UPDATES

ബീഫ് രാഷ്ട്രീയം

‘ഞങ്ങള്‍ പട്ടിണി കിടന്ന് ചാകാനൊന്നും പോണില്ല; ഈ മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുപോയിട്ട് അറക്കും’

അനുകൂലിച്ചും പ്രതികൂലിച്ചും എന്തുവന്നാലും പ്രശ്‌നമില്ലെന്നുമുള്ള ഭാവത്തില്‍ ചര്‍ച്ചകള്‍ കേരളം മൊത്തത്തില്‍ കൊഴുക്കുകയാണ്

‘ങാ.. ഇങ്ങനെയൊക്കെ നിയമം വന്നാല്‍ നമ്മള്‍ എന്താ കൈയും കെട്ടി നോക്കിനില്‍ക്കുവോ.. അങ്ങനെയാണെല്‍ ഞങ്ങളെല്ലാവരും ഈ പശുവിനെയും പോത്തിനെയും ഒക്കെ കൊണ്ടുപോയി ഈ മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടു പോയി വിട്ട് അവിടെയിട്ട് അറക്കും… നമ്മുക്ക് നോക്കാലോ അപ്പോള്‍ അവര്‍ എന്തു ചെയ്യുമെന്ന്‌…’ ഈ വാക്കുകള്‍ കേട്ടത് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ അറവുശാലകളില്‍ നിന്നാണ്. കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യുന്നത് നിരോധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതികരണവുമാണ് കേരളത്തിലെ അറവുശാലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവരില്‍ നിന്ന് മാത്രമല്ല മറ്റ് വ്യാപാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് കേന്ദ്രം നടത്താന്‍ പോകുന്ന പുതിയ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ഉണ്ടായിരിക്കുന്നത്. ‘മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതാ നിരോധന നിയമം 1960’ മറവിലാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രാജ്യവ്യാപകമായി കന്നുകാലികളെ കശാപ്പിനായി നടത്തുന്ന വിപണനങ്ങളും കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിക്കാനാണ് നീക്കം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുത്തനാണ് കേന്ദ്ര തീരുമാനം.

പാളയം മാര്‍ക്കറ്റിലെ അറവുകാരന്‍ അബ്ദുള്ള കുട്ടി പറയുന്നത്- ‘കശാപ്പിനായി കാലികളെ വിപണനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ അറവുശാലകള്‍ പൂട്ടിയിടേണ്ടി വരുന്ന സ്ഥിതിയിലേക്ക് മാറും. കേരളത്തില്‍ മാത്രം ലക്ഷക്കണക്കിന് ആളുകളായിരിക്കും ഈ ഒരൊറ്റ നിയമം കൊണ്ട് പട്ടിണിയിലാകുവാന്‍ പോകുന്നത്. ഞങ്ങള്‍ അറവുകാര്‍ മാത്രമല്ല ഇത് കൊണ്ട് ജീവിക്കുന്നത്. ഇതിന് അനുബന്ധമായി കാലികളെ കച്ചവടം നടത്തുന്നവരും കാലികളെ വണ്ടിയില്‍ കൊണ്ട് എത്തിക്കുന്നവരും ഹോട്ടലുകാരും എല്ലാവരും ബുദ്ധിമുട്ടിലാവും.

കാര്യം എന്തൊക്കെ പറഞ്ഞാലും മോദി സര്‍ക്കാരിന്റെ ചില കാര്യങ്ങളില്‍ മതിപ്പൊക്കെയുണ്ടായിരുന്നു. എന്തൊക്കെയോ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും തോന്നിയിരുന്നു. ഇതിപ്പോ മനുഷ്യന്‍ കഴിക്കുന്ന കാര്യത്തിലും പണിയെടുക്കുന്ന കാര്യത്തിലുമൊക്കെ ഇടപെടാനായിട്ട് ഇങ്ങനെയൊക്കെ നിയമം വന്നാല്‍ നമ്മള്‍ എന്താ കൈയും കെട്ടി നോക്കിനില്‍ക്കുവോ… അങ്ങനെയാണെല്‍ ഞങ്ങളെല്ലാവരും ഈ പശുവിനെയും പോത്തിനെയും ഒക്കെ കൊണ്ടുപോയി ഈ മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടു പോയി വിട്ട് അവിടെയിട്ട് അറക്കും… നമ്മുക്ക് നോക്കാലോ അപ്പോള്‍ അവര്‍ എന്താ കാട്ടാന്‍ പോകുന്നതെന്ന്…

