ഓഗസ്ത് എട്ടിന് മക്കിമലയില്‍ ഉരുള്‍ പൊട്ടിയതിനൊപ്പമാണ് പഞ്ചാരക്കൊല്ലിയില്‍ മണ്ണിടിയുന്നത്
കാട്ടിനകത്തു നിന്നും കുട്ടികള്‍ പൊട്ടിച്ചു കഴിക്കുന്ന അതിമധുരമുള്ള ചെടിയാണ് പഞ്ചാരക്കൊല്ലി. പഞ്ചാരക്കൊല്ലി കൂട്ടമായി വളരുന്ന, കാടിനോട് ചേര്‍ന്നു കിടക്കുന്ന, മാനന്തവാടിയിലെ കുന്നിന്‍ ചെരിവുകള്‍ക്കും ഇതേ പേരാണ്. ടൗണില്‍ നിന്നും അല്പമകന്നുള്ള പ്രിയദര്‍ശിനി തേയിലത്തോട്ടങ്ങള്‍ക്കപ്പുറം ഇരുപതോളം കുടുംബങ്ങള്‍ പഞ്ചാരക്കൊല്ലിയില്‍ താമസിച്ചിരുന്നു. ആറു മാസങ്ങള്‍ക്കു മുന്‍പ് കേരളത്തെ പാടേ തകര്‍ത്തു കളഞ്ഞ പ്രളയക്കാലത്ത് തുടര്‍ച്ചയായ മണ്ണിടിച്ചിലുകളാണ് പഞ്ചാരക്കൊല്ലിയിലുണ്ടായത്. വീടും അതിനകത്തെ എല്ലാ വസ്തുക്കളും മണ്ണിനകത്ത് പെട്ടുപോയ, ജീവന്‍ മാത്രം തിരികെ കിട്ടിയ രവിയും ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് വച്ച വീട്ടില്‍ നിന്നും താമസം മാറാന്‍ നിര്‍ദ്ദേശം ലഭിച്ച കൗസല്യയുമടക്കം നിരവധി പേരാണ് പഞ്ചാരക്കൊല്ലിയില്‍ ജീവിതം തിരിച്ചു പിടിക്കാനാകാതെ പാതി വഴിക്കു നില്‍ക്കുന്നത്.
പേരിലെ മധുരം ഇപ്പോള്‍ പഞ്ചാരക്കൊല്ലിയിലെ ജീവിതങ്ങള്‍ക്കില്ല. വനഭൂമിയോട് ചേര്‍ന്ന് പന്നിയോടും ആനയോടും എതിരിട്ട് കൃഷി ചെയ്തിരുന്ന പതിനെട്ടോളം കുടുംബങ്ങളാണ് മണ്ണിടിച്ചിലില്‍പ്പെട്ട് ഛിന്നഭിന്നമായിപ്പോയത്. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവയാണ് പഞ്ചാരക്കൊല്ലിയിലെ ഭൂരിഭാഗം വീടുകളും. അവശേഷിക്കുന്ന ചുരുക്കം ചിലരാകട്ടെ, പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ദുരന്തഭൂമിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരും. മണ്ണിടിഞ്ഞതിനടിയില്‍പ്പെട്ട ഏഴു വീടുകള്‍ തീര്‍ത്തും തകര്‍ന്നു പോയിട്ടുണ്ട്. പതിറ്റാണ്ടുകളോളമായി പഞ്ചാരക്കൊല്ലിയില്‍ താമസിക്കുന്ന രവിയുടേതാണ് അവയിലൊന്ന്. “ഇവിടെയായിരുന്നു വീട്. കണ്ടില്ലേ, അലമാരിയുടെ വാതിലൊക്കെ പുറത്തേക്ക് കാണുന്നത്? എല്ലാം ഇതിനടിയിലാണ്. മുഴുവനും മണ്ണുവന്ന് മൂടിപ്പോയി. അഞ്ച് അലമാരികളുണ്ടായിരുന്നതില്‍ രണ്ടെണ്ണം എങ്ങനെയോ പുറത്തെടുത്തു. ഇറങ്ങിയോടിയപ്പോള്‍ ഇട്ട ഡ്രസ്സല്ലാതെ ഒന്നും കിട്ടിയില്ല. അച്ഛനും അമ്മയും അറുപതു കൊല്ലം പണിയെടുത്തു. അവരുടെ അത്രയും കാലത്തെ സമ്പാദ്യമാണ് ഈ മണ്ണുമൂടി കിടക്കുന്നത്. ഞായറാഴ്ച ദിവസം ഒഴിവുള്ളപ്പോള്‍ ഞാനിങ്ങോട്ടു വരും. ഇവിടെ ഇനി ഒന്നുമില്ലെന്നറിയാം. എന്നാലും വെറുതേ വന്നു നോക്കും.” വീടിനെയാകെ മൂടിക്കിടക്കുന്ന മണ്ണിനു മേലെ നിന്നാണ് രവി സംസാരിക്കുന്നത്. അറുപത്തിയഞ്ചു