UPDATES

ട്രെന്‍ഡിങ്ങ്

അണിയറ നീക്കങ്ങള്‍ ചടുലമാക്കി ബിജെപി; മോഹന്‍ലാല്‍ ‘റഡാറി’ല്‍, സുരേന്ദ്രന്‍ മത്സരിക്കില്ല?

കേരളം എന്തുവില കൊടുത്തും തങ്ങള്‍ പിടിച്ചെടുക്കുമെന്ന പ്രധാനമന്ത്രി മോദിയുടെയും ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും വെല്ലുവിളികള്‍ ഏതുവിധേനയും സാധിപ്പിച്ചു കൊടുക്കാനുള്ള നീക്കത്തിലാണ് ബിജെപി കേരള ഘടകം

മുമ്പെങ്ങും ഇല്ലാത്തവിധം ഉണര്‍വോടെയാണ് കേരള ബിജെപി ഘടകം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. വിജയസാധ്യതയെക്കുറിച്ചല്ല, വിജയത്തെ കുറിച്ച് തന്നെയാണ് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നത്. തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിരിക്കുന്നു എന്ന ആത്മവിശ്വാസമാണ് ഭാരതീയ ജനത പാര്‍ട്ടിക്ക്.

ഒ രാജഗോപാലിലൂടെ കേരള നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞിടത്തു നിന്നും കേരളത്തില്‍ നിന്നും ഒരു എംപി കൂടി തങ്ങള്‍ക്ക് സ്വന്തമായി ഉണ്ടാകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി ആക്കം കൂട്ടിയിരിക്കുകയാണ്. ദേശീയ നേതൃത്വമാണെങ്കില്‍ സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ അത്രകണ്ട് തൃപ്തരുമായിരുന്നില്ല. കേരളം കിട്ടാക്കനിയായി പോകുന്നത് മോദി-ഷാ സംഖ്യത്തെ നിരാശരാക്കുന്നുണ്ട്. തങ്ങള്‍ എത്രകണ്ട് സഹായം നല്‍കിയിട്ടും സംസ്ഥാന നേതാക്കളുടെ പിടിപ്പുകേടുകള്‍ കേരളത്തില്‍ വേരിറക്കാന്‍ ബിജെപിക്ക് തടസ്സമാകുന്നു എന്നതായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പരാതി.

എന്നാല്‍ ശബരിമല വിഷയം സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. തങ്ങള്‍ക്ക് അനുകൂലമായി കേരളത്തിലെ മണ്ണിളകിയിട്ടുണ്ടെന്നു പാര്‍ട്ടിക്ക് മനസിലായി. ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഒരു ഹൈന്ദവ സംഘാടകത്വം നടക്കുന്നത് ബിജെപിയെ വലിയ തോതില്‍ സഹായിക്കും. ഈ സാഹചര്യമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ പിന്നെയും ഉണ്ട് വെല്ലുവിളികള്‍. അത് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ്. നേതാക്കന്മാര്‍ ഉണ്ടെങ്കിലും അവരില്‍ അത്രകണ്ട് വിശ്വാസം അര്‍പ്പിക്കാന്‍ നേതൃത്വം തയ്യാറല്ല. അത്തരമൊരു സന്നിഗ്ദ്ധത ഉണ്ടെന്നതിനാലാണ് മറ്റ് മുഖങ്ങളെ പാര്‍ട്ടി തേടുന്നത്. ആ മുഖങ്ങളിലൊന്നാണ് മോഹന്‍ലാല്‍. സൂപ്പര്‍സ്റ്റാറിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പലതുണ്ട്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേര് ബിജെപിയുമായി ചേര്‍ത്ത് പലഘട്ടങ്ങളിലായി ഉയര്‍ന്നു വന്നിരുന്നു. മോഹന്‍ലാല്‍ ബിജെപിയിലേക്ക് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം, നോട്ട് നിരോധനം പോലെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നല്‍കുന്ന പിന്തുണകള്‍ എല്ലാം മോഹന്‍ലാലിനെ ബിജെപിയുമായി ചേര്‍ത്തു നിര്‍ത്തി പറയുന്നതിന് കാരണമായി. ഏറ്റവുമൊടുവില്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുക ചെയ്തതോടെ മോഹന്‍ലാലിനുമേലുള്ള സംശയങ്ങള്‍ക്ക് ആക്കം കൂടി.

