UPDATES

മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം കഴിഞ്ഞു, വനത്തില്‍ 60 ലോഡ് മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും ബാക്കി

നിയമങ്ങള്‍ ലംഘിച്ച് 60 ലോഡ് മണ്ണാണ് വനത്തിലേക്കെത്തിച്ചത്. റോഡ് വെട്ടി, എന്നാല്‍ പൂര്‍വസ്ഥിതിയിലാക്കുമെന്ന ഉറപ്പ് പാലിച്ചുമില്ല. വെട്ടിലായി മണ്ണിടാന്‍ അനുമതി നല്‍കി വനംവകുപ്പ് ഉദ്യോഗസ്ഥന്‍

മമ്മൂട്ടി നായകനായ ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ അറുപത് ലോഡ് മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും റിസര്‍വ് വനത്തില്‍ ബാക്കി. കാസര്‍കോഡ് മുള്ളേരിയ പാര്‍ഥക്കൊച്ചി വനത്തില്‍ ഇറക്കിയ മണ്ണ് ചിത്രീകരണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് നീക്കം ചെയ്യുമെന്നായിരുന്നു നല്‍കിയ ഉറപ്പ്. നിയമം ലംഘിച്ചുകൊണ്ടാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വനത്തിലേക്ക് മണ്ണിറക്കാന്‍ അനുമതി നല്‍കിയത്. ചിത്രീകരണം പൂര്‍ത്തിയായാല്‍ ചിത്രീകരണ സംഘം തന്നെ വനത്തെ പൂര്‍വസ്ഥിതിയിലാക്കുമെന്നായിരുന്നു ഡിഎഫ്ഒയുടെ വാദം. എന്നാല്‍ വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ചിത്രീകരണം പൂര്‍ത്തീകരിച്ച് സിനിമാ ചിത്രീകരണ സംഘം പോയതോടെ വെട്ടിലായത് മണ്ണിടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇത് സംബന്ധിച്ച് അഴിമുഖം നേരത്തെ തന്നെ വിശദമായ റിപ്പോര്‍ട്ട് ചെയ്തിരുന്നു: വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം

റിസര്‍വ് ഫോറസ്റ്റില്‍ മണ്ണിടാന്‍ അനുമതി നല്‍കിയതിനെ ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു. വനപരിപാലന നിയമപ്രകാരം പുറത്ത് നിന്ന് വനത്തിലേക്ക് മണ്ണ് കടത്താനോ നിക്ഷേപിക്കാനോ ആവില്ല. വനത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കില്ല എന്ന ഉറപ്പില്‍ വേണം സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കാന്‍. എന്നാല്‍ മണ്ണിട്ട റോഡ് വെട്ടിയും, മണ്ണ് നിരത്തിയും വനത്തിന്റെ നിലനില്‍ക്കുന്ന പ്രകൃതിയില്‍ മാറ്റം വരുത്തിയതായാണ് ആക്ഷേപമുയര്‍ന്നിരുന്നത്. ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി മണ്ണിടാന്‍ അനുമതി നല്‍കിയ ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് വീണ്ടും സിനിമയുടെ ചിത്രീകരണം അനുവദിക്കുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായാല്‍ മണ്ണ് നീക്കം ചെയ്ത് വനം പൂര്‍വസ്ഥിതിയിലാക്കും എന്നായിരുന്നു ഡിഎഫ്ഒ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇതുണ്ടായില്ല.

ചെങ്കല്‍ പാറയ്ക്ക് മുകളില്‍ മണ്ണിട്ട് റോഡുണ്ടാക്കിയതിന് പുറമെ വനത്തില്‍ മണ്ണുകൊണ്ടുള്ള സ്ട്രക്ചറുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ചിത്രീകരണത്തിനായി എത്തിച്ച സ്ട്രക്‌റുകളും ഉപകരണങ്ങളുമെല്ലാം സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും റോഡ് നിര്‍മ്മിക്കാനിട്ട മണ്ണ് നീക്കം ചെയ്തിട്ടില്ല. ചെങ്കല്‍ പാറകളുണ്ടാക്കാനുപയോഗിച്ച മെറ്റീരിയിലകളും പ്ലാസ്റ്റിക് കുപ്പികളുമടക്കം മാലിന്യങ്ങളും വനത്തിനുള്ളില്‍ കൂടിക്കിടക്കുകയാണ്. നവംബര്‍ 30-തിനായിരുന്നു വനംവകുപ്പ് അവസാനം ലൈസന്‍സ് നല്‍കിയത്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണ സംഘം സ്ഥലത്തു നിന്ന് പോവുകയും ചെയ്തു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. സ്ഥലം പരിശോധിച്ച് ശേഷം വേണ്ട നടപടികളെടുക്കുമെന്നും മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ ചിത്രീകരണ സംഘത്തില്‍ നിന്ന് ഈടാക്കിയ കോഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കൂ എന്നും മണ്ണിടാന്‍ അനുമതി നല്‍കിയ ഡിഎഫ്ഒ എം രാജീവന്‍ പറയുന്നു: “സ്ഥലം പരിശോധിച്ചതിന് ശേഷം വേണ്ട നടപടികളെടുക്കും. ധാരണ പ്രകാരം അവര്‍ മണ്ണ് നീക്കം ചെയ്യണം. മാലിന്യങ്ങളൊന്നും അവശേഷിപ്പിക്കാതെ വനത്തെ പൂര്‍വ സ്ഥിതിയിലാക്കുകയും വേണം. അങ്ങനെ ചെയ്താല്‍ മാത്രമേ അവര്‍ ചിത്രീകരണത്തിനായി നല്‍കിയ കോഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കൂ. 18,000 രൂപയാണ് കോഷന്‍ ഡിപ്പോസിറ്റായി വാങ്ങിയിരിക്കുന്നത്.” എന്നാല്‍ ചിത്രീകരണ സംഘം ഇതു നീക്കം ചെയ്യാതിരിക്കുകയും കോഷന്‍ ഡിപ്പോസിറ്റ് വേണ്ടെന്ന് വയ്ക്കുകയും ചെയ്താലും കുടുങ്ങുക വനംവകുപ്പ് തന്നെയായിരിക്കും, കാരണം, ഈ തുക കൊണ്ട് വനം പൂര്‍വസ്ഥിതിയില്‍ ആക്കുക ദുഷ്കരമാണ്.

