UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനല്ല കൊന്നത്, പൊലീസുകാര്‍ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു; കോടതിയില്‍ കുറ്റം നിഷേധിച്ച് പീതാംബരന്‍

ആസൂത്രണം ചെയ്താണ് കൊലകള്‍ നടത്തിയതെന്നും കൃത്യം നിര്‍വഹിച്ചത് കഞ്ചാവിന്റെ ലഹരിയിലാണെന്നും പീതാംബരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

പെരിയ ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയത് താനല്ലെന്നു മുഖ്യപ്രതി പീതാംബരന്‍ കോടതിയില്‍. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആയിരുന്നു ജഡ്ജിക്കു മുന്നില്‍ പീതാംബരന്‍ കുറ്റം നിഷേധിച്ചത്. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നു പീതാംബരന്‍ ജഡ്ജിയോട് പറഞ്ഞു. അതേസമയം പീതാംബരനെയും രണ്ടാം പ്രതി സജി ജോര്‍ജിനെയും കോടതി റിമാന്‍ഡില്‍ അയച്ചു.

ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു പീതാംബരന്‍ അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഹാജരാക്കേണ്ടതിനും ഒരു ദിവസം മുന്‍പെ പ്രതികളെ കോടതിയില്‍ എത്തിക്കുകയായിരുന്നു.

ശരത്ത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ, സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം കൂടിയായ പീതാംബരന്‍ ഇരട്ടക്കൊലപാതകത്തിന്റെ കുറ്റം സമ്മതിച്ചിരുന്നതാണ്. വെട്ടിയത് താന്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തോട് ഏറ്റുപറഞ്ഞ പീതാംബരന്‍ കൃത്യം നിര്‍വഹിച്ചത് കഞ്ചാവിന്റെ ലഹരിയിലാണെന്നും മൊഴി നല്‍കിയിരുന്നു. കൊല്ലാന്‍ തന്നെയാണ് വെട്ടിയതെന്നും പീതാംബരന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും സംഭവത്തില്‍ പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും ഇതാണ് തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്തതെന്നുമായിരുന്നു ഇരട്ടക്കൊലപാതകങ്ങള്‍ക്കു പിന്നിലെ കാരണമായി പീതാംബരന്‍ പറഞ്ഞിരുന്നത്.പിടിയിലായ മറ്റു പ്രതികളും ഇരട്ടക്കൊലയില്‍ പങ്കാളിത്തം സമ്മതിച്ചിരുന്നു. പ്രതികളെല്ലാം മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ചില പൊലീസുകാരോട് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും തല്ലാന്‍ മാത്രമായിരുന്നു പോയത്, കൂടെയുണ്ടായിരുന്നവര്‍ പെട്ടെന്നു വെട്ടുകയായിരുന്നുവെന്നും പിതാംബരന്‍ പറഞ്ഞിരുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

മുന്നാട് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ ബസ് തടയുന്നതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട പീതാബരനും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേന്ദ്രനും മര്‍ദനമേറ്റു. കൊല്ലപ്പെട്ട ശരത് ലാല്‍ ഉള്‍പ്പെടെയാണ് പിതാംബരനെ മര്‍ദ്ദിച്ചത്. ഈ കേസില്‍ ശരത് ലാല്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. റിമാന്‍ഡില്‍ ആയിരുന്ന ശരത് പുറത്തെത്തി പത്തു ദിവസം കഴിഞ്ഞപ്പോഴായിരുന്നു കൊല ചെയ്യപ്പെട്ടത്.

പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ സിപിഎം ഉന്നതരുടെ ഗൂഢാലോചന ഉണ്ടെന്നും പിതാംബരന്‍ മാത്രമല്ല കൊലയ്ക്കു പിന്നിലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്. പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയാണെന്നായിരുന്നു ഇവരുടെ ആക്ഷേപം. പാര്‍ട്ടി പറയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന് അയളുടെ ഭാര്യും മകളും പറയുകയുമുണ്ടായിട്ടുണ്ട്. അതേസമയം പാര്‍ട്ടി ഈ കാര്യത്തില്‍ പീതാംബരനെ പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു. കൊലപാകത്തെ അപലപിച്ച സിപിഎം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