തനിക്ക് രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് മത്സരം എന്നത് ആലോചനയില്‍ പോലും ഇല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ എല്ലാ വാര്‍ത്തകളും അഭ്യൂഹങ്ങളും അവസാനിച്ചു എന്നു കരുതിയിടത്താണ് ഒ രാജഗോപാല്‍ എംഎല്‍എയുടെ വാക്കുകള്‍ മോഹന്‍ലാലിനെ വീണ്ടും കളത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് മുതിര്‍ന്ന നേതാവായ രാജഗോപാല്‍ പറഞ്ഞിരിക്കുന്നത്. പൊതുകാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് മോഹന്‍ലാല്‍ എന്നും തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോള്‍ രാജഗോപാല്‍ പറഞ്ഞത്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്; ഇതാണ് രാജഗോപാലിന്റെ വാക്കുകളായി മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയസാധ്യതയുള്ള സീറ്റുകളില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി ഏതുവിധേനയും വിജയം നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ തീരുമാനം എന്ന നിലയ്ക്കാണ് മോഹന്‍ലാലിലേക്ക് വീണ്ടും വീണ്ടും എത്തുന്നതെന്നാണ് രാജഗോപാലിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു സീറ്റ് എങ്കിലും പാര്‍ട്ടിക്ക് ഇത്തവണ കിട്ടുകയാണെങ്കില്‍ അത് അവരെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്.

തിരുവനന്തപുരത്തെ വിശേഷം ഇതാണെങ്കില്‍ പാര്‍ട്ടിക്ക് വിശ്വാസമുള്ള മറ്റൊരു മണ്ഡലമായ തൃശൂരില്‍ നിന്നും സ്ഥാനാര്‍ത്ഥി മാറ്റത്തിന്റെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ജില്ല നേതൃത്വത്തിനും പാര്‍ട്ടിയണികള്‍ക്കും സ്വീകാര്യവുമായിരുന്നു. നിലവില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സജീവ മുഖമാണ് സുരേന്ദ്രന്‍. തൃശൂര്‍ പോലൊരു മണ്ഡലത്തില്‍ ബിജെപിക്ക് നിര്‍ത്താവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയും അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തൃശൂരില്‍ കെ സുരേന്ദ്രന്‍ മത്സരിക്കില്ല. തൃശൂരില്‍ എന്നല്ല, ഒരു ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നില്ല. സുരേന്ദ്രന്റെ ലക്ഷ്യം ലോകസഭയല്ല, നിയമസഭയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും വളരെ ചെറിയ മാര്‍ജിനില്‍ ആയിരുന്നു സുരേന്ദ്രന്‍ തോല്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നു കാണിച്ച് കേസുമായി നടക്കുകയാണ് ഇപ്പോഴും. അതിനിടിയിലാണ് എംഎല്‍എ ആയിരുന്ന അബ്ദുള്‍ റസാഖിന്റെ അപ്രതീക്ഷിത നിര്യാണം. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോട് ഒപ്പം തന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ട്. പൊതുവെ ബിജെപി രാഷ്ട്രീയത്തിന് പിന്തുണയുള്ള മഞ്ചേശ്വരത്ത് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് പാര്‍ട്ടിയും സുരേന്ദ്രനും കണക്കു കൂട്ടുന്നത്. ഇത് മനസിലാക്കിയാണ് പാര്‍ട്ടി തന്നെ സുരേന്ദ്രനോട് മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്. മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടന സെക്രട്ടറി ബി എല്‍ സന്തോഷ് കാസറഗോഡ് എത്തുകയും നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നുവെന്നാണ്. തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സുരേന്ദ്രന് യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പത്രങ്ങള്‍ എഴുതുന്നു.

കേരളം എന്തുവില കൊടുത്തും തങ്ങള്‍ പിടിച്ചെടുക്കുമെന്ന പ്രധാനമന്ത്രി മോദിയുടെയും ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും വെല്ലുവിളികള്‍ ഏതുവിധേനയും സാധിപ്പിക്കുമെന്നാണ് പൊതുവില്‍ ഇത്തരം ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും കാണുമ്പോള്‍ തോന്നുന്നതെങ്കിലും സംസ്ഥാന നേതാക്കന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതുല്‍ കൂടുതലായി വെളിപ്പെടുന്നുമുണ്ട്. സംസ്ഥാന അധ്യക്ഷന്റെ വിഭാഗം കെ സുരേന്ദ്രന്റെ കാര്യത്തില്‍ വലിയ താത്പര്യം കാണിക്കാത്തതൊക്കെ അതിനുള്ള തെളിവുകളാണ്. നേതാക്കാന്‍മാരില്‍ എല്ലാവരിലും തന്നെ മത്സരമോഹമുണ്ട്. ഓരോരോരുത്തരും തങ്ങളുടെ കാര്യം എങ്ങനെയെങ്കിലും നടത്തിയെടുക്കാന്‍ നോക്കുന്നുമുണ്ട്. അതിനുവേണ്ടി മറ്റൊരാളെ ഒതുക്കാനും. ഈ ചക്കളത്തിപോരുകള്‍ തന്നെയാണ് പുറത്തു നടക്കുന്ന വലിയ ചര്‍ച്ചകളുടെ ഭാവി സംശയത്തിലാക്കുന്നതും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