ഞങ്ങളെയെല്ലാവരെയും അറസ്റ്റ് ചെയ്യുമോ, ചെയ്യട്ടെ. അപ്പോള്‍ കൂടുതല്‍ ആളുകള്‍ വരും. നോട്ട് നിരോധനം പോലെ ഇതും അങ്ങ് നടപ്പാക്കാനാണ് തീരുമാനമെങ്കില്‍ നമ്മുക്ക് നോക്കാം. തൊഴിലില്ലാതാവുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമോ? അതോ ഞങ്ങള്‍ ഇതെല്ലാം ഉപേക്ഷിച്ച് പട്ടിണി കിടന്ന് ചത്തോളുമെന്നാണോ അവര്‍ കരുതുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് പറയുന്നു. ശരിക്കും ഞങ്ങളോടുള്ള ക്രൂരതയാണിത്. ആടും പശുവും പോത്തുമൊക്കെ മനുഷ്യര്‍മാര്‍ക്ക് തിന്നാന്‍ വേണ്ടി തന്നെയുള്ളതാണ്. വേണ്ടാത്തവര്‍ കഴിക്കേണ്ട. കഴിക്കുന്നവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. ഇതൊക്കെ ആളുകളെ തമ്മില്‍ തല്ലിക്കാനുള്ള ഓരോ കാര്യങ്ങളാണ്. എന്തിന് വേണ്ടിയാണ് ഇതൊക്കെ കാണിക്കുന്നത്. മനുഷ്യന്‍മാര്‍ സമാധാനത്തോടെ ജീവിക്കുന്നയിടത്ത് വന്ന് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഓരോന്നും കൊണ്ടു വന്നിട്ട് എന്തു കിട്ടാനാണ്.’- നിസഹായതയിലും അബ്ദുള്ള കുട്ടിയുടെ രോഷമടങ്ങുന്നില്ല.

