UPDATES

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആരോഗ്യവകുപ്പ് എംസിആര്‍സി ആക്കിയതിനു പിന്നിലെ താത്പര്യമെന്താണ്?

18 വയസിനു മേല്‍ പ്രായമുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല, ശമ്പളമില്ല; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടം മൂലം പ്രതിസന്ധിയിലായ ഒരു സ്പെഷ്യല്‍ സ്കൂള്‍

കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലായി സര്‍ക്കാര്‍ തലത്തില്‍ ഏഴു ബഡ്‌സ് സ്‌കൂളുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. നീലേശ്വരം മുന്‍സിപ്പാലിറ്റിയൊഴികെ മറ്റ് ആറിടങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ക്കും കെട്ടിടം നിര്‍മിക്കുന്നതിനായി 2011-ല്‍ തന്നെ നബാര്‍ഡ് സഹായമായി ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തിന് അനുമതി ലഭിച്ചിരുന്നിട്ടും പെരിയയിലെ മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂള്‍ മാത്രമാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി പൂര്‍ണമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. കാറിടുക്കിയിലെയും ബോവിക്കാനത്തേയും കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ടെന്നു കണക്കാക്കുന്ന എന്‍മകജെയില്‍ അഞ്ചുവര്‍ഷത്തിനു മേലായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കല്‍ കഴിഞ്ഞിട്ടില്ല. കള്ളാറില്‍ ഇതിന്റെ നിര്‍മാണം എങ്ങുമെങ്ങുമെത്തിയിട്ടുമില്ല.

എന്‍ഡോസള്‍ഫാന്‍ ദുരതബാധിത മേഖലകളോട് മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നതിന് ഈ ബഡ്‌സ് സ്‌കൂളുകള്‍ കൃത്യമായൊരു ഉദാഹരണമാണ്. വിഷമഴയുടെ ഇരകളായി മാനസികമായി വളര്‍ച്ചയെത്താതെ പോയ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കേണ്ട ഇത്തരം സ്ഥാപനങ്ങള്‍ക്കുമേല്‍ എത്രമാത്രം ഉത്തരവാദിത്വം കാണിക്കേണ്ടതാണെന്ന തിരിച്ചറിവ് സര്‍ക്കാരുകള്‍ക്കും അതിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥന്മാര്‍ക്കും ഇല്ലാതെ പോകുന്നതിന്റെ തെളിവുകൂടിയാണിത്. എല്ലായിടത്തും ഏതെങ്കിലും ഒരു ടീച്ചറിന്റെ സേവനമന:സ്ഥിതി മാത്രമാണ് പ്രതികൂല സാഹര്യങ്ങളിലും ഇപ്പോഴും ബഡ്‌സ് സകൂളുകള്‍ പ്രവര്‍ത്തനം തുടര്‍ന്നുപോകുന്നതിനു കാരണമെന്ന് ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്.

