UPDATES

ട്രെന്‍ഡിങ്ങ്

ഈ പഴയ ഐ ഗ്രൂപ്പ് നേതാവിന്റെ മുന്‍പില്‍ ഉമ്മന്‍ ചാണ്ടി വന്നാലും വിയര്‍ക്കും; ഇടുക്കിയുടെ ചിത്രം തെളിഞ്ഞു വരുന്നു

രാഷ്ട്രീയ കാലാവസ്ഥയെക്കാള്‍ ജോയ്‌സിന്റെ വിജയത്തിന് അടിസ്ഥാനമാകുക പള്ളിയുടെ പിന്തുണ തന്നെയാണ്

ഇടുക്കിയില്‍ വീണ്ടും ജോയ്‌സ് ജോര്‍ജ് തന്നെ. ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണെങ്കിലും മത്സരിക്കുന്നവരുടെ കാര്യത്തില്‍ ഏറെക്കുറെ ധാരണയുണ്ടായിരുന്നവരില്‍ മുന്നിലായിരുന്നു ജോയ്‌സ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജ് ഒന്നു പറഞ്ഞു നോക്കിയെങ്കിലും സിപിഎമ്മിനെ സംബന്ധിച്ച് ജോയ്‌സ് അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നുവെന്നതാണ് സത്യം. ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന അത്ഭുത ശിശുവിന്റെ പിന്‍ബലത്തിലായിരുന്നു കഴിഞ്ഞ തവണ ജോയ്‌സ് ജോര്‍ജ് എം പിയാകുന്നതും മണ്ഡലം സിപിഎമ്മിന് പിടിക്കാന്‍ കഴിയുന്നതും എങ്കില്‍ ഇത്തവണ കാര്യങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ അനുകൂലമാണ്; ജോയ്സിനും സിപിഎമ്മിനും. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്കു വേണ്ടി സമയം കളഞ്ഞിട്ടില്ല. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇന്നുണ്ടായിരിക്കുന്നത്.

ഇത്തവണയും ജോയ്‌സ് തന്നെയോ എന്ന ചോദ്യത്തിന് ഇടുക്കിക്കാര്‍ക്ക് ചെറിയൊരു സംശയം പറയാനുള്ളത് എതിരാളി ആരെന്നതിലാണ്. കോണ്‍ഗ്രസ് ആരെയാണിറക്കുന്നതെന്നതില്‍ ഇപ്പോഴും വ്യക്തമായൊരു ചിത്രം കിട്ടിയിട്ടില്ല. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. പക്ഷേ, ഉറപ്പിച്ചൊന്നു പറയാന്‍ കഴിയുന്നില്ല. ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ ജോയ്‌സിന്റെ വിജയത്തില്‍ കാര്യമായ സംശയമൊന്നും വേണ്ട എന്നാണ് മണ്ഡലത്തിന്റെ പൊതുവികാരം.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി നിന്ന് 50,400 വോട്ടുകള്‍ നേടിയാണ് ജോയ്‌സ് കഴിഞ്ഞ തവണ ജയിക്കുന്നത്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കി മലയോര ജനതയെ തകര്‍ക്കുമെന്ന പ്രചാരണം ജില്ലയില്‍ ശക്തമാവുകയും കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ പിന്തുണച്ചെന്ന പേരില്‍ എം പിയായിരുന്നു പി ടി തോമസിനെതിരേ സഭ നേതൃത്വം തിരിയുകയും ചെയ്തതാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. തോമസിനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഇടുക്കി രൂപത തീരുമാനം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. തോമസിനു പകരം ഡീന്‍ കുര്യാക്കോസിനെ കൊണ്ടുവരുന്നത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് തന്നെയാണ്. കാരണം, അപ്പോഴേക്കും സഭയുടെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടിരുന്നു. അതുവരെ കോണ്‍ഗ്രസുകാരനായിരുന്ന ജോയ്‌സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥിയാകുന്നു, സിപിഎം അവസരം മുതലെടുക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയെന്നാല്‍ ക്രിസ്ത്യന്‍ വോട്ട്ബാങ്ക് എന്നാണ് അര്‍ത്ഥം. അതു മനസിലാക്കിയ സിപിഎമ്മിന് ജോയ്‌സിന്റെ കാര്യത്തില്‍ സംശയമില്ലായിരുന്നു. കത്തോലിക്ക വോട്ടുകള്‍ വിജയം നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ സഭയുടെ താത്പര്യം തന്നെയാണ് എപ്പോഴും നിര്‍ണായകമാകുന്നത്. ഇത്തവണയും സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ജോയ്‌സിനൊപ്പം തന്നെ നില്‍ക്കുമ്പോള്‍ അധികം ഭയപ്പെടാനൊന്നും ഇല്ല സിറ്റിംഗ് എംപിക്ക്. കൂടാതെ സിപിഎമ്മിന്റെ സംഘടന സംവിധാനവും ജോയ്‌സിന് തുണയാകും.

