UPDATES

ട്രെന്‍ഡിങ്ങ്

കാസറഗോഡ് ഇരട്ടക്കൊല: കുറ്റപത്രം എഫ്‌ഐആറിനെ ദുര്‍ബലപ്പെടുത്തുന്നതായി കോണ്‍ഗ്രസ്; എന്തുകൊണ്ട് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ചോദ്യം

നിലവില്‍ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ തൊണ്ണൂറു ദിവസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍, വ്യക്തിവൈരാഗ്യമാണ് കുറ്റകൃത്യത്തിനു കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പെരിയയിലെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍, സജി മാത്യു, സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരടക്കം 14 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. പ്രതികളിലൊരാളായ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ സുബീഷ് വിദേശത്തേക്കു കടന്നതിനെത്തുടര്‍ന്ന് തിരിച്ചെത്താന്‍ ശ്രമിക്കവേ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. ബാലകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവരെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

എന്നാല്‍, നിലവില്‍ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്. കേസില്‍ പ്രതികളായിട്ടുള്ളവരെല്ലാം സി.പി.എം പ്രവര്‍ത്തകരും അനുഭാവികളുമാണെന്നും, അങ്ങിനെയുള്ളപ്പോള്‍ രാഷ്ട്രീയക്കൊലപാതകം എന്നു പറയാതെ ‘രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതകം’ എന്ന രീതിയില്‍ കുറ്റപത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. എഫ്.ഐ.ആറില്‍ രാഷ്ട്രീയക്കൊലപാതകം എന്നു രേഖപ്പെടുത്തപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസ്, കോടതിയിലെത്തിയപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പങ്കുള്ള കേസായി നിസാരവല്‍ക്കരിക്കപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നാണ് കാസര്‍കോട് ഡി.സി.സിയുടെ പ്രതികരണം. പ്രതികള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന പഴുതുകളാണ് കുറ്റപത്രത്തിലുള്ളതെന്നും, സാഹചര്യത്തെളിവുകളൊന്നും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം വരാതിരിക്കാനായി ക്രൈംബ്രാഞ്ച് നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടേയും ഏരിയ കമ്മറ്റി സെക്രട്ടറിയുടേതുമടക്കമുള്ള അറസ്റ്റുകളെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് വി.എം. റഫീഖ്, കോട്ടയം പൊലീസ് സൂപ്രണ്ട് സാബു മാത്യു എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിനു മേല്‍, രഹസ്യവിവരങ്ങളടങ്ങിയതിനാല്‍ പരസ്യപ്പെടുത്തരുതെന്ന് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം പ്രദീപ് കുമാര്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതിയ്ക്ക് കൈമാറിയതെന്നതാണ് മറ്റൊരു ആരോപണം.

കുറ്റപത്രത്തിലെ പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പിനെക്കുറിച്ച് കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറയുന്നതിങ്ങനെ. ‘എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തിക്കൊണ്ട്, പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള ഒരു ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സി.പി.ഐ.എം ബ്രാഞ്ച് കമ്മറ്റി കൊടുക്കുന്ന ഒരു റിപ്പോര്‍ട്ട് പോലെയാണ് കുറ്റപത്രത്തെ അവര്‍ കണ്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയ്ക്കു കൊടുത്തിരിക്കുന്ന ഒരു റിപ്പോര്‍ട്ടിനു മുകളില്‍ ‘അതീവ രഹസ്യമായി സൂക്ഷിക്കേണ്ടത്’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കണം. കോടതി രേഖകളെല്ലാം രഹസ്യസ്വഭാവമുള്ളതല്ലേ. അതില്‍ വീണ്ടും രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ മാത്രമെന്താണുള്ളത്? എന്തോ അതിലുള്ളതായി അവര്‍ക്കുതന്നെ ഭയമുണ്ടെന്നല്ലേ അതിനര്‍ത്ഥം? വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്. ഈ വ്യക്തിവിരോധം രാഷ്ട്രീയപരമായ വൈരാഗ്യം മൂലമുണ്ടായതാണെന്നു മാത്രം സൂചിപ്പിക്കുന്നില്ല. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് വ്യക്തിവിരോധത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെങ്കില്‍ അതുതന്നെയല്ലേ രാഷ്ട്രീയകൊലപാതകം? ഈ കേസിലെ എല്ലാ പ്രതികള്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് എല്ലാവരും. എന്നിട്ടും സി.പി.എം പറയുന്നു പാര്‍ട്ടിക്ക് പങ്കില്ലെന്ന്. ഈ പ്രതികളെല്ലാം കൊലപാതകത്തിന് ഒരാഴ്ച മുന്‍പു മുതല്‍ പരസ്പരം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. അതൊരു ഗൂഢാലോചനയല്ലേ? സി.പി.എമ്മിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമായി തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് എന്ന നിലയ്ക്കു മാത്രമേ ഈ കുറ്റപത്രത്തെ കാണാന്‍ സാധിക്കൂ.’

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐ. കേസ് ഏറ്റെടുക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയാണ് തൊണ്ണൂറു ദിവസങ്ങള്‍ തികയുന്നതിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കാരണമായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. വിദേശത്തേക്ക് കടന്നിരുന്ന പ്രതിയെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് തിരിച്ചു വിളിച്ചാണ് അറസ്റ്റു ചെയ്യിച്ചതെന്നും, ഇതും കേസന്വേഷണം തൃപ്തികരമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിക്കുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണ് കേസില്‍ ഒന്നാം പ്രതി.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിനു ശേഷം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കല്ല്യോട്ട് തെരഞ്ഞെടുപ്പടുത്തതോടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷങ്ങളും ഇരുകൂട്ടരുടെയും വീടുകള്‍ക്കു നേരെയുള്ള കല്ലേറും കല്ല്യോട്ട് വീണ്ടുമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന വാദ്യകലാസംഘത്തിന്റെ കെട്ടിടം തകര്‍ക്കപ്പെട്ടതായും ആരോപണങ്ങളുയര്‍ന്നിരുന്നു. അതിനിടെയാണ് ദിവസങ്ങള്‍ക്കു മുന്നേ സി.പി.എം പ്രാദേശിക നേതാക്കളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുന്നതും ഉടന്‍തന്നെ വിട്ടയയ്ക്കുന്നതും. പ്രതിപ്പട്ടികയിലുള്ള നേതാക്കളെ വിട്ടയച്ചതോടെ തന്നെ സി.ബി.ഐ അന്വേഷണം തടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമമാണ് നടന്നതെന്ന വിമര്‍ശനം കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയും ആരോപണങ്ങളുയരുന്നത്. നേരത്തേ, അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