‘ഇതൊന്നും നടക്കാന്‍ പോകുന്നില്ല. നടന്നാല്‍ പിന്നെ നമ്മള്‍ ഒന്നും കാണൂല’ എന്നാണ് പാളയം മാര്‍ക്കറ്റിലെ ഒരു ചെറിയ മാട്ടിറച്ചി വില്‍പ്പനക്കാരനായ റഷീദ് പറയുന്നത്. റഷീദ് തുടരുന്നു- ‘കേരളത്തില്‍ ഈ നിയമം വരുമെന്ന് തോന്നുന്നില്ല. ഞാനൊക്കെ ചെറിയ കച്ചവടമാണ് നടത്തുന്നത്. ശരിക്കു പറഞ്ഞാല്‍ കശാപ്പ് ചെയ്യാനായിട്ട് കാലികളെ കിട്ടിയില്ലെങ്കില്‍ ഇതൊക്കെ (ഇറച്ചി കടകള്‍) പൂട്ടി പോവത്തില്ലെ. അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്കൊക്കെ ജീവിക്കാന്‍ നിവൃത്തിയില്ലാതാവും.’ പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അത്യാവശ്യം തരക്കേടില്ലാത്ത കച്ചവടം നടത്തുന്ന മാര്‍ക്കറ്റിലെ ഒരു മാട്ടിറച്ചി കടകാരന്‍ പറഞ്ഞത്- ‘ഇവിടെ മാത്രം പന്ത്രണ്ടിന് മുകളില്‍ ഇറച്ചി കടകളുണ്ട്. പതിനഞ്ച് കാലികളോളം ഒരു ദിവസം ഞങ്ങളെല്ലാവരും അറക്കും. കൂടുതലും കാലികള്‍ വരുന്നത് കേരളത്തിന്റെ പുറത്ത് നിന്നാണ്. കടയില്‍ അഞ്ച് ജോലിക്കാരുണ്ട്. തരക്കേടില്ലാതെ കച്ചവടം നടക്കുന്ന ഇറച്ചിക്കടകളില്‍ അത്രയും ജോലിക്കാര്‍ ഉണ്ടാവും. പറഞ്ഞുകേട്ടതുപോലെ പെട്ടെന്ന് ഇതെല്ലാം നിര്‍ത്തേണ്ടി വന്നാല്‍ ഞങ്ങളെല്ലാം എന്തു ചെയ്യും. കുഞ്ഞിലെ മുതലെ ചെയ്തുവന്ന പണിയാണിത്. വേറെ പണിയറിയില്ല. അല്ലെങ്കില്‍ തന്നെ ഞങ്ങള്‍ എന്തിനാണ് വേറെ പണി നോക്കുന്നത്. നന്നായിട്ട് ഇവിടെ പണിയെടുത്താണ് ജീവിക്കുന്നത്. ഇത് ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ പ്രതികരിക്കും. നന്നായിട്ട് പ്രതികരിക്കും. ഇവിടെ (തിരുവനന്തപുരം) ഞങ്ങള്‍ക്ക് (അറവുകാര്‍ക്ക്) മാത്രമായിട്ട് ഒരു സംഘടനയൊന്നുമില്ല. മറ്റ് ജില്ലകളില്‍ ഒക്കെയുണ്ടെന്നാണ് കേട്ടിരിക്കുന്നത്. ഇവിടെ വ്യാപാരി-വ്യവസായി ഏകോപന സമിതിയിലാണ് ഞങ്ങളൊക്കെ അംഗങ്ങളായിരിക്കുന്നത്. അവരൊക്കെ ഞങ്ങള്‍ക്ക് പിന്തുണയാണ്. ഞങ്ങളുടെ ഒക്കെ ജീവിതം വച്ചല്ലേ നിയമം ഉണ്ടാക്കുന്നത്. ഇതൊന്നും നിര്‍ത്തില്ല. മേടിക്കാന്‍ ജനങ്ങളുള്ളിടത്തോളം കാലം ഇതെല്ലാം ഇവിടെ തന്നെയുണ്ടാവും.’

മാര്‍ക്കറ്റിലെ ഇറച്ചിക്കടകളില്‍ മാത്രമല്ല മറ്റ് കച്ചവടക്കാരുടെയും സംസാരവിഷയം ഇത് തന്നെയാണ്. പഴക്കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും മറ്റ് കച്ചവടക്കാരും ചൂടേറിയ ബീഫ് ചര്‍ച്ച നടക്കുന്നിടത്ത് നിന്ന് കേട്ടത്- ‘എന്തു ഭാവിച്ചാണ് ഓരോന്ന് കൊണ്ടു വരുന്നത്. ഇത് കേരളമാണെന്ന് അവന്‍മാര്‍ക്ക് അറിയില്ല. കോപ്പിലെ നിരോധനം.‘ പ്രതികരണമായിട്ട് ഒരു കച്ചവടക്കാരന്‍, ‘ടാ അതിന് ഇവിടെ ആരും ബീഫ് നിരോധിച്ചിട്ടില്ല. അറക്കാനായിട്ട് പശുവിനെയും പോത്തിനെയും വില്‍ക്കാന്‍ പാടില്ലെന്നാ പറയുന്നത്’. മറുപടി പഴക്കടക്കാരന്‍ ചേട്ടന്‍ ഉടനെ കൊടുത്തു, ‘അറക്കാന്‍ പശുവിനെയും പോത്തിനെയും കിട്ടിയില്ലെങ്കില്‍ എങ്ങനെ ബീഫ് ഉണ്ടാക്കും. നിയമം വന്നാല്‍ ബീഫ് നിരോധിച്ചത് പോലെ തന്നെയല്ലെ. ഇതൊക്കെ ഒരു കളിയല്ലേ, ബീഫ് നിരോധിച്ചെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഇറച്ചിക്കായിട്ട് കന്നുകാലികളെ മേടിക്കാന്‍ പറ്റില്ല. അപാര ബുദ്ധിയാണെന്നാണ് വിചാരം. ഇവിടെ ഇത് വേവൂല്ലാ. വേവും… നല്ല ബീഫ് ഫ്രൈയും വരട്ടിയതുമൊക്കെ വേവും.’

