UPDATES

ട്രെന്‍ഡിങ്ങ്

മോദി-പിണറായി വിരുദ്ധതയോ, ശബരിമലയോ അതോ നവോത്ഥാന രാഷ്ട്രീയമോ? ഉയര്‍ന്ന പോളിംഗില്‍ ഹൃദയമിടിപ്പോടെ മുന്നണികള്‍

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ പോളിംഗ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതീക്ഷയുടെ ഗ്രാഫുകള്‍ വരയ്ക്കുകയാണ് മുന്നണികള്‍

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ പോളിംഗ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതീക്ഷയുടെ ഗ്രാഫുകള്‍ വരയ്ക്കുകയാണ് മുന്നണികള്‍. വലിയ വിജയം പ്രതീക്ഷിച്ച് യുഡിഎഫും കണക്കിലെ കരുത്തുമായി എല്‍ഡിഎഫും അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപിയും തങ്ങളുടെ പ്രതീക്ഷപ്പെട്ടിയില്‍ അടയിരിയ്ക്കുന്നു. യന്ത്രത്തിന്റെ കുരുക്കഴിക്കുന്ന മെയ് 23വരെ അവകാശവാദങ്ങള്‍ക്കുള്ള ഇടമുണ്ട്.

എന്താവും വര്‍ദ്ധിച്ച തോതില്‍ വോട്ടര്‍മാരെ ഇക്കുറി പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്?
പോളിംഗിന്റെ തൊട്ട് തലേദിവസം വരെ ‘സ്‌റ്റോയിക്’ ആയി പ്രത്യക്ഷപ്പെട്ട വോട്ടര്‍മാരില്‍ നല്ല പങ്കും പോളിംഗ് സ്‌റ്റേഷനില്‍ നീണ്ട നേരം വരിനിന്ന് സമ്മതിദാനം രേഖപ്പെടുത്തി. ‘എല്ലാവരും ഒരുപോലെ’, ‘ആരില്‍ പ്രതീക്ഷ അര്‍പ്പിക്ക’ാനെന്നൊക്കെ നിര്‍മ്മമായി പറഞ്ഞിരുന്നവരില്‍ ഏറിയ പങ്കും സമ്മതിദാനം രേഖപ്പെടുത്തി. കെട്ടകാലത്തെ കഷ്ടിരാഷ്ട്രീയം എന്നു മാഴ്കിയിരുന്നവരെക്കൂടി വോട്ടിടാനെത്തിച്ച രാഷ്ട്രീയ ‘ഉള്ളടക്കം’ എന്താണ്? സ്ത്രീകളും ഗ്രാമീണരും അടങ്ങുന്ന ജനാവലി രാത്രി വൈകിയും ക്യൂ നിന്നത് ചില രാഷ്ട്രീയമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാകണം. അത് പ്രതിഫലിപ്പിക്കണമെന്നും അവരാഗ്രഹിച്ചിരുന്നു.

കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 77.68 ശതമാനമാണ് സംസ്ഥാനത്ത് ഇക്കുറി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അവസാനം പുറത്ത് വന്ന കണക്ക് അനുസരിച്ചാണിത്. ചെറിയ വ്യത്യാസങ്ങള്‍ ഇനിയും വന്നേക്കാം. 2014ല്‍ പോളിംഗ് 74.02 ആയിരുന്നു. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനം കടന്നു. എല്ലാ മണ്ഡലങ്ങളിലും തൊട്ടു മുന്‍ പ്രാവശ്യത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. കാണുക. ബ്രാക്കറ്റില്‍ 2014ലെ പോളിംഗ് ശതമാനം. കാസര്‍ഗോഡ് 80.57(78.41), കണ്ണൂര്‍ 83.05(81.06),വടകര 82.48(81.21), വയനാട് 80.31(73,25),കോഴിക്കോട് 81.47(79.77), ആലത്തൂര്‍ 80.33(76.35),ചാലക്കുടി 80.45(76.93), ആലപ്പുഴ 80.09(78.55), മലപ്പുറം 75.43(71.21),പൊന്നാനി 74.96(73.81),പാലക്കാട് 77.67(75.33), തൃശൂര്‍ 77.86(72.19), എറണാകുളം 78.66(73.58),ഇടുക്കി 76.26(70.79),കോട്ടയം 75.29(71.67), മാവേലിക്കര 74.09(70.99),പത്തനംതിട്ട 74.19(65.81),കൊല്ലം 74.36(72.10), ആറ്റിങ്ങല്‍ 74.23(68.67), തിരുവനന്തപുരം 73.45(68.63).

