പം മേഖലകളില്‍ ഇപ്പോഴും പ്രളയത്തിന്റെ ദുരിതം അനുഭവിച്ച് ജനങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ വിരുദ്ധ വികാരം ഇളക്കി വിടാന്‍ യുഡിഎഫിന് കഴിയുന്നുമുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്കും സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ക്കും പര്യാപ്തമായ നഷ്ടപരിഹാരം കിട്ടാതെ വരുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാണ്.

പ്രളയം പ്രശ്‌നമാകും

“പ്രളയം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഞങ്ങളിപ്പോഴും വാടകവീടുകളിലും ബന്ധുവീടുകളിലൊക്കെയായാണ് താമസിക്കുന്നത്. സര്‍ക്കാര്‍ കണക്കെടുത്ത് കൊണ്ടിരിക്കുന്നതേയുള്ളൂ. ഞങ്ങളുടെ കഷ്ടപ്പാടുകള്‍ കാണുന്നില്ല. ഉദ്യോഗസ്ഥരാണെങ്കില്‍ ഞങ്ങളെന്തോ പിച്ച യാചിച്ച് ചെല്ലുമ്പോലെയാണ് കാണുന്നത്. വോട്ട് ചെയ്യണതും ജയിപ്പിക്കണതുമൊക്കെ ജനങ്ങള്‍ക്ക് ഉപകാരമുള്ളവരായാകണം. അതുകൊണ്ട് ഇത്തവണ ഞങ്ങളൊക്കെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പറയാം”,  ചേരാനല്ലൂര്‍ പഞ്ചായത്തിലെ താമസക്കാരിയായ വിജയമ്മയുടെ പ്രതികരണം എല്‍ഡിഎഫിന് പ്രതികൂലമായതാണ്. വിജയമ്മയുടെ ഉള്‍പ്പെടെ ധാരാളം വീടുകള്‍ ഈ പ്രദേശത്ത് പ്രളയത്തില്‍ നാശിച്ചു പോയിട്ടുണ്ട്. പ്രളയം ഈ ഭാഗങ്ങളിലൊക്കെ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നുണ്ട്. അതിന്റെ ഗുണവും അവര്‍ക്ക് കിട്ടുമെന്നാണ് പൊതുവില്‍ മനസിലാക്കാനാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നു ചാനല്‍ സര്‍വേകളില്‍ വരെ വ്യക്തമാകുന്നുണ്ടെന്നും അതുകൊണ്ട് യുഡിഎഫ് പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഏശില്ലെന്നും എല്‍ഡിഎഫ് പറയുന്നുണ്ടെങ്കിലും അതിലത്ര ആത്മവിശ്വാസം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ല. “ആളുകള്‍ അസ്വസ്ഥരാണ്. എല്ലാവര്‍ക്കും എല്ലാക്കാര്യങ്ങളും പെട്ടെന്നു നടന്നു കിട്ടണമെന്നാണല്ലോ. അതിന്റെയൊരു കെറുവ് ആളുകള്‍ പ്രകടിപ്പിക്കുന്നുണ്ട്”, ബൂത്ത് കമ്മിറ്റിയില്‍ ഉള്ളതുകൊണ്ട് പേര് പറയരുതെന്ന ആവശ്യത്തോടെ ചേരാനല്ലൂരിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ മറുപടിയില്‍ ആ അത്മവിശ്വാസക്കുറവ് പ്രകടമാണ്.

എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈബി ഈഡന് തന്റെ പ്രചാരണവിഷയമാക്കാനും കഴിയുന്നുണ്ട്. പ്രത്യേകിച്ച് ചേരനല്ലൂര്‍, വടുതല ഭാഗങ്ങളില്‍ പുതു വീടുകള്‍ നിര്‍മിച്ചു നല്‍കിയതുള്‍പ്പെടെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയെന്നത് വ്യക്തിപരമായി ഹൈബിക്ക് ഈ മേഖലകളില്‍ പിന്തുണ കൂട്ടുന്നുമുണ്ട്. ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും ഇടയില്‍ ഒരുപോലെ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടുള്ളതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിശ്വാസം കൂട്ടുന്നുണ്ട്.

