ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം തനിക്ക് പൊതുപ്രവര്‍ത്തനത്തില്‍പ്പോലും കൃത്യമായി ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് നല്ലതണ്ണി ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഗോമതി പറയുന്നു
പോലീസും അധികൃതരും ജീവിക്കാന്‍ അനുവദിക്കാത്തതിനാല്‍ മൂന്നാര്‍ വിട്ടുപോകാനൊരുങ്ങുകയാണെന്ന് പെമ്പിള ഒരുമൈ നേതാവ് ഗോമതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ വിടാനുള്ള തന്റെ തീരുമാനം ഗോമതി അറിയിക്കുന്നത്. മകനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് തനിക്കും കുടുംബത്തിനും മൂന്നാറില്‍ ഇപ്പോള്‍ സമാധാനമായി ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ഗോമതി പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കുനേരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടതായാണ് ഗോമതിയുടെ പരാതി.
പോലീസുകാരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം ഒരു വിധത്തിലും സഹിക്കാന്‍ കഴിയില്ല, അതുകൊണ്ടു തന്നെ രാഷ്ട്രീയപരമായും തനിക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥസാണുള്ളതെന്ന് ഗോമതി പറയുന്നു. “നീയൊക്കെ എന്തിനാണ് ജീവനോടെയിരിക്കുന്നത്, തൂങ്ങിച്ചാക് എന്നൊക്കെയാണ് പൊലീസ് എന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എനിക്കെതിരെയുള്ള കള്ളക്കേസുകള്‍ ഒന്നിനുപിറകേ ഒന്നായി പരിഗണിക്കുന്ന മൂന്നാറിലെ പോലീസുകാര്‍ ഞാന്‍ പരാതിയുമായി ചെല്ലുമ്പോള്‍ മാത്രം സ്വീകരിക്കുന്നില്ല. എന്റെ മകനുമായി ഇഷ്ടത്തിലാണെന്ന് നേരത്തേ പറഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ അവനെ പിടിച്ച് അകത്തിടാനാണ് പറയുന്നത്. എനിക്ക് വീടു തന്നു എന്ന കുറ്റത്തിന് വീട്ടുടമസ്ഥനെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വീടിരിക്കുന്നത് കൈയേറിയ ഭൂമിയിലാണ്, നിങ്ങള്‍ക്ക് ആര് പട്ടയം തന്നു എന്നൊക്കെ ചോദിക്കും. ഗോമതിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടില്ലെങ്കില്‍ അറസ്റ്റു ചെയ്തു കളയും എന്നാണ് ഭീഷണി”, ഗോമതി അഴിമുഖത്തോട് പറഞ്ഞു.
മൂന്നാര്‍ എസ്.ഐ. ഹരി, സി.ഐ സാംജോസ് എന്നിവരില്‍ നിന്നുമാണ് തനിക്ക് ഉപദ്രവങ്ങള്‍ നേരിടേണ്ടി വരുന്നതെന്നാണ് ഗോമതിയുടെ പരാതി. ഗോമതിയെ ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ട് അടുത്ത നീക്കമെന്താണെന്ന് അന്വേഷിക്കുന്ന പോലീസ്, ഓരോ തവണ യാത്ര കഴിഞ്ഞെത്തുമ്പോഴും എവിടെപ്പോയി, എന്തിനുപോയി, അടുത്ത നീക്കമെന്ത് എന്നിങ്ങനെ അനവധി ചോദ്യങ്ങളാണ് ഗോമതിക്കു മുന്നില്‍ നിരത്താറ്. തന്റെ വീട്ടില്‍ ആരൊക്കെ വന്നുപോയി എന്നും എന്തിനു വന്നു എന്നുമുള്ള അന്വേഷണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പോലീസ് നടത്താറുള്ളതായും ഗോമതി പറയുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം തനിക്ക് പൊതുപ്രവര്‍ത്തനത്തില്‍പ്പോലും കൃത്യമായി ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് നല്ലതണ്ണി ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഗോമതി ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ ആവശ്യപ്പെടുമ്പോള്‍ ഫണ്ടുകള്‍ പാസ്സാക്കാതിരിക്കുക, തന്നെ മാത്രം പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഗൗനിക്കാതിരിക്കുക എന്നിങ്ങനെ പല പ്രതിബന്ധങ്ങളാണ് ഗോമതി നേരിടുന്നത്.
