UPDATES

ട്രെന്‍ഡിങ്ങ്

കോട്ടയത്ത് കരോള്‍ സംഘത്തിനു നേരെ ആക്രമണം; എട്ട് ദിവസമായി പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അഞ്ച് കുടുംബങ്ങള്‍; പ്രതികളില്‍ 6 പേര്‍ ഡിവൈഎഫ്ഐക്കാര്‍

സിഎസ്ഡിഎസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷമല്ലെന്നും കമ്യൂണല്‍ പ്രശ്നമാണെന്നും ഡിവൈഎഫ്ഐ വിശദീകരണം

എട്ട് ദിവസങ്ങളായി പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അഞ്ച് കുടുംബങ്ങള്‍. ഡിസംബര്‍ 23ന് കരോളിനിടെ അക്രമമുണ്ടായതിനെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയവരാണ് അഞ്ച് കുടുംബങ്ങള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ എട്ട് ദിവസമായിട്ടും ഇവര്‍ക്ക് പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കുമ്പോള്‍ സ്‌കൂളിലോ കോളേജിലോ പോവാന്‍ കഴിയാതെ പന്ത്രണ്ട് വിദ്യാര്‍ഥികളും കൂടിയാണ് കോട്ടയം പാത്താമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അകപ്പെട്ടിരിക്കുന്നത്. മൂന്നര വയസ്സുള്ള കുഞ്ഞുള്‍പ്പെടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് എട്ട് ദിവസമായി പള്ളിയില്‍ തന്നെ കഴിയുന്നത്.

ഡിസംബര്‍ 23നാണ് സംഭവങ്ങളുടെ തുടക്കം. 23ന് രാത്രി കരോളിനിടെ ഒരു കൂട്ടം ആളുകള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ അതിക്രമങ്ങള്‍ നടത്തി. ശാരീരികമായും, ലൈംഗികമായും അതിക്രമമുണ്ടായെന്ന് സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അക്രമികളെന്നും ഇവര്‍ ആരോപിക്കുന്നു. കരോളിനിടെ ചെറിയ രീതിയില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് കരോള്‍ സംഘം പള്ളിയിലെത്തിയതിന് പിന്നാലെ മാരകായുധങ്ങളുമായി അക്രമി സംഘം പള്ളി വളയുകയും അക്രമം നടത്തുകയുമായിരുന്നു. കല്ലേറില്‍ 21 കാരിയായ യെമിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. എന്നാല്‍ ഭീഷണി സന്ദേശങ്ങള്‍ പലവഴിക്കെത്തുന്നതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്കാവുന്നില്ല. ചേരമര്‍ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പ്രവര്‍ത്തകരും പള്ളി കമ്മിറ്റി ഭാരവാഹികളും കരോള്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ സിഎസ്ഡിഎസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷമാക്കി ഇത് മാറ്റുന്നത് ഡിവൈഎഫ്‌ഐക്കാരാണെന്നാണ് ഇവര്‍ പറയുന്നത്. കള്ള രേഖയുണ്ടാക്കിയാണ് പ്രതികള്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയതെന്നും ഇവര്‍ ആരോപിക്കുന്നു.

