UPDATES

ജലസംഭരണി നശിപ്പിച്ചാണോ എണ്ണ സംഭരിക്കേണ്ടത്? പെട്രോള്‍ കുടിച്ച് ദാഹം തീര്‍ക്കാന്‍ പറ്റുമോ?

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പുഞ്ചക്കാട് എന്ന സ്ഥലത്ത് എണ്ണ സംഭരണ ശാല നിര്‍മിക്കാനാണ് നീക്കം

‘ജലസംഭരണി നശിപ്പിച്ചാണോ എണ്ണ സംഭരിക്കേണ്ടത്? പെട്രോള്‍ കുടിച്ചു ദാഹം തീര്‍ക്കാന്‍ പറ്റുമോ?’ പയ്യന്നൂര്‍ സ്വദേശികളുടെ ചോദ്യമിതാണ്. എണ്ണസംഭരണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമരങ്ങള്‍ വൈപ്പിന്‍ മാത്രമൊതുങ്ങുന്നതല്ല. അങ്ങനെയൊരു സമരത്തിനാണ് പയ്യന്നൂര്‍ ഒരുങ്ങുന്നത്. ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍. കമ്പനികളുടെ എണ്ണ സംഭരണശാല പയ്യന്നൂരില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ‘വികസനമല്ല, മറിച്ച് വിനാശമാണ്’ എന്ന് പറഞ്ഞുകൊണ്ട് സമരത്തിന് കോപ്പുകൂട്ടുകയാണ് പയ്യന്നൂരുകാര്‍.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്ത പുഞ്ചക്കാട് എന്ന സ്ഥലത്ത് എണ്ണ സംഭരണശാല നിര്‍മിക്കാനാണ് നീക്കം. മുപ്പത്തിയൊമ്പത് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള എണ്ണ സംഭരണശാലയാണ് ഇവിടെ സ്ഥാപിക്കുന്നതെന്നാണ് പ്രാഥമിക വിവരം. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ട് എണ്ണ സംഭരണശാല സ്ഥാപിക്കുന്നതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും.

പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമപ്രകാരം എണ്ണ സംഭരണശാലയുടെ 500 മീറ്റര്‍ പരിധിയില്‍ മനുഷ്യവാസം അസാധ്യമാണ് എന്നിരിക്കെ നുണകളുടെ പ്രചാരണം നടത്തികൊണ്ട് അത്യപകടം നിറഞ്ഞ ഒരു പദ്ധതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പദ്ധതി വരുന്നതോടെ ഏക്കറുകണക്കിന് നെല്‍പാടങ്ങളും കണ്ടല്‍ക്കാടുകളും മൂന്ന് പുഴകളും നശിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന ആശങ്ക. പദ്ധതി നടപ്പാക്കരുന്നതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനാ പ്രതിനിധികളും പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജനകീയസമര സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 20-ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനോടെ സമരപരിപാടികള്‍ തുടക്കമാവും.

ഏകദേശം 130 ഏക്കര്‍ പരന്നു കിടക്കുന്ന ഇപ്പോഴും കൃഷി ചെയ്തു കൊണ്ടിരിക്കുന്ന വയല്‍, കണ്ടല്‍ പ്രദേശങ്ങളാണ് ഇല്ലാതാവാന്‍ പോകുന്നത്. കൂടാതെ കവ്വായി കായലും മൂന്നു പുഴകളും പദ്ധതി വരുന്നതോടെ മലിനമാകുകയും ചെയ്യും. പുഞ്ചക്കാട് താമസിക്കുന്ന ആളുകളെ കൂടാതെ നൂറോളം ടാങ്കര്‍ ലോറികള്‍ വരാനും പോകാനുമായി നിര്‍മ്മിക്കുന്ന വീതിയേറിയ റോഡുകള്‍ മൂലം കണ്ടങ്കാളിയിലെ പല വീട്ടുകാരെയും കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും പറയുന്നു. ഇത്ര വലിയ പദ്ധതി കൊണ്ടുവരുമ്പോള്‍ നടത്തേണ്ട പരിസ്ഥിതി ആഘാത പഠനം വരെ നടത്തിയിട്ടില്ലെന്ന ആരോപണവുമുണ്ട്. അങ്ങനെയൊരു പഠനം നടത്തിയിട്ടുണ്ടെങ്കില്‍ ആരാണ് നടത്തിയത് എന്നും എന്താണവര്‍ നടത്തിയത് എന്നും അറിയാനുള്ള അവകാശം നാട്ടിലെ ജനങ്ങള്‍ക്ക് ഉണ്ടെന്നും അത് സര്‍ക്കാര്‍ പുറത്തുവിടണമെന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

എന്താണ് നിര്‍ദ്ദിഷ്ട എണ്ണ സംഭരണ പദ്ധതി പുഞ്ചക്കാടില്‍ സ്ഥാപിച്ചാല്‍ സംഭവിക്കുക?

