“തോട്ടം തൊഴിലാളികളുടെ ഇടയില്‍ തനിക്ക് സംസാരിക്കണം. തൊഴിലാളികളുടെ ശബ്ദം തെരഞ്ഞെടുപ്പില്‍ കേള്‍ക്കണം” – ഗോമതി പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങി ‘പൊമ്പിളൈ ഒരുമൈ’ നേതാവ് ഗോമതി. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കും ഭൂമി കൈയേറ്റം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും നാളിതുവരെ പരിഹാരം കാണാന്‍ സാധിക്കാതിരുന്ന ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് വെളിച്ചത്തു കൊണ്ടുവരുന്നതിനായാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും, തോട്ടം തൊഴിലാളികള്‍ക്കു വേണ്ടിയാണ് മത്സരിക്കാനൊരുങ്ങുന്നതെന്നും ഗോമതി പറയുന്നു. തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂമി കൈയേറ്റക്കാരെ വീണ്ടുംവീണ്ടും മത്സരിപ്പിക്കാനുള്ള സിപിഐഎം അടക്കമുള്ള പാര്‍ട്ടികളുടെ നീക്കത്തെ വിമര്‍ശിക്കുകയാണ് ഗോമതി.
‘ഇടുക്കിയില്‍ എന്തായാലും ഒരു മാറ്റം വരണം. അതിനായാണ് ഞാന്‍ നില്‍ക്കുന്നത്. തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും, മൂന്നാര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്കും, ഇടുക്കിയിലെ ജനങ്ങള്‍ക്ക് മുഴുവനായും മാറ്റം വരേണ്ടതുണ്ട്. ഇതുവരെ മാറിമാറി ഭരിച്ച രാഷ്ട്രീയക്കാരെക്കൊണ്ട് ആര്‍ക്കും ഒരുപകാരവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നിവയൊഴികെ മറ്റേത് രാഷ്ട്രീയപ്പാര്‍ട്ടിയും പിന്തുണയറിയിച്ചാല്‍ അതു സ്വീകരിക്കും. ഇടുക്കിയില്‍ ഇപ്പോഴുള്ള മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളുടെ സപ്പോർട്ട് വേണ്ട. മറ്റുള്ള എല്ലാ പാര്‍ട്ടികളുടെ സപ്പോര്‍ട്ടും സ്വീകരിക്കും.’ -ഗോമതി പറയുന്നു. ബിഎസ്‌പി, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോമതി പറയുന്നു. തോട്ടം തൊഴിലാളികളുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്നും, തനിക്കൊപ്പം വോട്ടു ചോദിച്ച് പ്രവര്‍ത്തിക്കാനെത്തിയില്ലെങ്കിലും എല്ലാ തൊഴിലാളികളും തനിക്ക് വോട്ടു രേഖപ്പെടുത്തുമെന്നുമാണ് ഗോമതിയുടെ പക്ഷം.
‘വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇനി വിജയിച്ചില്ലെങ്കിലും സാരമില്ല. ഇവിടത്തെ രാഷ്ട്രീയക്കാരെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഇടുക്കിയിലെ തൊഴിലാളികള്‍ക്കുവേണ്ടി ഇവിടത്തെ രാഷ്ട്രീയക്കാര്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും എനിക്ക് സംസാരിക്കണം. ഈ സമരത്തില്‍ വന്നതിനു ശേഷം എന്റെ ജീവിതം എന്തായെന്നും, ഗോമതി എങ്ങനെയുള്ള ആളാണ് എന്നുമെല്ലാം എനിക്ക് ജനങ്ങളോട് വിളിച്ചു പറയണം. അതിനുള്ള വഴി കൂടിയാണിത്. അതിനിനി തോറ്റാലും എനിക്കു കുഴപ്പമില്ല.’ പൊമ്പിളൈ ഒരുമൈ സമരത്തിനു ശേഷം ഇടുക്കിയില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി കൂടിയായാണ് ഗോമതി തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്.
ഇടുക്കി പോലൊരു മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പു ഫണ്ടുകളുടെ കുറവുണ്ടെന്നും, അത് കണ്ടെത്തുക എന്നതാണ് പ്രധാന പ്രതിസന്ധിയെന്നും ഗോമതി പറയുന്നു. സാമ്പത്തിക സഹായങ്ങളുമായി ആരെത്തിയാലും അതു സ്വീകരിക്കും. തന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ടായിരുന്നെങ്കില്‍ ആരുടെയും പിന്തുണയ്ക്കു കാക്കാതെ ഒറ്റയ്ക്കു മത്സരിച്ചേനെ. അത്രയേറെ പണം കൈയിലില്ലാത്തതിനാല്‍ അറിയാവുന്നവരോടെല്ലാം സഹായം ചോദിച്ചിട്ടുണ്ട്. സഹായിക്കാന്‍ മനസ്സുള്ള സംഘടനകളുണ്ടെങ്കില്‍ സഹായിക്കട്ടെ. അല്ലെങ്കില്‍ വേണ്ട. എന്നാലും തോട്ടം തൊഴിലാളികളുടെ ഇടയില്‍ തനിക്ക് സംസാരിക്കണം. തൊഴിലാളികളുടെ ശബ്ദം തെരഞ്ഞെടുപ്പില്‍ കേള്‍ക്കണം – ഗോമതി പറയുന്നു.
എല്‍ഡിഎഫ് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ സിറ്റിംഗ് സീറ്റാണ് ഇടുക്കി. ഇത്തവണയും മത്സരരംഗത്ത് ജോയ്‌സ് ജോര്‍ജ്ജുണ്ട്. ജോയ്‌സ് ജോര്‍ജ്ജടക്കമുള്ളവരുടെ ഭൂമി കൈയേറ്റത്തിനെതിരെയാണ് ഗോമതി വിരല്‍ ചൂണ്ടുന്നത്. യുഡിഎഫിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നിട്ടില്ലെങ്കിലും പി.ജെ. ജോസഫ് അടക്കമുള്ളവര്‍ നോട്ടമിട്ടിട്ടുള്ള മണ്ഡലമാണ് ഇടുക്കി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നീക്കമെന്ന തരത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ ഗോമതി തയ്യാറായിരിക്കുന്നത്. നേരത്തേ, പൊലീസും സര്‍ക്കാരും തന്റെ മകനെതിരെയുള്ള കേസിന്റേയും മറ്റു പല പ്രശ്‌നങ്ങളുടെയും പേരില്‍ തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നു കാണിച്ച്, ഇടുക്കി വിടുകയാണെന്ന പ്രസ്താവനയും ഗോമതി സമൂഹമാധ്യമങ്ങള്‍ വഴി നടത്തിയിരുന്നു.