ഈ വിഷയത്തിലേക്ക് കൂടുതല്‍ കടക്കുന്നതിനു മുമ്പ് മറ്റൊരു ഗൗരവകരമായ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാസറഗോഡ് ജില്ലയിലെ മാതൃക ബഡ്‌സ് സ്‌കൂളായി ആഘോഷിക്കപ്പെടുന്ന പുല്ലൂര്‍-പെരിയയിലെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളിനെ കുറിച്ച് തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കപ്പെട്ട പെരിയ ബഡ്‌സ് സ്‌കൂളിനെ കുറിച്ചുള്ള ഈ ചര്‍ച്ച മനഃപൂര്‍വം ഒരു വിവാദം ഉണ്ടാക്കുന്നതിനു വേണ്ടിയല്ല. മറിച്ച് ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്, അന്നാട്ടുകാരുടെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെയും അധ്യാപകരുടെയുമെല്ലാം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സര്‍ക്കാരില്‍ നിന്ന് കൃത്യമായൊരു മറുപടി കിട്ടാന്‍ കൂടിയാണ്.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിന്റെ കീഴിലായി ആരംഭിച്ച മഹാത്മ ബഡ്‌സ് സ്‌കൂള്‍ ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇന്ന് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചൊരു സ്‌പെഷല്‍ സ്‌കൂളായി മാറിയിരിക്കുന്നത്. അഞ്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് ധാരാളം കുട്ടികളുണ്ട്. ചാലിങ്കാല്‍ എല്‍ പി സ്‌കൂളിന്റെ ഭാഗമായാണ് മഹാത്മ ബഡ്സ് സ്കൂള്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും ചില എതിര്‍പ്പുകള്‍ ശക്തമായതോടെ അവിടെ നിന്നും മാറേണ്ടി വന്നു. പിന്നീട് ഒഴിഞ്ഞു കിടന്നിരുന്ന ഒരു വിഇഒ കെട്ടിടത്തിലേക്ക് പഞ്ചായത്തിന്റെ അനുമതിയോടെ മാറി പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ കുട്ടികള്‍ എത്താന്‍ തുടങ്ങിയതോടെ ആ ഒറ്റമുറി കെട്ടിടത്തില്‍ സൗകര്യം തികയാതെ വരികയും വീണ്ടും പഞ്ചായത്തിന്റെ സഹായം തേടുകയും ചെയ്തു. സ്‌കൂളിന്റെ തുടക്കത്തില്‍ ദീപ എന്ന അധ്യാപിക മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ആദ്യത്തെ ഒരു വര്‍ഷം ശമ്പളം പോലും കിട്ടാതെ അവര്‍ കുട്ടികള്‍ക്കായി ജോലി ചെയ്തു. ദീപയുടെ പ്രവര്‍ത്തനമാണ് കൂടുതല്‍ മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ ഇവിടേക്ക് കൊണ്ടു വരാന്‍ തയ്യാറാക്കിയത്. പിന്നീട് ഒരു അധ്യാപികയേയും ആയയേയും കൂടി പഞ്ചായത്ത് നിയമിച്ചു. ഈ സമയമായപ്പോഴേക്കും പെരിയ ബഡ്‌സ് സ്‌കൂളില്‍ കൂടുതല്‍ കുട്ടികളായി കഴിഞ്ഞിരുന്നു. വിഇഒ കെട്ടിടത്തില്‍ നിന്നും മാറണമെന്ന ആവശ്യം വീണ്ടും പഞ്ചായത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്. പഞ്ചായത്തിനാണ് ബഡ്‌സ് സ്‌കൂളുകളുടെ ചുമതലയെങ്കിലും സ്‌കൂള്‍ സ്ഥാപിക്കാനുള്ള സ്ഥലം കളക്ടര്‍ ഏറ്റെടുത്തു നല്‍കേണ്ടതുണ്ട്. സ്വന്തമായ സ്ഥലം ഇല്ലാതിരുന്നതുകൊണ്ട് താതകാലികമായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലക്ക് കുട്ടികളുമായി മാറാന്‍ പഞ്ചായത്ത് അനുമതി നല്‍കി. എന്നാല്‍ ഇതിനെതിരേയും ശബ്ദം ഉയര്‍ന്നു. കമ്യൂണിറ്റി ഹാളില്‍ മറ്റ് പ്രവര്‍ത്തനങ്ങളും നടത്തേണ്ടതായതുകൊണ്ട് സ്കൂള്‍ പ്രവര്‍ത്തനം തടസം സൃഷ്ടിക്കുമെന്നായിരുന്നു എതിര്‍ത്തവര്‍ പറഞ്ഞത്. സ്വന്തം സ്ഥലത്തേക്ക് മാറുന്നതുവരെ ഇത്തരത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അപ്പോഴും മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാവുന്ന സ്ഥാപനമായി പെരിയ ബഡ്‌സ് സ്‌കൂള്‍ മാറിയിരുന്നു. കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനും ദീപ ടീച്ചറെ പോലുള്ളവര്‍ക്ക് സാധിച്ചിരുന്നു.

ഹ്രസ്വമായി പറഞ്ഞ ഈ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബഡ്‌സ് സ്‌കൂളിലേക്കുള്ള യാത്ര നടത്തുന്ന മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂളിനെ ചുറ്റി ഇപ്പോള്‍ നിലനില്‍ക്കുന്ന ചില അനിശ്ചിതാവസ്ഥകളെ കുറിച്ചാണ് ഇനി പറയേണ്ടത്. മലയാള മനോരമയുടെ ‘ഈ പൂക്കള്‍ വിരിയട്ടെ’ പദ്ധതിയിലൂടെ ഏകദേശം ഒരു കോടി രൂപയ്ക്കടുത്ത്  ധനസഹായവും സ്‌കൂള്‍ ബസും എല്ലാം നല്‍കിയതും, വലിയ ആഘോഷങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളിന്റെ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തതൊക്കെ വലിയ വാര്‍ത്തകളായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ചെയ്യുന്ന സൗകര്യങ്ങളുടെ ഉദാഹരണമായുമെല്ലാം പെരിയ ബഡ്‌സ് സ്‌കൂള്‍ മാറി.

