ഫെബ്രുവരി മൂന്നിനാണ് വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല കുറിപ്പുകളും. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളെക്കുറിച്ചും, ദേശീയ ശരാശരിയിലും മേലെ നില്‍ക്കുന്ന പതിവിനെക്കുറിച്ചും ചൂണ്ടിക്കാണിച്ച് രാഹുലിനെ തിരുത്തുന്ന കുറിപ്പുകളും ചിത്രങ്ങളുമാണിവ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പൊതുമേഖലയിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ചിത്രങ്ങള്‍ക്കൊപ്പം ഒരു വായനശാലയുടെ ചിത്രവും അത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിലെ കൗതുകത്തിനുമപ്പുറം ചര്‍ച്ചയായിത്തീര്‍ന്നിട്ടുള്ള ആ ചിത്രങ്ങള്‍ പയ്യന്നൂരിലെ കാരയില്‍ ലാല്‍ ബഹാദൂര്‍ വായനശാലയുടേതാണ്.
പുസ്തകങ്ങള്‍ സൂക്ഷിക്കാനായി പുസ്തകങ്ങള്‍ തന്നെ ചേര്‍ത്തുവച്ച് ഒരുക്കിയതെന്നു തോന്നിപ്പിക്കുന്ന വായനശാലാ കെട്ടിടം ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. മലയാളത്തിലെ ക്ലാസിക് ഗ്രന്ഥങ്ങളുടെ രൂപത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ലൈബ്രറിയെക്കുറിച്ച് അന്വേഷിച്ചു പോയാല്‍, ഒരു ജനതയുടെയൊട്ടാകെ പരിശ്രമത്താല്‍ കെട്ടിപ്പടുക്കപ്പെട്ട സ്ഥാപനത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാം. രൂപം കൊണ്ടുമാത്രമല്ല, മറ്റു പല ഘടകങ്ങള്‍ കൊണ്ടും കാരയിലുകാര്‍ക്ക് പ്രധാനപ്പെട്ടതാണ് ലാല്‍ ബഹാദൂര്‍ ലൈബ്രറി. അപ്രതീക്ഷിതമായി നഷ്ടപ്പെട്ട തങ്ങളുടെ സാംസ്‌കാരിക കേന്ദ്രം ചുരുങ്ങിയ കാലത്തിനുള്ളില്‍ തിരിച്ചു പിടിച്ചവരാണവര്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡ് വികസനത്തിന്റെ ഭാഗമായി കാരയില്‍ പ്രദേശത്തുള്ളവര്‍ക്ക് നഷ്ടമായതാണ് ഈ വായനശാല. സ്വന്തമായുണ്ടായിരുന്ന കെട്ടിടം റോഡിനു വീതികൂട്ടുന്നതിനായി പൊളിച്ചു മാറ്റിക്കളയേണ്ടി വന്നത് 2008-ലാണ്. അന്നുണ്ടായിരുന്ന ചുരുക്കം പുസ്തകങ്ങളുമായി വാടകക്കെട്ടിടത്തിലേക്ക് മാറേണ്ടി വന്നെങ്കിലും, കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ കെട്ടിടം എന്ന സ്വപനം ഇവിടത്തുകാര്‍ മറന്നില്ല. ഒരു പ്രദേശത്തിന് ജീവവായുവായി മാറേണ്ട വായനശാല എന്ന സ്ഥാപനത്തിന്റെ പ്രാധാന്യം കാരയിലുകാര്‍ക്ക് അത്രയധികം വ്യക്തമായിത്തന്നെ ബോധ്യമുണ്ടായിരുന്നു എന്നതാണ് വാസ്തവം. അന്നു തൊട്ട് ആരംഭിച്ച പ്രയാണത്തിന്റെ പരിസമാപ്തിയാണ് ഫെബ്രുവരി മൂന്നിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ കുറിക്കപ്പെടുന്നത്.