ഇടുക്കി ജില്ലയിലെ ഇടുക്കി, പീരുമേട്, ഉടുമ്പന്‍ ചോല, ദേവികുളം, തൊടുപുഴ നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയില്‍പ്പെട്ട കോതമംഗലം, മൂവാറ്റുപുഴ നിയമസഭ മണ്ഡലങ്ങളും ചേര്‍ന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. ഇതില്‍ ഇടുക്കിയും തൊടുപുഴയും മാത്രമാണ് യുഡിഎഫിന്റേത്. അവ രണ്ടുമാകട്ടെ കേരള കോണ്‍ഗ്രസ് പ്രതിനിധികളും (പി ജെ ജോസഫും, റോഷി അഗസ്റ്റിനും). ബാക്കി മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് എംഎല്‍എമാരാണ്. പോരാത്തതിന് പീരുമേട്, ദേവികുളം, ഉടുമ്പന്‍ ചോല മണ്ഡലങ്ങളില്‍ സിപിഎം സംഘടന സംവിധാനം അതിശക്തമാണ്. ഇടുക്കിയില്‍ മാത്രമാണ് അല്‍പ്പം പിന്നാക്കം നില്‍ക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ അതിനാല്‍ തന്നെ ഇടതു അനുകൂലമായിട്ടുള്ളതാണെന്നത് രാഷ്ട്രീയമായി ജോയ്‌സ് ജോര്‍ജിന് ഏറെ ഗുണം ചെയ്യും. കൂടാതെ, ശബരിമല പോലുള്ള മറ്റ് സാമൂഹിക പ്രശ്‌നങ്ങളും ഇടുക്കിയില്‍ അത്രകണ്ട് ബധിക്കില്ല എന്നതും സിപിഎമ്മിനും ജോയ്‌സിനും ഒരുപോലെ ആശ്വാസമാണ്. ഈഴവ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാകുമെങ്കിലും ഇവ യുഡിഎഫിനു പോകുന്നതിനെക്കാള്‍ കൂടുതലായി എല്‍ഡിഎഫിലേക്ക് വരുമെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ബിജെപിക്കാണെങ്കില്‍ കാര്യമായൊന്നും മണ്ഡലത്തില്‍ ചെയ്യാന്‍ കഴിയില്ല.

രാഷ്ട്രീയ കാലാവസ്ഥയെക്കാള്‍ ജോയ്‌സിന്റെ വിജയത്തിന് അടിസ്ഥാനമാകുക പള്ളിയുടെ പിന്തുണ തന്നെയാണ്. കഴിഞ്ഞ തവണ ജോയ്‌സിനു വേണ്ടി വീടു കയറുന്നതും വോട്ടര്‍ പട്ടിക പരിശോധിക്കുന്നതും പുതിയ വോട്ട് ചേര്‍ക്കുന്നതുമെല്ലാം കത്തോലിക്ക പുരോഹിതരായിരുന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അത് വെറും പറച്ചിലായിരുന്നില്ല. ജോയ്‌സിനു വേണ്ടി വൈദികര്‍ പരസ്യമായി തന്നെ വോട്ട് പിടിച്ചിരുന്നു. ഇത്തവണയും അങ്ങനെ തന്നെ നടക്കുമെന്നാണ് വിവരം. സഭയില്‍ നിന്നു കിട്ടുന്ന ഈ ശക്തമായ പിന്തുണ തന്നെയാണ് ജോയിസിന്റെ ഏറ്റവും വലിയ കരുത്ത്. ഇടുക്കി രൂപതയുടെ പൂര്‍ണ പിന്തുണയുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയും മറിച്ചൊരു തീരുമാനം എടുക്കില്ല. തൊടുപുഴയിലും മൂവാറ്റുപുഴയിലും തീരുമാനം എടുക്കാന്‍ കഴിവുള്ള കോതമംഗലം രൂപതയും ജോയ്‌സിനു തന്നെയാണ് പിന്തുണ കൊടുത്തിരിക്കുന്നത്. രൂപതകളുടെ വത്സല പുത്രന്‍ ആണ് ജോയ്‌സ് ജോര്‍ജ് എന്ന് എതിരാളികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ജോയ്‌സിനെതിരേ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വിഷയം ഭൂമി കയ്യേറ്റവും കേസും നിയമപ്രശ്‌നങ്ങളുമൊക്കെയായിരിക്കും. പക്ഷേ, കോണ്‍ഗ്രസുകാര്‍ അതെത്ര കണ്ട് ഉപയോഗിപ്പെടുത്തുമെന്ന് സംശയമാണ്. പി ടി തോമസിനെപ്പോലെ എല്ലാവരും തയ്യാറാകില്ല. കാരണം, ആ ആരോപണങ്ങള്‍ കറങ്ങി തിരിഞ്ഞ് എത്തുക കോണ്‍ഗ്രസിനു നേരെ തന്നെയായിരിക്കും. ജോയ്‌സിന്റെ കുടുംബം ഈ ഭൂമി കയ്യേറിയെന്നു പരാതിപ്പെട്ടാല്‍ ആ ആരോപണത്തിന്റെ മുന നീളുന്നത് ജോയ്‌സിന്റെ അടുത്തവര്‍ക്കുമമെതിരേ കൂടിയാണ്. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മുന്‍ ജില്ല ഭാരവാഹിയായിരുന്നവര്‍ ജോയ്‌സിന്റെ കുടുംബത്തിലുണ്ട്. കൈയേറ്റത്തിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസിനും മറുപടി പറയേണ്ടി വരും. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊട്ടക്കമ്പൂര്‍ ഉയര്‍ന്നു വരാന്‍ സാധ്യത വളരെ കുറവാണ്.

ഇത്തരത്തിലെല്ലാം കളം ജോയ്‌സിന് അനുകൂലമായി കിടക്കുന്നതിനാല്‍ തന്നെ എതിരാളിയായി ആരെ ഇറക്കുമെന്നത് യുഡിഎഫിനെ സംബന്ധിച്ച് ഏറെ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഏറ്റവും നല്ല ചോയ്‌സ്. സഭ നേതൃത്വത്തെ മയപ്പെടുത്തുന്നതുള്‍പ്പെടെ ഉമ്മന്‍ ചാണ്ടിക്ക് ചെയ്യാന്‍ കഴിയുന്നതുപോലെ മറ്റൊരു നേതാവിനും കഴിയില്ല. ഒരിക്കല്‍ കൂടി ഡീന്‍ കുര്യാക്കോസോ, അല്ലെങ്കില്‍ മാത്യു കുഴല്‍നാടനോ, മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസോ വരികയാണെങ്കില്‍ ഫലം കഴിഞ്ഞ തവണത്തേത് തന്നെയായിരിക്കും.

ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ പിന്നെ ജോസഫ് വാഴക്കന്‍ എന്നൊരു ചോയ്‌സ് ഉയര്‍ന്നിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റപുഴയില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന വാഴക്കനെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനം വരുന്നതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എ ഗ്രൂപ്പിന്റെ കളി. ജോയ്‌സ് ജോര്‍ജ് ഇടത് എംപിയാണെങ്കിലും തങ്ങളുടെ എംപി എന്ന നിലയ്ക്ക് കൂടി അദ്ദേഹത്തെ ആഘോഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാര്‍. ഇടുക്കിയിലെ ഐ ഗ്രൂപ്പുകാരുടെ പ്രിയപ്പെട്ടവന്‍ തന്നെയാണ് ഇപ്പോഴും ജോയ്‌സ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോയ്‌സിനു വീണ വോട്ടുകളില്‍ ഐ ക്കാരുടെയും മോശമല്ലാത്ത കണക്കില്‍ ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇടുക്കിയില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളാണ് ജോയ്‌സിന്റെ കുടുംബം. ജോയ്‌സും ഐ ഗ്രൂപ്പുകാരനായി ജില്ലയില്‍ തിളങ്ങി നിന്നൊരാളാണ്. ഇടുക്കി ജില്ലയിലെ ഐ ഗ്രൂപ്പുകാരുടെ തലതൊട്ടപ്പന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഇ എം അഗസ്തിയുടെ സ്വന്തം ചേട്ടന്റെ മകളാണ് ജോയ്‌സ് ജോര്‍ജിന്റെ ഭാര്യ, സഹോദരന്‍ ജോര്‍ജി ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് ജില്ല മുന്‍ ജനറല്‍ സെക്രട്ടി, പിതാവ് പാലിയത്ത് ജോര്‍ജ്‌ ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി…ഇത്തരത്തില്‍ പലവഴിയില്‍ ജോയ്‌സിന്റെ കോണ്‍ഗ്രസ് ബന്ധം പടര്‍ന്നു കിടക്കുകയാണ്. ഇപ്പോഴും അവയൊന്നും മുറിച്ചു മാറ്റിയിട്ടുമില്ല. അതിനാല്‍ തന്നെ എ ഗ്രൂപ്പുകാര്‍ ആരു മത്സരിക്കാന്‍ വന്നാലും ഐ ഗ്രൂപ്പ് വോട്ടുകള്‍ വലിയ തോതില്‍ തന്നെ ജോയ്‌സിനു പോകാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിപോലും വിയര്‍ക്കുമെന്നു പറയുന്നതിനു കാരണവും ഇതാണ്. ഇത് മനസിലാക്കിയാണ് ഐ ഗ്രൂപ്പ് വക്താവായ ജോസഫ് വാഴക്കനെ ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. വാഴക്കന്‍ വന്നാല്‍ അത് ഐ ഗ്രൂപ്പുകാരെ കുഴപ്പത്തിലാക്കും. എങ്കില്‍ പോലും ഉമ്മന്‍ ചാണ്ടിയൊഴിച്ച് മറ്റാര്‍ക്കും സാധ്യത കല്‍പ്പിക്കാന്‍ കോണ്‍ഗ്‌സുകാര്‍ തന്നെ ധൈര്യപ്പെടാത്തതിന്റെ സാഹചര്യത്തില്‍ ജോയ്‌സ് ഒരുവട്ടം കൂടി ഡല്‍ഹിക്ക് പോകും എന്നത് ഏറെക്കുറെ ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