സെന്റ് സ്ഥലത്തില്‍ രവിക്കായി അച്ഛന്‍ കുറച്ചു സ്ഥലം മാറ്റിവച്ചിരുന്നു. അതിനു രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ രവിക്ക് നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. വീടു പാടേ മണ്ണുമൂടിയിട്ടും പ്രളയബാധിതര്‍ക്കുള്ള അടിസ്ഥാന ധനസഹായമായ പതിനായിരം രൂപ മാത്രമാണ് രവിയുടെ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. പ്രദേശത്തെ പള്ളിയുടെ അധികൃതര്‍ തങ്ങള്‍ക്കായി ഒരു വീട് കുറച്ചു മാറി ഒരുക്കുന്നുണ്ടെങ്കിലും, ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം പോയതിന്റെ വേദന രവിയെ വിട്ടു പോയിട്ടില്ല. എല്ലാ ഞായറാഴ്ചയും പതിവു പോലെ വീടിരുന്ന സ്ഥലത്തേക്ക് രവി എത്തുന്നു.
രവിയ്‌ക്കൊപ്പം വീടു നഷ്ടപ്പെട്ടവരില്‍ നാലു പേര്‍ക്കാണ് പുതിയ വീട് ഒരുങ്ങുന്നത്. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കാകട്ടെ, സര്‍ക്കാര്‍ വേറെ ഭൂമി പതിച്ചു കൊടുത്തിട്ടുമുണ്ട്. എന്നാല്‍, രവിയുടെ വീടെടുത്ത മണ്ണിടിച്ചില്‍ നടന്നതിന് അല്പം മാറി, വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന മറ്റു പത്തോളം വീടുകളുണ്ട്. കാട് അതിരിടുന്ന, രണ്ടരയേക്കര്‍ കൃഷിഭൂമിയുടെ ചുറ്റുമായി കെട്ടിപ്പൊക്കിയിരുന്ന അവയിലൊന്ന് കൗസല്യയുടേതാണ്. കൗസല്യയും ലീലയും വിനോദിനിയുമടക്കം കൃഷി ചെയ്തു ജീവിച്ചിരുന്ന ഒട്ടനവധി പേര്‍ പഞ്ചാരക്കൊല്ലിയില്‍ നിന്നും കുടിയിറങ്ങാനുള്ള നിര്‍ദ്ദേശം ലഭിച്ചതിന്റെ ആഘാതത്തിലാണ്. വാസയോഗ്യമല്ലാത്തയിടത്തുനിന്നും ആളുകളെ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയാമെങ്കിലും, തങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയവരാണെന്നാണ് കൗസല്യയുടെ പക്ഷം. “ഈ വയലു കിടക്കുന്നതു കണ്ടില്ലേ? വയലാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ടാല്‍ മനസ്സിലാകില്ല. എല്ലാം പോയി. ഇവിടെ ഒരു റോഡുണ്ടായിരുന്നു. അതും പോയി. ഞങ്ങളുടെ സ്ഥലവും കൃഷിഭൂമിയുമൊക്കെ ഇല്ലാതെയായി. സഹായം കിട്ടുന്നില്ലേ പിന്നെയെന്താണ് പ്രശ്‌നമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു സഹായവും കിട്ടിയിട്ടില്ല കുട്ടീ. ഒരു നാശ നഷ്ടവുമില്ലാത്തവര്‍ക്ക് ഇവിടെ സഹായം കിട്ടുന്നുണ്ട്. ഈ കൊല്ലം വിശ്വസിച്ച് എങ്ങനെ ഇവിടെ താമസിക്കും എന്നറിയില്ല. മല ഇനിയുമിടിയും. മാറിക്കോളാന്‍ ഉദ്യോഗസ്ഥരൊക്കെ വന്ന് പറഞ്ഞിട്ടുണ്ട്. എങ്ങോട്ടു മാറും?” പണി പാതിയില്‍ നില്‍ക്കുന്ന വീടിനു മുന്നില്‍ നിന്നു കണ്ണീരോടെയാണ് കൗസല്യ ഇത്രയും പറഞ്ഞു തീര്‍ത്തത്.