ശബരിമല കത്തുന്നുണ്ട്‌

ശബരിമല വിഷയം പുറമെ പ്രകടമല്ലെങ്കിലും താഴേത്തട്ടില്‍ ശക്തമായൊരു പ്രചാരണ വിഷയമാണ്. എന്നാലിത് കൂടുലും സഹായിക്കുന്നത് ബിജെപിയെയാണ്. ഒരു പങ്ക് യുഡിഎഫിനും കിട്ടുന്നുണ്ട്. ശബരിമല തിരിച്ചടിയാകമെന്നു എല്‍ഡിഫ് പ്രവര്‍ത്തകര്‍ സമ്മതിക്കുന്ന കാര്യമാണ്. “ഇളമക്കര ഭാഗത്ത് പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നതാണ്. പുന്നയ്ക്കല്‍ ജംഗ്ഷന്‍ അറിയപ്പെടുന്ന് തന്നെ മോസ്‌കോ കവലയെന്നാണ്. അവിടെ ഒരു കാലത്ത് ചുവപ്പ് കൊടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. പപക്ഷേ, ഇപ്പോള്‍ സ്ഥിതി അതല്ല. ബിജെപി സ്വാധീനം കൂട്ടിവരികയാണ്. ശബരിമല വിഷയമാണ് അവര്‍ പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. വീടുകള്‍ കയറിയിറങ്ങി നടന്ന് ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തി വിടുന്നുണ്ട്. തൃശൂരില്‍ നിന്നും വന്ന ആര്‍എസ്എസ് പ്രചാരകര്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇളമരക്കര പ്രദേശത്ത് ഹൈന്ദവ വീടുകള്‍ കയറിയിറങ്ങി ശബരിമല വിഷയം വീട്ടമ്മമാരെയും സ്ത്രീകളെയും തങ്ങള്‍ക്ക് അനുകൂലമാക്കുന്ന തരത്തില്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. ഈ വീടുകളില്‍ ഭൂരിപക്ഷവും ഇടതു ചായ്വുള്ളതായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീകളും 40-60 ഇടയില്‍ പ്രായമുള്ള സ്ത്രീ-പുരുഷന്മാരും ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായാണ് പറയുന്നത്. പാര്‍ട്ടിക്കാര്‍ ആണെങ്കിലും പോലും എല്ലാ മലയാള മാസം ഒന്നാം തീയതിയും ശബരിമലയില്‍ പോകുന്നവരുണ്ട്. അവരുള്‍പ്പെടെ പ്രതിഷേധത്തിലാണ്. സ്ഥിരമായി നമുക്ക് വോട്ട് നല്‍കി കൊണ്ടിരുന്നവരുണ്ട്. അവര്‍ പാര്‍ട്ടിക്കാരൊന്നുമായിരുന്നില്ല. പക്ഷേ, ഇത്തവണ വോട്ട് ചോദിച്ച് വീട്ടില്‍ ചെല്ലാന്‍ പോലും അനുവദിക്കുന്നില്ല. പ്രത്യേകിച്ച് സവര്‍ണ വോട്ടുകള്‍ വലിയ തോതില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടും. ഇതില്‍ വലിയൊരു പങ്ക് പോകുന്നത് ബിജെപിയിലേക്കായിരിക്കും. കോണ്‍ഗ്രസിനും കിട്ടും ഗുണം. പാര്‍ട്ടിക്ക് അത്രകണ്ട് ഈ വോട്ട് ചോര്‍ച്ച തടയാനും ഇതുവരെ കഴിഞ്ഞിട്ടില്ല”, പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക ചുമതലയുള്ള ഒരു നേതാവിന്റെ തുറന്നു പറച്ചിലാണിത്. നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത പാര്‍ട്ടി മെംബര്‍മാര്‍ വരെ എറണാകുളത്ത് ഉണ്ടെന്നതും പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ശബരിമല വിഷയം എത്രത്തോളം എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നതിന്റെ ഒരു തെളിവായി കാണാം, റിട്ടയേര്‍ അധ്യാപികയായ മാധവിയമ്മയുടെ രോഷം. ഇടപ്പള്ളി സ്വദേശിയായ ടീച്ചര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തയാളാണ്. ടീച്ചറുടെ കുടുംബത്തിലെ ഭൂരിഭാഗം വോട്ടുകളും എല്‍ഡിഎഫിനായിരുന്നു. “ഇനിയവര്‍ക്ക് ചെയ്യില്ല. എന്തൊക്കെ പറഞ്ഞാലും ഏത് സുപ്രിം കോടതി പറഞ്ഞതാണെന്നു പറഞ്ഞാലും ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തത് ഒരു സാധാരണ ഭക്തയെന്ന നിലയില്‍ അംഗീകരിക്കാന്‍ പറ്റില്ല. 62 വയസ് കഴിഞ്ഞു എനിക്ക്. ഇത്ര കൊല്ലവും കൊണ്ടുനടന്ന വിശ്വാസവും ആചാരവുമെല്ലാം പെട്ടെന്നൊരു ദിവസം തകര്‍ത്തുകളയാന്‍ നോക്കുമ്പോള്‍, സങ്കടമാണ് വരുന്നത്. ഒരു മന്ത്രിയെങ്കിലും വിശ്വാസികള്‍ക്കു വേണ്ടി പറഞ്ഞോ? ഒരുപക്ഷേ അവര്‍ക്കൊക്കെ പറയണമെന്നുണ്ടായിരിക്കും, മുഖ്യമന്ത്രിയെ പേടിച്ചിട്ട് മിണ്ടാതിരിക്കണതാണ്. ഏതോ കുറച്ച് പെണ്ണുങ്ങള്‍ക്ക് വേണ്ടി എത്രലക്ഷം പേരുടെ മനസാണ് മുഖ്യമന്ത്രി വേദനിപ്പിച്ചത്. അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടണം”; മാധവിയമ്മ ടീച്ചറുടെ വാക്കുകളില്‍ രോഷം തിളയ്ക്കുകയാണ്.