എന്നാല്‍ മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂള്‍ എന്ന നിലയില്‍ ആരോഗ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച സ്‌കൂള്‍ പിന്നീട് മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ അഥവ എംസിആര്‍സി ആയി മാറുന്നതെങ്ങനെയാണ് ഇപ്പോള്‍ ഉയരുന്ന സംശയവും പ്രതിഷേധവും. ഒരു സ്ഥാപനത്തെ തന്നെ മുഖ്യമന്ത്രി ബഡ്‌സ് സ്‌കൂള്‍ എന്നു പറയുകയും ആരോഗ്യമന്ത്രി എംസിആര്‍സി ആക്കി മാറ്റുകയും ചെയ്യുന്നതെങ്ങനെ? ബഡ്‌സ് സ്‌കൂളുകളുടെ ചുമതല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കാണെന്നിരിക്കെ പെരിയയിലെ സ്‌കൂളിന്റെ ചുമതല എന്‍എച്ച്എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഏറ്റെടുക്കുകയും ജില്ല കുടുംബാരോഗ്യക്ഷേമ സമിതിയെ ഏല്‍പ്പിച്ചതിനു പിന്നിലും എന്തുതരം നേട്ടമാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നുമാണ് ചോദ്യം.

"</p

“സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നതുവരെ ബഡ്‌സ് സ്‌കൂള്‍ എന്നു പറയുകയും അതിനുശേഷം ആരോഗ്യവകുപ്പ് മാത്രമായി എടുത്ത തീരുമാനത്തിനു പുറത്ത് എംസിആര്‍സി ആക്കി മാറ്റുന്നതും എങ്ങനെയാണ്” എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ചോദിക്കുന്നു.

“ചില ഉദ്യോഗസ്ഥര്‍ മാത്രമായി കൂടിച്ചേര്‍ന്നിരുന്ന് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധ്യമാണോ? മാതാപിതാക്കളോടോ പഞ്ചായത്തിനോടോ അധ്യാപകരോടോ കൂടിയാലോചിക്കാതെയുള്ള തീരുമാനമാണ് ഇത്. അംഗീകരിക്കാന്‍ കഴിയാത്ത ഒന്ന്. എംസിആര്‍സി ആയാല്‍ പതിനെട്ട് വയസ് പ്രായം കഴിഞ്ഞവര്‍ക്ക് പ്രവേശനം ഇല്ല. കാസറഗോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനസികാസ്വാസഥ്യമുള്ളവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ പ്രായപരിധി നിശ്ചയിക്കരുത്. ഇത്തരം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസകരമാണ് ബഡ്‌സ് സ്‌കൂളുകള്‍. കാരണം അവര്‍ക്ക് കുട്ടികളെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഇടങ്ങളാണത്. കുട്ടികള്‍ക്ക് ഏതുസമയവും ഒരാളുടെ പരിചരണം ആവശ്യമുള്ളതിനാല്‍ മറ്റ് ജോലികള്‍ക്കൊന്നും പോകാന്‍ അമ്മമാര്‍ക്ക് കഴിയാതെ വരുന്നുണ്ട്. ഭര്‍ത്താവിന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞുപോകാന്‍ ബുദ്ധിമുട്ടുള്ളവരുണ്ട്. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവരോ മരിച്ചവരോ ആയ അമ്മമാര്‍ക്കും ഇത്തരം കുട്ടികളുണ്ട്. ഇവര്‍ക്കൊക്കെ ബഡ്‌സ് സ്‌കൂളുകള്‍ വലിയ തോതില്‍ സഹായകമാണ്. മാത്രമല്ല, ഇത്തരം കുട്ടികളില്‍ മാനസികമായ ഉണര്‍വ് ഉണ്ടാക്കിയെടുക്കാനും ബഡ്‌സ് സ്‌കൂളുകളിലെ അന്തരീക്ഷം സഹായം ചെയ്യും. പരസഹായം കൂടാതെ അവരവരുടെ പ്രഥമിക കാര്യങ്ങള്‍ ചെയ്യാനെങ്കിലും അവര്‍ പ്രാപ്തരാകുന്നുണ്ട്. പക്ഷേ പതിനെട്ട് കഴിഞ്ഞവരെ നിങ്ങള്‍ എന്താന്നുവച്ചാല്‍ ചെയ്‌തോ എന്ന തരത്തില്‍ ധാര്‍ഷ്ഠ്യം നിറഞ്ഞ തരത്തില്‍ ചിലര്‍ പ്രഖ്യാപിക്കുമ്പോള്‍ അതംഗീകരിക്കാന്‍ കഴിയില്ല. പതിനെട്ടിനു മുകളില്‍ പ്രായം ഉണ്ടെങ്കിലും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടതെങ്ങനെ എന്നറിയാത്തവര്‍പോലും ഉണ്ട്. ആ കുട്ടികളെ ഉപേക്ഷിക്കണമെന്നാണോ പറയുന്നത്? പെരിയയില്‍ സ്‌കൂള്‍ തുടങ്ങുമ്പോള്‍ ആദ്യം ഉണ്ടായിരുന്ന അഞ്ചുപേരും പതിനെട്ടിനു മുകളില്‍ പ്രായം ഉണ്ടായിരുന്നവരാണ്. ഇപ്പോള്‍ ആരുടെയൊക്കെയോ തീരുമാനപ്രകാരം കാര്യങ്ങള്‍ നീക്കുമ്പോള്‍ ഇത്തരം കുഞ്ഞുങ്ങളോടുള്ള നീതികേടായി അതു മാറുകയാണ്”- അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

