UPDATES

‘കാലുകളില്‍ വിലങ്ങിട്ട് മേശയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ഞങ്ങളെ’; അടിയന്തരാവസ്ഥക്കാലത്ത് തടവില്‍ കഴിഞ്ഞ ഒരു ജയില്‍ വാര്‍ഡന്റെ ജീവിതം

ജയിലില്‍ നിന്നിറങ്ങിയ ശേഷം അന്നത്തെ ജില്ലാ കളക്ടറായിരുന്ന ലളിതാംബികയുടെ ഏകാംഗ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ പട്ടം രവിയുടെ നിരപരാധിത്വം വ്യക്തമായി

അടിയന്തരാവസ്ഥയുടെ മറ്റൊരു വാര്‍ഷികം കൂടി കടന്നു പോയത് കഴിഞ്ഞയാഴ്ചയാണ്.  അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നിന്ന് എത്ര പേര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്?  കേരളത്തില്‍ അന്നുണ്ടായിരുന്ന മൂന്നു കോടിയോളം ജനങ്ങളില്‍ ഏഴായിരത്തോളം പേര്‍ മാത്രമാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നത്. ഇന്ത്യയിലുണ്ടായിരുന്ന നൂറ് കോടിയോളം ജനങ്ങളില്‍ ഏഴര ലക്ഷത്തോളം പേര്‍ മാത്രമായിരുന്നു ജയിലില്‍ കിടന്നത്. അതായത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സംസാരിക്കാനും പൊരുതാനും ഇവിടെയുണ്ടായിരുന്നത് ഒരു ചെറിയ കൂട്ടം ആളുകള്‍ മാത്രം.

അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ തടവറകളില്‍ കഴിഞ്ഞ ഏഴായിരത്തോളം പേരില്‍ ഒരാളാണ് അന്ന് നെയ്യാര്‍ഡാം തുറന്ന ജയിലില്‍ വാര്‍ഡനായിരുന്ന പട്ടം രവി. തടവുകാരെ മര്‍ദ്ദിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന അദ്ദേഹത്തിന് തിരുവനന്തപുരം ശാസ്തമംഗലത്തെ ക്യാമ്പില്‍ കൊടിയ പീഡനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. നഗരൂര്‍ കുമിള്‍ നക്‌സലെറ്റ് കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായ അബ്ദുസലാമിന്റെ കസ്റ്റഡി മരണത്തിനും ശാസ്തമംഗലം ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ട നക്‌സലെറ്റ് വര്‍ക്കല വിജയന്റെ കൊലപാതകത്തിനും പട്ടം രവി സാക്ഷിയായിരുന്നു. അധികാര പ്രയോഗത്തില്‍ ജയറാം പടിക്കലിനെ ഓര്‍മ്മിപ്പിക്കുന്ന ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു അന്ന് ജയില്‍ സൂപ്രണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ മര്‍ദ്ദന പരമ്പരകളാണ് ജനാര്‍ദ്ദനന്‍ പിള്ള നടത്തിയത്. ആ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചതോടെ പട്ടം രവി അധികാരികള്‍ക്ക് നക്‌സലെറ്റായി മാറി, ഒപ്പം അടിയന്തരാവസ്ഥക്കാലത്ത് തടവില്‍ കഴിയേണ്ടിയും വന്നു.