“ഞാനുള്‍പ്പെടെ അഞ്ചു വോട്ടുകളാണ് വീട്ടിലുള്ളത്. ഇത്തവണ അതില്‍ നാലും പോകും. ഭാര്യയോടോ അമ്മയോടോ പറയാന്‍ പറ്റില്ല. അവരൊക്കെ വലിയ എതിര്‍പ്പിലാണ്. എന്തു ചെയ്യാന്‍ കഴിയും?” ഈ ധര്‍മ്മസങ്കടം ഒരു ഡിവൈഎഫ് നേതാവിന്റെയാണ്. എന്നാല്‍ ശബരിമലയില്‍ മൊത്തം ജനങ്ങളും സര്‍ക്കാരിന് എതിരാണെന്നു പറയാനും കഴിയില്ല. “സര്‍ക്കാര്‍ ചെയ്തത് കോടതി വിധി നടപ്പാക്കലാണ്. കയറ്റണ്ടെന്നായിരുന്നു വിധിയെങ്കില്‍ സര്‍ക്കാര്‍ അതും നടപ്പാക്കിയേനെ. പിന്നെ, ശബരിമലയില്‍ കലാപം നടത്തിയതും വര്‍ഗീയത പരത്തിയതുമൊക്കെ ആരാണെന്നു കണ്ടതല്ലേ. ബിജെപി ശബരിമലയെ ചൂഷണം ചെയ്യുകയാണ്. അതിനുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പിലൂട ജനം നല്‍കാന്‍ പോകുന്നത്”, രേഷ്മയുടെ വാക്കുകളാണിത്. ഓട്ടോ ഡ്രൈവറാണ് രേഷ്മ.

സര്‍ക്കാരിനെക്കുറിച്ച് എതിര്‍പ്പൊന്നുമില്ല, പക്ഷേ!