പെരിയ ബഡ്‌സ് സ്‌കൂള്‍ എംസിആര്‍സിയാക്കി മാറ്റിയത് രഹസ്യപദ്ധതി പ്രകാരമൊന്നും അല്ലായെന്നാണ് ഉദ്യോഗസ്ഥ തലത്തില്‍ നിന്നും കിട്ടിയ വിശദീകരണം. “ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കളക്ടര്‍, എന്‍എച്ച്എം ഡയറക്ടര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട യോഗത്തിലാണ് പെരിയ സ്‌കൂള്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലേറ്റഷന്‍ സെന്റര്‍ ആക്കി മാറ്റാന്‍ തീരുമാനം എടുത്തത് (ഈ യോഗത്തില്‍ ജനപ്രതിനിധികള്‍ ഇല്ലായിരുന്നുവെന്നും സമ്മതിക്കുന്നുണ്ട്). സംസ്ഥാനത്ത് ഒരു മാതൃകാ ശിശു പുനരധിവാസകേന്ദ്രം വേണമെന്നും അത് കാസര്‍ഗോഡ് ജില്ലയിലെ ഏതെങ്കിലും ഒരു പഞ്ചായത്തില്‍ ആയിരിക്കണമെന്ന തീരുമാനത്തിന്റെ ഫലമായാണ് പെരിയ ബഡ്‌സ് സ്‌കൂള്‍ ഇതിനായി തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ എണ്ണവും നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമായ കെട്ടിടവും പെരിയ സ്‌കൂളിനെ തെരഞ്ഞെടുക്കാന്‍ കാരണമായി.

പിന്നീട് കളക്ടറുടെ ചേംബറില്‍ പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ ഈ കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ഒരു ഉത്തരവായി പുറത്തു വന്നില്ല എന്നുമാത്രം. എംസിആര്‍ സെന്റര്‍ ആയി പറഞ്ഞു തന്നെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചത്. ഈ സമയത്ത് സ്‌കൂളിന്റെ നടത്തിപ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലേക്ക് മാറുന്നതിനെതിരേ ചില കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി എല്ലാവരെയും വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിന്നീട് ഉദ്ഘാടനം നിര്‍വഹിച്ചത് മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആയി തന്നെയാണ്.