പി എസ് സി വഴി ജയില്‍ വാര്‍ഡന്മാരെ നിയമിച്ചപ്പോള്‍ അതില്‍ ആദ്യം നിയമനം ലഭിച്ച 79 പേരില്‍ ഒരാളാണ് പട്ടം രവി. 1969-70 കാലഘട്ടത്തിലാണ് പട്ടം രവി നിയമിക്കപ്പെട്ടത്. ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ ഇദ്ദേഹത്തിന് ആദ്യത്തെ നിയമനം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അന്നത്തെക്കാലത്ത് അത് ശിക്ഷിക്കപ്പെടുന്ന പ്രതികളെ മാത്രം അടച്ചിരുന്ന ജയിലായിരുന്നു. അവിടെ റിമാന്‍ഡ് പ്രതികളുണ്ടായിരുന്നില്ല. തടവുകാരെ മര്‍ദ്ദിക്കാന്‍ പാടില്ലെന്ന നിലപാടായിരുന്നു പട്ടം രവിക്കുണ്ടായിരുന്നത്. തന്റെ ബാച്ചിലുണ്ടായിരുന്ന പുതിയ വാര്‍ഡന്മാരെയും അദ്ദേഹം ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. കോടതി തെറ്റുകാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട് വന്നവരെ ഇനിയും ശിക്ഷിക്കുന്നതില്‍ കാര്യമില്ലെന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിരീക്ഷണം. മുപ്പത് കൊല്ലത്തെ സര്‍വീസിനിടയില്‍ ആരെയും തന്നെ തനിക്ക് മര്‍ദ്ദിക്കേണ്ടി വന്നിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. രവിയുമായി അഴിമുഖം നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്:

ഓഫീസര്‍മാര്‍ പറഞ്ഞിരുന്നത് താന്‍ തടവുകാരുടെ ആളായിരുന്നെന്നാണെന്ന് രവി പറയുന്നു. തടവുകാരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ജീവിതവുമെല്ലാം അദ്ദേഹം അന്ന് പത്രങ്ങളില്‍ എഴുതുന്ന ലേഖനങ്ങളിലൂടെ ജനങ്ങളിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് നഗരൂര്‍ കുമിള്‍ നക്‌സലെറ്റ് കേസുണ്ടാകുന്നത്. ഒരു ക്ഷേത്ര പൂജാരിയെ തലവെട്ടിക്കൊന്ന കേസ് ആയിരുന്നു ഇത്. ആ കേസില്‍ അറുപത് പേരെയാണ് അറസ്റ്റ് ചെയ്ത് ആറ്റിങ്ങള്‍ സബ്ജയിലില്‍ എത്തിച്ചത്. ഇതില്‍ നിരപരാധികളെന്ന് ചിലരെ കണ്ട് വിട്ടയച്ച ശേഷം മുപ്പതോളം പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഇത് ജയിലാണെന്ന് അറിയിച്ച ശേഷം അകത്ത് കയറ്റിയാല്‍ മതിയെന്നായിരുന്നു ജനാര്‍ദ്ദനന്‍ പിള്ളയുടെ നിര്‍ദ്ദേശം. അതായത് എത്തുന്നവരെ മര്‍ദ്ദിച്ച ശേഷം മാത്രം ജയിലിലേക്ക് കയറ്റിയാല്‍ മതിയെന്ന്. അതിന് പട്ടം രവി വിമുഖത കാണിച്ചു. അതോടെ താന്‍ നക്‌സലാണെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിധിയെഴുതിയെന്ന് രവി പറയുന്നു.

ഈസമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സിപിഎം പ്രവര്‍ത്തകരെ കൊണ്ട് ജയില്‍ നിറയ്ക്കുകയായിരുന്നു പിന്നീടുള്ള കാലത്ത്. അവരുടെ വിശ്വസ്തനായിരുന്നു പട്ടം രവി. അവരുടെ സന്ദേശങ്ങള്‍ പുറത്തെത്തിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നു. തുടര്‍ച്ചയായി ജനാര്‍ദ്ദനന്‍ പിള്ളയുടെ അഴിമതികളെക്കുറിച്ചും ക്രൂരതയെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന പട്ടം രവിയെ പൂട്ടാന്‍ ജനാര്‍ദ്ദനന്‍ പിള്ളയ്ക്ക് ലഭിച്ച അവസരമായിരുന്നു അടിയന്തരാവസ്ഥ. പിള്ള, രവിയ്‌ക്കെതിരെ ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് അയച്ചു. പട്ടം രവിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടെന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്ന് ഹോം സെക്രട്ടറിയുടെ പിഎയായിരുന്നത് ഇദ്ദേഹത്തിന്റെ ഭാര്യയുടെ അനിയത്തിയാണ്. അവര്‍ ഈ വിവരം രവിയെ അറിയിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോന്റെ പ്രൈവറ്റ് സെക്രട്ടറി പി ഗോവിന്ദ പിള്ളയും രവിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കരുണാകരനാണ് ആഭ്യന്തര മന്ത്രിയെന്നതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് പി ജി അറിയിച്ചത്. എന്നാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു സ്ഥലംമാറ്റം ഒപ്പിച്ച് കൊടുക്കാന്‍ അദ്ദേഹം തയ്യാറായതായി പട്ടം രവി പറയുന്നു. നെയ്യാര്‍ ഡാം തുറന്ന ജയിലിലേക്കായിരുന്നു സ്ഥലം മാറ്റം. അവിടെ രാഷ്ട്രീയ തടവുകാര്‍ ആരുമില്ലാത്തതിനാലായിരുന്നു ഇത്.