ശബരിമലയും പ്രളയവും മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുവെ മതിപ്പാണ് ഭൂരിഭാഗവും പറയുന്നത്. “നല്ലൊരു സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ്റുകാരായതുകൊണ്ടു പറയുന്നതല്ല, പെന്‍ഷനൊക്കെ മുടങ്ങാതെ കിട്ടുന്നുണ്ട്. അതൊക്കെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് വലിയ കാര്യമാണ്. മുഖ്യമന്ത്രി കൊള്ളാം. കഴിഞ്ഞ തവണത്തെപ്പോലെ, അഴിമതിയും പെണ്ണിന്റെ പേരിലുള്ള വഴക്കുമൊന്നും ഇല്ലല്ലോ… നല്ല ഭരണമാണ്”, ഇടതുപക്ഷത്തിന്റെ സ്വാധീന പ്രദേശങ്ങളാണെന്നു പറയാമെങ്കിലും വൈപ്പിന്‍, പറവൂര്‍ ഭാഗങ്ങളില്‍ നിന്നും കിട്ടുന്ന പൊതു അഭിപ്രായം സര്‍ക്കാന് അനുകൂലമാണ്. ഇടതുപക്ഷം പ്രതീക്ഷവയ്ക്കുന്ന സ്ഥലങ്ങളും വൈപ്പിന്‍, പറവൂര്‍ മേഖലകളാണ്. തൃപ്പൂണുത്തുറയില്‍ നഗരഭാഗത്ത് എതിര്‍പ്പുകളുണ്ടാകുമെങ്കിലും ഉള്ളിലോട്ടു പോകുന്തോറും തങ്ങള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ തുടരുകയാണെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

വ്യാപാരികളും ഫ്ലാറ്റ്  വാസികളും പിന്നെ ടെക്കികളും

മെട്രോ നഗരമെന്ന നിലയില്‍ വ്യാപാര സമൂഹത്തിന്റെ പിന്തുണയാര്‍ക്കെന്നതും പ്രധാന ചോദ്യമാണ്. പൊതുവില്‍ ഒന്നും വിട്ടുപറയാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും നോട്ട് നിരോധനവും ജിഎസ്ടിയുമൊക്കെ നിരാശരാക്കിയവര്‍ അക്കാര്യങ്ങളിലുള്ള പ്രതിഷേധങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. “രാഷ്ട്രീയം പറയാന്‍ ഞാനളല്ല, പക്ഷേ, നമ്മളെപ്പോലുള്ള കച്ചവടക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും ഇത്തവണ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പ്രതിക്ഷിച്ചതുപോലെയായില്ല. നമ്മള്‍ വോട്ട് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ മനസില്‍ വരുമല്ലോ?” ഇലക്ട്രിക് ഗുഡ്‌സ് സ്ഥാപനം നടത്തുന്ന റോയി ടി ആറിന്റെ പ്രതികരണം ഈ രീതിയിലാണ്. “ബിജെപിയോ കോണ്‍ഗ്രസോ എന്നാണ് തീരുമാനിക്കേണ്ടത്. കേന്ദ്രം ആരു ഭരിക്കണമെന്നതിനാണല്ലോ ഈ തെരഞ്ഞെടുപ്പ്. വ്യാപാരികള്‍ക്ക് ഗുണം ആരും ചെയ്യുമെന്നു വിലയിരുത്തിയായിരിക്കും വോട്ട്. മറ്റുഘടകങ്ങളൊക്കെ രണ്ടാമതാണ് വരുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, ഞങ്ങളെപ്പോലുള്ള ഇടത്തരക്കാരും സാധാരണക്കാരുമായ കച്ചവടക്കാര്‍ക്കും ഇവിടെ സ്ഥാനം കിട്ടണം. അതിന് ആര് അവസരം തരുന്നോ എന്നതാണ് ഞാന്‍ നോക്കുന്നത്”, ഹോട്ടല്‍ വ്യാപാരിയായ റിയാസ് ചെറുകുന്നത്ത് തന്റെ നിലപാട് പറയുന്നു.

വ്യാപാരി സമൂഹം പ്രധാനമായും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-എന്‍ഡിഎ പോരാട്ടമായിട്ടാണ് കാണുന്നത്. ജിഎസ്ടി, നോട്ടു നിരോധനം എന്‍ഡിഎയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേ പൊതുവില്‍ എതിര്‍പ്പ് ഇല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ഇടതിന് വലിയ റോള്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇവര്‍ക്ക്.