18 വയസിന് മുകളില്‍ പ്രായമുള്ളവരെ സ്‌പെഷല്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി തടസമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നു. അന്ന് പറഞ്ഞിരുന്ന മാനദണ്ഡങ്ങളില്‍ പ്രധാനം കുട്ടികളുടെ എണ്ണവും, പതിനെട്ടില്‍ താഴെയുള്ളവര്‍ മാത്രമായിരിക്കണം വിദ്യാര്‍ത്ഥികളായി ഉണ്ടാവേണ്ടതെന്നുമായിരുന്നു. കാസറഗോട്ടെ പ്രത്യേക സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ സന്ദര്‍ശിച്ച ബാലാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. അവര്‍ ഇക്കാര്യം സര്‍ക്കാരിനോട് റെക്കമന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

ഈ വര്‍ഷം ജനുവരി 19-ന് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. ഈ ഉത്തരവില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ജില്ല കുടുംബാരോഗ്യക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നതായും പറയുന്നുണ്ട്. ഈ ഉത്തവിനെതിരേയും ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തി. പ്രവര്‍ത്തന ചുമതല പഞ്ചായത്തില്‍ നിന്നും എടുത്തു മാറ്റുന്നതിനെതിരേയായിരുന്നു അത്. 2017 ഫെബ്രുവരി ഒമ്പതിനു വീണ്ടും കളക്ടേററ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജീവനക്കാരുടെ ശമ്പളം എന്‍എച്ച്എമ്മിന്റെ കീഴിലും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല പഞ്ചായത്തിനും നല്‍കി കൊണ്ട് തീരുമാനമായി. ഇതൊരു ഉത്തരവായി പുറത്തു വന്നില്ലെങ്കിലും യോഗതീരുമാനപ്രകാരമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്” എന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.

ഇതിനൊപ്പം തന്നെ ഈ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു വിഷയം കൂടിയുണ്ട്. “നാഷണല്‍ ഹെല്‍ത്ത് മിഷനു ഫണ്ട് നല്‍കുന്നത് കേന്ദ്രമാണ്. ഓരോ ബജറ്റിലും ഇതിനായി പണം നീക്കിവയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ബജറ്റില്‍ പക്ഷേ പണം നീക്കി വച്ചില്ല. അതുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഫണ്ട് ഇല്ലെന്ന വിവരം എന്‍എച്എഎം പഞ്ചായത്തിനെ അറിയിച്ചിരിക്കുകയാണ്. പഞ്ചായത്ത് സമൂഹ്യ സുരക്ഷ മിഷനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.”

സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പതിനായിരംപോലും ശമ്പളം ഇല്ലാത്ത അവസ്ഥയിലാണ് അവര്‍ക്കുള്ള ശമ്പളം മുടങ്ങുന്നതെന്നു കൂടി ആലോചിക്കണം.

എന്നാല്‍ ഈ ഉദ്യോഗസ്ഥവിശദീകരണം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ളതാണെന്നാണ് എതിര്‍ കോണില്‍ നിന്നുയരുന്ന വാദങ്ങള്‍ പറയുന്നത്. “മുഖ്യമന്ത്രി ഇതൊരു ബഡ്‌സ് സ്‌കൂള്‍ ആണെന്നു പറഞ്ഞു തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ആ വേദിയില്‍ ആരോഗ്യമന്ത്രിയും ഉണ്ടായിരുന്നു. ആ സമയത്ത് എംസിആര്‍സി എന്ന് ആരും മിണ്ടിയിരുന്നില്ല. പിന്നീട് ഉദ്യോഗസ്ഥരെ മാത്രം കൂട്ടി അങ്ങനെയൊരു തീരുമാനം എടുക്കുന്നതിലെ ധാര്‍മികത എന്താണ്? പെരിയ ബഡ്‌സ് സകൂളിന്റെ പ്രാരംഭ കാലം മുതല്‍ ഉണ്ടായിരുന്ന ദീപ ടീച്ചറെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റി പകരം മറ്റൊരാളെ നിയമിച്ചു. എംസിആര്‍സിയില്‍ പ്രവര്‍ത്തനപരിചയം ഇല്ലെന്നായിരുന്നു കാരണം. പഞ്ചായത്തിന്റെ കീഴില്‍ ബഡ്‌സ് സ്‌കൂളില്‍ ഏഴുവര്‍ഷം പ്രവര്‍ത്തനപരിചയമുള്ളയാളാണ് ദീപ ടീച്ചര്‍. ഒരു ദിവസം പെട്ടെന്ന് എംസിആര്‍സി പരിചയം വേണമെന്നൊക്കെ പറഞ്ഞ് അവരെ മാറ്റുന്നതിലെ ഔചിത്യം എന്താണ്? അവരെ അവിടെ നിന്നും ഒഴിവാക്കാന്‍ കുറെ മാനസികമായി പീഢിപ്പിച്ചിട്ടുണ്ട്. ശമ്പളം പോലും മുടക്കി. മെറ്റേണിറ്റി ലീവ് പോലും അനുവദിച്ചില്ല. ഒടുവില്‍ കോടതിയില്‍ കേസ് നല്‍കിയാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് ദീപ ടീച്ചര്‍ മടങ്ങിയെത്തിയത്. ഈ സ്ഥാപനത്തിനും കുട്ടികള്‍ക്കുമായി ആത്മാര്‍ത്ഥമായി സേവനം ചെയ്തു വരുന്ന ഒരു അധ്യാപികയോടാണ് ഇത്തരത്തില്‍ പെരുമാറിയത്. കാരണം, അവര്‍ ഇത് ബഡ്‌സ് സ്‌കൂള്‍ ആയി തന്നെ നിലനിര്‍ത്തണമെന്ന് വാദിക്കുന്ന ഒരാളാണ്”; അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.

