UPDATES

വാര്‍ത്തകള്‍

ബിജെപിയിലെ സീറ്റ് തര്‍ക്കം രൂക്ഷം: പത്തനംതിട്ടയില്ലെങ്കില്‍ ഒന്നും വേണ്ടെന്ന് കണ്ണന്താനം, ചോദിച്ച സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രന്‍

വിഭാഗീയതയ്ക്കാണെങ്കില്‍ അയവുമില്ല. രൂക്ഷമായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നടക്കുന്നത്.

ലോക് സഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോളും വിഭാഗീയതയ്ക്കാണെങ്കില്‍ അയവുമില്ല. രൂക്ഷമായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നടക്കുന്നത്. പത്തനംതിട്ടയില്ലെങ്കില്‍ ഒന്നും വേണ്ടെന്ന് കണ്ണന്താനവും പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ വേറൊരിടത്തും മത്സരിക്കില്ലെന്ന് സുരേന്ദ്രനും പറയുന്നു.

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുത് എന്ന് മുഖ്യമ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ കര്‍ശന നിര്‍ദ്ദേശവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവും കേരള ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കേരളത്തില്‍ രക്ഷപ്പെടാനുള്ള അവസാന പിടിവള്ളി പോലെ ബിജെപി കണ്ട ശബരിമലയും അവരുടെ കൈവിട്ടുപോയിരിക്കുകയാണ്. ശബരിമല തിരഞ്ഞെടുപ്പില്‍ വിഷയമാക്കും എന്നൊക്കെ കുമ്മനം രാജശേഖരന്‍ പറയുന്നുണ്ടെങ്കിലും ഭാഗികമായും പരോക്ഷമായും മാത്രമേ അത് സാധിക്കൂ എന്നും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും കാര്യം പ്രചാരണവിഷയമാക്കാന്‍ കഴിയില്ലെന്നും ബിജെപിക്കും കുമ്മനത്തിനുമറിയാം. വലിയ തിരഞ്ഞെടുപ്പ് നേട്ടത്തിലേയ്ക്കായി ശബരിമല സമരം നീട്ടിക്കൊണ്ടുപോകാം എന്ന ബിജെപിയുടെ ആഗ്രഹം നനഞ്ഞ പടക്കമായി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയ്ക്കടുത്തായി. പ്രചാരണ യോഗങ്ങളും കുടുംബയോഗങ്ങളുമെല്ലാമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നിറഞ്ഞുനില്‍ക്കുന്നു. യുഡിഎഫിന്റെ വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളായി. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നീണ്ടുപോവുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ വലിയ മുന്നേറ്റവും ഓരോ നിയമസഭ തിരിഞ്ഞെടുപ്പുകളിലുമുണ്ടാക്കുന്ന വോട്ട് വര്‍ദ്ധനയുമൊന്നും ബിജെപിക്ക് ഇത്തവണയും ലോക്‌സഭ അക്കൗണ്ട് തുറക്കാന്‍ സഹായകമാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വന്‍ തോതില്‍ ചോര്‍ന്നതടക്കം നേമത്ത് നിയമസഭ വിജയം നേടാന്‍ ബിജെപിയെ സഹായിച്ചിരുന്നു.

ഇത്തവണ ബിജെപി വന്‍ തോതില്‍ യുഡിഎഫിന് വോട്ട് മറിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കും എന്ന വിലയിരുത്തലുണ്ട്. ബിജെപി വോട്ട് മറിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇത്തവണ അങ്ങനെ ചെയ്താല്‍ ദേശീയ തലത്തില്‍ ബിജെപിയെ സംബന്ധിച്ച് അത് ആത്മഹത്യാപരമായിരിക്കും. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് – യുഡിഎഫ് എംപിമാര്‍ പരമാവധി കുറയുന്നതാണ് ബിജെപിയെ സംബന്ധിച്ച് ദേശീയ തലത്തില്‍ ആവശ്യം. കേരളത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം സീറ്റുകളും നേടിയാല്‍ ബിജെപിക്ക് പ്രത്യേകിച്ച് ദോഷമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അതേസമയം കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറഞ്ഞാല്‍ അത് ഗുണമാവുകയും ചെയ്യും.

പ്രഖ്യാപനം വന്നില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വേണ്ടി ബിജെപി ചുവരെഴുത്ത് തുടങ്ങി. അതേസമയം പത്തനംതിട്ട, തൃശൂര്‍ സീറ്റുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പത്തനം തിട്ടയ്ക്കായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തമ്മില്‍ പിടിവലിയുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആദ്യം നോക്കിവച്ചിരുന്ന സീറ്റാണിത്. ഇപ്പോള്‍ സുരേന്ദ്രനും കണ്ണന്താനത്തിനും സീറ്റ് കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ബിജെപിയെന്ന് സൂചനയുണ്ട്. എംടി രമേശും പത്തനം തിട്ട സീറ്റിനായി രംഗത്തുണ്ട്. തൃശൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട എന്ന് പറഞ്ഞ് നില്‍ക്കുന്ന കെ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ വേണ്ടെന്ന നിലപാടിലാണ്. എറണാകുളവും കൊല്ലവും വാഗ്ദാനം ചെയ്‌തെങ്കിലും ഇത് രണ്ടും വേണ്ടെന്ന നിലപാടിലാണ് കണ്ണന്താനം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കന് തൃശൂര്‍ സീറ്റ് നല്‍കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിന് അവകാശവാദമുന്നയിട്ടുണ്ട്. തുഷാര്‍ ഇവിടെ മത്സരിച്ചേക്കും. പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കില്ല.