“വളരെ അപൂര്‍വമായ സ്ഥാപനങ്ങള്‍ മാത്രമേ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരിലുള്ളൂ. 1967ല്‍ സ്ഥാപിച്ച ലൈബ്രറി അമ്പതു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഒരു വര്‍ഷമായി അമ്പതാം വാര്‍ഷികാഘോഷം നടക്കുന്നുണ്ട്. അതിന്റെ സമാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്നത്. ഒപ്പം ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ അര്‍ദ്ധകായ പ്രതിമയും അനാച്ഛാദനം ചെയ്യും. പുസ്തകങ്ങളുടെ രൂപഭാവങ്ങളുള്ള പുതിയ കെട്ടിടം വലിയ ശ്രദ്ധ ഇപ്പോള്‍ത്തന്നെ നേടിത്തന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, യുവജനങ്ങളും വയോജനങ്ങളും അടങ്ങുന്ന വലിയൊരു കൂട്ടായ്മ വായനശാലയ്ക്കു പിന്നിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം”, വാര്‍ഡ് മെംബറും വായനശാലാ സംഘത്തിന്റെ പ്രവര്‍ത്തകനുമായ ടി.പി. സതീശന്‍ പറയുന്നു.
ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സജീവമായ പ്രദേശമാണ് പയ്യന്നൂര്‍. ഓരോ വാര്‍ഡിലും, ഓരോയിടത്തും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു വായനശാലയുണ്ടായിരിക്കും. പ്രദേശത്തെ ജനങ്ങളുടെ വിജ്ഞാനമണ്ഡലം മാത്രമല്ല, ലോക വീക്ഷണവും സാമൂഹിക പ്രതിബദ്ധതയും കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും ഈ വായനശാലകള്‍ക്കുള്ള പ്രാധാന്യം അത്രമേല്‍ വലുതാണ്. ഈ വസ്തുത തന്നെയാണ് ലാല്‍ ബഹാദൂര്‍ വായനശാലയുടെ കാര്യത്തിലും വ്യക്തമാകുന്നത്.
അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറിയ കെട്ടിടത്തിലെ ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലുമായി തുടങ്ങിയ ഈ പ്രാദേശിക സ്ഥാപനം ഇന്ന് ഈ അവസ്ഥയിലേക്കു മാറിയതിനെക്കുറിച്ച് വായനശാലാ സംഘം പ്രസിഡന്റ് അപ്പുക്കുട്ടന്‍ കാരയില്‍ പറയുന്നതിങ്ങനെ: “വളരെ ദരിദ്രമായ, തൊഴിലാളികള്‍ മാത്രം താമസിച്ചിരുന്ന പ്രദേശത്ത് അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാതന്ത്ര്യ സമര സേനാനി കെ.പി. കുഞ്ഞിരാമപ്പൊതുവാളിന്റെ നേതൃത്വത്തിലാണ് വായനശാല സ്ഥാപിക്കപ്പെടുന്നത്. കെ. കേളപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചെറിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. എണ്‍പതുകളോടെയാണ് ഇപ്പോഴുള്ള പ്രവര്‍ത്തകര്‍ വായനശാലയുടെ ഭാരവാഹിത്വത്തിലേക്കു വരുന്നത്. അതോടുകൂടി കാര്യങ്ങള്‍ മാറി. ഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷനും സര്‍ക്കാര്‍ ഗ്രാന്റും അക്കാലത്താണ് കിട്ടിയത്. പത്തുവര്‍ഷം മുന്‍പ് കെട്ടിടം നഷ്ടമായപ്പോള്‍ വാടകക്കെട്ടിടത്തിലേക്ക് മാറിയിരുന്നു. മൂന്നു വര്‍ഷം മുന്നെയാണ് സ്ഥലമെടുത്ത് സ്വന്തം കെട്ടിടം പണിയാനുള്ള ആലോചനയായത്.
പൊതുജനം വായനയില്‍ നിന്നും അകന്നു പോകുന്ന ട്രെന്‍ഡായിരുന്നു അന്നത്തെ പ്രത്യേകത. വായനയില്‍ വളരെയധികം താല്‍പര്യമുള്ളവര്‍ അതു തുടര്‍ന്നിരുന്നെങ്കിലും, സാധാരണക്കാരായ പൊതുജനങ്ങള്‍ ടെലിവിഷനിലും മൊബൈലിലുമായി ചുരുങ്ങിപ്പോയിരുന്നു. ഡിജിറ്റല്‍ വായന പോലും ഗൗരവമായി നടക്കുന്നില്ലായിരുന്നു. അതെങ്ങനെ തിരിച്ചുകൊണ്ടുവരാം എന്ന ചിന്തയാണ് ആദ്യമുണ്ടായത്. ചെറിയ പ്രദേശത്ത്, ഇവിടത്തുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ലൈബ്രറിയാണ്. സാധാരണക്കാര്‍ക്ക് ഗുണകരമായി വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ജോലിക്കു പോകുന്ന, വീടു നോക്കുന്ന സാധാരണജനത്തെ എങ്ങനെ വായനയിലേക്കെത്തിക്കാം എന്ന ചിന്തയുടെ ഭാഗമായാണ് ഇപ്പോഴത്തെ കെട്ടിടം ഒരുങ്ങുന്നത്.”