ദേശീയ രാഷ്ട്രീയം എന്ന ഘടകവും മണ്ഡലത്തിലെ ഒരു സ്വാധീന ഘടകമാണ്. ഇടതിനോട് എതിര്‍പ്പില്ലെന്നു പറയുമ്പോഴും രാജ്യം ഭരിക്കാന്‍ സാധ്യത ബിജെപിക്കോ കോണ്‍ഗ്രസിനോ അല്ലേ, എന്ന തരത്തിലാണ് പലരും പ്രതികരിച്ചത്. ബിജെപി ഭരണത്തെ എതിര്‍ക്കുന്നതുകൊണ്ട് ഇടത്, സെക്യുലര്‍ സ്വഭാവം പുലര്‍ത്തുന്നവര്‍ പോലും ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം എന്നാണ് തീരുമാനം പറയുന്നത്. കോണ്‍ഗ്രസിന് വിയര്‍പ്പൊഴുക്കാതെ ഇത്തരത്തില്‍ സാമാന്യം നല്ലൊരു ശതമാനം വോട്ട് പെട്ടിയില്‍ വീണു കിട്ടും.

വ്യാപാര സമൂഹത്തെ പോലെയാണ് ഫ്ലാറ്റ് വാസികളുടെ വോട്ടും. അമ്പതിനായിരത്തിനടുത്ത് വോട്ട് ഈ ഗണത്തില്‍ ഉണ്ടെന്നു പറയുന്നു. പൊതുവില്‍ അരാഷ്ട്രീവാദികളാണ് ഫ്ലാറ്റ് വാസികള്‍ എന്നു പറയാറുണ്ട്. വോട്ട് ചെയ്യാന്‍ പോകാത്തവര്‍, രാഷ്ട്രീയത്തിലോ തെരഞ്ഞടുപ്പിലോ താത്പര്യമില്ലാത്തവരെന്നും പരാതി ഉയര്‍ത്തുന്നവര്‍. എന്നാല്‍ അത്തരം കരുതലുകള്‍ തെറ്റാണെന്നാണ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ പറയുന്നത്. “കൃത്യമായി വോട്ട് ചെയ്യുന്നവരുണ്ട്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക് എന്നു പറയുന്നത് നഗര വോട്ടുകളാണ്. നഗരമെന്നു പറയുന്നത്  ഫ്ലാറ്റുകളാണ്. ഇത് ഉത്തരേന്ത്യയില്‍ മാത്രമല്ല, കേരളത്തിലും ഇപ്പോള്‍ നഗരവോട്ടുകള്‍ എന്നു പറയുന്നത് ഫ്ലാറ്റ് വോട്ടുകളാണ്. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നും ഇല്ലല്ലോ. ജനം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഞങ്ങളും നേരിടുന്നുണ്ട്. രാഷ്ട്രീയം ഞങ്ങളും ശ്രദ്ധിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ജീവിതമാണ് ഫ്ലാറ്റില്‍ താമസിക്കുന്നവരുടെതേന്നു പറയാറുണ്ട്. എന്ത് അസംബന്ധമാണിത്. ഇവിടെ എല്ലാം ആഡംബര ഫ്ലാറ്റുകളാണെന്നാണോ കരുതുന്നത്. എത്രയോ സാധാരണക്കാരാണ് ഫ്ലാറ്റുകളില്‍ താമസിക്കുന്നത്. കൃത്യമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നവരാണ് ബഹുഭൂരിപക്ഷവും, വ്യക്തമായ രാഷ്ട്രീയവുമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് വോട്ട് ചെയ്യും. എന്റെ കണക്കുകൂട്ടലില്‍ ഇത്തവണ മൂന്നു പേര്‍ക്കും വലിയ വ്യത്യാസമില്ലാതെ നിങ്ങളീ പറയുന്ന ഫ്ലാറ്റ് വോട്ടുകള്‍ കിട്ടുമെന്നാണ്”, സ്‌കൈ ലൈന്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഫ്രാന്‍സീസ് തോമസ് പറയുന്നു.