യോഗ തീരുമാനം എല്ലാവരും അംഗീകരിച്ചെന്ന വാദം ശരിയല്ല. രക്ഷിതാക്കളെയടക്കം അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് പെരിയ ബഡ്‌സ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി ചൂണ്ടിക്കാണിക്കുന്നു(പേര് പുറത്തു പറയരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു). എംസിആര്‍സി ആക്കില്ലെന്നും പഴയതുപോലെ ബഡ്‌സ് സ്‌കൂള്‍ ആയി തന്നെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നു രക്ഷകര്‍ത്താക്കളെ പറഞ്ഞു വിശ്വസിപ്പിച്ചതിന്‍ പ്രകാരമാണ് വീണ്ടും കുട്ടികളെ അങ്ങോട്ട് അയക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറായത്. അവര്‍ കുട്ടികളെ വിടാന്‍ വിമുഖരായിരുന്നു. പിന്നീടാണ് അവര്‍ ഇത്തരത്തില്‍ തീരുമാനം മാറ്റുന്നത്. ഓഡര്‍ ഇറങ്ങിയതിനുശേഷം കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല എന്നതുമാണ് വാസ്തവം. ആരെയും അറിയിച്ചിട്ടില്ല. വീണ്ടും പ്രതിഷേധം ശക്തമായതോടെ ചേര്‍ന്ന യോഗത്തിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റൊക്കെ പങ്കെടുക്കുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തന ചുമതല പഞ്ചായത്തിനാണെന്നിരിക്കെ ഇത് എംസിആര്‍സി ആക്കി മാറ്റുന്ന തരത്തില്‍ ഏതെങ്കിലും ഒരു തീരുമാനം ഇന്നേവരെ പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗില്‍ ഉണ്ടായിട്ടുമില്ല. അതായത് ഒരു സുപ്രഭാതത്തില്‍ ആരും അറിയാതെ, സ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെപോലും അറിയിക്കാതെ ആരോഗ്യവകുപ്പില്‍ നിന്നുമൊരു തീരുമാനം ഉണ്ടാവുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോ, പിടിഎ യോ ജനപ്രതിനിധികളോ ഒന്നും അറിയാതെ, ഒരു രേഖയുമില്ലാതെ പെട്ടെന്ന് എംസിആര്‍സിക്ക് സ്‌കൂള്‍ കൈമാറുന്ന തീരുമാനമാണ് അവിടെ നടന്നത്.

പെരിയ സ്‌കൂളിനെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആണെന്നു പറയുമ്പോഴും മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂളിനെയാണ് ആ തരത്തില്‍ മാറ്റിയിരിക്കുന്നതെന്ന് അവര്‍ ഒരിടത്തും പറയാതിരിക്കുന്നതിനു പിന്നിലെ കാരണം എന്താണ്? എംസിആര്‍സി യഥാര്‍ത്ഥത്തില്‍ വേണ്ടത് പെരിയ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ളില്‍ അല്ലേ? അത് പ്രത്യേകമായൊരു കേന്ദ്രമായി തന്നെ പ്രവര്‍ത്തിക്കേണ്ടതുമാണല്ലോ? എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്. കുറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് ബഡ്‌സ് സ്‌കൂളിനുള്ളില്‍ തന്നെ രണ്ടുസ്ഥാപനം പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നു. ആനുകൂല്യം പറ്റുമ്പോള്‍ ഇത് രണ്ടാക്കിയും അല്ലാത്തപ്പോള്‍ ഒരു സ്ഥാപനമാക്കിയുമാണ് പലരും ഇതിനെ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പ് ഇതിനെ എംസിആര്‍സി ആക്കി കണിച്ചുകൊണ്ട് ഫണ്ട് നേടിയെടുക്കുന്നു. വിദ്യാഭ്യാസകാര്യത്തില്‍ അവരിതിനെ മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂള്‍ ആക്കി തന്നെ പറയുകയും ചെയ്യും. രജിസ്‌ട്രേഷന്‍ വരെ മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂളിന് ആണെന്നുമറിയണം.

സ്‌കൂള്‍ എംസിആര്‍സി ആക്കി പ്രവര്‍ത്തിക്കുമെന്നറിയിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ കത്തില്‍ പറഞ്ഞിരുന്നത് അഡീഷണല്‍ സ്റ്റാഫിനെ നിയമിക്കുന്ന ചുമതലയായിരിക്കും എന്‍എച്എമ്മിന് എന്നായിരുന്നെങ്കിലും പഞ്ചായത്ത് ഇപ്പോള്‍ നിലവിലുള്ള ജീവനക്കാരെയും നാഷണല്‍ ഹെല്‍ത്ത് മിഷന് കൈമാറിയിരിക്കുകയാണെന്ന് പെരിയ സ്‌കൂളിലെ ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

മറ്റു ചില കാര്യങ്ങള്‍ കൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “19/1/2017 ലെ ഉത്തരവില്‍ പറയുന്നത് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂളിനായി പണിത കെട്ടിടത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നാണ്. എന്തടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറയുന്നത്? മന്ത്രി പറയുന്നതുപോലെയാണെങ്കില്‍ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി ഇത് മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂള്‍ എന്നതിനു പകരം എംസിആര്‍സി എന്നായിരിക്കണമല്ലോ പറയേണ്ടിയിരുന്നത്. അങ്ങനെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ആരോഗ്യമന്ത്രിയും അതേ വേദിയില്‍ ഉണ്ടായിരുന്നയാളാണ്.

അതേ ഉത്തരവില്‍ തന്നെ പറയുന്ന മറ്റൊരു കാര്യം, മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ സഹകരണത്തോടുകൂടി പ്രവര്‍ത്തനമാരംഭിച്ച എംസിആര്‍സി എന്നാണ്. അന്നത്തെ പത്രവാര്‍വാര്‍ത്തകളിലെല്ലാം മനോരമയുടെ സഹായം പെരിയയിലെ മഹാത്മ ബഡ്‌സ് സ്‌കൂളിന് എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് മന്ത്രിയെങ്ങനെയാണ് അത് തിരുത്തുന്നത്? മനോരമയൊക്കെ ഇടപെടുന്ന സമയത്ത് എംസിആര്‍സി എന്നൊരു ചര്‍ച്ചയേ ഉണ്ടായിട്ടുപോലുമില്ല. അഡീഷണല്‍ സ്റ്റാഫിനെ മാത്രം എന്‍എച്ച്എമ്മിനു നിയമിക്കാമെന്നു പറഞ്ഞിടത്ത് പഴയ ഏഴ് സ്റ്റാഫുകളെയും കൂടി എന്‍എച്എമ്മിനു കീഴിലാക്കിയത് ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ പുറത്താണെന്നും ഇതുവരെ വ്യക്തമല്ല. അതുപോലെ മഹാത്മ ബഡ്‌സ് സ്‌കൂളിനെ എംസിആര്‍സി ആക്കി മാറ്റിയെന്നും ഒരു ഉത്തരവും ഇതേവരെ പുറത്തുവന്നിട്ടില്ല. ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ബഡ്‌സ് സ്‌കൂളിനെ തങ്ങളുടെ നേട്ടത്തിനായി മറ്റൊരു പേരിലാക്കി മാറ്റി മേനി നടിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമമായി മാത്രമാണ് ഇതിനെ കാണാന്‍ കഴിയുക. അതിന്റെ കൂടെ കുട്ടികളെ ഒഴിവാക്കാന്‍ കൂടി ശ്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാനും കഴിയില്ല.”

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