പുസ്തകങ്ങളുടെ രൂപമുള്ള കെട്ടിടം ഒരുക്കുന്നതു വഴി ക്ലാസിക് ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുക, അവയെക്കുറിച്ച് അറിവും താല്‍പര്യവുമുണ്ടാക്കുക, അവയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു വായനശാലാ സമിതിയുടെ ലക്ഷ്യം. സാധാരണക്കാരെ വായനയിലേക്കെത്തിക്കാന്‍ ഇത്തരം വ്യത്യസ്തമായ രൂപത്തിന് സാധിക്കുമെന്ന വിശ്വാസമായിരുന്നു പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. അത്യാധുനിക സൗകര്യങ്ങളൊരുക്കി സ്ഥിരം വായനക്കാര്‍ക്ക് മെച്ചപ്പെട്ട അവസ്ഥ നല്‍കുന്നതിനേക്കാള്‍, വായനയെ ജനകീയമാക്കാന്‍ എന്തെല്ലാം ചെയ്യാം എന്നാണ് ഇവര്‍ ചിന്തിച്ചത്. ശില്പിയായ കെ.കെ.ആര്‍. വേങ്ങരയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ ആശയമാണ് പുസ്തകരൂപത്തിലുള്ള കെട്ടിടം. പണിതീര്‍ത്ത ശേഷം സിമന്റുപയോഗിച്ച് ആ കെട്ടിടത്തിനു മേലെ ശില്പങ്ങള്‍ സൃഷ്ടിക്കുകായിരുന്നു. വായനശാലാംഗം കൂടിയായ ശ്രീധരനാണ് ശില്പിയുടെ ആശയം പൂര്‍ണതയോടെ കെട്ടിടത്തില്‍ ആവിഷ്‌കരിച്ചത്.
പതിനായിരത്തോളം പുസ്തകങ്ങളാണ് വായനശാലയില്‍ ഒരുങ്ങുന്നത്. ഒരു പ്രാദേശിക ഗ്രന്ഥശാലയെ സംബന്ധിച്ചിടത്തോളം വലിയൊരു സംഖ്യ തന്നെയാണിത്. യുവാക്കള്‍ക്കായി നടത്തുന്ന സെമിനാറുകള്‍ മാത്രമല്ല, വീടുകള്‍ കേന്ദ്രീകരിച്ചുള്ള പുസ്തക ചര്‍ച്ചകളും ലാല്‍ ബഹാദൂര്‍ വായനശാലയില്‍ സ്ഥിരമായി നടക്കാറുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഒരു വീട് തെരഞ്ഞെടുത്ത്, പ്രദേശവാസികള്‍ അവിടെ കൂടിയിരുന്ന് മലയാളസാഹിത്യത്തിലെ പ്രധാന പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു പോരുന്നു. വായനയെ ഒരു സംസ്‌കാരമായി വാര്‍ത്തെടുക്കണമെങ്കില്‍ അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന കൃത്യമായ ബോധ്യത്തിന്റെ പുറത്താണിത്.
വായനശാലയെ ഒരു വേറിട്ട സംരംഭമായി കാണാതെ ജീവിത രീതിയോടു ചേര്‍ത്തു നിര്‍ത്തുന്ന കേരളത്തിലെ ഗ്രാമങ്ങളെ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ ജനങ്ങള്‍ അവതരിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശവുമിതാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കു മാത്രമല്ല, എല്ലാ തട്ടിലുള്ളവര്‍ക്കും പുസ്തകങ്ങള്‍ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ്, അതിനു വേണ്ടി പരിശ്രമിക്കുന്ന ലാല്‍ ബഹാദൂര്‍ വായനശാലാ സംഘം പോലുള്ളവയെ കേരളം നിര്‍ദ്ദേശിക്കുന്ന ബദലായി ഉയര്‍ത്തിക്കാട്ടുന്നതും അതുകൊണ്ടുതന്നെ.