ചുമട്ട് തൊഴിലാളിയായ ചേട്ടന്‍ ബീഫ് ഫ്രൈ എന്ന് കേട്ടതോട് കൂടി ‘എനിക്ക് വിശപ്പ് തുടങ്ങി’ എന്നു പറഞ്ഞാണ് തുടങ്ങിയത് തന്നെ; ‘തമ്മില്‍ തല്ലിക്കാനായിട്ടാണ് ഈ പരിപാടി. ഞാന്‍ എല്ലാം കഴിക്കും, ബീഫും കഴിക്കും പോര്‍ക്കും കഴിക്കും പച്ചക്കറിയും കഴിക്കും. പൈസയുണ്ടേല്‍ എല്ലാം കഴിക്കും. നിരോധിച്ചാലും കഴിക്കും. ഈ പറയുന്നപോലെ ഒന്നും നടക്കില്ലെന്ന് എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം. കുറെ ദിവസം കഴിയുമ്പോള്‍ ഈ പറയുന്നതെല്ലാം ഇവരു തന്നെ വിഴുങ്ങും.  കാലിക്കച്ചവടം മാത്രമല്ല, ബലിക്കായിട്ട് മൃഗങ്ങളെ കൊല്ലാനും പാടില്ല എന്നാണ് പത്രത്തില്‍ കണ്ടത്. ഇത് നടക്കില്ലെന്ന് വ്യക്തമല്ലേ… എല്ലാരുടെയും മതത്തില്‍ മൃഗബലിയൊക്കെയുണ്ട്. വിശ്വാസത്തിലും കഴിക്കുന്ന (ഭക്ഷണം) കാര്യത്തിലുമൊക്കെ കളിക്കാന്‍ സര്‍ക്കാര്‍ വന്നാല്‍ നാട്ടുകാര്‍ ശരിക്കും കളി പഠിപ്പിച്ചിട്ടേ വിടൂ. മണ്ടന്മാര്‍ നടക്കാത്ത കാര്യവും പൊക്കി പിടിച്ചുവരുവാണ്.’

ഇതുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും എന്തുവന്നാലും പ്രശ്‌നമില്ലെന്നുമുള്ള ഭാവത്തില്‍ ചര്‍ച്ചകള്‍ കേരളം മൊത്തത്തില്‍ കൊഴുക്കുകയാണ്. നാലു പേര് കൂടുന്നിടത്തൊക്കെ ബീഫാണ് ചര്‍ച്ചാ വിഷയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം വന്നപ്പോഴും ഇത് കേരളത്തില്‍ ഉണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഇപ്പോഴത്തെ നടപടി ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അത് ബീഫ് എന്ന ഭക്ഷണത്തേക്കാള്‍ ഉപരി തങ്ങള്‍ എന്ത് കഴിക്കണം, കഴിക്കാന്‍ പാടില്ല എന്ന് മറ്റാരോ തീരുമാനിക്കുന്നതിന്റെ അങ്കലാപ്പും എതിര്‍പ്പുമാണ് ആ സ്വരങ്ങളിലുള്ളത്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