പ്രളയകാലത്ത് ഇത്രയേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നിട്ടു പോലും കൗസല്യയ്ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പതിനായിരം രൂപയുടെ ധനസഹായം ലഭിച്ചിട്ടില്ല. കൗസല്യയ്‌ക്കൊപ്പം ആ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട അനവധി പേര്‍ പഞ്ചാരക്കൊല്ലിയിലുണ്ട്. ജില്ലയില്‍ എല്ലാവര്‍ക്കും പ്രാഥമികമായി പതിനായിരം രൂപയുടെ ധനസഹായം എത്തിച്ചു കഴിഞ്ഞു എന്ന് ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴാണ് പട്ടികയില്‍ പേരില്ലാതെ പോയ ഇത്തരം ധാരാളം പേരുടെ കഥകള്‍ പഞ്ചാരക്കൊല്ലിയില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നത്. നഷ്ടം കണക്കാക്കാനെത്തിയ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ വീടുകളിലെത്തിയില്ലെന്ന പരാതി ഓരോരുത്തര്‍ക്കും പറയാനുണ്ട്. അനര്‍ഹരായവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ പോലും തങ്ങള്‍ക്കെത്തുന്നില്ലെന്ന ഇവരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് പ്രദേശവാസികളും.
പഞ്ചാരക്കൊല്ലിയിലെ വനപ്രദേശത്തുള്ള വീടുകളിലേക്ക് ഉടമസ്ഥര്‍ പതിയെ തിരിച്ചെത്തുകയാണ്. പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും മറ്റൊരിടത്തേക്ക് മാറേണ്ടതുണ്ടെന്നും ഇവര്‍ക്കറിയാം. ഇനിയൊരു മഴക്കാലം ഒരു പക്ഷേ പഞ്ചാരക്കൊല്ലിയിലെ ബാക്കിയുള്ള വീടുകള്‍ അതിജീവിച്ചേക്കില്ലെന്നും ഇവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, പ്രളയകാലത്തിനു ശേഷം ആറുമാസമായപ്പോഴും താമസിക്കാന്‍ മറ്റൊരു വീടില്ലാത്തതിന്റെ സമ്മര്‍ദ്ദത്തിലാണ് ഇവരില്‍ പലരും. മിക്കപേരും അല്പം മാറിയുള്ള കുറ്റിമൂലയില്‍ വാടകവീടുകള്‍ തേടിപ്പോയിരുന്നു. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ മൂന്നൂറു രൂപാ ദിവസക്കൂലിക്കും കൃഷിയിടങ്ങളിലും ജോലി ചെയ്തിരുന്നവര്‍ക്ക് പ്രതിമാസം വാടക കൊടുക്കാന്‍ കണ്ടെത്തേണ്ടിവരുന്ന രണ്ടായിരം രൂപ വലിയൊരു പ്രതിബന്ധം തന്നെയാണ്. കൃഷിയിടം പാടേ നശിക്കുകയും വിളവ് നഷ്ടപ്പെടുകയും ചെയ്ത ഇവര്‍ക്കാര്‍ക്കും വാടകയ്ക്കുള്ള തുക താങ്ങാനാകുന്നതല്ല. മറ്റെവിടെയും പോകാനില്ലാത്ത ഇവര്‍ക്ക് തിരിച്ചു വരികയല്ലാതെ മറ്റു നിര്‍വാഹവുമില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അറിവും ബോധ്യവുമുണ്ടായിരുന്നിട്ടു പോലും മണ്ണിടിഞ്ഞ അതേയിടത്ത് അതേ വീടുകളില്‍ തിരിച്ചെത്താന്‍ നിര്‍ബന്ധിതരാവുകയാണിവര്‍.
