UPDATES

ട്രെന്‍ഡിങ്ങ്

ഗുരുവായൂര്‍ കിഴക്കേനടയില്‍ ഫ്ലാറ്റ്; മുഴുവന്‍ പണവുമടച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളര്‍ പെരുവഴിയില്‍, ഫ്ലാറ്റ് ഈടു വച്ച് കോടികള്‍ വായ്പയെടുത്ത് ഉടമകള്‍; തട്ടിപ്പിന്റെ തൃശൂര്‍ മോഡല്‍

ബില്‍ഡേഴ്‌സിന്റെ അനുനയവാക്കുകളില്‍ പ്രതീക്ഷയില്ലാതെ ഉപഭോക്താക്കള്‍

കേരളത്തില്‍ മറ്റൊരു ഫ്‌ളാറ്റ് തട്ടിപ്പിന്റെ കഥകൂടി. വില മുന്‍കൂറായി വാങ്ങിയ ശേഷം ഫ്‌ളാറ്റ് കൈമാറാതെയാണ് വഞ്ചന നടന്നിരിക്കുന്നത്. തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിനെതിരേയാണ് പ്രവാസികള്‍ ഉള്‍പ്പെടെ എഴുപതോളം പേര്‍ കേസുമായി രംഗത്തു വന്നിരിക്കുന്നത്. നൂറു കോടിയോളം രൂപ ഈയിനത്തില്‍ ബില്‍ഡേഴ്‌സ് തട്ടിപ്പ് നടത്തിയെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഇതു കൂടാതെ ഫ്‌ളാറ്റ് നിര്‍മിച്ചു കൈമാറാമെന്ന കരാര്‍ ലംഘിച്ച നിര്‍മാതാക്കള്‍, ഉപഭോക്താക്കള്‍ അറിയാതെ 95 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായ ഫ്‌ളാറ്റ് സമുച്ചയം ഈടായി വച്ച് തൃശൂര്‍ സഹകരണ ബാങ്കില്‍ നിന്നും പത്തുകോടിയോളം വായ്പ എടുക്കുകയും ചെയ്തു. ഈ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവടക്കമുള്ള മുന്‍ ബാങ്ക് അധികൃതര്‍ക്കെതിരേയും കേസ് ഉണ്ട്. വായ്പാ തുക തിരിച്ചടയ്ക്കാതെ വന്നതോടെ സര്‍ഫാസി നിയമപ്രകാരം ബാങ്ക്, ഫ്‌ളാറ്റ് സമുച്ചയം ഏറ്റെടുത്തതോടെയാണ് ഫ്‌ളാറ്റിനായി ലക്ഷങ്ങള്‍ മുടക്കിയവര്‍ തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന വിവരം അറിയുന്നത്. തട്ടിപ്പിനെതിരേ ഉപഭോക്താക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലായി 2010 അവസാനത്തോടെയാണ് ഫ്‌ളാറ്റ് നിര്‍മാണം തുടങ്ങിയത്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ കൂടി ലക്ഷ്യംവച്ച് ദിവസ വാടകയിനത്തില്‍ കൂടി നല്‍കാവുന്ന തരത്തില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ 96 ഫ്‌ളാറ്റുകള്‍ ഉള്ള സമുച്ചയമായിരുന്നു നിര്‍മാണം തുടങ്ങിയത്. പത്തുലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെയായിരുന്നു വില. ആവശ്യക്കാര്‍ കൂടിയതോടെയായിരുന്നു ഫ്‌ളാറ്റിന്റെ വിലയും കൂട്ടിയത്. നിര്‍മാണം ആരംഭിച്ചപ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും നിര്‍മാതാക്കള്‍ തവണകളായി പണം വാങ്ങിയിരുന്നു. 21 മാസത്തെ നിര്‍മാണ കാലവധിയും മൂന്നുമാസത്തെ ഗ്രേസ് പിരീഡും കൂട്ടി രണ്ടു വര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റ് കൈമാറുമെന്നായിരുന്നു ഉപഭോക്താക്കളുമായി ഉണ്ടാക്കിയ കരാര്‍. പ്രവാസികളായിരുന്നു പണം മുടക്കിയവരില്‍ ഏറെയും. 72 ഫ്‌ളാറ്റുകള്‍ മുന്‍കൂറായി വില്‍പ്പന നടത്തുകയും ചെയ്തു. ഇവരില്‍ നിന്നും പണം വാങ്ങിക്കൊണ്ട് നടത്തിയ നിര്‍മാണം ആദ്യഘട്ടങ്ങളില്‍ വേഗത്തില്‍ തന്നെ പുരോഗമിച്ചെങ്കിലും വിലയുടെ അവസാന ഗഡുവും സ്വീകരിച്ചതിനു ശേഷം നിര്‍മാണ വേഗം കുറഞ്ഞുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

