UPDATES

ട്രെന്‍ഡിങ്ങ്

ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ തോക്ക് സംബന്ധിച്ച ഫയലുകള്‍ അപ്രത്യക്ഷമായി; ഫയലുകള്‍ ലഭ്യമല്ലെന്ന് ഉദ്യോഗസ്ഥരുടെ മറുപടി

പുരോഹിതരുടെ ആയുധ ലൈസന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന ഉദ്യോഗസ്ഥരുടെ നടപടി കൃത്യവിലോപവും ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍

കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, പാസ്റ്ററല്‍ ഓറിയേന്റേഷന്‍ കൗണ്‍സില്‍ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന കത്തോലിക്ക പുരോഹിതന്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട് ഫയലുകള്‍ ലഭ്യമല്ലെന്ന് പത്തനംതിട്ട കളക്‌ട്രേറ്റില്‍ നിന്നുള്ള മറുപടി! വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഫയലുകളൊന്നും തന്നെ ലഭ്യമല്ലെന്നു പറയുന്നത്. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന വിവരം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സഭാ തലങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഒരു കത്തോലിക്ക പുരോഹിതന്‍ ആയുധം കൈവശം സൂക്ഷിക്കുന്നതിന്റെ സാഹചര്യം എന്തായിരുന്നുവെന്നായിരുന്നു പുരോഹിതരും വിശ്വാസികളും ആരാഞ്ഞത്. ഇതേ കാരണങ്ങള്‍ അറിയാന്‍ വേണ്ടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഫയലുകളൊന്നും ഇല്ലെന്ന മറുപടി നല്‍കി ഉദ്യോഗസ്ഥര്‍ കൈകഴുകി മാറുന്നത്.

പുരോഹിതരുടെ ആയുധ ലൈസന്‍സുമായി ബന്ധപ്പെട്ട ഫയലുകള്‍ ലഭ്യമല്ലെന്നു മാത്രമാണ് വിവരാവകാശ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരിക്കുന്നത്. നശിപ്പിക്കപ്പെട്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കേണ്ടതാണ്. മാത്രമല്ല, ഇവ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖയും വേണം. അതല്ലാതെ ഫയലുകള്‍ ലഭ്യമല്ല എന്നു മാത്രം പറഞ്ഞൊഴിയാന്‍ ഉദ്യോഗസ്ഥന് കഴിയില്ല. ലഭ്യമല്ലെങ്കില്‍ അതെങ്ങനെ പോയെന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ കൃത്യമായി പറഞ്ഞിരിക്കണം. ഔദ്യോഗികമായി ഫയലുകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷകന് നല്‍കേണ്ടതുമുണ്ട്. ലഭ്യമല്ല, അതുകൊണ്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞൊഴിയാന്‍ ഉദ്യോഗസ്ഥരെ നിയമം അനുവദിക്കുന്നില്ലെന്നു തന്നെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിയമം ഇങ്ങനെയാണെന്നിരിക്കെ പുരോഹിതരുടെ ആയുധ ലൈസന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന ഉദ്യോഗസ്ഥരുടെ നടപടി കൃത്യവിലോപവും ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ലൈസന്‍സികള്‍ തോക്കുകള്‍ സറണ്ടര്‍ ചെയ്യണമെന്നിരിക്കെ, അത് ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പൊതുജനതാത്പര്യാര്‍ത്ഥം പത്തനംതിട്ട കളക്ട്രേറ്റില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സന്തോഷ് അഴകത്ത് എന്നിവരുടെ ലൈസന്‍സുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.

"</p

ലൈസന്‍സ് ലഭിക്കാന്‍ നല്‍കിയ അപേക്ഷ, അനുബന്ധരേഖകള്‍, ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ ഫയല്‍, ഈ ഫയലുമായി ബന്ധപ്പെട്ട നോട്ട് ഫയലുകള്‍, പുരോഹിതരുടെ തോക്ക് ലൈസന്‍സ് സംബന്ധിച്ച നാളിതുവരെയുള്ള മുഴുവന്‍ ഫയല്‍ പേജുകള്‍, പുരോഹിതര്‍ 2005 മുതല്‍ 2019 വരെ എത്ര തോക്കിന്റെ ഇനങ്ങള്‍ മാറ്റിയിട്ടുണ്ട്, പുരോഹിതര്‍ നാളിതുവരെ ഉപയോഗിച്ചിട്ടുള്ള എല്ലാ തോക്കുകളുടെയും ലൈസന്‍സിലുള്ള തോക്കിന്റെ കാറ്റഗറി, ഏതുതരം ബോര്‍ (Bore), ഏതു രാജ്യത്ത് നിര്‍മിച്ചു, ആയുധ നമ്പര്‍, തോക്കിന്റെ ഇനം തുടങ്ങിയ മുഴുവന്‍ രേഖകള്‍, പുരോഹിതര്‍ വേറെ ഏതെങ്കിലും ജില്ലയിലേക്കോ വേറെ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ലൈസന്‍സ് മാറ്റിയിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് ഈ ഓഫിസില്‍ ഉള്ള മുഴുവന്‍ രേഖകള്‍ എന്നിവ ആവശ്യപ്പെട്ടാണ് 8.2.2019 ല്‍ വിവരാവകാശ അപേക്ഷ നല്‍കുന്നത്.

