UPDATES

തെരഞ്ഞെടുപ്പ് 2019

ബിജെപി പട്ടിക ഇന്നുണ്ടായേക്കും; സുരേന്ദ്രന്‍ പുറത്തു തന്നെയെന്ന് വിവരം, ഒരു മനുഷ്യനെയും അറിയാത്ത കൊല്ലം വേണ്ടെന്നു കണ്ണന്താനവും

ഏറെ പിടിവലി നടന്ന പത്തനംതിട്ട ശ്രീധരന്‍ പിള്ള ഉറപ്പിച്ചെന്നാണ് വിവരം

തര്‍ക്കങ്ങളും പിണക്കങ്ങളും ബാക്കി നില്‍ക്കുമ്പോഴും കേരളത്തിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായതായി വിവരം. പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നുമാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. സാധ്യത പട്ടിക പ്രകാരം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുമാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം കെസുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് മനസിലാകുന്നത്. ഇരുവരും മത്സരിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. മറ്റു പേരുകള്‍ ഇപ്രകാരമാണ്; എറണാകുളത്ത് ടോം വടക്കന്‍, ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ എ എന്‍ രാധാകൃഷ്ണന്‍, പാലക്കാട് കൃഷ്ണകുമാര്‍, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം ഉണ്ണികൃഷ്ണന്‍, പൊന്നാനി വി ടി രമ, വടകരയില്‍ സജീവന്‍, കാസറഗോഡ് പ്രകാശ് ബാബു. തര്‍ക്കത്തില്‍ കിടക്കുന്ന തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളുടെ കാര്യം പറയുന്നില്ല. കൊല്ലത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ആറ്റിങ്ങലില്‍ കെ സുരേന്ദ്രന്റെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. ഇവര്‍ രണ്ടുപേരും പത്തനംതിട്ടയ്ക്കു വേണ്ടിയായിരുന്നു ശ്രമിച്ചിരുന്നത്.

എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക വന്നിട്ടും ബിജെപിയില്‍ തീരുമാനമാകാതെ നീളുന്നതില്‍ ആര്‍ എസ് എസ് കടുത്ത അതൃപ്തി അറിയിക്കുന്നുണ്ട്. മണ്ഡലങ്ങള്‍ക്കുവേണ്ടിയുള്ള തര്‍ക്കം തുടരുന്നതാണ് ആര്‍എസ്എസ്സിനെ ചൊടിപ്പിക്കുന്നത്. സംഘം ഈ അതൃപ്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചിട്ടുമുണ്ട്. കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് ആര്‍ എസ് എസ്സിന്റെ താത്പര്യം. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ലിസ്റ്റില്‍ സുരേന്ദ്രന്റെ പേര് ഇല്ല.

അതേസമയം താന്‍ കൊല്ലത്തേക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ട മതിയെന്നാണ് അദ്ദേഹത്തിന്. കൊല്ലത്തിനേക്കാള്‍ ഭേദം മലപ്പുറമാണെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നത് പത്തനംതിട്ട കിട്ടുന്നില്ലെങ്കില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ്. മത്സരിക്കുന്നില്ലെന്നു താന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നതാണെന്നും കണ്ണന്താനം പറയുന്നുണ്ട്. പത്തനംതിട്ട ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമാണെന്നും ശബരിമല വിഷയത്തില്‍ നിന്നു കിട്ടുന്ന വോട്ടുകളും കൂടാതെ കത്തോലിക്ക സഭയുടെയും ഓര്‍ത്തഡോക്‌സ് സഭയുടെയും വോട്ടുകളും കൂട്ടിയാല്‍ തനിക്ക് ജയസാധ്യതയുണ്ടെന്നാണ് കണ്ണന്താനത്തിന്റെ അനുമാനം. അതേസമയം ശ്രീധരന്‍ പിള്ള നിന്നാലും ജയസാധ്യതയുണ്ടെന്നും കണ്ണന്താനും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റു കൊടുക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും കണ്ണന്താനം പറയയുന്നു. എന്നാല്‍ തനിക്ക് ഒരാളെപോലും അറിയാത്ത കൊല്ലത്ത് മത്സരിക്കുന്നതില്‍ തീരെ താത്പര്യമില്ലെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കുന്നത്. അവിടെ ഒരു മനുഷ്യനെപോലും അറിയില്ല. രണ്ടാഴ്ച്ച മുന്‍പ് മാത്രമാണ് കൊല്ലത്ത് ആദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. കൊല്ലത്തുള്ളതിനെക്കാള്‍ ബന്ധം മലപ്പുറത്തുണ്ട്; ഇതായിരുന്നു കൊല്ലം സീറ്റ് വേണ്ടെന്നു പറയാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനുള്ള കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