അപ്പോഴേക്കും അടിയന്തരാവസ്ഥ ആരംഭിച്ചിട്ട് ആറ് മാസം കഴിഞ്ഞിരുന്നു. അവിടെ വച്ചും പിടിക്കപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നതിനാല്‍ പിടിക്കപ്പെട്ടാലോ മര്‍ദ്ദനം നേരിടേണ്ടി വന്നാലോ താന്‍ ജയില്‍ വാര്‍ഡന്‍ പട്ടം രവിയാണെന്ന് ഉറക്കെ വിളിച്ച് പറയണമെന്ന് പി ജി ആവശ്യപ്പെട്ടിരുന്നതായും പട്ടം രവി അറിയിച്ചു. “ജയില്‍ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അന്ന് പട്ടത്തിന് അടുത്ത് പൊട്ടക്കുഴിയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെ ഒരു വണ്ടി അവിടെ കിടക്കുന്നത് ഞാന്‍ കണ്ടു. ഡ്രൈവറോട് വണ്ടിയെന്താണ് ഇവിടെയെന്ന് ചോദിച്ചപ്പോള്‍ ഡാം സൈറ്റ് കാണാന്‍ വേണ്ടി എഞ്ചിനീയര്‍മാര്‍ വന്ന വണ്ടിയെന്നാണ് പറഞ്ഞത്. ഇത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വണ്ടിയല്ലേയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇങ്ങനെ പറയാനാണ് നിര്‍ദ്ദേശമെന്നാണ് മറുപടി ലഭിച്ചത്. അതോടെ ഞാന്‍ പിടിക്കപ്പെടാന്‍ പോകുകയാണെന്ന് ഉറപ്പായി. വൈകുന്നേരത്തോടെ അവര്‍ എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടി നേരെ കൊണ്ടുപോയത് ശാസ്തമംഗലത്തെ ക്രൈംബ്രാഞ്ച് ഓഫീസായിരുന്ന പണിക്കേഴ്‌സ് ബംഗ്ലാവിലേക്കായിരുന്നു” രവി പറയുന്നു.

പണിക്കേഴ്‌സ് ബംഗ്ലാവിന് തൊട്ടുതാഴെ ഒരു അനക്‌സ് കെട്ടിടമുണ്ടായിരുന്നു. പട്ടം രവിയെ പോലുള്ള ‘വി ഐ പി തടവുകാരെ’ അവിടെയാണ് പാര്‍പ്പിച്ചിരുന്നത്. അലക്‌സ്, ഷണ്മുഖദാസ് എന്നീ പോലീസുകാരാണ് തന്നെ അവിടെയെത്തിച്ചത്. താന്‍ ചെല്ലുമ്പോള്‍ ആറ് പേര്‍ കാലില്‍ ചങ്ങലയിട്ട് മേശയുടെ കാലില്‍ ബന്ധിക്കപ്പെട്ട് കിടപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം രവി പറയുന്നു. “ഉപദ്രവിച്ചൊന്നുമില്ല, പിറ്റേദിവസം എനിക്ക് അറിവായ കാലം മുതലുള്ള കാര്യങ്ങളെല്ലാം പറയണം. ഇത് അന്വേഷിച്ച് എന്തെങ്കിലും തെറ്റാണെന്ന് കണ്ടാല്‍ ഇടി കിട്ടുമെന്ന ഒരു മുന്നറിയിപ്പ് മാത്രം. രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ അന്വേഷണമെല്ലാം കഴിഞ്ഞു. സംശയമുള്ള ചില കാര്യങ്ങള്‍ മാത്രം ചോദിച്ചു. അതില്‍ പ്രധാനം പട്ടം രവിയെന്ന പേരായിരുന്നു. നാടക പ്രവര്‍ത്തന കാലത്ത് സ്വീകരിച്ച പേരാണ് ഇത്.”