ഈ വിവരാവകാശ അപേക്ഷയ്ക്ക് പത്തനംതിട്ട കളക്ട്റേറ്റിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും ഹുസൂര്‍ ശിരസ്തദാറുമായ ജയശ്രീ ടി എസ് 27.2.2019 ല്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് 2005 കാലയളവിലെ തന്‍പതിവേട് രജിസ്റ്റര്‍, ലൈസന്‍സ് അനുവദിച്ച ഫയലുകളും സെക്ഷനിലോ റിക്കാര്‍ഡിലോ ലഭ്യമല്ലെന്നും അതിനാല്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നുമാണ്. അതായത്, അപേക്ഷന്‍ അറിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന; ലൈസന്‍സ് ലഭിക്കാന്‍ നല്‍കിയ അപേക്ഷ, അനുബന്ധരേഖകള്‍, ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ ഫയല്‍, ഈ ഫയലുമായി ബന്ധപ്പെട്ട നോട്ട് ഫയലുകള്‍, പുരോഹിതരുടെ തോക്ക് ലൈസന്‍സ് സംബന്ധിച്ച നാളിതുവരെയുള്ള മുഴുവന്‍ ഫയല്‍ പേജുകള്‍ എന്നിവ നല്‍കാന്‍ കഴിയില്ലെന്ന്. ഈ വിവരങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കളക്ട്റേറ്റിലെ ബന്ധപ്പെട്ട സെക്ഷനുകളില്‍ ഇല്ലെന്നാണ് വിവരാവകാശ ഓഫിസറുടെ മറുപടി.

2005 മുതല്‍ 2012 വരെയാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിനും ഫാ. സന്തോഷ് അഴകത്തിനും സാധുവായ ആയുധ ലൈസന്‍സ് ഉണ്ടായിരുന്നതെന്നും ഇക്കാലയളവില്‍ ഇവര്‍ ഒരോ ആയുധം മാത്രമെ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉപയോഗിച്ചിരുന്നത് 16061/93 നമ്പരായിട്ടുള്ള 12 ബോര്‍ SBBL തോക്കും ഫാ. സന്തോഷ് അഴകത്ത് ഉപയോഗിച്ചിരുന്നത് A/4-12468 നമ്പരായിട്ടുള്ള 12 ബോര്‍ SBBL തോക്കും ആയിരുന്നുവെന്നും ഈ ആയുധം മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയതായി കാണുന്നില്ലെന്നും മറുപടിയില്‍ പറയുന്നുണ്ട്.

"</p

ഏതു സാഹചര്യത്തിലാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തോക്ക് ലൈസന്‍സ് എടുക്കുന്നത്, എന്ത് കാരണമാണ് അതിനു പറഞ്ഞിരിക്കുന്നതെന്ന് ഇതിനൊന്നും മറുപടി തരാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. “ഫയലുകള്‍ ഇല്ലെങ്കില്‍ ഇല്ലെന്നു തന്നെ മറുപടി പറയാം. ഇവിടെ പരിശോധിച്ചതില്‍ ഈ ഫയലുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഡിസ്‌പോസ്സ് ചെയ്യുന്ന കാലാവധിയില്‍പ്പെട്ട ഫയലുകളാണെങ്കില്‍ അവ നശിപ്പിച്ചു കളഞ്ഞു കാണും. ഇത്ര വര്‍ഷം കഴിയുമ്പോള്‍ ഫയലുകള്‍ നശിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് ഫയലുകള്‍ ലഭ്യമല്ലെന്ന മറുപടി നല്‍കിയിരിക്കുന്നത്”, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജയശ്രീ ടി എസ് ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഫയലുകള്‍ എങ്ങനെ കാണാതായി എന്ന വിഷയത്തില്‍ കളക്ട്റേറ്റിലെ ഒന്നാം അപ്പീല്‍ അധികാരിയായിട്ടുള്ള എഡിഎം ക്ലമന്റിനെ ബന്ധപ്പെട്ടപ്പോഴും ഫയലുകള്‍ നഷ്ടപ്പെട്ടതുകൊണ്ട് നല്‍കാനായില്ലെന്ന മറുപടി തന്നെയായിരുന്നു. “ഫയല്‍ ഇല്ലായെന്നാണ് മറുപടി നല്‍കിയിട്ടുള്ളതെങ്കില്‍ അതിനര്‍ത്ഥം ഫയല്‍ ഇല്ലെന്നാണ്. ഓഫിസില്‍ ഫയലുകള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെ നല്‍കാനാകും? 10 ഉം 13 ഉം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഫയലുകള്‍ നശിപ്പിച്ചു കളയാറുണ്ട്. ആയുധസംബന്ധമായ ഫയലുകളാണെങ്കിലും നശിപ്പിക്കും. അങ്ങനെ ഈ വിഷയം സംബന്ധിച്ച ഫയലുകളും ഇല്ലാതായി പോയതുകൊണ്ടാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ അവ ലഭ്യമല്ലെന്നു പറഞ്ഞിരിക്കുന്നത്.”

