UPDATES

ട്രെന്‍ഡിങ്ങ്

തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി

പുറമ്പോക്കിലാണ് മനുഷ്യന്‍ കിടക്കുന്നത്. അങ്ങനെ കിടക്കാന്‍ നിര്‍ബന്ധിതരായിട്ടുപോലും മനുഷ്യര്‍ വരുന്നു. അവരെ അവിടെ നിന്നും പട്ടിയെ ആട്ടുന്നപോലെ ആട്ടിയിറക്കുന്നു

ശ്രീഷ്മ

ശ്രീഷ്മ

വയനാട്ടിലെ ആദിവാസി കുടുംബങ്ങളും തോട്ടംതൊഴിലാളികളുമടക്കമുള്ള അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗം നേരിട്ടു നിന്നു നയിക്കുന്ന തൊവരിമല ഭൂസമരം നൂറാം ദിവസത്തിലേക്ക് അടുക്കുന്നതിനിടെ, സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേതാക്കള്‍. തൊവരിമല ഭൂസമരത്തിന്റെ നേതൃനിരയിലുള്ള ഭൂസമര സമിതിയും സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാറും അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളാണ് ആരോപണമുന്നയിക്കുന്നത്. 2019 ഏപ്രില്‍ 24ന് ആരംഭിച്ച തൊവരിമല ഭൂസമരം വയനാട് കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതമായി തുടരുന്നതിനിടെ, ഭൂരഹിതരായ ആദിവാസികളോട് കോളനികളിലെത്തി സമരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിക്കുന്നത് എസ്.സി, എസ്.ടി പ്രമോട്ടര്‍മാരും എം.എല്‍.എയും അടക്കമുള്ളവരാണെന്നാണ് ആരോപണം. വാര്‍ഡ് തലത്തില്‍ പ്രമോട്ടര്‍മാര്‍ കോളനി സന്ദര്‍ശനത്തിനിടെ സമരത്തോട് സഹകരിക്കരുത് എന്നാവശ്യപ്പെട്ടതിനു പുറമേ, കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും സമാനമായ ആവശ്യം നേരിട്ടു മുന്നോട്ടുവച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. സമരനേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിക്കുമ്പോഴും, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആരോപണം നിഷേധിച്ചിട്ടുണ്ട്.

സമരമാരംഭിച്ച് നാളിത്രയായിട്ടും യാതൊരു തരത്തിലുള്ള പരിഹാരനടപടികളിലേക്കും കടക്കാതിരിക്കുന്ന സര്‍ക്കാര്‍, സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഭൂസംരക്ഷണ സമിതിയുടെ നേതാക്കളിലൊരാളായ ബിനു ജോണ്‍ ആരോപിക്കുന്നുണ്ട്. ‘സമരം പതിയെപ്പതിയെ ശോഷിച്ചില്ലാതാകും എന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നതെന്നു തോന്നുന്നു. ഭൂമി കൃഷിയ്ക്കായി വിതരണം ചെയ്യുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ആദിവാസി കുടുംബങ്ങളോട് സമരത്തില്‍ പങ്കെടുക്കരുത് എന്നു നിര്‍ദ്ദേശിക്കുക വരെയുണ്ടായി. ഓരോ വാര്‍ഡിലും എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ നേരിട്ടു പോയാണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. അതു നടക്കില്ല എന്നു തോന്നിയപ്പോള്‍ കല്‍പറ്റ എംഎല്‍എ ശശിയേട്ടന്‍ വരെ സമരത്തില്‍ പങ്കെടുക്കരുത് എന്ന് ഇവരോടാവശ്യപ്പെട്ട സംഭവവുമുണ്ടായി. നിങ്ങള്‍ ആ സമരത്തില്‍ പങ്കെടുക്കരുത് എന്നു പറഞ്ഞ് എം.എല്‍.എ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും, കഴിഞ്ഞ ദിവസത്തെ കലക്ട്രേറ്റ് മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉപയോഗിച്ചുകൊണ്ട് സമരത്തില്‍ നിന്നും ആദിവാസി കുടുംബങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും സമരത്തെ തളര്‍ത്താനായിട്ടില്ല എന്നത് വലിയ വിജയം തന്നെയാണ്.’

സമാനമായ ആരോപണങ്ങളാണ് തൊവരിമല ഭൂസമരത്തില്‍ അറസ്റ്റിലായിരുന്ന രാജേഷ് അപ്പാട്ടിനും ഉന്നയിക്കാനുള്ളത്. ഭൂരഹിതരില്ലാത്ത വയനാട് ജില്ല എന്ന പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെന്നും, തൊവരിമല സമരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതുപേക്ഷിക്കേണ്ടി വരികയായിരുന്നെന്നും രാജേഷ് പറയുന്നു. ഇതേത്തുടര്‍ന്നാണ് എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെടല്‍ നടത്തിയതെന്നാണ് പരാതി. ‘ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതാം തീയതി ഭൂരഹിതരില്ലാത്ത വയനാട് ജില്ല എന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്താനിരുന്നതാണ്. എല്ലാ വകുപ്പുകളിലും അതിനുള്ള വര്‍ക്കുകള്‍ നടന്നിരുന്നു. അതറിഞ്ഞതോടെ നമ്മുടെ സമരം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. സമരം പൊളിക്കാനായി എം.എല്‍.എ അടക്കമുള്ളയാളുകള്‍ നേരിട്ട് രംഗത്തിറങ്ങുക പോലും ചെയ്തു. പല വാഗ്ദാനങ്ങളും ആദിവാസി കോളനികളിലെത്തി കൊടുത്തു, സമരത്തോടൊപ്പം നിന്നാല്‍ വീടോ ഭൂമിയോ കിട്ടില്ല എന്നു പറഞ്ഞു. എന്നിട്ടു പോലും, ഇനി നിങ്ങളുടേതായി ഒന്നും ഞങ്ങള്‍ക്കു വേണ്ട എന്നു പ്രതികരിക്കുകയാണ് അവര്‍ ചെയ്തത്. ഇത്തരമൊരു ബോധ്യം വയനാട്ടിലെ ആദിവാസികളില്‍ കൃത്യമായി ഉണ്ടായിവന്നിട്ടുണ്ട്.’

എന്നാല്‍, സമരം ചെയ്യുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും, അതിനെതിരായ അഭിപ്രായം തനിക്കില്ലെന്നുമാണ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പക്ഷം. ആദിവാസി കോളനികള്‍ സന്ദര്‍ശിക്കുന്നതിനിടെ തൊവരിമല സമരത്തില്‍ സര്‍ക്കാരിന്റെ നിലപാട് അന്വേഷിച്ചവരോട് അതു വ്യക്തമാക്കിയിട്ടുണ്ടെന്നും, അതല്ലാതെ സമരത്തില്‍ നിന്നും പിന്മാറണമെന്ന തരത്തില്‍ ആരോടും സംസാരിച്ചിട്ടില്ലെന്നും എം.എല്‍.എ പറയുന്നു. ‘ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാനുള്ള നീക്കങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. സമരം ചെയ്യുന്നതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളല്ലേ. സമരം ചെയ്യണ്ട എന്നു പറയേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ തന്നെ എത്രയോ സമരം നടത്തിയവരല്ലേ. ഞങ്ങള്‍ക്കേ സമരം ചെയ്യാന്‍ പാടുള്ളൂ എന്നൊന്നുമില്ലല്ലോ. ആദിവാസി കോളനികളില്‍ പോകുമ്പോള്‍ അവര്‍ ഭൂമിയുടെ കാര്യം ചോദിക്കാറുണ്ട്. നടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്നു എന്നു മറുപടിയും കൊടുക്കാറുണ്ട്. അതല്ലാതെ സമരത്തിനു പോകരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു കോളനിയിലെ മരണവീട്ടില്‍ പോയപ്പോള്‍, നമ്മള്‍ ഇതില്‍ എടുത്ത നിലപാടുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അത്രയേയുള്ളൂ. സമരമൊക്കെ ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമേയില്ല.’

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പക്കല്‍ നിന്നും 1970ല്‍ പിടിച്ചെടുത്ത തൊവരിമലയിലെ മിച്ചഭൂമി, ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും കാര്‍ഷികാവശ്യത്തിനായി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായാണ് ഏപ്രില്‍ 21ന് കുടില്‍കെട്ടി സമരം നടക്കുന്നത്. ഭൂസമരസമിതിക്കും റെഡ് സ്റ്റാറിനും പുറമേ, ഓള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നിവരും ചേര്‍ന്നാണ് സമരത്തിനു നേതൃത്വം നല്‍കിയത്. തൊവരിമലയില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസി കുടുംബങ്ങളെ അറസ്റ്റു ചെയ്തും ചിതറിയോടിച്ചും ഒഴിപ്പിച്ച പൊലീസ് നടപടിയ്ക്കു ശേഷം, ഏപ്രില്‍ 24ലാണ് ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറോളം പേര്‍ ദിവസേന പങ്കെടുത്തിരുന്ന സമരപ്പന്തലില്‍ ഇപ്പോള്‍ നാലോ അഞ്ചോ പേര്‍ മാത്രമാണ് ഉണ്ടാകാറെങ്കിലും, ഭൂവിഭവങ്ങളിലുള്ള അവകാശത്തെക്കുറിച്ച് വയനാട്ടിലെ ആദിവാസികളില്‍ തൊവരിമല സമരം ഉണ്ടാക്കിയിരിക്കുന്ന അവബോധം ആഴത്തിലുള്ളതാണെന്ന് സമരനേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്. സമരം കാലക്രമേണ നിര്‍ജ്ജീവമായിപ്പോകും എന്ന സര്‍ക്കാരിന്റെ പ്രതീക്ഷ അസ്ഥാനത്താണെന്നു തെളിയിക്കാനായാണ് ജൂലായ് 18ന് രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.

ഭൂരഹിതരായി തുടരേണ്ടവരല്ല തങ്ങള്‍ എന്ന ബോധ്യം വയനാട്ടിലെ ആദിവാസികളില്‍ ഉറച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് തങ്ങള്‍ക്കു ലഭിച്ച ആയിരത്തോളം അപേക്ഷകള്‍ എന്ന് രാജേഷ് അപ്പാട്ട് വിശദീകരിക്കുന്നുണ്ട്. നിലവില്‍ സമരത്തില്‍ പങ്കെടുക്കുന്ന 14 പഞ്ചായത്തുകളിലെ കോളനികളിലല്ലാതെ, മറ്റിടങ്ങളില്‍ നിന്നുള്ളവരിലും ഭൂരഹിതരുണ്ടോ എന്ന കണക്കെടുക്കാനായി നടത്തിയ നീക്കത്തെക്കുറിച്ചാണ് രാജേഷ് സംസാരിക്കുന്നത്. ‘ജില്ലയിലെ ഭൂരഹിതരെ കണ്ടെത്താനായി ഫോമടക്കം തയ്യാറാക്കി ഒരു ക്യാംപയിന്‍ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു കഴിഞ്ഞ മാസങ്ങളില്‍. ആയിരക്കണക്കിന് ആളുകള്‍ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ രേഖകളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തന്നിട്ടുണ്ട്. അതിനു ശേഷമാണ് ‘തൊവരിമല കലക്ട്രേറ്റിലേക്ക്’ എന്നൊരു പരിപാടി നടത്തുന്നത്. അത്തരമൊരു ശക്തിപ്രഖ്യാപനം ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. അവിടെ നമ്മള്‍ നടത്തിയ ക്യാംപയിനിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ത്തന്നെ സംഘടിതമായ ഒരു നീക്കത്തിന് സന്നദ്ധരാണ്. കൂടുതലാളുകളെ ഇനിയും കൂടെച്ചേര്‍ക്കേണ്ടതുണ്ട്. അതു കുറേക്കൂടി വിശദമായി ആസൂത്രണം ചെയ്തു തന്നെ നടത്തുകയും വേണം. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ തവണയുണ്ടായ എല്ലാ പരിമിതികളും പരിഹരിക്കുകയും വേണം. നമ്മള്‍ കാണാത്ത പല കോളനികളില്‍ നിന്നുപോലും പലരും തയ്യാറായി വന്നിട്ടുണ്ട് എന്നത് വലിയൊരു കാര്യമാണ്. വലിയൊരു മൂവ്മെന്റിനുള്ള സാധ്യത തന്നെയാണ് വയനാട്ടില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ അതു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പോലും പാളിപ്പോയിരിക്കുന്ന സാഹചര്യം സൂചിപ്പിക്കുന്നതും അതുതന്നെ.’ തൊവരിമല ഭൂസമരത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ച് രാജേഷ് പറയുന്നതിങ്ങനെ.

സ്വന്തമായി ഭൂമിയില്ലാത്തവരും, രണ്ടോ മൂന്നോ സെന്റില്‍ താമസിക്കുന്നവരുമാണ് തൊവരിമല ഭൂസമരത്തില്‍ ഒന്നിച്ചിരിക്കുന്നത്. എസ്റ്റേറ്റ് മാഫിയകളില്‍ നിന്നും പിടിച്ചെടുത്ത മിച്ചഭൂമിയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമുള്ള അവകാശം പരിഗണിക്കാതെ, വനംവകുപ്പിന്റെ കീഴിലുള്ളതായി കാണിച്ച് വീണ്ടും ഹാരിസണ്‍ മലയാളത്തിനു തന്നെ കൈമാറാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങിയപ്പോഴാണ് കുടില്‍കെട്ടി സമരം അടക്കമുള്ള പ്രതിരോധങ്ങളിലേക്ക് ഇവര്‍ക്ക് നീങ്ങേണ്ടിവന്നത്. തോട്ടമുടമകളെ സംരക്ഷിക്കുന്ന നയത്തില്‍ നിന്നും പിന്മാറി, കൃഷിഭൂമി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതു തന്നെയാണ് കാലങ്ങളായി ഇവരുടെ മുദ്രാവാക്യം. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യാം എന്ന നിലപാടില്‍ത്തന്നെയാണ് സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതെങ്കിലും, തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലല്ല ഈ പ്രശ്നത്തെ അധികൃതര്‍ നോക്കിക്കാണുന്നതെന്നാണ് ഇവര്‍ക്കുള്ള പരാതി. ‘മൂന്നോ നാലോ സെന്റിലൊതുങ്ങുന്ന ലക്ഷം വീട് കോളനി മോഡലാണ് സര്‍ക്കാര്‍ ആദിവാസികള്‍ക്കായി നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. നമ്മളൊരിക്കലും അംഗീകരിക്കാത്ത വിഷയമാണത്. അങ്ങിനെയൊരു ലക്ഷം വീട് കോളനിയുണ്ടാക്കാനല്ലല്ലോ ഈ നിയമങ്ങളൊക്കെ നിലവില്‍ വന്നിട്ടുള്ളത്. സര്‍ക്കാര്‍ ഒരു നിലപാടെടുക്കാത്തതില്‍ ഭൂസംരക്ഷണ സമിതിക്കോ സമരസംഘാടകര്‍ക്കോ യാതൊരു വിഷമവുമില്ല. നിലപാട് എടുക്കരുത് എന്നതു തന്നെയാണ് ഞങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നതും. രണ്ടു വട്ടം ചര്‍ച്ചയ്ക്കു വിളിച്ചപ്പോഴും, ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കുന്നതിനെക്കുറിച്ച് അവരൊന്നും പറയുന്നുണ്ടായിരുന്നില്ല. ഭൂമി കൊടുക്കാം എന്ന് സര്‍ക്കാര്‍ എപ്പോഴും പറയുന്നുണ്ട്. എങ്ങനെ എന്നതാണ് വിഷയം.’ ബിനു ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മിച്ചഭൂമിയായ തൊവരിമലയെ വനഭൂമിയായി ചിത്രീകരിക്കാനുള്ള വ്യഗ്രതയെക്കുറിച്ചും ഇവര്‍ക്ക് അതൃപ്തിയുണ്ട്. വനഭൂമിയാണെങ്കില്‍പ്പോലും, വനാവകാശ നിയമമനുസരിച്ച് ആദിവാസികളെ പുറത്താക്കാന്‍ മാര്‍ഗ്ഗമില്ലെന്നിരിക്കേ, ഈ വാദം പോലും പൊള്ളയാണെന്നതാണ് വാസ്തവം. എന്നാല്‍, തൊവരിമലയിലെ ഭൂമി യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി തന്നെയാണെന്നുള്ളതിന് തെളിവായി രേഖകള്‍ ശേഖരിക്കുകയാണ് രാജേഷ് അടക്കമുള്ളവരിപ്പോള്‍. തങ്ങള്‍ ആവശ്യപ്പെടുന്നത്ര കൃഷിഭൂമി നിയമപ്രകാരം അവിടെത്തന്നെയുണ്ടെന്നു സ്ഥാപിക്കുന്ന രേഖകള്‍ക്കായാണ് ഇവരുടെ അന്വേഷണം. നിലവില്‍ വില്ലേജ് ഓഫീസില്‍ നിന്നും ശേഖരിച്ചിട്ടുള്ള രേഖകള്‍ പ്രകാരം തൊവരിമല വനഭൂമിയല്ലെന്നാണ് രാജേഷിന്റെ വാദം. വനം വകുപ്പ് നിഷേധിക്കുന്നുണ്ടെങ്കില്‍പ്പോലും, വളരെ ചെറിയ ചില ഭാഗങ്ങളൊഴിച്ച് തൊവരിമല മുഴുവനായും പുറമ്പോക്കായി കിടക്കുകയാണെന്ന് രാജേഷ് പറയുന്നു. ജാമ്യത്തിന്റെ ഉപാധികള്‍ പ്രകാരം അഞ്ചുമാസക്കാലത്തേക്ക് വയനാട്ടില്‍ പ്രവേശിക്കാന്‍ വിലക്കുള്ള രാജേഷ്, വിലക്കു നീക്കാനായി വീണ്ടും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

തൊവരിമല വിഷയത്തില്‍ സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്താതെ ഒഴിഞ്ഞുമാറുകയാണ് എന്ന ആരോപണത്തോട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രതികരണമിങ്ങനെയാണ്. ‘സമരവുമായി ബന്ധപ്പെട്ട് നേതാക്കളാരും സര്‍ക്കാരിനെ സമീപിക്കുകയോ വിവരമറിയിക്കുകയോ ചെയ്തിട്ടില്ലല്ലോ. അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ലതാനും. അതൊക്കെ ഓരോരുത്തരുടെ സമരരീതിയാണ്. ആ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സുപ്രീം കോടതിയില്‍ കേസിലാണുള്ളത്. കേസുള്ളിടത്തോളം കാലം സര്‍ക്കാരിന് അതുകൂടി പരിഗണിച്ചുള്ള നിലപാടല്ലേ സ്വീകരിക്കാനാകൂ.’ തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യം അനുസരിച്ചുള്ള നിലപാടുകള്‍ തൊവരിമല വിഷയത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് സ്വാഭാവികമായും തടസ്സങ്ങളുണ്ടാകുമെന്നും, ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ചിന്ത ഇപ്പോഴില്ലെന്നും സമരനേതാക്കള്‍ പറയുന്നുണ്ട്. സംഘടിതമായ അടിസ്ഥാനവര്‍ഗ്ഗമുന്നേറ്റമാണ് ഭൂസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

തൊവരിമലയ്ക്കു സമാനമായി, ഹാരിസണടക്കമുള്ള മറ്റു കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന എല്ലാ ഭൂമിയും തിരിച്ചെടുത്ത് ആദിവാസികള്‍ക്കും ദളിത് കര്‍ഷകര്‍ക്കുമിടയില്‍ വിതരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ഭൂസംരക്ഷണസമിതിയുടെയും ആവശ്യം. മുണ്ടക്കയത്ത് മണിമലയാറിനോടു ചേര്‍ന്ന് അറുപതോളം കുടുംബങ്ങള്‍ ദിവസങ്ങളായി തുടരുന്ന സമരവും ഹാരിസണ്‍ മലയാളത്തിന്റെ പുറമ്പോക്ക് കൈയേറ്റത്തിനെതിരെയാണെന്നും, തൊവരിലമയില്‍ നടക്കുന്ന ജനമുന്നേറ്റത്തിനു തുല്യമായിത്തന്നെ ഈ പ്രതിരോധത്തേയും കാണേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ‘പുറമ്പോക്കിലാണ് മനുഷ്യന്‍ കിടക്കുന്നത്. അങ്ങനെ കിടക്കാന്‍ നിര്‍ബന്ധിതരായിട്ടുപോലും മനുഷ്യര്‍ വരുന്നു. അവരെ അവിടെ നിന്നും പട്ടിയെ ആട്ടുന്നപോലെ ആട്ടിയിറക്കുന്നു. വലിയൊരു പ്രശ്നമാണ് ഇവിടെ നടക്കുന്നത്. പല മൂവ്മെന്റുകള്‍ പല രീതിക്ക് പോകുന്നതാണ് പ്രശ്നം. ഏകീകരിക്കപ്പെട്ട ഒരു നീക്കമുണ്ടാകണം. അതിനു വേണ്ടി കൂടിയാണ് ശ്രമിക്കുന്നത്.’ തൊവരിമല സമരം പൂര്‍വാധികം ശക്തിയോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇത്തരത്തിലുള്ള ഏകീകരിച്ച നീക്കങ്ങള്‍ തന്നെയാണ് നിര്‍ണായകമാകുക. അധികം വൈകാതെ തന്നെ തൊവരിമല സമരം കൂടുതല്‍ ഭൂരഹിതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശക്തിപ്രാപിക്കും എന്നുതന്നെയാണ് നേതൃത്വം വെളിപ്പെടുത്തുന്നത്.

read more:ആധുനിക വിൻസ്റ്റൺ ചർച്ചിലാകാനാണ് ആഗ്രഹം, പക്ഷേ ട്രംപാകാനാണ് സാധ്യതയെന്ന് വിമര്‍ശകര്‍; ആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍?

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