കരോള്‍ സംഘത്തിലുണ്ടായിരുന്ന, സെന്റ് പോള്‍സ് പള്ളി സെക്രട്ടറിയായ പി സി ജോണ്‍സണ്‍ പറയുന്നതിങ്ങനെ, “സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീജനസഖ്യം, യുവജനസംഘം എന്നിവര്‍ ചേര്‍ന്നാണ് 23ന് കരോള്‍ സംഘടിപ്പിച്ചത്. മുട്ടച്ചിറ കോളനിയുടെ അടുത്തേക്ക് സംഘം എത്തിയപ്പോള്‍, റോഡില്‍ ഒരു സംഘം ചെറുപ്പക്കാര്‍ മദ്യപിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കരോള്‍ അവതരിപ്പിക്കുന്നതിനിടെ ഈ സംഘവും ഞങ്ങളോടൊപ്പം ചേര്‍ന്ന് പാട്ടുപാടാനും ഡാന്‍സ് കളിക്കാനും തുടങ്ങി. ഞങ്ങള്‍ കരോള്‍ തുടരുന്നതിനിടെ അവരില്‍ ചിലര്‍ പെണ്‍കുട്ടികളോട് പാടേണ്ടെന്നും കരോള്‍ നിര്‍ത്തിപ്പൊയ്ക്കോളാനും പറഞ്ഞു. അതിനിടെ ഒരാള്‍ തുണിപൊക്കിപ്പിടിച്ച് ഡാന്‍സ് കളിക്കുകയും ചെയ്തു. അത് കരോള്‍ സംഘത്തിലെ പെണ്‍കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവരെ പിടിക്കുകയും വലിക്കുകയുമൊക്കെ ചെയ്തു. അത് കണ്ടപ്പോള്‍ സംഘത്തിലെ മുതിര്‍ന്ന പുരുഷന്‍മാര്‍ അതില്‍ ഇടപെട്ടു. ചെറിയ താേതില്‍ സംഘര്‍ഷമുണ്ടായി. അവര്‍ ഞങ്ങളുടെ ഡ്രം അടിച്ച് പൊട്ടിക്കുകയുമൊക്കെ ചെയ്തു.

പിന്നീട് പോലീസ് ജീപ്പ് ആ വഴി വരുന്നത് കണ്ട് അക്രമിസംഘം വേറെ വഴി തിരിഞ്ഞുപോയി. 9.20 ആയപ്പോള്‍ ഞങ്ങള്‍ പള്ളിയില്‍ തിരിച്ചെത്തി. അപ്പോള്‍ തന്നെ അവര്‍ സംഘം ചേരുന്നുണ്ടെന്ന സൂചന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കരോള്‍ കഴിഞ്ഞെത്തിയ കുട്ടികള്‍ക്ക് പള്ളിയില്‍ ഭക്ഷണം നല്‍കുന്നുണ്ടായിരുന്നു. കരോള്‍ കഴിഞ്ഞ് ഭക്ഷണത്തിനും മറ്റുമായി പള്ളിയില്‍ കൂടിയതാണ് ഞങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ മാരകായുധങ്ങളുമായി ഒരു സംഘം പള്ളിക്ക് പുറത്തെത്തിയിട്ട് വെട്ടുകയും പൊളിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങി. ഞങ്ങടെ കൂട്ടത്തിലുള്ള ചിലര്‍ ഇത് വീഡിയോയിലും ഫോട്ടോയിലും പകര്‍ത്താന്‍ നോക്കി. അതോടെ അവര്‍ വലിയ കല്ലുകള്‍ എടുത്ത് പള്ളിക്കകത്തേക്ക് എറിഞ്ഞു. അള്‍ത്താരയിലേക്ക് വരെ സ്ത്രീകള്‍ ഓടിക്കയറി. വലിയ കല്ലുകള്‍ വന്ന് വീണാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പരിക്ക് പറ്റിയത്. പിന്നീട് പള്ളിയില്‍ പ്രവേശിച്ച അവര്‍ പിള്ളേര്‍ക്ക് വച്ചിരുന്ന ഭക്ഷണം മുഴുവന്‍ എടുത്ത് എറിഞ്ഞു. പിള്ളേരുടെ കയ്യിലിരുന്ന ഭക്ഷണം തട്ടിത്തെറിപ്പിച്ചു. കസേരകള്‍ എല്ലാം തല്ലിയൊടിച്ചു. അപ്പഴേക്കും ഞങ്ങള്‍ പള്ളിയില്‍ കൂട്ടമണിയടിച്ചു. അത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ സ്ഥലം വിട്ടു.