ഏറ്റവുമൊടുവിലായി കൊച്ചിയിലെ ഐടി ലോകത്തിന്റെ പ്രതിനിധികളോട് സംസാരിച്ചപ്പോഴും വ്യക്തമായൊരു ചിത്രം കിട്ടാനുള്ള സഹായം അവരും ചെയ്തില്ല. “വോട്ടിന് ഒരു രഹസ്യസ്വഭാവമില്ലേ… അത് കളയണ്ടല്ലോ”, എന്നായിരുന്നു ഇന്‍ഫോപാര്‍ക്കിലെ വസന്ത് കുമാറിന്റെ മറുപടി. “തൊഴിലില്ലായ്മ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. അതിനൊരു പരിഹാരം കാണാന്‍ ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നത് സ്വഭാവികമായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമല്ലോ” എന്നായിരുന്നു സിസ്റ്റം അനാലിസിസ്റ്റ് അഞ്ജനയുടെ പ്രതികണം. കമ്യൂണല്‍ പൊളിറ്റിക്‌സിന് അന്ത്യം വരുത്തണം, യൂണിറ്റിയും ഫ്രീഡം ഓഫ് എക്പ്രഷനും തകരാതിരിക്കണം എന്നൊക്കെയുള്ള ദേശീയ വികാരങ്ങള്‍ പങ്കുവച്ച ടെക്കികളുമുണ്ട്. രണ്ടു കാന്‍ഡിഡേറ്റ്‌സും നല്ലതാണ്. ഒരു ചോയ്‌സ് ബുദ്ധിമുട്ടായിരിക്കുകയാണെന്നു പറഞ്ഞവരമുണ്ട്. “ടെക്കികള്‍ ഡിപൊളിറ്റിസൈസ് ചെയ്യപ്പെട്ടവരൊന്നുമല്ല, ഞങ്ങളാരും അപ്പൊളിറ്റിക്കലുമല്ല, വ്യക്തമായ രാഷ്ട്രീയചിന്തകളുണ്ട്. നേഷനും നാഷണിലസവും ഉണ്ട്. വീ നീഡ് അവര്‍ ഇന്ത്യ ആന്‍ഡ് അവര്‍ ഡെമോക്രസി” എന്ന് വികാരം കൊണ്ടവരുമുണ്ട്.

2014 തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി അനിത പ്രതാപ് പിടിച്ച അമ്പതിനായിരം വോട്ടുകളുണ്ട്. അതിത്തവണ ആര്‍ക്കു പോകുമെന്ന ചോദ്യമുണ്ട്. വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണത്. ആപ്പിന് അന്നുണ്ടായിരുന്ന സ്വാധീനം, നിലവിലെ രാഷ്ട്രീയത്തിനോട് ഉണ്ടായി വന്ന എതിര്‍പ്പ്, ഇതൊക്കെയാണ് 2014ല്‍ അത്രയും വോട്ടുകള്‍ കിട്ടാന്‍ സാഹചര്യം. ഇത്തവണ അങ്ങനെയയൊരു ബദല്‍ ഇല്ല. ആ വോട്ടുകള്‍ വീതം വച്ച് തങ്ങള്‍ക്ക് കിട്ടുമെന്നാണ് ഇടതു-വലതു മുന്നണികള്‍ പറയുന്നത്. അത് ശരിയാകുമോ എന്ന് തെരഞ്ഞെടുപ്പ് കഴിയാതെ പറയാന്‍ കഴിയില്ല. എന്നാലും ആ വോട്ടുകള്‍ വളരെ നിര്‍ണായാകമാണ്.

മൊത്തത്തില്‍ ഒരു വിശകലനത്തിന് എറണാകുളം തയ്യാറായി വരുന്നില്ല. ചാന്‍സുകള്‍ പറയാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നപോലെയാണ് കാര്യങ്ങള്‍. വെയ്റ്റ് ആന്‍ഡ് സീ എന്നു മാത്രം പറഞ്ഞ് മെട്രോ ട്രെയിനിനകത്തേക്ക് ഓടിക്കയറി പോയ റിസ്വാനെ ആവര്‍ത്തിക്കാനേ ഇപ്പോള്‍ പറ്റുന്നുള്ളൂ; വെയ്റ്റ് ആന്‍ഡ് സി…

(ഇന്‍പുട്ട്: അമല്‍ കെ. ജോയ്)

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