ഒരിക്കലും അങ്ങനെ ഒരുകാര്യം പുഞ്ചക്കാട് സ്ഥാപിക്കാന്‍ പറ്റില്ല എന്നാണ് പദ്ധതിയെ കുറിച്ച് പഠിച്ചവര്‍ പറയുന്നത്. കാരണം പദ്ധതി പ്രദേശം അത്രമാത്രം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. കണ്ടല്‍ക്കാടുകളും വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍വയലുകളുമാണ് പ്രദേശത്തുള്ളത്. വരണ്ട തരിശു നിലങ്ങള്‍ എന്ന കള്ളം പറഞ്ഞായിരുന്നു ഈ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയിട്ടത്. ഇപ്പോഴും 90 ശതമാനം സ്ഥലത്തും നെല്‍കൃഷിയുണ്ട്. രണ്ടു മീറ്ററോളം മണ്ണിട്ട് നികത്തി വേണം അവിടെ പദ്ധതി വരാന്‍. അത്രയും മണ്ണ് ലഭിക്കാന്‍ വന്‍തോതില്‍ കുന്നുകള്‍ നിരത്തേണ്ടി വരും. ഇടിച്ചു തീര്‍ത്ത കുന്നുകള്‍ തന്നെ കണ്ണൂരില്‍ കുടിവെള്ള ദൗര്‍ലഭ്യത ഉണ്ടാക്കിക്കഴിഞ്ഞു എന്നിരിക്കെ ഇനി അവശേഷിച്ചവ കൂടി മുടിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതി സ്ഥാപിക്കണോ എന്ന ചോദ്യവും ഉയരുന്നു.

പയ്യന്നൂരിലും പരിസര ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കുന്ന വലിയ ഒരു ജലസംഭരണിയാണ് ഈ പ്രദേശം. അത് നികത്തിയാല്‍ വളരെ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാവുക. ഒപ്പം വെള്ളം ഒഴിഞ്ഞു പോകാതെ ചുറ്റിനുമുള്ള പല സ്ഥലങ്ങളും വെള്ളം കയറി നശിക്കും. 350-ല്‍ അധികം ഏക്കര്‍ വിസ്തൃതമായ ഒരു വയലില്‍, 130 ഏക്കറോളം എടുത്ത്, ഇങ്ങനെ നികത്തിയാല്‍ ബാക്കി സ്ഥലം കൃഷിക്ക് അനുയോജ്യമല്ലാതായി മാറുകയും ചെയ്യും. മണ്ണിന്റെ ഘടന അപ്പാടെ മാറിയും വെള്ളം കയറിയും ഒപ്പം എണ്ണപ്പാട കയറിയും വയല്‍ പൂര്‍ണ്ണമയും നശിക്കും. പദ്ധതിയുടെ കാര്യം എങ്ങനെയോ മണത്തറിഞ്ഞ ഭൂമാഫിയകള്‍ സ്ഥലം വാങ്ങിക്കൂട്ടാനും തുടങ്ങിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നു വരെ പലരും അഡ്വാന്‍സ് കൊടുത്ത് ഏക്കര്‍ കണക്കിന് ഭൂമി രജിസ്ട്രേഷനുവേണ്ടി കാത്തു നില്‍ക്കുന്നുണ്ടെന്നാണ് വിവരം. സെന്റിന് രണ്ടായിരം പോലും കിട്ടാതിരുന്ന സ്ഥലം നാല്‍പ്പത്തിനാലായിരം രൂപ വരെയാണ് ഇപ്പോള്‍ വില പറയുന്നത്. പദ്ധതി വന്നാല്‍ അതിലും എത്രയോ ഇരട്ടി ലാഭം ഉണ്ടാകും എന്നതിനാലാണ് അവര്‍ അതിനു മുതിരുന്നത്.

