UPDATES

പെരിയാര്‍ ഇങ്ങനെ ഒഴുകാതിരിക്കുന്നതാണ് നല്ലത്; ഏലൂരിന് പിന്നാലെ നേര്യമംഗലത്തും രൂക്ഷ മലിനീകരണം

ഭൂതത്താന്‍ക്കെട്ടിനും നേര്യമംഗലത്തിനും ഇടയില്‍ ഏകദേശം 35 കിലോമീറ്ററോളമുള്ള പെരിയാര്‍ മലിനീകരണമാണ് പ്രദേശവാസികള്‍ക്ക് വെല്ലുവിളിയാകുന്നത്

ഒരു കാലത്ത് പെരിയാര്‍ ഒന്നു നിറഞ്ഞൊഴുകിയിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന ജനം ഇപ്പോള്‍ പറയുന്നത് അയ്യോ വേണ്ട, ഇങ്ങോട്ട് ഒഴുകരുതേ… എന്നാണ്, കാരണം മറ്റൊന്നുമല്ല. നാള്‍ക്കുനാള്‍ പെരിയാര്‍ മാറാരോഗങ്ങളുടെ കലവറയായി മാറുകയാണ്. മാലിന്യം പേറിയുള്ള പെരിയാറിന്റെ യാത്രയില്‍ എല്ലായിടത്തും മാറാരോഗങ്ങളും പരിസ്ഥിതി മലിനീകരണവുമാണ് നദി വിതയ്ക്കുന്നത്. ഇത് ആലുവ ഏലൂരിലെ മാത്രം വിഷയമല്ല. എറണാകുളം ജില്ലയിലെ തന്നെ കോതമംഗലം കവളങ്ങാട് പഞ്ചായത്തിലും പെരിയാര്‍ മലീനീകരണം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പെരിയാര്‍ ചുവക്കുന്നു, പെരിയാറില്‍ ചോരക്കറ, പെരിയാറില്‍ മീന്‍ ചത്തു പൊങ്ങി, വാട്ടര്‍ സാമ്പിളില്‍ മാരകമായ മാലിന്യങ്ങള്‍ കണ്ടെത്തി ഇവയെല്ലാം ഇവിടുത്തുകാര്‍ക്ക് നിത്യേനയുള്ള വാര്‍ത്തകളാണ്. എന്നാല്‍ മലിനീകരണം തടയുന്നതിനുള്ള ശാശ്വതമായ
മാര്‍ഗങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഭൂതത്താന്‍ക്കെട്ടിനും നേര്യമംഗലത്തിനും ഇടയില്‍ ഏകദേശം 35 കിലോമീറ്ററോളമുള്ള പെരിയാര്‍ മലിനീകരണമാണ് പ്രദേശവാസികള്‍ക്ക് വെല്ലുവിളിയാകുന്നത്. കവളങ്ങാട് പഞ്ചായത്തിലെ ആറോളം വാര്‍ഡുകളിലെ പതിനായിരത്തോളം വരുന്ന കുട്ടികളും പ്രായമാകുന്നവരും ഉള്‍പ്പെടുന്നവരെ ഇത് കാര്യമായി ബാധിക്കുന്നു. സമീപത്തു പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളാകാം ഇവയെന്നാണ് നാട്ടുകാരുടെ സംശയം. വേനല്‍കാലത്ത് ഒഴുക്കു കുറഞ്ഞ സമയങ്ങളിലാണ് ഈ മേഖലയില്‍ രൂക്ഷമായ മലീനീകരണം നേരിടുന്നത്. ഭുതത്താന്‍ക്കെട്ടിലെ ഷട്ടറുകള്‍ വേനല്‍ക്കാലത്ത് അടച്ചിടുമ്പോഴാണ് ഈ മേഖലയില്‍ മലിനീകരണത്തിന്റെ തോത് കൂടുന്നത്. ഭൂതത്താന്‍ക്കെട്ട് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായി മഴക്കാലത്തും വെള്ളം തുറന്നു വിടാത്ത സാഹചര്യം ഉണ്ടായാല്‍ ഈ പ്രദേശത്ത് മലിനീകരണം രൂക്ഷമാകുമെന്നതാണ് നാട്ടുകാരുടെ ആശങ്ക. എന്നാല്‍ നല്ല ഒഴുക്കുള്ള സമയങ്ങളില്‍ ഏലൂര്‍ – എടയാര്‍ മേഖലയെയാണ് മലീനീകരണം കാര്യമായി ബാധിക്കുന്നത്.

വേനല്‍ക്കാലത്ത് കുടിക്കാനും കുളിക്കാനും എന്നു വേണ്ട എല്ലാ ആവശ്യങ്ങള്‍ക്കും ഈ പുഴയെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, മദ്രസകള്‍, പൊതു – സ്വകാര്യ സ്ഥാപനങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കുന്നു. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആവോലിചാല്‍ കുടിവെള്ള പദ്ധതിയെയും പെരിയാറിലെ മലീനീകരണം തകരാറിലാക്കുന്നു. ദിവസത്തില്‍ പത്ത് മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പദ്ധതിയുടെ പമ്പിംഗും പ്യൂരിഫിക്കേഷനും മൂന്നുമണിക്കൂര്‍ മാത്രമെ ഇപ്പോള്‍ നടക്കുന്നുള്ളു. പ്രദേശത്തെ ഊഞ്ഞപ്പാറ, കോട്ടപ്പടി, കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നില്ല. കടുത്ത വേനല്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ വലിയ കുടിവെള്ള ക്ഷാമത്തിലേക്കാണ് പെരിയാര്‍ മലിനീകരണം വിരല്‍ ചൂണ്ടുന്നത്.

ഏലൂര്‍ എന്ന രാസബോംബ്

“പുഴയില്‍ ഇറങ്ങിയാല്‍ ചൊറിയുന്ന സ്ഥിതിയാണ്. റബ്ബറിന്റെ വെളുത്ത പാടയാണ് പുഴയിലെ വെള്ളത്തില്‍ കാണുന്നത്. വെള്ളത്തിലിറങ്ങുന്നവരുടെ ദേഹത്ത് ഈ പാട വീണാല്‍ പിന്നെ ദേഹം തടിച്ചുപൊങ്ങും. എണ്ണതേച്ചപോലെയാണ് ശരീരം കാണുക. ദുര്‍ഗന്ധവും ചൊറിച്ചലും പ്രദേശത്തെ ജലവിതരണ പദ്ധതിയെ പോലും അവതാളത്തിലാക്കുന്ന ഈ മലിനീകരണം സഹിക്കാന്‍ വയ്യ’‘ പെരിയാര്‍ സമരസമിതി കണ്‍വീനര്‍ ഇ.എ ഹനീഫ പറയുന്നു.

പെരിയാര്‍ മലീനീകരണത്തിന് കാരണക്കാരായ കമ്പനികളെ കണ്ടെത്തുന്നതിന് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുമെന്നും ഹനീഫ പറഞ്ഞു. മലീനീകരണത്തിനിടയാക്കുന്ന കമ്പനികളെ കണ്ടെത്തി അവര്‍ക്കെതിരെ പരാതി കൊടുക്കാനാണ് സമരസമിതി ഒരുങ്ങുന്നത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ കമ്പനികളുടെ പ്ലാന്റുകള്‍ സന്ദര്‍ശിക്കാനും സമരസമതി അനുവാദം നേടിയിട്ടുണ്ട്. സമീപത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട മാലിന്യമാണ് പുഴയില്‍ കണ്ടെത്തിയത് എന്നതിനാല്‍ മലിനീകരണത്തിന് പിന്നില്‍ നേര്യമംഗലത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഈ റബ്ബര്‍ ഫാക്ടറി ആണെന്ന സംശയത്തിലാണ് നാട്ടുകാര്‍. സമീപത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ചിലത് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ പുഴയിലേക്ക് തള്ളുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കമ്പനികളില്‍ നിന്നുള്ള മാലിന്യം വലിയ തോതില്‍ പെരിയാറിലേക്ക് ഒഴുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സമരസമിതിയുടെ നേതൃത്വത്തില്‍ നേര്യമംഗലം ടൗണില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു.

ആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ

കുട്ടമ്പേരൂരില്‍ ഒരാറുണ്ടായിരുന്നു; എന്നാല്‍ വരട്ടാറില്‍ ഇല്ലാതായ ഒരാറിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ്

കേരളത്തിലെ രണ്ട് പുഴകള്‍ കൂടി ഇല്ലാതായി; കാരണമായത് തമിഴ്‌നാടിന്റെ തിരുമൂര്‍ത്തി ഡാം

റോഡായി മാറിയ കോരപ്പുഴയും പ്ലാസ്റ്റിക് തിന്നു മരിക്കുന്ന പശുക്കളും; ഒരു പാലക്കാടന്‍ കാഴ്ച

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

സര്‍വ്വത്ര ഉപ്പാണിവിടെ; വേനലില്‍ ഉപ്പു തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട കാസര്‍ഗോട്ടെ മനുഷ്യര്‍

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