എന്നാല്‍, ഫയലുകള്‍ നശിപ്പിച്ചു കളഞ്ഞെന്നുള്ള വിവരം വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ ഇവര്‍ രേഖപ്പെടുത്തിയിട്ടില്ല. ലഭ്യമല്ല എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

2018 സെപ്തംബര്‍ മാസം 18നു തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസന്‍സ് ഉള്ള വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2003 മുതല്‍ തിരുവല്ല പൊലീസ് സ്‌റ്റേഷനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് സംബന്ധിച്ചതുമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസന്‍സികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് നല്‍കിയ വിവാരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നല്‍കിയ മറുപടിയിലാണ് തോക്ക് ലൈസന്‍സികളുടെ കൂട്ടത്തില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വര്‍ഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന വൈദികനും തോക്ക് ലൈസന്‍സിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സില്‍ മേല്‍വിലാസമണ് ഫാ. വര്‍ഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ ആംസ് ലൈസന്‍സ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. no.02/2005/III/TVLA ആണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്പര്‍. no.03/2005/III/TVLA എന്നതാണ് ഫാ. സന്തോഷ് അഴകത്തിന്റെ ലൈസന്‍സി നമ്പര്‍. സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിംഗ് ഗണ്‍ (SBBL) ഇനത്തില്‍പ്പെട്ട തോക്കാണ് രണ്ട് വൈദികര്‍ക്കും ഉള്ളതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. 2005 ല്‍ ആണ് ഇരുവരും തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്.

"</p

തിരുവല്ല മേരിഗിരി ബിഷപ്പ് ഹൗസില്‍ നിന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് ഇപ്പോള്‍ കെസിബിസി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും തോക്ക് കൈവശം സൂക്ഷിക്കുന്നുണ്ടോ എന്നറിയാന്‍ അഴിമുഖം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാമെന്നുമുള്ള മറുപടിയായിരുന്നു ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ നിന്നും ലഭിച്ചത്. കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. തോക്ക് കൈവശം ഉണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചുമില്ല.

ജീവനു ഭീഷണികള്‍ നേരിടുന്ന വ്യക്തികള്‍, സാമ്പത്തികമായി ഭീഷണി നേരിടുന്നവര്‍ എന്നിവരാണ് സാധാരണ ആയുധ ലൈസന്‍സിന് അപേക്ഷിക്കുന്നത്. ഭീഷണികള്‍ ഉണ്ടെന്നു വെറുതെ പറഞ്ഞാലും മതിയാകില്ല. ഭീഷണിയുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം. അതല്ലെങ്കില്‍ വന്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്നയാളായിരിക്കണം. ഇവരുടെ ഇന്‍കം ടാക്‌സ് റിട്ടേണുകളും ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കണം. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഇതില്‍ ഏതു സാഹചര്യം പറഞ്ഞാണ് തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നതെന്നാണ് അപേക്ഷകര്‍ ചോദിക്കുന്നത്. ആരുടെയെങ്കിലും ഭീഷണി അദ്ദേഹം നേരിടുന്നുണ്ടോ? ഉണ്ടെങ്കില്‍ അതേത് സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരാതികളുണ്ടോ? തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നത് സഭയിലെ നേതൃത്വം അറിഞ്ഞാണോ, ആരുടെ സഹായത്തോടെയാണ് തോക്ക് വാങ്ങുന്നത്, എവിടെ നിന്നാണ്, 2012 വരെ ഉപയോഗിക്കാന്‍ കാരണം, ഇപ്പോള്‍ തോക്ക് കൈവശം ഉണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ തോക്കുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് വിമര്‍ശനം.

