UPDATES

ട്രെന്‍ഡിങ്ങ്

കാസര്‍കോഡ് ഇരട്ടക്കൊലപാതകം; പ്രതികളെല്ലാം പിടിയിലായെങ്കില്‍ പിന്നെന്തിനാണ് ക്രൈംബ്രാഞ്ച്?

പിടിയിലായപിതാംബരന്‍ അടക്കം അഞ്ചു  പ്രതികളെയും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് എട്ടു വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്

പെരിയ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണ ചുമതല രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഐജി എസ് ശ്രീജീത്തിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയെല്ലാം പിടികൂടിയെന്നു പൊലീസ് പറയുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎം ഉന്നതന്മാര്‍ ഉണ്ടെന്നും അവരിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം വിട്ടുകൊടുത്തിരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അട്ടിമറി നടത്തി സിപിഎമ്മിനെ സഹായിച്ച ശ്രീജിത്തിനെ തന്നെ പെരിയ ഇരട്ടക്കൊലപാതക കേസും നല്‍കിയത് സിപിഎം നേതാക്കളെ രക്ഷിക്കാനാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം ആരോപിക്കുന്നത്.

പിടിയിലായ പീതാംബരന്‍ അടക്കം അഞ്ചു  പ്രതികളെയും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് എട്ടു വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ പ്രതികളെല്ലാം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തെളിവെടുപ്പിനായി പ്രതികളെ വിട്ടുുകിട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

ഇരട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് താനും സുഹൃത്തുക്കളും ചേര്‍ന്നാണെന്നു സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം കൊലയാളി സംഘത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മനസിലായ കാര്യമാണിതെന്നാണ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും വേണ്ട സഹായം ചെയ്തുകൊടുത്തവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നവരും ഉണ്ടെന്നും പറയുന്നു.

കഴിഞ്ഞ ദിവസം പ്രതികളുമായി നടത്തി തെളിവെടുപ്പില്‍ രണ്ടു വാളുകള്‍ കൂടി അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കത്തിയ നിലയില്‍ രക്തക്കറയുള്ള ഒരു ഷര്‍ട്ടും കണ്ടെത്തിയിരുന്നു. കൊലപാതകങ്ങള്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ഉപേക്ഷിച്ച വാളുകളാണിവയെന്നു പൊലീസ് പറയുന്നു. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവ കൂടാതെയാണ് വീണ്ടും ആയുധങ്ങള്‍ കിട്ടുന്നത്. ഒരു പൊട്ടക്കിണറ്റില്‍ നിന്നും വാളുകളും ഇരുമ്പ് വടിയും ആദ്യം കണ്ടെത്തിയത്. ഇരുമ്പ് വടികൊണ്ടാണ് കൃപേഷിനെയും ശരത്തിനെയും അടിച്ചു താഴെയിട്ടതെന്നാണ് പൊലീസ് പറയുന്നത്. മാവുങ്കലില്‍ നിന്നും കണ്ടെത്തിയ 25 ഇഞ്ച് നീളമുള്ള വാള്‍ ഉപയോഗിച്ചാണ് ശരത്ത് ലാലിനെ കൊലപ്പെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തെങ്ങിന്‍ തോട്ടത്തില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം പ്രതികള്‍ ഈ തെങ്ങിന്‍ തോട്ടത്തില്‍ എത്തിയിരുന്നു. മൂന്നാം പ്രതി സുരേഷ് ധരിച്ചിരുന്ന ഷര്‍ട്ട് ആണ് കണ്ടെത്തിയെന്നു പൊലീസ്. സുരേഷ് ആണ് കൃപേഷിനെ വെട്ടിയത്. കൃപേഷിനെയാണ് കൊലയാളി സംഘം ആദ്യം ആക്രമിക്കുന്നതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കൊലപാതക സമയത്ത് മറ്റു പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയായിരുന്നു. രക്തം പുരണ്ടതിനാലാണ് വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതെന്നാണ് നിഗമനം. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പ്രതികള്‍ നേരെ പോയത് പാക്കം വെളുത്തോളിയിലെ ഒരു വീട്ടിലേക്കാണ്. അവിടെ ചെന്നു കുളിച്ച് വസ്ത്രങ്ങള്‍ മാറിയ ശേഷമാണ് തെങ്ങിന്‍ തോട്ടത്തിലെത്തിയത്. ഇവിടെയുള്ള വെള്ളമില്ലാത്ത തോട്ടിലിട്ടാണ് കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചത്. ഇക്കൂട്ടത്തില്‍ പൂര്‍ണമായി കത്താതെ ബാക്കിയായതാണ് സുരേഷിന്റെ ഷര്‍ട്ട്.

അതേസമയം കൊലപാതങ്ങള്‍ക്കു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നും ഇവരെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കം ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ പിടിയിലായവരില്‍ ഒരാളുടെ അച്ഛനായ പ്രദേശത്തെ ക്രഷര്‍ യൂണിറ്റ് ഉടമ കൂടിയായ ശാസ്ത ഗാംഗാധരന്‍ എന്നയാള്‍ക്ക് കൊലപാതക വിവരം അറിയാമായിരുന്നുവെന്നാണ് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായാണന്‍ പറയുന്നത്. ഗംഗാധരന്റെ വീട്ടു പറമ്പിലെ പൊട്ടക്കിണറ്റില്‍ നിന്നാണ് വാളുകളും ഇരുമ്പ് വടിയും കണ്ടെത്തുന്നത്. സംഭവദിവസം രാത്രിയില്‍ താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് ഗംഗാധരന്റെ വാദമെങ്കിലും സത്യനാരായണന്‍ ഇത് നിഷേധിക്കുകയാണ്. കൊലപാതകം നടന്ന സമയത്തിനു തൊട്ടു മുന്‍പായി അതു വഴി വരാന്‍ ഒരുങ്ങിയ തന്നെ ഗംഗാധരന്‍ തന്നെ തന്ത്രപൂര്‍വം തടഞ്ഞിരുന്നുവെന്നു സത്യനാരായണന്‍ പറയുന്നുണ്ട്. നിര്‍ബന്ധപൂര്‍വം ചായകുടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കൊലപാതകങ്ങള്‍ നടക്കുമെന്ന വിവരം ഗംഗാധരന്‍ അറിയാമായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് സത്യനാരായണന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