പഞ്ചാരക്കൊല്ലിയില്‍ കൃഷി ചെയ്തു ജീവിക്കുന്ന പ്രഭാകരന് ചൂണ്ടിക്കാട്ടാനുള്ളത് മറ്റൊരു വിഷയമാണ്. “മണ്ണിടിഞ്ഞപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയതാണ് എല്ലാവരും. സ്‌കൂളില്‍ ക്ലാസ്സുകള്‍ തുടങ്ങാനായപ്പോള്‍ ഞങ്ങളോട് മാറാന്‍ ആവശ്യപ്പെട്ടു. അത് ന്യായമായ ആവശ്യവുമാണല്ലോ. പോകാനിടമില്ലെന്ന് പറഞ്ഞപ്പോള്‍ വില്ലേജ് ഓഫീസറടക്കമുള്ളവര്‍ ഞങ്ങളോടു പറഞ്ഞത് വാടക വീട്ടിലേക്ക് മാറിക്കോളൂ, വാടക അവര്‍ തരുമെന്നാണ്. പ്രതിമാസം രണ്ടായിരം രൂപയുടെ കീഴില്‍ വരുന്ന വീടെടുത്ത് മാറിക്കോളാന്‍ അവര്‍ പറഞ്ഞതു കേട്ടിട്ടാണ് ഞങ്ങളെല്ലാവരും അങ്ങനെ ചെയ്തത്. ഇപ്പോള്‍ മാസമെത്രയായി. ഒരു തവണ പോലും ഈ വാഗ്ദാനം ചെയ്ത രണ്ടായിരം രൂപ ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. കുറേയൊക്കെ കൂലിപ്പണി ചെയ്ത് പിടിച്ചു നിന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് വാടക വേണ്ട എന്ന് ഉടമസ്ഥന്‍ പറഞ്ഞതുകൊണ്ട് ഇപ്പോഴും അവിടെ ജിവിക്കുന്നു. ബാക്കിയെല്ലാവരും വാടക കൊടുക്കാന്‍ വഴിയില്ലാതെ തിരിച്ചു വീടുകളിലേക്കു തന്നെ പോന്നിട്ടുണ്ട്. ഉള്ള കാശിന് കഞ്ഞി കുടിക്കാനാണോ വാടക കൊടുക്കാനാണോ നോക്കുക? ഇവിടെ കിടന്ന് മണ്ണിനടിയില്‍പ്പെട്ട് മരിക്കാനാണ് വിധിയെങ്കില്‍ അങ്ങനെ“.
മണ്ണിടിച്ചിലുണ്ടായിടത്തിനു തൊട്ടരികിലുള്ള പ്രഭാകരന്റെ വീടിന് മുന്‍വശത്തു നിന്നും നോക്കിയാല്‍ ഒരു പോറല്‍ പോലുമില്ല. എന്നാല്‍, ഒരു വശത്തെ കിടപ്പുമുറിയും ചുവരുമടക്കം മണ്ണിടിഞ്ഞ് പൊളിഞ്ഞുപോയിട്ടുണ്ട്. കിടപ്പുമുറിയില്‍ സാധാരണ കിടക്കാറുണ്ടായിരുന്ന മകള്‍ അന്ന് അവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കാന്‍ പോലും പ്രഭാകരനു സാധിക്കുന്നില്ല. മണ്ണും കല്ലും ചെളിയും വീടിനകത്തേക്കു കയറി, കാണുന്ന ആര്‍ക്കും മണ്ണിടിച്ചിലില്‍ തകര്‍ന്നതെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന പ്രഭാകരന്റെ വീട് ആനുകൂല്യങ്ങള്‍ കിട്ടാനായി സ്വയം ഇടിച്ചുപൊളിച്ചതാണെന്ന് പറയാനും നാട്ടില്‍ ആളുകളുണ്ടായി. “രാത്രി മൂന്നു മണിക്കാണ് ഇത് പൊട്ടിവീഴുന്നത്. നോക്കുമ്പോള്‍ മല ഓരോ ഭാഗമായി ഇടിഞ്ഞുവരികയാണ്. തോടൊക്കെ നിറഞ്ഞുവരുന്നു. പ്രിയദര്‍ശിനിക്കാര്‍ കമ്പില്‍ കയറിട്ടു കെട്ടിയിട്ടാണ് പിറ്റേന്ന് ഞങ്ങളെ രക്ഷിക്കുന്നത്. പതിനായിരം രൂപയല്ലാതെ മറ്റു സഹായങ്ങളൊന്നും കിട്ടിയതേയില്ല. കുറ്റിമൂല സ്ഥലം ശരിയാക്കുന്നുണ്ടെന്ന് കേട്ടു. രജിസ്‌ട്രേഷന്‍ നടക്കണമെങ്കില്‍ പതിനയ്യായിരം രൂപ നമ്മള്‍ അങ്ങോട്ടു കൊടുക്കണമെന്നും കേള്‍ക്കുന്നുണ്ട്. അതൊന്നും ഞങ്ങളെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. ഏക്കറുകണക്കിന് സ്ഥലമൊന്നും വേണ്ട ഞങ്ങള്‍ക്ക്. രണ്ടേക്കര്‍ അറുപതു സെന്റ് സ്ഥലത്ത് സുഖമായി കൃഷി ചെയ്ത് ജീവിച്ചയാളാണ് ഞാന്‍. ഇന്നിപ്പോള്‍ അതില്‍ നിന്നും ഒന്നും കിട്ടാനില്ല. കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. കൈയില്‍ ഒന്നുമില്ലാത്തതിനാല്‍ നാളെ എന്നൊരു ചിന്തയുമില്ല.”
ഇഞ്ചി, ഏലം, മഞ്ഞള്‍, കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക് എന്നിങ്ങനെ പല കൃഷികള്‍ സുലഭമായി ഉണ്ടായിരുന്നിടമാണ് പഞ്ചാരക്കൊല്ലി. മണ്ണിടിഞ്ഞുവന്നതോടെ എല്ലാ വിളകളും നശിച്ചുപോയി. വാടകവീടുകളിലേക്ക് ഉടമസ്ഥര്‍ മാറിയതോടെ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങുകളുടെ എണ്ണവും വര്‍ദ്ധിച്ചു. എഴുപതും എണ്‍പതും കിലോ ലഭിക്കാറുണ്ടായിരുന്ന കുരുമുളക് ഇത്തവണ ലഭിച്ചത് പാതി സഞ്ചിയോളം മാത്രമാണെന്നും പ്രഭാകരന്‍ പറയുന്നുണ്ട്. ഒന്നരയേക്കറോളം കൃഷിയുണ്ടായിരുന്ന വിനോദിനിക്കും ഇത് പഞ്ഞത്തിന്റെ കാലമാണ്. കൃഷിഭവനില്‍ നിന്നും ഇതുവരെ സഹായമെത്തിയിട്ടില്ലെന്ന് പറയുമ്പോഴും, വിനോദിനി പ്രതീക്ഷ കൈവിട്ടിട്ടില്ല. തങ്ങള്‍ക്കായി സ്ഥലം കണ്ടെത്തി എന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പഞ്ചാരക്കൊല്ലിക്കാര്‍ക്ക് അതു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആറുമാസത്തിനു ശേഷവും താമസിക്കാന്‍ സുരക്ഷിതമായൊരു സ്ഥലമില്ലാതെ കഷ്ടപ്പെടുന്ന തങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമി പതിച്ചു കിട്ടിയാല്‍ മാത്രമേ ആശ്വസിക്കാനാകൂ എന്നാണ് ഇവരുടെ പക്ഷം.