പോവുന്ന വഴിക്ക് അവര്‍ ആ പ്രദേശത്തെ വീടുകളിലുണ്ടായിരുന്ന ഏത്തവാഴകളെല്ലാം വെട്ടിയരിഞ്ഞിട്ടാണ് പോയത്. പള്ളിയിലേക്ക് വരുന്ന വഴി മൂന്ന് വീടുകളില്‍ അക്രമം നടത്തുകയും ചെയ്തു. അതില്‍ ഒന്ന് എന്റെ വീട്ടിലായിരുന്നു. വീട്ടില്‍ ഭാര്യ ലിന്‍സിയും കൊച്ചും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ അവര്‍ കമ്പ് വച്ച് തലക്കടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് പോലീസ് എത്തിയാണ് ലിന്‍സിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. പള്ളിയില്‍ വച്ച് പരിക്കേറ്റവരേയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു. എന്റെ കുടുംബമടക്കം അഞ്ച് കുടുംബങ്ങളാണ് ഇപ്പോള്‍ പള്ളിയിലുള്ളത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്കടക്കം നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബി-ടെക്കിനും നഴ്‌സിങ്ങിനും വരെ പഠിക്കുന്ന പെണ്‍പിള്ളേര്‍ക്ക് കോളേജില്‍ പോവേണ്ടതാണ്. പക്ഷെ അവര്‍ എന്ത് ചെയ്യും എന്നറിയാത്തതുകൊണ്ട് ഇവിടെ നിന്ന് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ്.

എന്റെ ഭാര്യയും കരോള്‍ സംഘത്തിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളും പോലീസിനോട് നടന്നതെല്ലാം വിശദീകരിച്ചതാണ്. എന്നാല്‍ അവര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത് വീടുകയറി ആക്രമണത്തിനും പള്ളിയില്‍ നടത്തിയ ആക്രമണത്തിനുമാണ്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അവര്‍ക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. അതിന് കാരണമുണ്ട്. 10 മണി കഴിഞ്ഞാണ് എന്റെ വീട് ആക്രമിക്കുന്നത്. പ്രതികളായവര്‍ 9.30ന് കോട്ടയം താലൂക്ക് ആശുപത്രിയില്‍ നിന്ന് ടിക്കറ്റ് എടുത്തിട്ടുണ്ട്. അപ്പോള്‍ രേഖകളില്‍ അവര്‍ ആ സമയത്ത് ആശുപത്രിയിലാണ്. പക്ഷെ അതിന് ശേഷമാണ് ഈ അക്രമസംഭവങ്ങളെല്ലാം നടക്കുന്നത്. ജാമ്യം ലഭിച്ച പ്രതികളെല്ലാം ഈ അഞ്ച് കുടുംബങ്ങളുടെ അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ തിരിച്ച് വീട്ടിലേക്ക് പോയാല്‍ പിന്നീട് എന്തുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് പേടിയുണ്ട്.”

കരോള്‍ സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി പറയുന്നു, “പുതിയ പള്ളി നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുകയും കൂടിയായിരുന്നു കരോളിന്റെ ഉദ്ദേശം. പക്ഷെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഞങ്ങളുടെ സംഘത്തെ ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. ലൈംഗികാതിക്രമവും ഉണ്ടായി. ഭീഷണി നിലനില്‍ക്കുമ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ക്ക് പേടിയുണ്ട്.”

എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തിന് നേരം ആക്രമണം നടത്തിയെന്ന് മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. കരോള്‍ സംഘവും നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷം എന്ന നിലയില്‍ പ്രചരിക്കപ്പെടുന്നത്. യാതൊരു വിധ രാഷ്ട്രീയ നിറവുമില്ലാത്ത ഒരു പ്രശ്‌നം രാഷ്ട്രീയവത്ക്കരിച്ച് നേട്ടം കൊയ്യാന്‍ ഒരു കൂട്ടര്‍ നടത്തുന്ന ഹീനമായ ശ്രമമാണ് ഇതിന് പിന്നിലുള്ളത്. പാത്താമുട്ടത്ത് ആക്രമണത്തിനിരയായ കരോള്‍ സംഘം പള്ളിയില്‍ അഭയം തേടിയിട്ട് ദിവസങ്ങളായെന്നും പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന ഭീഷണി ഇവര്‍ക്ക് നിലനില്‍ക്കുന്നു എന്നാണ് മറ്റൊരാരോപണം. എന്നാല്‍ ഇത്തരത്തില്‍ ഭീതിജനകമായ ഒരു സാഹചര്യം ഈ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുതയെന്നും സെക്രട്ടറിയേറ്റ് വിശദീകരണത്തില്‍ പറയുന്നു. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി സജീഷ് ശശി പറയുന്നു, “ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഡിവൈഎഫ്‌ഐ അനുഭാവികള്‍ മാത്രമാണ്. ഇത് കമ്മ്യൂണല്‍ ഇഷ്യൂ ആണ്. അല്ലാതെ ഇതിന് ഞങ്ങളുടെ പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. ചില സ്ഥാപിത താത്പര്യക്കാരാണ് ഡിവൈഎഫ്‌ഐയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്. ഇനി ആവശ്യമെങ്കില്‍, പ്രശ്‌നം പരിഹരിക്കുന്നതിന് പാര്‍ട്ടി നേതൃത്വവും ഇടപെടാവുന്നതാണ്.”

ഡിസംബര്‍ 26 മുതല്‍ ആറ് ദിവസത്തെ സ്ഥാപക തിരുനാള്‍ ആഘോഷം നടത്താനിരുന്നതാണ് പള്ളി കമ്മറ്റിക്കാര്‍. എന്നാല്‍ ഈ പ്രശ്‌നത്തോടെ രണ്ട് ദിവസത്തേക്കായി പരിപാടികള്‍ വെട്ടിച്ചുരുക്കി. പുതിയ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.എപ്പോള്‍ വീടുകളിലേക്ക് മടങ്ങാം എന്ന കാര്യത്തില്‍ പള്ളിയില്‍ അഭയം തേടിയവര്‍ക്ക് നിശ്ചയവുമില്ല.

എന്നാല്‍ പ്രദേശത്ത് ഇപ്പോള്‍ യാതൊരുവിധ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ലെന്നും എന്തുകൊണ്ടാണ് പള്ളിയിലുള്ളവര്‍ മടങ്ങിപ്പോവാത്തതെന്ന് അറിയില്ലെന്നും ചിങ്ങവനം എസ് ഐ അനൂപ് സി നായര്‍ പറഞ്ഞു, “നിലവില്‍ ആ പ്രദേശത്ത് യാതൊരുവിധ പ്രശ്‌നവും ഇല്ല. പള്ളിയില്‍ കഴിയുന്ന വീട്ടുകാര്‍ക്ക് അവരുടെ വീടുകളിലേക്ക് പോവാം. പക്ഷെ അന്തുകൊണ്ടാണ് അവര്‍ പള്ളിയില്‍ തന്നെ തുടരുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ആ പ്രദേശത്തെ ക്രമസമാധാനം ഉറപ്പ് വരുത്തുവാന്‍ ഞങ്ങള്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഞങ്ങള്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. പാത്താമുട്ടം പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്” . എന്നാല്‍ പോലീസ് നടപടികളില്‍ അതൃപ്തിയുണ്ടെന്നറിയിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് പള്ളിയില്‍ കഴിയുന്ന കുടുംബങ്ങള്‍.

കഴിഞ്ഞ ദിവസം ചേരമര്‍ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) യും പള്ളി കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ച് കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പള്ളിയിലെത്തി കുടുംബാംഗങ്ങളെ കാണുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബഹറയ്ക്ക് നടപടി ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കുകയും ചെയ്തു. ജനുവരി നാലിന് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം എസ് പി ഓഫീസിലേക്ക് ലോങ് മാര്‍ച്ചും നടത്തും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