ഇത്തരത്തില്‍ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് ഗുണകരമാകുക? ഓരോ മുന്നണിക്കും തല്‍ക്കാലത്തേക്ക് അവരുടേതായ ഉത്തരം ഉണ്ടാകാം. മെയ് 23വരെ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യാം. കേരളത്തില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരമായിരുന്നു. സാധാരണ കണ്ടുവന്നിരുന്ന ഇടതിനും വലതിനപ്പുറം ബിജെപിയും ശക്തമായ സാന്നിധ്യമായി. അക്കൗണ്ട് തുറക്കുമെന്നവര്‍ ആവര്‍ത്തിക്കുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും അടക്കമുള്ള അഞ്ചു മണ്ഡലങ്ങളെ ചുറ്റിപറ്റിയാണവരുടെ പ്രതീക്ഷ. അതെന്തായാലും, ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു വിശ്വാസി സമൂഹത്തെ ഉണര്‍ത്തിയെടുത്ത സംഘ സംഘടനകളുടെ കരുത്തില്‍ ബിജെപിയുടേയും എന്‍ഡിഎയുടേയും വോട്ട് ഷെയറില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുക തന്നെ ചെയ്യുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. വിജയം ഏത് മുന്നണിക്കാണെങ്കിലും ഈ വോട്ടുകള്‍ നിര്‍ണായകം. കാലാകാലങ്ങളിലേത് പോലെ, കോണ്‍ഗ്രസും സിപിഎമ്മും ബൂത്ത് തലം മുതലുള്ള വോട്ടിംഗ് വിശകലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകഴിഞ്ഞു.

എന്തായിരിക്കും ഇക്കുറി കൂടുതല്‍ പേരെ പോളിംഗ് സ്‌റ്റേഷനിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍? കമ്യൂണിസ്റ്റുകാര്‍ കരുതുംപോലെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ വൈശിഷ്ട്യവും സ്ഥാനാര്‍ഥികളുടെ മികവും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ടാണോ? അതോ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേമട്ടില്‍ പറയുന്നതുപോലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണോ? ഫാസിസത്തിലേക്ക് നാട് എടുത്തെറിയപ്പെടുന്നുവെന്ന ഭീതിയാണോ? ശബരിമലയുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ ഭൂരിപക്ഷത്തെ ബാധിച്ച തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന വേവലാതിയാണോ? അതോ ഭൂരിപക്ഷ കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ അതേപോലെ തന്നെ കേന്ദ്രീകരിക്കപ്പെടുകയും പോളിംഗിനെത്തുകയും ചെയ്തുവോ?

പതിവുമട്ടില്‍ സംസ്ഥാന ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും നാടിന്റെ വികസന പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായി എന്നത് വാസ്തവം. എന്നാല്‍ ശബരിമല പ്രശ്‌നത്തിലൂന്നിയ, വൈകാരിക ഭൂരിപക്ഷ രാഷ്ട്രീയത്തോട്് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഇടപെടലായും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ രാഷ്ട്രീയവുമായുള്ള സംവാദമായും കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ശ്രമമായും വര്‍ധിച്ച പോളിംഗിനെ നോക്കികാണാനാകുമെന്ന് തോന്നുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രചാരണം കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. രാജ്യത്തിന്റെ മതേതര സ്വത്വത്തെ ഇല്ലാതാക്കുന്ന നടപടികളാണ് അധികാരത്തിലെത്തിയതു മുതല്‍ മോദിയും കൂട്ടരും നടത്തുന്നതെന്നും മോദിയ്ക്കു തുടര്‍ച്ചയുണ്ടാകുന്നത് രാജ്യത്തിനാപാത്താകുമെന്നുമായിരുന്നു ഇവരുടെ വിമര്‍ശം. ഫാസിസത്തിന്റെ അപരമുഖമായി നോട്ട് നിരോധനം, ജിഎസ്ടി ഏര്‍പ്പെടുത്തല്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങളെ കാണുകയും വിശദീകരിക്കുകയും ചെയ്തു ഇവര്‍. ജനങ്ങളെ ദുരിതക്കയത്തിലാക്കുകയും സമ്പദ്ഘടനയെ ദുര്‍ബലമാക്കുകയും ചെയ്തുവെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ കൂടി ആയതോടെ മോദി വിരുദ്ധര്‍ കൂടുതലായി പോളിംഗ് സ്‌റ്റേഷനിലേക്ക് എത്തിയിരിക്കാം. കേരളത്തില്‍, ആശയതലത്തില്‍ മതിയായ ഗൃഹപാഠം നടത്തി ഇവ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ ഗുണഫലം ലഭിക്കുക ഒരുപക്ഷെ, കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിയ്ക്കുമായിരിക്കാം.