പഞ്ചാരക്കൊല്ലിക്കാരുടെ ഈ ആശങ്കയ്ക്കു പുറകിലൊരു കാരണവുമുണ്ട്. തലമുറകളായി പഞ്ചാരക്കൊല്ലിയിലെ രണ്ടാംബ്ലോക്കില്‍ താമസിച്ചു വരുന്നവരെല്ലാം 2002 വരെ മാത്രമേ സ്ഥലത്തിനു സ്വന്തം പേരില്‍ കരമടച്ചിട്ടുള്ളൂ. അത്രനാള്‍ രേഖകളുണ്ടായിരുന്ന സ്വകാര്യഭൂമിയിലെ വീട്ടി മുറിച്ചുവെന്ന കാരണത്താല്‍ പട്ടയം റദ്ദു ചെയ്തിരുന്നു. നിലവില്‍ മാനന്തവാടി കോടതിയില്‍ കേസു നടക്കുന്ന വിഷയമാണ് ഊ ഭൂമിയുടെ ഉടമസ്ഥാവകാശം. മതിയായ രേഖകളില്ലാത്ത വീടുകളില്‍ താമസിക്കുന്ന തങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ പുറമ്പോക്കുകാരാണെന്നും, തങ്ങളെ കുടിയിറക്കി സ്ഥലം വനഭൂമിയായി രേഖപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ നടപടി ക്രമങ്ങളെന്ന് സംശയിക്കുന്നതായും ഇവിടത്തുകാര്‍ പറയുന്നുണ്ട്. രേഖകളില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവരായതിനാലാണ് തങ്ങള്‍ക്കുള്ള സഹായം വൈകുന്നതെന്നാണ് ഇവരുടെ ഭാഷ്യം. സന്നദ്ധ സംഘടനകളാണ് തങ്ങളെ ഒരു പരിധിവരെ സഹായിച്ചതെന്നും ഇവര്‍ പറയുന്നു.
ഓഗസ്ത് എട്ടിന് മക്കിമലയില്‍ ഉരുള്‍ പൊട്ടിയതിനൊപ്പമാണ് പഞ്ചാരക്കൊല്ലിയില്‍ മണ്ണിടിയുന്നത്. സാധാരണ മണ്ണിടിച്ചില്‍ പ്രതീക്ഷിക്കാന്‍ വേണ്ട ഒരു സ്വഭാവവും പഞ്ചാരക്കൊല്ലിയിലെ ഭൂപ്രകൃതിയ്ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വളരെ ഉയര്‍ന്ന മലകളോ കുത്തനെയുള്ള കയറ്റങ്ങളോ അല്ല ഇവിടെയുള്ളത്. ഏറെക്കുറെ നിരപ്പായ വനഭൂമിയാണ് നാലുപാടും. ചെരിവുകളോ കയറ്റങ്ങളോ ഇല്ലാത്ത നിരപ്പായ സ്ഥലത്ത് മണ്ണിടിഞ്ഞതെങ്ങനെ എന്ന് ഇനിയും ഇവര്‍ക്ക് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. മുന്‍പെങ്ങും ഇത്തരം സംഭവങ്ങളുണ്ടാകാത്തിടമായതിനാല്‍ ആരും ഭയപ്പാടിലായിരുന്നുമില്ല. മറ്റിടങ്ങളില്‍ പ്രഭവകേന്ദ്രം കുന്നുകള്‍ക്കും മലകള്‍ക്കും മേലെയാണെങ്കില്‍, പഞ്ചാരക്കൊല്ലിയില്‍ അത് നിരപ്പായ ഒരു ഉയര്‍ന്ന സ്ഥലത്താണ്. വര്‍ഷങ്ങളോളമായി ഇവിടെ താമസിക്കുന്നവര്‍ക്കു പോലും മനസ്സിലാക്കാനാകാത്ത പ്രതിഭാസങ്ങളുണ്ടാകുന്നിടത്തേക്ക് മടങ്ങിവരാന്‍ ഭയമാണെങ്കിലും, വേറെ വഴിയില്ലെന്ന് ലീല പറയുന്നു. “വീടും പറമ്പും ഏതായാലും പോയി. നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ആ റോഡെങ്കിലും ശരിയാക്കിത്താ” എന്നാണ് ലീലയുടെ ആവശ്യം.
രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ കണക്കുകളില്‍പ്പെടാതെ പോയവരാണ് തങ്ങളെന്നും, പതിനായിരം രൂപ പോലും കിട്ടാത്തവര്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും, കൃഷി ഭവനില്‍ നിന്നും വന്നവര്‍ പോലും സഹായിച്ചില്ലെന്നും പഞ്ചാരക്കൊല്ലിക്കാര്‍ പറയുമ്പോഴും, സ്ഥലമേറ്റെടുപ്പിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സാങ്കേതിക തടസ്സങ്ങള്‍ മനസ്സിലാകാത്തവരാണ് ഇത്തരം ആശങ്കകള്‍ കൊണ്ടു നടക്കുന്നതെന്നാണ് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പഞ്ചാരക്കൊല്ലി കൗണ്‍സിലര്‍ ജുബൈറിന്റെ പക്ഷം. നിയമപ്രകാരമുള്ള രേഖകള്‍ കൈമാറ്റം ചെയ്യുന്നതിലെ സ്വാഭാവിക കാലതാമസം മാത്രമാണ് പഞ്ചാരക്കൊല്ലിയിലുണ്ടായിരിക്കുന്നതെന്നും ഇത് വളരെ വേഗത്തില്‍ത്തന്നെ പരിഹരിക്കപ്പെടുമെന്നും ജുബൈര്‍ പറയുന്നു. “രണ്ടായിരം രൂപ വാടക കൊടുക്കാമെന്നുള്ള പദ്ധതിയൊന്നും സര്‍ക്കാരിന്റെ കണക്കിലില്ലാത്തതാണ്. ഇവര്‍ക്കായി കുറ്റിമൂലയില്‍ സ്ഥലം കണ്ട് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ അവര്‍ക്കുള്ള വീട് അവിടെയൊരുങ്ങും. പിന്നെ സ്ഥലം വാങ്ങിക്കുമ്പോള്‍ ബ്രോക്കര്‍മാര്‍ ആവശ്യപ്പെടുന്ന തുക ശരിയാകാത്തതിനാല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതുകൊണ്ടുള്ള കാലതാമസമേയുള്ളൂ. പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ഒന്‍പതു വീടുകള്‍ ഏര്‍പ്പാടാക്കിക്കൊടുത്തിട്ടുണ്ട്. ഈ പറയുന്ന പട്ടയമില്ലാത്തവര്‍ക്ക് തണല്‍ എന്ന സംഘടന വീടു വച്ചു കൊടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. അതിനുള്ള നീക്കങ്ങളൊക്കെ ധ്രുഗതിയില്‍ത്തന്നെ നടക്കുന്നുണ്ട്. തെറ്റിദ്ധാരണ മൂലമാണ് അവര്‍ക്ക് ആശങ്കയുണ്ടാകുന്നത്. പേപ്പര്‍ വര്‍ക്കുകളെക്കുറിച്ച് ധാരണയില്ലാഞ്ഞിട്ടാണ്”.
ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന പ്രിയദര്‍ശിനി തേയിലത്തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായിരുന്ന പഞ്ചാരക്കൊല്ലി കഴിഞ്ഞ ആറുമാസക്കാലമായി വാര്‍ത്തകളിലെത്തുന്നത് ഈ ദുരിതങ്ങളുടെ പേരിലാണ്. ജില്ലയില്‍ അപേക്ഷിച്ചിട്ടുള്ള എല്ലാവര്‍ക്കും പതിനായിരം രൂപയുടെ ധനസഹായം ലഭ്യമാക്കിക്കഴിഞ്ഞു എന്ന് ജില്ല ഭരണകൂടം കണക്കെഴുതുമ്പോഴും, പഞ്ചാരക്കൊല്ലിയില്‍ ചിലര്‍ ജീവിതം തന്നെ നഷ്ടപ്പെട്ടിട്ടും ഈ പട്ടികകള്‍ക്കു പുറത്താണ്. ഇനിയും മലയിടിയാന്‍ സാധ്യത നിലനില്‍ക്കേ ഈ ഭീതിയില്‍ നിന്നും അവരെ മുക്തരാക്കേണ്ടതുണ്ട്. പോകാന്‍ മറ്റിടങ്ങളില്ലാതെ ഇവര്‍ വീണ്ടും മലയിടുക്കുകളിലെ വീടുകളിലേക്ക് തിരിച്ചെത്താനാരംഭിച്ചതോടെ പ്രത്യേകിച്ചും.