2014ല്‍ പാലക്കാട് മത്സരിച്ച ശോഭ സുരേന്ദ്രന്‍ 1,32,000ല്‍ പരം വോട്ടുകള്‍ നേടിയിരുന്നു. 2009ല്‍ പാലക്കാട് സികെ പദ്മനാഭല്‍ 64,000ല്‍ പരം വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്. മിക്ക പ്രദേശങ്ങളിലു വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ബിജെപിക്ക് അതൊന്നും വിജയത്തിലേയ്ക്ക് ഉയര്‍ത്താന്‍ കഴിയുന്നില്ല. ഇത്തവണ ബിജെപി ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. കഴിഞ്ഞ തവണ 14000 പരം വോട്ടുകള്‍ക്ക് മാത്രമാണ് ശശി തരൂര്‍, ഒ രാജഗോപാലിനെ തോല്‍പ്പിച്ചത്. കുമ്മനം രാജശേഖരന് ഇത്തവണ തിരുവനന്തപുരം പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വരെ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം അത് ഒട്ടും എളുപ്പമല്ല. യുഡിഎഫിനും എല്‍ഡിഎഫിനനും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

കഴിഞ്ഞ തവണ പേയ്‌മെന്റ് സീറ്റിന്റെ പേരില്‍ നാണം കെട്ട സിപിഐയുടെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം പോലും തിരുവനന്തപുരത്ത് വോട്ട് പിടിച്ചിരുന്നു. ഇത്തവണ സിപിഎമ്മിന്റെ ശക്തമായ പിന്തുണയുള്ള സി ദിവാകരനെയാണ് സിപിഐ രംഗത്തിറക്കിയത്. തിരുവനന്തപുരം മണ്ഡല ചരിത്രത്തില്‍ 2015ലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ പന്ന്യന്‍ രവീന്ദ്രന്‍ പിടിച്ച മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ ഏറ്റവും ഉയര്‍ന്നതാണ്. ഇടതുപക്ഷ വോട്ടുകള്‍ കൃത്യമായി സി ദിവാകരന് തന്നെ ലഭിച്ചാല്‍ ഹാട്രിക് ജയം തേടിയിറങ്ങുന്ന ശശി തരൂര്‍ വിയര്‍ക്കും. ഇതിനിടെ കുമ്മനത്തിന് ഒന്നാമതെത്തുക ദുഷ്കരമാണ്.

തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപിക്ക് പ്രതീക്ഷയുള്ളത് പത്തനംതിട്ടയാണ്. പത്തനംതിട്ടയ്ക്ക് വേണ്ടിയാണ് ഏറ്റവുമധികം പിടിവലിയും. പത്തനംതിട്ടയിലെ കണ്ണ് ശബരിമല കണ്ടാണ്. എന്നാല്‍ പന്തളം തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കുകയും ബിജെപിക്ക് ഒന്നും കിട്ടാത്ത അവസ്ഥയുമാണുണ്ടായത്. ക്രിസ്ത്യന്‍ വോട്ട് നിര്‍ണായകമായ പത്തനംതിട്ടയില്‍ ഇരു മുന്നണികളും കൃത്യമായ സാമുദായിക പരിഗണന വച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സൗഹചര്യത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് പരിഗണനയില്‍ വന്നത്. കണ്ണന്താനത്തിനാണെങ്കില്‍ മത്സരിക്കാന്‍ താല്‍പര്യവും പത്തനം തിട്ടയിലാണ്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കാഞ്ഞിരപ്പള്ളി ഇടതുമുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത കണ്ണന്താനത്തിന് പത്തനംതിട്ടയില്‍ നേട്ടമുണ്ടാക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്.

ആലപ്പുഴയില്‍ കെഎസ് രാധാകൃഷ്ണനെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. കോഴിക്കോട് മത്സരിക്കാന്‍ എംടി രമേശ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ബിഡിജെഎസിന് നല്‍കാനുള്ള ആലോചന ബിജെപി നടത്തിയിരുന്നെങ്കിലും ബിജെപി തന്നെ മത്സരിക്കാനാണ് നിലവിലെ തീരുമാനം. മാവേലിക്കര, ഇടുക്കി, തൃശൂര്‍, ആലത്തൂര്‍, വയനാട് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയം സീറ്റ് പിസി തോമസിന്റെ കേരള കോണ്‍ഗ്രസിനാണ്. ബിജെപി നല്‍കിയിരിക്കുന്നത്. പിസി തോമസ് തന്നെ ഇവിടെ മത്സരിക്കും. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