ഇതേസമയം ശാസ്തമംഗലം ക്യാമ്പിലെ പ്രധാന കെട്ടിടത്തില്‍ രാത്രി മര്‍ദ്ദിക്കുന്നതിന്റെ നിലവിളികള്‍ കേള്‍ക്കാമായിരുന്നുവെന്നും രവി പറയുന്നു. ഒരു ദിവസം ജനാര്‍ദ്ദനന്‍ പിള്ളയും അയാളുടെ അസിസ്റ്റന്റ് ചന്ദ്രന്‍ നായരും ക്യാമ്പിലെത്തി ജയറാം പടിക്കലുമായി സംസാരിച്ചു. ഇതൊരു പോലീസുകാരനാണ് രവിയെ അറിയിച്ചത്. അന്ന് വൈകിട്ട് ഷണ്‍മുഖ ദാസ് രവിയെ മര്‍ദ്ദിച്ചു. “മുടിക്ക് കുത്തിപ്പിടിച്ച് രണ്ട് കവിളിലും അടിച്ച ശേഷം, നീയെന്തിനാണ് ജനാര്‍ദ്ദനന്‍ പിള്ളയെ ഉപദ്രവിക്കുന്നതെന്നാണ് ചോദിച്ചത്. നീയെന്ത് ചെയ്താലും സര്‍വീസില്‍ അയാളുടെ കസേര കിട്ടാന്‍ പോകുന്നില്ലെന്നും ദാസ് പറഞ്ഞു. അതിന് ശേഷം തല കാലിന് ഇടയിലേക്ക് കയറ്റിവച്ചിട്ട് പുറത്ത് ഇടിക്കാന്‍ തുടങ്ങി. പി ജി പറഞ്ഞത് പോലെ ഞാന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ഒടുവില്‍ നിലവിളിക്കാന്‍ പോലും പറ്റാതെ നിലത്ത് വീണപ്പോഴാണ് അയാള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. ക്യാന്‍വാസ് ഷൂസിട്ട് ഒരു ചവിട്ടുകൂടി തന്നു. അന്ന് ഡിവൈഎസ്പിയായിരുന്ന ലോംഗ് രവീന്ദ്രന്‍ എന്നറിയപ്പെടുന്ന രവീന്ദ്രന്‍ ദാസ് വിളിച്ചപ്പോഴാണ് യഥാര്‍ത്ഥത്തില്‍ അയാള്‍ പിന്‍വാങ്ങിയത്”. പട്ടം രവി ഓര്‍ത്തെടുക്കുന്നു. ഈയൊരു സന്ദര്‍ഭത്തിലല്ലാതെ പട്ടം രവിയെ ആരും മര്‍ദ്ദിച്ചിട്ടില്ല.

ആ സമയത്ത് വര്‍ക്കല വിജയന്‍, വേണു, ടി എന്‍ ജോയ്, കെ എന്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കെട്ടിടത്തില്‍ തടവില്‍ കഴിയുന്നുണ്ട്. എന്നാല്‍ വര്‍ക്കല വിജയനെ ഒരുദിവസം കുളിപ്പിക്കാനായി താഴേക്ക് കൊണ്ടു പോയപ്പോള്‍ എത്തിനോക്കി ഒരു നോക്ക് കണ്ടത് മാത്രമാണ് നേരിട്ടുള്ള ഏക കാഴ്ചയെന്നും രവി പറയുന്നു. രണ്ട് പോലീസുകാര്‍ പരസ്പരം അതാണ് വര്‍ക്കല വിജയന്‍ എന്ന് പറഞ്ഞപ്പോഴാണ് അത് അറിഞ്ഞത്. അന്ന് വിജയന്‍ അത്ര പ്രശസ്തനല്ല, മരിച്ചതിന് ശേഷമാണ് വിജയന്‍ പ്രശസ്തനായത്.

അനക്‌സില്‍ തടവില്‍ കഴിയുന്നവര്‍ക്കെല്ലാം കാലിന്റെ ഇടഭാഗത്ത് ഒരു ചൊറിച്ചില്‍ ഉണ്ടായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ. അക്ബര്‍ എത്തി ഈ തടവുകാരെ പരിശോധിച്ചു. അദ്ദേഹത്തെ രവിക്ക് പരിചയമുണ്ടായിരുന്നു. സര്‍വീസില്‍ കയറുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അദ്ദേഹമായിരുന്നു. തടവുകാരെ പരിശോധിച്ച് ഡോക്ടര്‍ ക്രീമിന് എഴുതിക്കൊടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് അറിയുന്നത് വിജയന്‍ അവശനിലയിലാണെന്നും വിജയനെ നോക്കാനാണ് യഥാര്‍ത്ഥത്തില്‍ അക്ബര്‍ വന്നതെന്നും. പക്ഷെ ഡോക്ടര്‍ വന്ന ദിവസം തന്നെ വിജയന്‍ മരണപ്പെട്ടിരുന്നതായി പട്ടം രവി പറയുന്നു. ആ മരണം ഉറപ്പിക്കാനാണ് ജയറാം പടിക്കല്‍ ഡോക്ടറെ വരുത്തിച്ചത്. അവിടുന്ന് വിജയന്‍റെ മൃതദേഹം ജീപ്പില്‍ കുളത്തൂപ്പുഴ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് ക്യാമ്പില്‍ ഡ്രൈവറായിരുന്ന ഒരാള്‍ തന്നോട് പറഞ്ഞതെന്നും രവി വ്യക്തമാക്കി. അതേസമയം പൊന്മുടിയുടെ താഴ്‌വരയിലെവിടെയോ കൊണ്ടുപോയി മൃതദേഹം കത്തിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഐജിയായിരുന്ന വിശ്വനാഥ അയ്യര്‍ നേതൃത്വം കൊടുക്കുന്ന കമ്മീഷനാണ് വര്‍ക്കല വിജയന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചത്. ആ കേസില്‍ രവിയും ഒരു സാക്ഷിയായിരുന്നു. അക്ബര്‍ ക്യാമ്പില്‍ വന്നതിനെക്കുറിച്ച് രവി കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ചോദ്യം ചെയ്തപ്പോള്‍ രവിയെയോ വിജയനെയോ തനിക്ക് അറിയില്ലെന്നും ക്രൈംബ്രാഞ്ച് ഓഫീസില്‍ പോയിട്ടില്ലെന്നുമാണ് അക്ബര്‍ മൊഴി നല്‍കിയത്. തന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോള്‍ അത്തരമൊരു സര്‍ട്ടിഫിക്കറ്റ് താന്‍ നല്‍കിയിട്ടില്ലെന്നും അക്ബര്‍ പറഞ്ഞു. മൂന്ന് മാസമാണ് പട്ടം രവി ശാസ്തമംഗലം ക്യാമ്പില്‍ കിടന്നത്. ഒരു ദിവസം ജയറാം പടിക്കല്‍ ഇദ്ദേഹത്തെ പ്രധാന കെട്ടിടത്തിലേക്ക് വിളിപ്പിച്ചു. ആ കെട്ടിടത്തിലും ഓരോ ഉദ്യോഗസ്ഥരുടെയും മേശയുടെ കാലില്‍ നായ്ക്കളെ പോലെ തടവുകാരെ കെട്ടിയിട്ടിരുന്നതായും രവി വെളിപ്പെടുത്തുന്നു. ഏതാണ്ട് എട്ട് പത്ത് തടവുകാര്‍ അത്തരത്തില്‍ കിടപ്പുണ്ടായിരുന്നു.

പട്ടം രവിയെന്ന പേരിനെക്കുറിച്ചാണ് ജയറാം പടിക്കലും ചോദിച്ചറിഞ്ഞത്. ‘എന്തിനാടോ മര്യാദക്ക് ജോലി ചെയ്ത് ജീവിക്കാതെ സൂപ്രണ്ടിനെതിരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്’ എന്നാണ് പടിക്കലും ഇദ്ദേഹത്തോട് ചോദിച്ചത്. പിറ്റേന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കുകയാണെന്ന് ജയറാം പടിക്കല്‍ അറിയിച്ചു. എന്നാല്‍ തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചാല്‍ താന്‍ അവിടെ വച്ച് ആത്മഹത്യ ചെയ്യുമെന്ന് പട്ടം രവി പറഞ്ഞു. അതിന് മുമ്പ് ക്യാമ്പിലും ജയിലിലും നടക്കുന്ന എല്ലാ കൊള്ളരുതായ്കകളും താന്‍ എഴുതിവയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അതോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാമെന്ന് ജയറാം പടിക്കല്‍ സമ്മതിച്ചു.

പടിക്കലിന്റെ അസിസ്റ്റന്റ് ആയിരുന്ന മുരളികൃഷ്ണ ദാസിന്റെ അടുക്കലേക്കാണ് പിന്നീട് അയച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാനുള്ള വാറന്റിലെ അഡ്രസ്, കളക്ടര്‍ ഒപ്പിട്ട് നല്‍കിയിരുന്ന വാറന്റിലേക്ക് പകര്‍ത്തിയെഴുതിയ ശേഷം പഴയത് കീറിക്കളയുകയാണ് അദ്ദേഹം ചെയ്തിരുന്നത്. അന്നത്തെ തിരുവനന്തപുരം കളക്ടറായിരുന്ന ഓമനക്കുഞ്ഞമ്മ ജയറാം പടിക്കലിന് ആവശ്യത്തിന് വാറന്റുകളില്‍ ഒപ്പിട്ടുകൊടുത്തിരുന്നു. ആ പേപ്പറുകളില്‍ അഡ്രസ് എഴുതി ആരെയും അറസ്റ്റ് ചെയ്യാനും ജയിലില്‍ അയയ്ക്കാനും പോലീസിന് അനുവാദമുണ്ടായിരുന്നു. അവിടെ നിന്നും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്കാണ് രവിയെ കൊണ്ടുപോയത്. മൂന്ന് മാസമായി ജോലിക്ക് കയറാതെ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് ക്ലാസെടുക്കുകയായിരുന്ന രവി അന്നേദിവസം ഉള്ളൂര്‍ ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയപ്പോള്‍ അവിടെ നിന്നും അറസ്റ്റ് ചെയ്‌തെന്നായിരുന്നു മഹസറില്‍ പറഞ്ഞിരുന്നത്.

അതായത് പോലീസ് ക്യാമ്പില്‍ കിടന്ന മൂന്ന് മാസം രവി വയനാട്ടില്‍ ആയിരുന്നെന്നാണ് വരുത്തി തീര്‍ത്തത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം അന്നത്തെ ജില്ലാ കളക്ടറായിരുന്ന ലളിതാംബികയുടെ ഏകാംഗ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ പട്ടം രവിയുടെ നിരപരാധിത്വം വ്യക്തമാകുകയും അവര്‍ അതനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. അതോടെ പട്ടം രവിയെ കസ്റ്റഡിയിലെടുത്ത അന്ന് മുതല്‍ ഓണ്‍ഡ്യൂട്ടിയായി കണക്കാക്കി എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.

Azhimukham Read: രാജ് കുമാറിന്‍റേത് പൊലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