മണ്ണിടല്‍ നിയമലംഘനമാണെന്ന് കണ്ടെത്തി അത് തടഞ്ഞ ഉദ്യോഗസ്ഥനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സ്ഥലംമാറ്റത്തിനെതിരെ കേസ് നല്‍കിയ അനില്‍ കുമാര്‍ പാര്‍ഥക്കൊച്ചിയില്‍ തന്നെ റേഞ്ച് ഓഫീസറായി തുടരുകയാണ്. ചിത്രീകരണ സംഘം മണ്ണ് നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, മദ്യക്കുപ്പികളടക്കം പലതരം മാലിന്യങ്ങള്‍ അവിടെ അവശേഷിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ മഹസര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. ഛത്തീസ്ഗഡ് വനങ്ങളിലെ മാവോയിസ്റ്റ് മേഖലകളാണ് പാര്‍ഥക്കൊച്ചിയില്‍ ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി സെപ്തംബര്‍ മാസത്തില്‍ ഡിഎഫ്ഒയുടെ സമക്ഷം അനുമതി തേടി. ഉപാധികളോടെ സിനിമ ചിത്രീകരത്തിന് അനുമതി നല്‍കാന്‍ ഡിഎഫഒക്ക് അധികാരമുണ്ട്. ഇതനുസരിച്ച് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാലോ, അഞ്ചോ ലോഡ് മണ്ണ് വനത്തിലിറിക്കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട റേഞ്ച് ഓഫീസര്‍ ആയിരുന്ന അനില്‍ കുമാര്‍ മണ്ണിറക്കുന്നത് നിര്‍ത്തി വയ്പ്പിച്ചു. എന്നാല്‍ പിന്നീട് തനിക്ക് മുകളില്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയനായ അനില്‍കുമാര്‍ പറയുന്നു. ഇത് പ്രശ്നമായതോടെ മണ്ണിടുന്നതിന് ഡിഎഫ്ഒ പ്രത്യേക ഉത്തരവ് നല്‍കി. പരിധികള്‍ പോലും നിശ്ചയിക്കാതെ നല്‍കിയ ഉത്തരവ് പ്രകാരം വനത്തിലേക്ക് അറുപത് ലോഡ് മണ്ണ് കടത്തി. എന്നാല്‍ പിന്നീട് മഴ പെയ്ത സാഹചര്യത്തില്‍ മണ്ണ് അടിഞ്ഞുകൂടി വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് കണ്ട് അനില്‍കുമാര്‍ വീണ്ടും മണ്ണിറക്കുന്നത് നിര്‍ത്തിവയ്പ്പിച്ചു. പാറകള്‍ക്ക് മുകളില്‍ മണ്ണ് നിരത്തി വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പാകത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു. അതോടെ സംഭവം മാധ്യങ്ങളില്‍ വാര്‍ത്തയാവുകയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവപ്പിക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണിടാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടു. പിന്നീട് ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. ഹരിതകേരള മിഷന്‍ അംബാസിഡര്‍ കൂടിയായ മമ്മൂട്ടിയുടെ സിനിമയ്ക്കായി വനനിയമങ്ങളെ ലംഘിച്ച് വനത്തിലേക്ക് മണ്ണടിച്ച് അതിന്റെ സ്വാഭാവിക പ്രകൃതി നശിപ്പിച്ചതിനെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം കഴിഞ്ഞ വനത്തില്‍ 60 ലോഡ് മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും/ വീഡിയോ

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ഉപാധികളോടെ തുടരാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കി. ഒക്ടോബര്‍ പത്തിനാണ് അനുമതിയും അനുബന്ധ ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രദീപ് കുമാര്‍ നല്‍കുന്നത്. എന്നാല്‍ പിന്നീട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ന്നാണ് അനില്‍ കുമാറിനെതിരെയുള്ള നടപടിയുണ്ടായത്.

ചെങ്കല്‍പ്പാറയുടെ മുകളില്‍ മണ്ണ് നിരത്തിയുണ്ടാക്കിയ റോഡ് നീക്കം ചെയ്യുക എളുപ്പമുള്ള കാര്യമല്ല എന്നാണ് വിഷയത്തില്‍ ആദ്യം മുതല്‍ പ്രതിഷേധിച്ച നൈതല്‍ എന്ന പരിസ്ഥിതി സംഘടനയുടെ കണ്‍വീനര്‍ സുധീര്‍ പറയുന്നത്. അതിനാല്‍ മണ്ണിടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും നവകേരള നിര്‍മ്മിതിക്കായി കേരളം പാടുപെടുമ്പോള്‍ വനത്തിന്റെ സ്വാഭാവികതകളെ ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ സിനിമാ ചിത്രീകരണ സംഘത്തിന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. പ്രതികരണം ലഭ്യമാവുന്ന മുറയ്ക്ക് അത് ഉള്‍പ്പെടുത്തും.

വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