പുരോഹിതരുടെ തോക്കുകള്‍ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്. ഫയലുകള്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് വിവരം നല്‍കാന്‍ വിസമ്മതിക്കരുതെന്നാണ് നിയമം പറയുന്നത്. ഇത്തരം കാരണം പറഞ്ഞ് വിവരങ്ങള്‍ നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥന് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷയുണ്ട്. ഡല്‍ഹി ഹൈക്കോടതി വിധിയുടെയും കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിവരാവകാശ രേഖകള്‍ നഷ്ടപ്പെട്ടു, നശിച്ചുപോയി തുടങ്ങിയ മറുപടികള്‍ പതിവായി വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ പറയാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ പുരോഹിതരുടെ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ പത്തനംതിട്ട കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ ഈ പതിവ് തന്ത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമപ്രകാരം നിര്‍വചിച്ച പൊതു അധികാരികളും പൊതുമേഖല സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള രേഖകളും ഫയലുകളും സംബന്ധിച്ച പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം നശിപ്പിച്ച ഫയലുകള്‍ സംബന്ധിച്ച വിവരം അതത് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നിയമപ്രകാരം രേഖകളും ഫയലുകളും നശിപ്പിക്കുമ്പോള്‍ ഇത് സംബന്ധിച്ച വിവരം പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുള്ളതാണ്. രേഖകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം പൊതു അധികാരിക്കാണ്. സൂക്ഷിപ്പ് രേഖകള്‍ സംബന്ധിച്ച പട്ടിക തയ്യാറാക്കുകയും നിയമപ്രകാരം മാത്രം ഫയലുകള്‍ നശിപ്പിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് വിശദാംശങ്ങള്‍ പട്ടികയില്‍ രേഖപ്പെടുത്തുകയും പൊതു അധികാരിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ആവശ്യപ്പെട്ട രേഖകള്‍ സമയപരിധി കഴിഞ്ഞതിനാല്‍ നിയമാനുസൃതം നശിപ്പിച്ചതാണെങ്കില്‍ ഇതിന്റെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്നും അനുശാസിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങളൊന്നും പുരോഹിതരുടെ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട മറുപടിയില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു കാണാം.

അതേസമയം പുരോഹിതരുടെ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെതിരേ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ ജയശ്രീ ടി എസ്സിനെതിരേ ഒന്നാം അപ്പീല്‍ അധികാരിക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് അപ്പീല്‍വാദി.

വിവരാവകാശ നിയമം 8(1) പ്രകാരം പാര്‍ലമെന്റിനോ നിയമസഭയ്‌ക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തികള്‍ക്കും നിഷേധിക്കാന്‍ പാടുള്ളതല്ല. പുരോഹിതരുടെ തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ പാര്‍ലമെന്റോ സംസ്ഥാന നിയമസഭയോ ആവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവാത്തവയായതുകൊണ്ട് ഇത് സ്വകാര്യ വ്യക്തിക്കും വിവരാവകാശ നിയമം 6(1) പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പോരാത്തതിന് ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ രഹസ്യസ്വഭാവത്തില്‍പ്പെടുന്നവയുമല്ല. കൂടാതെ ഏതെങ്കിലും കേസിന്റെ തുടരന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകളോ നിയമപ്രകാരം വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളവയോ മത സ്പര്‍ദ്ധ വളര്‍ത്തുന്നതോ ഭീകരപ്രവര്‍ത്തനം ദേശീയ സുരക്ഷ എന്നിവപോലുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകളോ അല്ല. ആയതിനാല്‍ താന്‍ ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നാണ് അപ്പീല്‍ വാദി പരാതിപ്പെട്ടിരിക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മോഷന്‍ ഓഫിസറായ ജയശ്രീ ടി എസ് നിയമവിരുദ്ധമായാണ് തന്റെ വിവരാവകാശ അപേക്ഷ പ്രകാരമുള്ള വിവരങ്ങള്‍ ഓഫിസില്‍ ലഭ്യമല്ലെന്നു പറഞ്ഞ് നിരസിച്ചിരിക്കുന്നതെന്നും അപ്പീല്‍വാദി ആരോപിക്കുന്നു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായി തനിക്ക് ലഭ്യമാക്കണമെന്നും ഒന്നാം അപ്പീല്‍ അധികാരിയോട് അപ്പീല്‍വാദി ആവശ്യപ്പെട്ടിട്ടുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