UPDATES

ട്രെന്‍ഡിങ്ങ്

പി.വി അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി

വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബോര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചത്.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്. ബോര്‍ഡിന്റെ കോഴിക്കോട് ജില്ല ഓഫിസില്‍ നിന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള നോട്ടിസ് പുറപ്പെടുവിച്ചത്; ഈ നോട്ടീസിന്റെ പകര്‍പ്പ് അഴിമുഖത്തിന് ലഭിച്ചു.

വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബോര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചത്. പാര്‍ക്ക് വായു മലിനീകരണ നിയമം, ജലമലിനീകരണ നിയമം, പരിസ്ഥിതി മലിനീകരണ നിയമം എന്നിവ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. പരാതി സ്വീകരിച്ച ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

പാര്‍ക്കില്‍ നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബോര്‍ഡ് പാര്‍ക്കിനു നല്‍കിയ അനുമതി റദ്ദാക്കുകയായിരുന്നു. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനായി അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണ് ബോര്‍ഡിന്റെ ഈ നടപടിയിലൂടെ. ഈ വര്‍ഷം ജൂലൈ 30-നാണ് പരിസ്ഥിതി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പാര്‍ക്ക് സന്ദര്‍ശിച്ചതെന്നാണ് രേഖയില്‍ പറയുന്നത്. വായുമലിനീകരണ നിയമം 1981, ജലമലനീകരണ നിയമം 1986, പരിസ്ഥിതി സംരക്ഷണ നിയമം 1974 എന്നിവ പാര്‍ക്കുടമ പി.വി അന്‍വര്‍ ലംഘിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


മലിനജല സംസ്‌കരണത്തിന് അനുമതി പത്രത്തില്‍ നിര്‍ദേശിച്ച പ്രകാരമുള്ള സംവിധാനം പാര്‍ക്കില്‍ ഉണ്ടായിരുന്നില്ല. മതിയായ മലിനീകരണ സംവിധാനമില്ലാതെ അധികമായി മൂന്നു ഡീസല്‍ ജനറേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു. നല്‍കിയ കാലാവധി കഴിഞ്ഞിട്ടും അനുമതി പത്രത്തിലെ നിബന്ധന പ്രകാരമുള്ള മലിനജല സംസ്‌കരണ പ്ലാന്റിന്റെ പദ്ധതിയുടെ രൂപ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. എന്നീ കാര്യങ്ങളടക്കം അനുമതി പത്രത്തിനായി അന്‍വര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്ന പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ലെന്ന കണ്ടെത്തലാണ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കി നോട്ടീസ് നല്‍കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