“തൊടുപുഴയില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് വരെ എന്നെ ഫോണില്‍ വിളിച്ച് അടുത്തതായി എങ്ങോട്ടാണ് പോകുന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ അന്വേഷിക്കും. ഇതൊക്കെ നിങ്ങളെന്തിന് അന്വേഷിക്കുന്നു എന്നു ചോദിച്ചാല്‍, മെംബറുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ, എന്തെങ്കിലും സംഭവിച്ചുപോയാല്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടേ എന്നൊക്കെ തിരിച്ചു ചോദിക്കും. ഞാനൊരു വ്യക്തിയല്ലേ? എന്റെ അടുത്ത നീക്കം അറിഞ്ഞിട്ട് ഇവര്‍ക്കെന്താണ്? ഞാന്‍ എന്തു തീരുമാനം എടുത്താലും ഇവര്‍ക്കെന്താണ് പ്രശ്‌നം? കമലഹാസന്‍ വിളിച്ചിരുന്നോ, രജനീകാന്ത് വിളിച്ചിരുന്നോ എന്നൊക്കെയാണ് എന്നോടു ചോദിക്കുന്നത്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നം ഉണ്ട്, സ്ഥലത്തിന്റെ പ്രശ്‌നം ഉണ്ടിവിടെ. നൂറു പേരെയെങ്കിലും ഒറ്റയടിക്ക് സംഘടിപ്പിക്കാന്‍ എനിക്കു സാധിക്കും. പക്ഷേ, ജീവിക്കാന്‍ സമ്മതിക്കണ്ടേ? ജനങ്ങളുടെ പിന്തുണ എനിക്കുണ്ട്. പക്ഷേ, എനിക്കൊപ്പം വന്നാല്‍ അവര്‍ക്കുകൂടി ഇതേ പ്രശ്‌നങ്ങളുണ്ടായാലോ എന്ന ഭയമാണ് അവര്‍ക്ക്. ഇവിടെ നിന്നിട്ടിനി എന്തു കാര്യമാണുള്ളത്. മൂന്നാര്‍ വിടാന്‍ തന്നെയാണ് തീരുമാനം.”
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ കടുത്തതെന്നാണ് ഗോമതിയുടെ പക്ഷം. താന്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നെന്ന് സംശയിച്ചാണ് ഇത്രനാളും വിളിക്കാതിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ളവര്‍ ഇപ്പോള്‍ ഫോണ്‍വിളിയും അന്വേഷണങ്ങളും സ്ഥിരമാക്കിയതെന്നും ഗോമതി പറയുന്നുണ്ട്. ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി മൂന്നാര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് ഗോമതി പ്രതിഷേധിച്ചിരുന്നു. തന്നെ ഇങ്ങനെ നിരീക്ഷിക്കുകയും തന്റെ നീക്കങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിന് പകരം തന്നെ അറസ്റ്റു ചെയത് ലോക്കപ്പിലാക്കൂ എന്നാവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം. മകനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തന്റെ ഇഷ്ടപ്രകാരമല്ല കേസ് നല്‍കിയിരിക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ ദൃശ്യങ്ങളും തന്നെ കൂട്ടിക്കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മകനെഴുതിയ കത്തുകളും തന്റെ കൈവശമുണ്ടെന്നും, എന്നാല്‍ താനത് പുറത്തുവിടുകയോ പെണ്‍കുട്ടിയുടെ ഭാവിജീവിതത്തിന് ഭീഷണി വരുന്ന തരത്തില്‍ പെരുമാറുകയോ ചെയ്യില്ലെന്നും അവര്‍ പറയുന്നു.
“തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ ജയിലില്‍ കിടന്നിട്ടു വരട്ടെ. മറ്റുള്ളവരുടെ പേരുവച്ച് എന്നെ എന്തിനാണ് ഉപദ്രവിക്കുന്നത്? ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും താന്‍ പറഞ്ഞതല്ല പോലീസുകാര്‍ എഴുതിക്കൊടുത്തതെന്നും കാണിച്ച് പെണ്‍കുട്ടി എസ്.പിക്കും ഡി.വൈ.എസ്.പിക്കും കത്തു കൊടുത്തിട്ടുണ്ട്. അത് ഇവര്‍ അന്വേഷിക്കുന്നില്ല. കുട്ടി മാറി മാറി സംസാരിക്കുകയാണ്. പതിനേഴു വയസ്സുകാരിയെ എന്റെ മകന്‍ പ്രണയിച്ചത് തെറ്റാണ്. അത് ഞാന്‍ ന്യായീകരിക്കുന്നില്ല. പക്ഷേ ഇത് എന്റെ മേല്‍ തീര്‍ക്കേണ്ട കാര്യമെന്താണ്? എനിക്കാണെന്ന് അറിഞ്ഞാല്‍ ആരും താമസിക്കാന്‍ വീടു പോലും തരില്ല. ജോലിയും കിട്ടാനില്ല. ഗോമതിച്ചേച്ചി വന്ന് വീണ്ടും ഇവിടെ സമരമുണ്ടാക്കിയാലോ എന്നാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും സാധിക്കുന്നില്ല. വോട്ടു വാങ്ങി വെറുതെയിരിക്കുന്ന അവസ്ഥയാണ്. ഞാന്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളും ബ്ലോക്കു ചെയ്യുകയാണ്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചാല്‍ രാഷ്ട്രീയപ്രശ്‌നങ്ങള്‍ കാരണം അവരും ഇടപെടുന്നില്ല.”
ഗോമതിയും അച്ഛനും മകനുമാണ് ഇപ്പോള്‍ വീട്ടില്‍ താമസം. കേസിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ മകന്‍ വിവേകിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. വ്യക്തിജീവിതവും പൊതുജീവിതവും പൊലീസിന്റെ ഇടപെടല്‍ കാരണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മൂന്നാര്‍ വിടുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്ന് വ്യക്തമാക്കുകയാണ് ഗോമതി.
Also Read: മൂന്നാര്‍: സമരം പൊളിക്കുന്നവര്‍, ഏറ്റെടുക്കുന്നവര്‍, മാധ്യമങ്ങള്‍ കേള്‍ക്കുക: ഗോമതി സംസാരിക്കുന്നു