2012 അവസാനത്തോടെ ഫ്‌ളാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍ എങ്കിലും പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം ഉപഭോക്താക്കളും വിദേശത്ത് ആയതിനാല്‍ ഉടമകളോട് ഫോണ്‍ വഴി മാത്രമായിരുന്നു ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നത്. വിളിക്കുന്നവരോടെല്ലാം തൊഴിലാളിക്ഷാമം മൂലമാണ് വൈകുന്നതെന്നും ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമെന്നുമായിരുന്നു അറിയിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റ് കിട്ടാതെ വന്നതോടെയാണ് ഉപഭോക്തക്കള്‍ പരാതിയുമായി രംഗത്തു വരാന്‍ തുടങ്ങി. നാട്ടില്‍ ഉണ്ടായിരുന്നവരായിരുന്നു ആദ്യഘട്ടത്തില്‍ പരാതിക്കാരായി വന്നത്. ഇവര്‍ നിര്‍മാതാക്കള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ നിര്‍മാതാക്കള്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് എഴുതി ഒപ്പിട്ടു നല്‍കി. എന്നാല്‍ ആ വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് എത്തി. അപ്പോഴും വാസ്തുഹാര ബില്‍ഡേഴ്‌സിന്റെ പ്രതിനിധികള്‍ പറഞ്ഞുകൊണ്ടിരുന്നത് എത്രയും വേഗം എല്ലാവര്‍ക്കും ഫ്‌ളാറ്റ് കൈമാറുമെന്നു തന്നെയായിരുന്നു.

2017 ല്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങിന്റെ ക്ഷണപത്രം ഉപഭോക്താക്കള്‍ക്ക് അയച്ചു നല്‍കുകയുണ്ടായി. ഇതോടെ തങ്ങള്‍ക്ക് ഫ്‌ളാറ്റ് കിട്ടുമെന്ന വിശ്വാസത്തില്‍ ഉപഭോക്താക്കള്‍ എത്തി. എന്നാല്‍ ആ വിശ്വാസം വെറുതെയായി എന്നാണ് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നത്. ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയായിട്ടും എന്തുകൊണ്ട് കൈമാറ്റം നടക്കുന്നില്ലെന്നന്വേഷിച്ചിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ മനസിലാകുന്നത്.

ലക്ഷങ്ങള്‍ മുടക്കി തങ്ങള്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ മുന്നില്‍ എത്തിയ ഉപഭോക്താക്കളെ അവിടെ കാത്തിരുന്നത് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഈ പ്രോപ്പര്‍ട്ടി ഏറ്റെടുത്തിരിക്കുന്നതായി അറിയിക്കുന്ന ബാനര്‍ ആയിരുന്നു. അപ്പോഴാണ് ചതിയുടെ മറ്റൊരു കഥ അറിയുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം 2019 ജനുവരി 10-നായിരുന്നു തൃശൂര്‍ ജില്ല സഹകരണ ബാങ്ക് സര്‍ഫാസി നിയമപ്രകാരം വാസ്തുഹാര ബില്‍ഡേഴ്‌സിന്റെ ഫ്‌ളാറ്റ് സമുച്ചയം ഏറ്റെടുക്കുന്നത്. വായ്പ്പയെടുത്ത 12 കോടി രൂപയും അതിന്റെ പലിശയുമടക്കം ഏകദേശം 17 കോടി രൂപ വാസ്തുഹാര ബില്‍ഡേഴ്‌സ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു ബാങ്ക് നിയമ നടപടി സ്വീകരിച്ചത്.

വാസ്തുഹാര ബില്‍ഡേഴ്‌സ്  ഉടമകള്‍ കോടികള്‍ വായ്പ്പയെടുക്കാന്‍ പണയം വച്ചതാകട്ടെ പ്രവാസികളുടെയടക്കം കൈയില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി വിറ്റ അതേ ഫ്‌ളാറ്റ് സമുച്ചയവും. തങ്ങളാരും അറിയാതെ നടന്ന വായ്പയെടുക്കലും മറ്റൊരു വഞ്ചനയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നു. 2014 ല്‍ ഫ്‌ളാറ്റിന്റെ 90 ശതമാനവും നിര്‍മാണം പൂര്‍ത്തീകരിച്ച നിര്‍മാതാക്കള്‍ 2015 ജനുവരി ഒമ്പതിന് ഈ വസ്തു കാണിച്ച് തൃശൂര്‍ സഹകരണ ബാങ്കില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ആദ്യം വായ്പയെടുത്തു. അതേ വര്‍ഷം തന്നെ ഓഗസ്റ്റ് 29-ന് വീണ്ടും പത്തുകോടി രൂപയും വായ്പയെടുത്തു. എന്നാല്‍ ഈ വായ്പ ശരിയാക്കിയെടുക്കുന്നത് ബാങ്ക് അധികൃതരും വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകളും ചേര്‍ന്ന് നടത്തിയ കള്ളത്തരത്തിലൂടെയായിരുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. വായ്പ നല്‍കുന്നതിനു മുമ്പ് ഈട് വയ്ക്കുന്ന വസ്തുവിനെ കുറിച്ച് ബാങ്കുകള്‍ അന്വേഷിക്കാറുണ്ട്. അങ്ങനെ അന്വേഷണം നടത്തിയാല്‍ ഈ ഫ്‌ളാറ്റ് മുന്‍കൂറായി വില്‍പ്പന നടത്തിയെന്ന വിവരം അറിയാന്‍ കഴിയും. എല്ലാവരും തന്നെ പൂര്‍ണമായ തുകയും ബില്‍ഡേഴ്‌സിന് കൈമാറിയിട്ടുള്ളതുമാണ്. മറ്റുള്ളവരുടെ പ്രോപ്പര്‍ട്ടി കാണിച്ച് വായ്പയെടുക്കാന്‍ കഴിയില്ല. ബാങ്ക് അധികൃതര്‍ക്ക് ഈ കള്ളത്തരം പെട്ടെന്ന് കണ്ടുപിടിക്കാവുന്നതുമാണ്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. യാതൊരു വേരിഫിക്കേഷനും കൂടാതെ ഈട് അംഗീകരിച്ച് വായ്പ അനുവദിക്കുകയായിരുന്നു. കൂടാതെ, വാസ്തുഹാര ബില്‍ഡേഴ്‌സിന്റെ മുന്‍കാല സാമ്പത്തിക നില പരിശോധിച്ചാല്‍ തന്നെ അവര്‍ക്ക് ഇത്രയും വലിയ തുക വായ്പ നല്‍കാന്‍ സാധാരണ നിലയില്‍ ഒരു ബാങ്കും തയ്യാറാകില്ലാത്തതാണ്. എന്നാല്‍ ഇവിടെ ഇതൊന്നും ഒരു തടസ്സമായില്ലെന്നിടത്താണ് ഇതിനു പിന്നിലെ രാഷ്ട്രീയക്കളി വ്യക്തമാക്കുന്നത്. വായ്പ അനുവദിക്കുന്ന സമയത്ത് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ്, അന്നത്തെ ജനറല്‍ മാനേജര്‍, മാനേജര്‍ എന്നിവര്‍ കൂട്ടുനിന്ന് നടത്തിയ ചതിയായിരുന്നു 12 കോടിയോളം രൂപ വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍ക്ക് വായ്പ അനുവദിക്കുന്നതിനു പിന്നില്‍ നടന്നത് എന്ന് പരാതിക്കാര്‍ പറയുന്നു.

ലക്ഷങ്ങള്‍ നല്‍കിയവര്‍ക്ക് ഫ്‌ളാറ്റ് കൈമാറാതെ അത് പണയപ്പെടുത്തി ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുക്കുകയും ചെയ്‌തെന്ന് അറിഞ്ഞതോടെ വാസ്തുഹാര ഉടമകള്‍ക്കെതിരേ വിദേശത്തുള്ളവര്‍ അടക്കം കൂടുതല്‍ ഉപഭോക്താക്കള്‍ രംഗത്തു വന്നു. പ്രസ്തുത പ്രോപ്പര്‍ട്ടി ബാങ്ക് ഏറ്റെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞതോടെ എല്ലാവരും ഭയപ്പെട്ടു. ഫ്‌ളാറ്റും കിട്ടില്ല, മുടക്കിയ പണവും തിരികെ കിട്ടില്ലെന്ന അവസ്ഥയാകുമോ എന്നായിരുന്നു പേടി. ഇതിനിടയില്‍ ഫ്‌ളാറ്റ് കൈമാറി കിട്ടാത്തതിനെതിരേ ചിലര്‍ നല്‍കിയ കേസുകളില്‍ അവര്‍ക്ക് അനുകൂലമായി കോടതിവിധികളും വന്നിരുന്നു. എന്നാലും ബാങ്ക് ജപ്തി വന്നതിനെ തുടര്‍ന്ന് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചാലേ രക്ഷയുള്ളൂവെന്നു കണ്ടാണ് ഉപഭോക്താക്കാള്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. ഇതാണിപ്പോള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്.

ഫ്‌ളാറ്റ് കിട്ടിയില്ലെങ്കില്‍ തങ്ങള്‍ മുടക്കിയ പണമെങ്കിലും തിരികെ കിട്ടാന്‍ വേണ്ടി ഉപഭോക്താക്കള്‍ ഗുരുവായൂര്‍ ടെംബിള്‍ പോലീസ് സ്‌റ്റേഷനിലും കേസ് നല്‍കിയിരുന്നു. വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍, തൃശൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, ജനറല്‍ മാനേജര്‍, മാനേജര്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്. എന്നാല്‍ പോലീസില്‍ നിന്നും പ്രതീക്ഷിച്ച നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ തൃശൂര്‍ ജില്ല കളക്ടറെ സമീപിച്ചു. കളക്ടര്‍ ഈ വിഷയം പഠിക്കാന്‍ പത്തുദിവസത്തെ സാവകാശം തേടുകയും അതിനുശേഷം ഈ മാസം ആദ്യം സഹകരണ ബാങ്ക് പ്രതിനിധികള്‍, വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍, പരാതിക്കാര്‍ എന്നിവരെയെല്ലാം ചേര്‍ത്ത് ഒരു യോഗം വിളിച്ചു. എന്നാല്‍ ആ യോഗത്തില്‍ വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍ പങ്കെടുത്തില്ല. തുടര്‍ന്ന് ഈ മാസം 22 ന് വീണ്ടുമൊരു യോഗം വിളിച്ചു. ആ യോഗത്തില്‍ ബില്‍ഡേഴ്‌സ് പ്രതിനിധികളായി മൂന്നുപേര്‍ പങ്കെടുത്തു. ആ യോഗത്തില്‍ വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍ ആദ്യം വച്ച നിര്‍ദേശം തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് ഉപഭോക്താക്കളുടെ പണം തിരികെ നല്‍കാമെന്നായിരുന്നു. എന്നാല്‍ എന്നു പണം തിരികെ നല്‍കാമെന്ന കളക്ടറുടെ ചോദ്യത്തിന് മറുപടി ഉണ്ടാകാതെ വന്നതോടെ മറ്റൊരു നിര്‍ദേശം ഉടമകള്‍ വച്ചു. അതുപ്രകാരം തങ്ങളുടെ സ്വത്തുക്കള്‍ ബാങ്കിന് എഴുതി നല്‍കാമെന്നായി. കൈമാറുന്ന സ്വത്ത് തങ്ങള്‍ക്ക് കിട്ടാനുള്ള തുകയ്‌ക്കൊപ്പം മൂല്യം ഉള്ളതാണെങ്കില്‍ ഫ്‌ളാറ്റ് സമുച്ചയം ജപ്തിയില്‍ നിന്നും ഒഴിവാക്കാമെന്ന് ബാങ്കും സമ്മതിച്ചു. സഹകരണ ബാങ്ക് കൂടി പ്രതിചേര്‍ക്കപ്പെട്ട വിഷയം ആയതിനാല്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വത്തുവകകള്‍ ബാങ്കിനു നല്‍കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന വാസ്തുഹാര ഉടമകളുടെ നിര്‍ദേശം കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. ബാങ്കിനു കൈമാറാന്‍ ഉദ്ദേശിക്കുന്ന സ്വത്തുവകകള്‍ എന്തൊക്കെയാമെന്നു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തനിക്ക് രേഖാമൂലം കൈമാറാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം അംഗീകരിച്ചാണ് വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍ പോയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി അവര്‍ കാര്യങ്ങള്‍ ചെയ്യുമോ എന്ന ആശങ്ക പണം മുടക്കി വഞ്ചിതരായി നില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും ഉണ്ട്.

“എല്ലാവരും തന്നെ മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കിയിട്ടുള്ളവരാണ്. പക്ഷേ, ഇന്നു വരെ ഞങ്ങള്‍ക്ക് ഫ്‌ളാറ്റ് കൈമാറി കിട്ടിയിട്ടില്ല. നാളെ തരാം നാളെ തരാം എന്നു പറയുന്നതല്ലാതെ ഫ്‌ളാറ്റ് കിട്ടിയില്ല”,  ഉപഭോക്താക്കളില്‍ ഒരാളായ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ പറയുന്നു. എന്തിനാണ് ഈ ഫ്‌ളാറ്റ് വച്ച് ലോണ്‍ എടുത്തതെന്നാണ് മറ്റൊരു ഉപഭോക്താവായ സിന്ധു ചോദിക്കുന്നത്. “പണമെല്ലാം ഞങ്ങള്‍ കൊടുത്തതാണ്. ആ പണം കൊണ്ടാണ് കെട്ടിടം നിര്‍മിച്ചത്. അതിനുശേഷമാണ് സ്വന്തം കാര്യത്തിനായി ബാങ്കില്‍ നിന്നും ഇത്രയും കോടി രൂപ ലോണ്‍ എടുത്തത്. അതില്‍ ഒരു രൂപപോലും തിരിച്ചടച്ചതുമില്ല. ഇപ്പോള്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഞങ്ങള്‍ക്ക് മാത്രം”, സിന്ധു കുറ്റപ്പെടുത്തുന്നു.

“ഞങ്ങളില്‍ ഭൂരിഭാഗം പേരും പ്രവാസികളാണ്. അതുകൊണ്ടാണ് ഇത്ര നാളായിട്ടും ഫ്‌ളാറ്റ് കൈമാറി കിട്ടാത്തതിനെതിരേ നിയമനടപടികളായിട്ടൊന്നും പോകാന്‍ കഴിയാതെ വന്നത്”, ശ്യാമള എന്ന ഉപഭോക്താവ് പറയുന്നു. ബില്‍ഡേഴ്‌സിനൊപ്പം തൃശൂര്‍ സഹകരണ ബാങ്കിലെ മുന്‍ അധികാരികളും കൂട്ടു നിന്നാണ് തങ്ങളെ വഞ്ചിരിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

അതേസമയം വാസ്തുഹാര ബില്‍ഡേഴ്‌സ് ഉടമകള്‍ ഇപ്പോഴും പറയുന്നത് എത്രയും വേഗം എല്ലാവരുടെയും പണം കൈമാറുമെന്നാണ്. തങ്ങളുടെ ആസ്തികള്‍ വിറ്റിട്ട് അതിന്റെ പണം നല്‍കുമെന്നാണ് ഉടമകളുടെ വാദം. പണം മുടക്കിയവര്‍ ബന്ധപ്പെടുമ്പോഴെല്ലാം ഇതേ കാര്യം തന്നെയാണ് ഉടമകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബാങ്കില്‍ നിന്നും പ്രോപ്പര്‍ട്ടി തിരിച്ചു കിട്ടാന്‍ ശ്രമം തുടരുകയാണെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ എല്ലാവര്‍ക്കും അവരവര്‍ നല്‍കിയ തുക തിരികെ നല്‍കുമെന്നുമാണ് വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനത്തില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. തങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്നാണ് പറയുന്നതെങ്കിലും മറ്റുള്ളവരോട് പറയുന്നത് പണമോ ഫ്‌ളാറ്റോ തങ്ങള്‍ നല്‍കാന്‍ പോകുന്നില്ലെന്നും അത്യാവശ്യം രാഷ്ട്രീയ പിടിപാട് ഉള്ളവരാണ് തങ്ങളെന്നും അതിനാല്‍ ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ലെന്നുമാണ്. കേസുമായി പോയ്‌ക്കോട്ടെ, എന്താണ് നടക്കുന്നതെന്നു കാണാമല്ലോ എന്ന തരത്തില്‍ ധാര്‍ഷ്ട്യത്തോടെയാണ് ബില്‍ഡേഴ്‌സ് നീങ്ങുന്നതെന്നും ഉപഭോക്താക്കള്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ കളക്ടര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമോ എന്നാണ് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്നത്. തട്ടിപ്പ് നടത്തിയവര്‍ക്ക് രാഷ്ട്രീയബന്ധം ഉള്ളതുകൊണ്ട് അതുപയോഗിച്ച് രക്ഷപ്പെടാന്‍ വഴിയുണ്ടെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരേ ഫ്‌ളാറ്റ് തന്നെ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് വിറ്റ കള്ളത്തരവും ഇതിനിടയില്‍ നടന്നിട്ടുണ്ടെന്നും വാസ്തുഹാര ബില്‍ഡേഴ്‌സിനെതിരേ ഉപഭോക്താക്കള്‍ ആരോപിക്കുന്നുണ്ട്. എസ് 14 എന്ന ഫ്‌ളാറ്റ് ബോംബെയിലുള്ള ഒരു ഉപഭോക്താവിനും മറ്റൊരാള്‍ക്കും നല്‍കിയെന്നാണ് പരാതി. ഇത്തരത്തില്‍ പലരും ചതിക്കപ്പെട്ടിരിക്കാം എന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. വിദേശത്തും കേരളത്തിനു പുറത്തും ഉള്ളവരാണ് ഉപഭോക്താക്കളില്‍ ഏറെയും എന്നതിനാല്‍ എന്തൊക്കെ ചതിയിലാണ് തങ്ങള്‍ പെട്ടിരിക്കുന്നതിനെ കുറിച്ച് ഇവര്‍ മനസിലാക്കി വരുന്നതേയുള്ളൂ.

ഇക്കാര്യത്തില്‍ പ്രതികരണം തേടി വാസ്തുഹാര വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പരാതിക്കാര്‍ പറഞ്ഞിരിക്കുന്ന വത്സന്‍ പണിക്കര്‍, ചെയര്‍മാന്‍ മുഹമ്മദ്‌ വെട്ടിലയില്‍ എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല; പ്രതികരണം ലഭ്യമായാല്‍ അക്കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതാണ്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