മോദി വിരുദ്ധം എന്നതുപോലെ പിണറായി വിരുദ്ധമായ പ്രചാരണവും ഒരു പങ്ക് വോട്ടര്‍മാരെ കൂടുതലായി പോളിംഗ് ബൂത്തിലേക്ക് എത്തിച്ചിരിക്കണം. പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന നടപടികള്‍ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അവയെ തെരഞ്ഞെടുപ്പ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും ചെയ്തു. പ്രളയകാലത്തെ നേരിട്ട രീതിയും പ്രളയാനന്തര പുനര്‍നിര്‍മാണവും ഒക്കെ ഇത്തരത്തില്‍ വിചാരണ ചെയ്യപ്പെടുകയും വോട്ടര്‍മാരെ വിചാരവാന്മാരാക്കുകയും ചെയ്തിട്ടുണ്ടാകാം. ഈ പ്രചാരണങ്ങളില്‍ ആകൃഷ്ടരായ വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്കെന്നതുപോലെ സമ്മതിദാനം രേഖപ്പെടുത്തുന്നതിനുമുള്ള ഇടമായി ഈ തെരഞ്ഞെടുപ്പിനെ കണ്ടിരിക്കണം. അത്തരത്തിലും കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനിലേക്ക് എത്തിയിരിക്കാം. പിണറായി വിരുദ്ധമായ വോട്ടുകളുടെ പങ്ക് തങ്ങള്‍ക്കെന്ന് ഫലം വരുന്നതുവരെ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ അവകാശപ്പെടുകയും ചെയ്യാം.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വൈകാരികമായി സ്വാധീനം ചെലുത്തിയ വിഷയം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവഗതികളാവണം. സ്ത്രീപ്രവേശനം സുപ്രീം കോടതി അനുവദിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശ്വാസികള്‍ക്കെതിരായി ഭവിച്ചുവെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകളും ബിജെപിയും ആര്‍എസ്എസ്സും ഒക്കെ നടത്തിയ വിപുലമായ പ്രചാരണങ്ങളും കൂടുതല്‍ ആളുകളെ വോട്ടിംഗിന് പ്രേരിപ്പിച്ചിരിക്കാം. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന നിലപാട് കോണ്‍ഗ്രസും കൈക്കൊണ്ടു. തെരുവ് പ്രതിഷേധങ്ങളും കോടതി വ്യവഹാരങ്ങളുമായി വളര്‍ന്ന ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പ് കാലത്തും ജീവത്തായ വിഷയമായി. തികഞ്ഞ വൈകാരിക പ്രശ്‌നമായ ശബരിമല സംഭവങ്ങള്‍ മനസ്സില്‍ കരുതിയും കൂടുതല്‍ പേര്‍ വോട്ടിംഗിനെത്തിയെന്ന് വേണം അനുമാനിക്കാന്‍. കോടതി വിധി നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് സര്‍ക്കാരും സിപിഎമ്മും വിശദീകരിക്കെ തന്നെ വലിയതോതിലുള്ള ആശങ്ക വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നാണ് പ്രതിഷേധങ്ങളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. അക്കൗണ്ട് തുറക്കാനായി ബിജെപി വലിയ തോതില്‍ ബാങ്ക് ചെയ്യുന്നത് ഇതിനെയാണ്. കോണ്‍ഗ്രസും ഈ വോട്ടുകളില്‍ പ്രതീക്ഷ ഉറ്റവരാണ്. യന്ത്രപ്പൂട്ട് തുറക്കും വരെ എല്ലാവരും ഇത്തരത്തില്‍ കണക്ക് കൂട്ടുന്നു. ജനാധിപത്യത്തിന്റെ ആക്കത്തൂക്കങ്ങളും ഈ കണക്കുകള്‍ തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