’80 ഏക്കര്‍ വരുന്ന, ഇപ്പോള്‍ നല്ലരീതിയില്‍ നെല്‍കൃഷി ചെയ്ത് കൊണ്ടിരിക്കുന്ന വയലുകള്‍ മണ്ണിട്ട് നികത്തിയാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. കൂടാതെ ഏക്കറുകളോളം കണ്ടല്‍ പ്രദേശവും നികത്തേണ്ടി വരും. പരിസ്ഥിതിലോല പ്രദേശമാണ് പദ്ധതിക്കായി കണ്ടിരിക്കുന്ന സ്ഥലം. കണ്ടല്‍ക്കാടുകളെയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയൊരു ജൈവസമ്പത്തിനെയും തകര്‍ത്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. കണ്ടല്‍പ്രദേശം മതില്‍കെട്ടി സംരക്ഷിക്കുമെന്നുപോലുള്ള വിചിത്രമായ വാദങ്ങളാണ് അധികൃതര്‍ ഉന്നയിക്കുന്നത്. ഇത്രയും പ്രദേശം മണ്ണിട്ട് നികത്തണമെങ്കില്‍ എത്ര കുന്നുകള്‍ ഇടിക്കേണ്ടിവരും. പദ്ധതി നടപ്പായാല്‍ പയ്യന്നൂരില്‍ ജലദൗര്‍ലഭ്യത രൂക്ഷമാകും. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധജല കായലുകളിലൊന്നായ കേരള സര്‍ക്കാര്‍ കണ്ടെത്തിയ കവ്വായി കായലിനെ അകാലമരണത്തിലേക്ക് തള്ളിയിടുന്ന പദ്ധതിയാണിത്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തണം. അപ്പോള്‍ പദ്ധതി വരുത്തുന്ന വിനാശത്തെ കുറിച്ച് കൃത്യമായി ബോധ്യം ഉണ്ടാവും. അതിനു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് ഞങ്ങള്‍ നീങ്ങും. ഹരിതകേരളം പദ്ധതി നടപ്പിലാക്കുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കാനും കൃഷി ഇല്ലാതാക്കുന്നതുമായ ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതെന്നത് നിരാശജനകമാണ്.’ എന്നാണ് സമരസമിതി കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍ പറയുന്നു.

കണ്ടല്‍കലവറ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ കാടുകളുള്ള ജില്ലയാണ് കണ്ണൂര്‍. കണ്ണൂരിലെ കണ്ടല്‍ ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലെന്നാണ് പദ്ധതി പ്രദേശം. ഇവിടെയുള്ള കണ്ടല്‍ക്കാടുകള്‍ മതില്‍ കെട്ടി സംരക്ഷിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കണ്ടല്‍ എന്നാല്‍ കേവലം കുറച്ചു സസ്യങ്ങള്‍ എന്ന പാരിസ്ഥിതിക അവബോധത്തില്‍ നിന്നാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ ഉണ്ടാവുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വേലിയേറ്റ, വേലിയിറക്കങ്ങള്‍ ഇല്ലാത്തിടത്ത് കണ്ടല്‍ അവശേഷിക്കില്ല. മാത്രമല്ല മതില്‍ കെട്ടിയാല്‍ അവിടേയ്ക്ക് ഏതുവഴിയാണ് പ്രജനനം നടത്താന്‍ ചെമ്മീനും ഞണ്ടുകളും മറ്റു ജീവികളും ഒക്കെ വരികയെന്നും അവര്‍ ചോദിക്കുന്നു.

