UPDATES

പേരാമ്പ്രയിലെ പള്ളി ആക്രമണം; യാഥാര്‍ഥ്യമെന്ത്?

പള്ളിക്ക് നേരെ ബോംബേറെന്ന പരാമർശം ബോധപൂർമായിരുന്നില്ലെന്ന് ലീഗ് നേതാവ് നജീബ് കാന്തപുരം; ലീഗ്-പോലീസ് ഗൂഡാലോചന എന്നു സിപിഎം

ശബരിമല യുവതി പ്രവേശനവിഷയത്തിൽ ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട് പേരാമ്പ്രയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യുഡിഎഫ്-സിപിഎം സംഘർഷത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. വിഷയത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇരു പാര്‍ട്ടികളുടെ നേതൃത്വവും.

പേരാമ്പ്രയിലെ ഡിവൈഎഫ്ഐ നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായ അതുൽ ദാസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതിൽ കലാശിച്ച സംഭവത്തിന് പിന്നിൽ മുസ്ലീം ലീഗ്-പോലീസ് ഗൂഡാലോചനയാണെന്ന് സിപിഎം ആരോപണം.

രണ്ട് വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന വകുപ്പിൽ ഐപിസി 153 എ പ്രകാരമാണ് അതുൽ ദാസിനെയും കണ്ടാലറിയാവുന്ന 20 പേരെയും പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കുന്നതരത്തിൽ സംഘം ചേർന്നു, മേപ്പയ്യൂർ റോഡ് ജംഗ്ഷന് സമീപം പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള പേരാമ്പ്ര മഹല്ല കമ്മിറ്റിക്ക് കീഴിലുള്ള ജുമാ മജ്സിദ്ന് കല്ലെറിഞ്ഞ് കേടുപാടുകൾ വരുത്തി എന്നിങ്ങനെയാണ് ചാര്‍ജുകള്‍.

സിപിഎമ്മിനെതിരായുള്ള പ്രചാരണങ്ങളെ ചെറുത്തുകൊണ്ട് പേരാമ്പ്രയിലെ പ്രാദേശിക നേതാക്കൾക്ക് പുറമെ മന്ത്രി ഇ പി ഇപി ജയരാൻ ഉൾപ്പെടെ മുതിർന്ന നേതാക്കളും രംഗത്തെത്തി. പള്ളി ആക്രമിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന ഡിവൈഎഫ് ഐ നേതാവിനെതിരെ രാഷ്ട്രീയ വിരോധം തീർക്കുകയാണ് ലീഗെന്നാണ് സിപിഎം ആരോപിക്കുന്നത്. ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. ശരിയായ നിരീക്ഷണം നടന്നിട്ടില്ല. ചില ആര്‍എസ്എസുകാരുടെ പ്രേരണകള്‍ സംഘർഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസര്‍മാര്‍ പേരാമ്പ്രയിൽ ഉണ്ടെന്നും സംഭവം ബോധപൂര്‍വം തെറ്റായി വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും മന്ത്രി പറയുന്നു. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം സാധാരണഗതിയില്‍ സംഭവിക്കാത്തൊരു കാര്യം എഴുതി ചേര്‍ത്ത് എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു. അത് ഒരു ഗൂഡാലോചനയുടെ ഭാഗമാണോ എന്നു പരിശോധിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്റെ പേര് മേഖലിയിലെ ലീഗ് നേതാക്കൾ നൽകിയത് പ്രകാരമാണ് പോലീസ് നടപടിയെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. അക്രമം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടില്ല. എസ്എഫ്ഐ നേതാവായിരിക്കെ അതുൽ ദാസ് എടുത്ത നിലപാടുകളോടുള്ള വിദ്വേഷമാണ് നടപടിക്ക് പിന്നിൽ. ആൾക്കൂട്ടത്തിനിടയിൽ നിന്നും വന്ന കല്ല് പള്ളിയുടെ മതിലിൽ തട്ടുക മാത്രമാണ് ഉണ്ടായത്. ഇതിനെ ആവശ്യമില്ലാത്ത വർഗീയ നിറം കലർത്തി വിദ്വേഷം വളർത്താനാണ് ലീഗ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ഉൾപ്പെടെ പുറത്തിറക്കിയ വാർത്താ കുറിപ്പും ആരോപിക്കുന്നു.

ഇതിന് തെളിവായി സംഭവം നടന്ന ദിവസം കോഴിക്കോട്ടെ ലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പും സിപിഎം ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്രയിൽ പള്ളിക്ക് നേരെ ബോംബേറ് എന്നായിരുന്നു നജീബിന്റെ പോസ്റ്റിലെ ആദ്യപരാമർശം. ഇത് പിന്നീട് ആക്രമണം എന്നാക്കി മാറ്റി. തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവരെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തുന്നു. ‌‌

പേരാമ്പ്ര ടൗണില്‍ യു.ഡി.എഫിന്‍റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങള്‍ നടക്കുന്നതിനിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷവും കല്ലേറുമുണ്ടായത് വസ്തുതയാണ്. ഇതിനിടയിലുണ്ടായ കല്ലേറില്‍ പള്ളിയുടെ റോഡിനോട് ചേര്‍ന്നു നില്‍ക്കുന്ന കമാനത്തിന്‍റെ ഒരു തൂണിന്‍റെ കോണില്‍ നേരിയ പോറലേറ്റിട്ടുണ്ട്. രണ്ട് ചേരിയായി ഇരുകൂട്ടര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനും കല്ലേറിനുമിടയില്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. എന്നാല്‍ ലീഗിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ ഭാരവാഹിയുമായ അതുല്‍ദാസിന്‍റെ പേരില്‍ പരാതി നല്‍കിയത്. സിപിഎമ്മിന്റെ ഒരു പ്രവര്‍ത്തകനെ ഇതുപോലുള്ള ഒരു കേസില്‍ പെടുത്തുന്നതിലൂടെ സിപിഎമ്മിന്റെ മതനിരപേക്ഷ പ്രതിച്ഛായ തകര്‍ക്കുവാന്‍ കഴിയുമോ എന്ന ഗൂഢ ശ്രമമാണ് നടക്കുന്നത് എന്നത് വ്യക്തമാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

എന്നാൽ, പോലീസ് നടപടി കാര്യക്ഷമാണെന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വത്തിലുള്ളത്. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവിനെ 153 എ ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യം ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. സിസി ടിവി ദൃശ്യങ്ങൾ ഇതിന് തെളിവായി പോലീസ് പരിഗണിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വാദം. ലീഗ് ഓഫീസിന് നേരെ എറിഞ്ഞ കല്ല് ലക്ഷ്യം തെറ്റി കൊണ്ടെന്നത് ന്യായീകരണം മാത്രമാണ്. പള്ളിയും ഓഫീസും തമ്മിൽ ദൂരമുണ്ടെന്നും അതുകൊണ്ട് തന്നെ ആ വാദം കള്ളമാണെന്നും ലീഗ് വാദിക്കുന്നു. ലീഗ് ബിജെപിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ സിപിഎം നടത്തുന്നത് സംഘപരിവാറിന് നിലം ഒരുക്കി നൽകലാണെന്നും കോഴിക്കോട്ടെ ലീഗ് നേതൃത്വം പറയുന്നു.

പള്ളിക്ക് നേരെ ബോംബേറെന്ന പരാമർശം ബോധപൂർമായിരുന്നില്ലെന്ന് ലീഗ് നേതാവ് നജീബ് കാന്തപുരവും വ്യക്തമാക്കുന്നു. പേരാമ്പ്രയിൽ നിന്നം ആദ്യം ലഭിച്ച റിപ്പോർട്ട് പ്രകാരം ബോംബേറെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പിന്നീട് കല്ലേറു മാത്രമാണ് ഉണ്ടായത് എന്നറിഞ്ഞു. ഇതോടെ പോസ്റ്റ് തിരുത്തി. പറ്റിയ തെറ്റ് തിരുത്തുകയാണ് ഉണ്ടായത്. ഇതിൽ വിദ്വേഷ പ്രചാരണം എന്ന വിഷയം ഉദിക്കുന്നില്ലെന്നും നജീബ് പറയുന്നു.

കല്ലേറെന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നാണ് സിപിഎം പറയുന്നത്. അങ്ങനെ എങ്കിൽ സംഭവത്തിന് ശേഷം സ്ഥലം സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി മോഹനൻമാസ്റ്റർ, സ്ഥലം എംഎൽ‌എയും മന്ത്രിയുമായി ടി പി രാമകൃഷ്ണൻ എന്നിവർ പള്ളിക്കമ്മിറ്റിയോട് ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നു.

അതേസമയം, പ്രതിപക്ഷത്തെ പ്രധാന പാർട്ടികളിലൊന്നായ മുസ്ലീം ലീഗ് പോലീസ് നടപടിയെ അനുകൂലിക്കുകയും അഭ്യന്തരം ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്റെ നേതാക്കൾ പോലീസിനെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് തുടരുന്നത്. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ പേരാമ്പ്രയിലെ പോലീസിനെ അഴിമുഖം ബന്ധപ്പെട്ടെങ്കിലും അവര്‍ തയ്യാറല്ല. സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണോ നടപടി സ്വീകരിച്ചത് എന്നതിന് പോലും വ്യക്തമായ മറുപടി പറയാൻ കേസ് അന്വേഷിക്കുന്ന സംഘം തയ്യാറായിട്ടില്ല. പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