UPDATES

ട്രെന്‍ഡിങ്ങ്

അഡ്വ. ഹരികുമാറിനെയും ഡോ. സിന്ധുമോള്‍ ജേക്കബിനെയും പിന്തള്ളി വി എന്‍ വാസവന്‍ വന്നതിങ്ങനെ; കോട്ടയത്ത് സംഭവിച്ചത്

കോട്ടയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി എന്‍ വാസവന്‍ തന്നെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിയിരിക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിഎന്‍ വാസവന്റെ പേരിന് മാറ്റമുണ്ടാകില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ജനതാദളില്‍ നിന്നും സീറ്റ് തിരിച്ചെടുക്കുമെന്ന സൂചന വന്നതോടെ കോട്ടയത്ത് ഹരികുമാറിനൊപ്പം വാസനവും സ്ഥാനാര്‍ത്ഥി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗം സിന്ധുമോള്‍ ജേക്കബിന്റെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്നു വന്നത് അമ്പരപ്പ് ഉണ്ടാക്കി.സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഹരികുമാര്‍, വി എന്‍ വാസവന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പം സിന്ധുമോള്‍ ജേക്കബിന്റെ പേരും ചര്‍ച്ചയായിരന്നു. സിന്ധുമോള്‍ ജേക്കബായിരിക്കും സ്ഥാനാര്‍ഥി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വി എന്‍ വാസവന്റെ പേര് മാത്രമാണ് ചര്‍ച്ച ചെയ്തതും നിര്‍ദ്ദേശിച്ചതും. ഇതോടെ വാസവന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് അണികളും പ്രവര്‍ത്തകരും. കോട്ടയത്ത് ചിലയിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവനെ വിജയിപ്പിക്കുക എന്ന തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി അംഗങ്ങളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വാസവന്റെ ഫോട്ടോയുള്‍പ്പെടെ പ്രചാരണമാരംഭിച്ചിട്ടുമുണ്ട്.

സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ അപ്രതീക്ഷിതമായാണ് സിന്ധുമോള്‍ ജേക്കബ് ഇടം നേടിയത്. ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ പഞ്ചായത്തംഗവുമായ സിന്ധുമോള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത പാര്‍ട്ടിക്ക് ഗുണമാവുമെന്ന കണക്കുകൂട്ടല്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഹോമിയോ ഡോക്ടറായ സിന്ധുമോള്‍ രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ആളാണ്. യാക്കോബായ സഭക്കാരിയായ സിന്ധുമോള്‍ ക്‌നാനായ സഭയില്‍പെട്ടയാളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇരു സഭകളുടേയും വോട്ടുകള്‍ സിന്ധുമോള്‍ക്ക് എളുപ്പത്തില്‍ നേടാനാവുമെന്നും കണക്കുകൂട്ടലുണ്ടായിരുന്നു. യുഡിഎഫ് കോട്ടയില്‍ തുടര്‍ച്ചയായി ജയിക്കുന്നയാള്‍ എന്ന മുന്‍തൂക്കവും സിന്ധുമോള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ അടുപ്പമുള്ള, ചിരപരിചിതനായ വാസവനെ തന്നെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുകയെന്ന തീരുമാനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാനില്ലെന്നറിയിച്ച് ആദ്യം ഒഴിഞ്ഞെങ്കിലും പാര്‍ട്ടി വാസവനില്‍ എത്തിച്ചേര്‍ന്നത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പയറ്റി വിജയം കണ്ട മുതിര്‍ന്ന നേതാവ് എന്ന പ്രതീക്ഷയോടെയാണ്. പാര്‍ട്ടിക്ക് സ്വന്തമായ വോട്ടുകള്‍ വാസവന് ലഭിക്കുമെങ്കിലും മണ്ഡലത്തിലെ ജാതി സമവാക്യങ്ങള്‍ തുണയ്ക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി അണികളില്‍ തന്നെ ആശയക്കുഴപ്പമുണ്ട്.

2014ല്‍ കോട്ടയത്ത് സിപിഎം മത്സരിക്കുമെന്നും ഹരികുമാറായിരിക്കും സ്ഥാനാര്‍ഥിയെന്നും ഉറപ്പിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജെഡിഎസിന് സീറ്റ് നല്‍കിയത്. മാത്യു ടി തോമസ് ആയിരുന്നു സ്ഥാനാര്‍ത്ഥി. ഇത്തവണ ജെഡിഎസില്‍ നിന്ന് സീറ്റ് തിരിച്ചെടുത്തപ്പോള്‍ വീണ്ടും ഹരികുമാറിന്റെ പേരിന് സാധ്യത കല്‍പ്പിക്കപ്പെട്ടെങ്കിലും അവസരം അദ്ദേഹത്തിന് വീണ്ടും വഴുതിപ്പോയിരിക്കുകയാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് ഏരെ നിര്‍ണയകമായ സാഹചര്യത്തില്‍, ജയം അനിവാര്യമാണെന്ന തീരുമാനത്തിലാണ് വാസവനില്‍ പാര്‍ട്ടി പ്രതീക്ഷ ഉറപ്പിച്ചത്.

എതിരാളിയായി ആരു വരും എന്നറിഞ്ഞാലേ ജയപരാജയ സാധ്യതകളെക്കുറിച്ച് പറയാനാകൂ. കോട്ടയം സീറ്റില്‍ യുഡിഎഫ് ആശയക്കുഴപ്പത്തിലാണ്. കേരള കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അണികളുടെ കണക്കുകൂട്ടല്‍. പി ജെ ജോസഫ് കെ എം മാണി തര്‍ക്കം രൂക്ഷമായി നില്‍ക്കുമ്പോള്‍ രണ്ടില പിളരുമോ എന്ന ചോദ്യം വരെ ഉയര്‍ന്നിരുന്നു. താന്‍ മത്സരിക്കുമെന്ന് ജോസഫ് അറിയിച്ചതിന് പിന്നാലെ മാണി ആ തീരുമാനം വെട്ടി. മാണി പക്ഷം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ കോണ്‍ഗ്രസും ജോസഫ് പക്ഷവും സഹകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സാഹചര്യങ്ങള്‍ ഈ വഴിക്കാണെങ്കില്‍ വാസവന് അഞ്ചുവര്‍ഷത്തെ ഡല്‍ഹി വാസത്തിന് യോഗമുണ്ട്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