പക്ഷികളും മറ്റു ജീവികളും അപ്രത്യക്ഷമാകും

ദിവസവും നൂറോളം ടാങ്കറുകള്‍ വരികയും എണ്ണ ഇറക്കുകയും ചെയ്യുമ്പോള്‍ വെള്ളത്തില്‍ എണ്ണ കലരാതിരിക്കില്ല. മാത്രമല്ല വായു, മണ്ണ് ഇവയും ഇത് മലിനമാക്കും .അതിനു എണ്ണ ചോരേണ്ട അവശ്യം പോലും വരികയില്ല. മറ്റൊരു അപകടമുള്ളത് രാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യം ഉന്നയിക്കപെട്ട കവ്വായിക്കായലും അതില്‍ ചേരുന്ന അഞ്ചോളം പുഴകളും ഇങ്ങനെ മലിനമാവുകയും അവയില്‍ നിന്നും ശുദ്ധജലം എടുക്കുന്ന എല്ലാവരെയും അത് ബാധിക്കുകയും ചെയ്യും. കടലാമകള്‍ മുട്ടയിടാന്‍ വരുന്ന തീരങ്ങളില്‍ എണ്ണ പടര്‍ന്നാല്‍ അവ വരാതാകും. മാത്രമല്ല ഇവിടുത്തെ മത്സ്യസമ്പത്ത് നശിക്കുകയും ചെയ്യും. ഇത് ജൈവവൈവിധ്യ നാശം, ഭക്ഷ്യസുരക്ഷ എന്നിവയെ ബാധിക്കുന്നതിന് ഒപ്പം മത്സ്യബന്ധനം ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെയും ബാധിക്കും. വേലിയേറ്റ, വേലിയിറക്കങ്ങള്‍ അനുഭവപ്പെടുന്ന ഒരു സ്ഥലമായതുകൊണ്ട് തീരദേശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥലം കൂടിയാണിത്. ഒരുതരത്തിലുമുള്ള നിര്‍മ്മാണങ്ങള്‍ അരുതാത്ത അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശം.

ഇതാണ് സത്യം… പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു

കിറ്റ്ക്കോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നീ കമ്പനികള്‍ സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനായുള്ള അപേക്ഷയില്‍ ഗുരുതരമായ പിഴവുകളാണ് ഉള്ളതെന്നും പലതും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതുപ്രകാരമാണ് ഇവര്‍ക്ക് അനുമതി ലഭിക്കുന്നതെങ്കില്‍ അത് ശരിയായ നടപടിയല്ല. കാരണം തെങ്ങുകൃഷി ചെയ്യുന്ന സ്ഥലം എന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അവിടം ഇപ്പോഴും നെല്‍കൃഷി നിലവിലുള്ള ഒന്നാംതരം നെല്‍വയലുകള്‍, കണ്ടല്‍ ക്കാടുകള്‍ എന്നിവ നിറഞ്ഞ സ്ഥലമാണ്. വരമ്പുകളിലും മറ്റുമായി ഏതാനും തെങ്ങുകള്‍ ഉണ്ട് എന്നുമാത്രം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമാണ് ഇവിടെ കാറ്റില്‍ പറത്താന്‍ പോകുന്ന ഒരു നിയമം.

കണ്ടല്‍ക്കാടും പുഴയും ഉള്‍പ്പെടുന്ന കോസ്റ്റല്‍ റെഗുലേഷന്‍ നിയമത്തിന്റെ പരിരക്ഷണ പരിധിയില്‍ ഉള്‍പെടുന്ന സ്ഥലം കൂടിയാണ് ഇവിടം. ഒരു തരത്തിലുള്ള കെട്ടിടങ്ങളും നിര്‍മ്മിതികളും ഇവിടെ പാടില്ല. എണ്ണ സംഭരണത്തില്‍ അപകടങ്ങള്‍ സംഭവിക്കാം എന്ന് കമ്പനികള്‍ തന്നെ പറയുന്നുണ്ട്. അവര്‍ക്ക് ഒരിക്കലും നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തില്‍ ഉള്ളത്ര ഭീകരമായ അഗ്നിബാധ ആയിരിക്കും എന്തെങ്കിലും ചെറിയ ഒരു പ്രശ്നം ഉണ്ടായാല്‍ തന്നെ ഉണ്ടാവുക. കണ്ടങ്ങാളി, പയ്യന്നൂര്‍ അതിന്റെ മറ്റു സമീപഗ്രാമങ്ങള്‍ എല്ലാം നശിക്കും. പെരുമ്പ പുഴയിലെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കും എന്നാണ് സര്‍ക്കാര്‍ വാദം. അത് എത്രമാത്രം ഫലപ്രദമാണെന്ന് ചിന്തിച്ചാല്‍ മനസിലാകും.

ഇതുമൂലം ഉണ്ടാകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണി ഉണ്ടാക്കും എന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. അത് ഫലപ്രദമായി സംസ്‌കരിക്കും എന്നാണ് അവരുടെ വാദം. ഇത് ഒരിക്കലും നടക്കില്ല. അത്ര വലിയ പ്രോജക്റ്റ് ആണ് നടക്കുക. അവിടേയ്ക്ക് ദിനം പ്രതി അങ്ങോട്ട് ഇങ്ങോട്ടും ചീറിപ്പാഞ്ഞു വരികയും പോവുകയും ചെയ്യുന്ന ടാങ്കറുകളില്‍ നിന്നും ഉള്ള ചെറിയ ചോര്‍ച്ച തന്നെ മതി ഈ പ്രദേശത്തെയും കവ്വായിക്കായലിനെയും എണ്ണപ്പാടയാല്‍ മലിനമാക്കാന്‍. പിന്നെ അവര്‍ പുറന്തള്ളുന്ന എണ്ണ കലര്‍ന്ന വെള്ളം എന്ത് മുന്‍കരുതല്‍ എടുത്താലും ഒരു ഭാഗത്തെ അതിരായ പുഴയില്‍ എത്താതിരിക്കില്ല. മിക്കവാറും രാമന്തളിയുടെ ആവര്‍ത്തനമാണ് സംഭവിക്കുക. ചുറ്റുമുള്ള വലിയ ഒരു പ്രദേശത്തിലെ എല്ലാ ജലാശയങ്ങളും മലിനമാവുകയും കുടിവെള്ളം നശിക്കുകയും ചെയ്യും.

ആരെയും കുടിയൊഴിപ്പിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത് എങ്കിലും വലിയ കുടിയൊഴിപ്പിക്കല്‍ തന്നെ വേണ്ടിവരും. അവിടെയുള്ള 14 വീടുകള്‍, 500 മീറ്റര്‍ പരിധിയില്‍ വരുന്ന മറ്റു വീടുകള്‍, 30 മീറ്റര്‍ വീതിയുള്ള റോഡു നിര്‍മിക്കാന്‍ വഴിയില്‍ വരുന്ന വീടുകള്‍ എല്ലാം ഇടിച്ചു നിരത്തേണ്ടി വരുമെന്നുറപ്പാണ്. വായുമലിനീകരണം, ശബ്ദ മലിനീകരണം എന്നിവ ഉണ്ടാകും എന്ന് കമ്പനികള്‍ പറയുന്നുണ്ട്. ഇവ ഉണ്ടാകുന്ന സ്ഥലത്ത് എങ്ങനെ അപൂര്‍വ്വ നീര്‍പ്പക്ഷികള്‍ അടക്കമുള്ള ജീവികള്‍ ജീവിക്കുക എന്നത് മറ്റൊരു ചോദ്യം. ഭൂകമ്പസാധ്യത ഉള്ള സ്ഥലമാണ് ഇതെന്ന് കമ്പനികള്‍ തന്നെ പറയുന്നു. സെസ്മിക്ക് സോണ്‍ 3-ല്‍ പെടുന്ന സ്ഥലം ആണിത്. റിക്ടര്‍ സ്‌കെയിലില്‍ 7 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞ് നിര്‍ത്തിയത് ഇങ്ങനെയായിരുന്നു- ‘തരിശു നിലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്താന്‍ അത്യുത്സാഹവും ഒപ്പം നാടന്‍ വിത്തുകള്‍ വരെ സംരക്ഷിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന ആഗ്രഹവും ഒക്കെ ഉള്ള നമ്മുടെ ബഹുമാന്യനായ കൃഷി വകുപ്പു മന്ത്രി ആദ്യം ഈ സ്ഥലം സന്ദര്‍ശിക്കുക. എന്നിട്ടും കഞ്ഞിയില്‍ മണ്ണിട്ട് കൊണ്ട് ആ പദ്ധതി നടത്തിക്കോട്ടെ എന്നാണദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ അദ്ദേഹം ചെയ്യുന്നതത്രയും വെറും പ്രഹസനങ്ങള്‍ മാത്രം എന്ന് പറയേണ്ടിവരും. ഹരിത കേരളത്തിന് കൊടി പിടിക്കുന്ന നമ്മുടെ ബഹു മുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയവരും ആ സ്ഥലം സന്ദര്‍ശിക്കുക. ചോറ് തിന്നുന്ന ആള്‍ ആണെങ്കില്‍ ആരും പിന്നെ, ആ സ്ഥലം നശിപ്പിക്കാന്‍ മുതിരില്ല. ജലസംഭരണി നശിപ്പിച്ചാണോ എണ്ണ സംഭരിക്കേണ്ടത് ? പെട്രോള്‍ കുടിച്ചു ദാഹം തീര്‍ക്കാന്‍ പറ്റുമോ?’

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